26 Friday
July 2024
2024 July 26
1446 Mouharrem 19

സൃഷ്ടികളിലെ അഭൗതികത

പി കെ മൊയ്തീന്‍ സുല്ലമി


ചില ഭൗതികനേട്ടങ്ങള്‍ക്കു വേണ്ടി മുജാഹിദ് പ്രസ്ഥാനത്തെ കൈയൊഴിച്ച് യാഥാസ്ഥിതികത്വം സ്വീകരിച്ചവരുടെ വഴിപിഴച്ച പുതിയ വാദമാണ് ഹാളിറും ഖാദിറുമായ ജിന്നുകളോട് അവരുടെ കഴിവില്‍ പെട്ടത് ചോദിക്കാം എന്നത്. ബഷീര്‍ സലഫി പൂളപ്പൊയില്‍ എഴുതി: ”ജിന്ന്, മലക്ക് തുടങ്ങിയ അദൃശ്യ സൃഷ്ടികള്‍ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന് വിശ്വസിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്നും, എന്നാല്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുമെന്നു കരുതുന്ന ഒരു കാര്യം അവരോട് ആവശ്യപ്പെടുന്നത് ശിര്‍ക്കാകുമെന്നും പറയുന്നതിന്റെ അടിസ്ഥാനം എന്തെന്ന് മനസ്സിലാകുന്നില്ല” (അല്‍ ഇസ്‌ലാഹ് മാസിക, 2013 മാര്‍ച്ച്, പേജ് 21). പി ജെ എ തുറക്കലിന്റെ (അബ്ദുല്‍ജബ്ബാര്‍ മൗലവി) ഒരു ഉദ്ധരണി: ”മനുഷ്യ കഴിവിന്നതീതമാകുമ്പോള്‍ തേട്ടം അല്ലാഹുവോട് മാത്രം എന്ന തൗഹീദ് ലേഖനം എഴുതിയല്ലോ? അങ്ങനെയൊരു തൗഹീദ് തന്നെയില്ല. മനുഷ്യന് സാധ്യമല്ലാത്ത കാര്യം മനുഷ്യനല്ലാത്ത ഏതൊരു സൃഷ്ടിയോട് ചോദിച്ചാലും അത് പ്രാര്‍ഥനയും ശിര്‍ക്കുമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള വിഫല ശ്രമമാണത്” (അല്‍ ഇസ്‌ലാഹ് മാസിക, ഫെബ്രുവരി 2013, പേജ് 28).
മാത്രവുമല്ല, കാര്യകാരണബന്ധങ്ങള്‍ക്കതീതം, അഭൗതികം എന്നൊക്കെ അല്ലാഹുവിനെ സംബന്ധിച്ച് മാത്രമേ പറയാവൂ എന്നൊക്കെയാണ് ഇവരുടെ വഴിപിഴച്ച വാദങ്ങള്‍. സകരിയ്യ സ്വലാഹി രേഖപ്പെടുത്തിയത് കാണുക: ”അഭൗതികമായ കഴിവ് എന്ന് നാം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടികള്‍ക്കാര്‍ക്കും നല്‍കിയിട്ടില്ലാത്ത കഴിവാണ്” (സലഫി പ്രസ്ഥാനം വിമര്‍ശനങ്ങളും മറുപടിയും, പേജ് 100).
അബ്ദുല്‍ജബ്ബാര്‍ മൗലവി രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ”കാര്യകാരണബന്ധങ്ങള്‍ക്കതീതമായി അഭൗതിക മാര്‍ഗത്തില്‍ ഇവിടെ എന്തെങ്കിലും ഒരു കാര്യം ലഭ്യമാകുന്നുവെങ്കില്‍ അത് ഒരു സൃഷ്ടിയുടെയും കഴിവില്‍ പെടാത്ത കാര്യമാകുന്നു” (അല്‍ ഇസ്‌ലാഹ് മാസിക, 2013 ഫെബ്രുവരി, പേജ് 28).
അഥവാ കാര്യകാരണബന്ധങ്ങള്‍ക്കതീതം, അഭൗതികം എന്നൊക്കെ സ്രഷ്ടാവിന് മാത്രമേ പറയാവൂ. ജിന്നുകളും മലക്കുകളും ഭൗതിക ജീവികളാണ്. അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ അവരോട് തേടുന്നത് ശിര്‍ക്കല്ല എന്ന് സ്ഥാപിക്കാനാണ് ഇവര്‍ വളഞ്ഞ് മൂക്ക് പിടിക്കുന്നത്. എന്താണ് കാര്യകാരണബന്ധങ്ങള്‍ക്കതീതം, എന്താണ് അഭൗതികം, അല്ലാഹു അഭൗതികനാണോ എന്നൊക്കെ പരിശോധിക്കുമ്പോള്‍ കാര്യങ്ങള്‍ ബോധ്യപ്പെടും.
മനുഷ്യന് അഞ്ചു തരം അറിവുകളാണുള്ളത്: കണ്ടറിവ്, കേട്ടറിവ്, മണത്തറിവ്, രുചിച്ചറിവ്, തൊട്ടറിവ് എന്നിവയാണവ. അതിനാണ് നാം പഞ്ചേന്ദ്രിയങ്ങള്‍ എന്ന് പറയാറുള്ളത്. അതിനു പുറമെയുള്ളത് ബുദ്ധിപരമായ അറിവുകളാണ്. അതിന് പറയുന്നത് ശാസ്ത്രീയ നിരീക്ഷണ-പരീക്ഷണങ്ങള്‍ എന്നാണ്.
സാധാരണ നാം അഭൗതികം എന്ന് പറഞ്ഞുവരാറുള്ളത് (മലയാള ഭാഷയില്‍) പഞ്ചേന്ദ്രിയങ്ങള്‍ക്കും ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും അപ്പുറമുള്ള കാര്യമാണ്. അഭൗതികമായ കാര്യങ്ങള്‍ വഹ്‌യ് കൊണ്ടു മാത്രമേ നമുക്ക് മനസ്സിലാവുകയുള്ളൂ. അത്തരം അഭൗതികമായ കാര്യങ്ങളില്‍ പെട്ടതാണ് മലക്കുകളും ജിന്നുകളും.
മലക്കും ജിന്നും ഭൗതികമാണ് എന്നാണ് അബ്ദുല്‍ജബ്ബാര്‍ മൗലവി രേഖപ്പെടുത്തിയത്: ”മലക്കാകട്ടെ ജിന്നാകട്ടെ അങ്ങോട്ട് ദര്‍ശിക്കാന്‍ സാധ്യമല്ലാതെ അവര്‍ക്ക് നമ്മെ ദര്‍ശിക്കാന്‍ കഴിയുന്നു. പക്ഷേ അതുകൊണ്ടൊന്നും അവരുടെ അഭൗതിക കഴിവിലുള്ള വിശ്വാസമോ അഭൗതികരാണെന്നോ വരുന്നില്ല” (അല്‍ ഇസ്‌ലാഹ്, ഫെബ്രുവരി 2013, പേജ് 28, 29). അപ്പോള്‍ ജിന്നുകളും മലക്കുകളും ഭൗതികജീവികളാണ് എന്ന് പറയാനുള്ള ഏക തെളിവ് അവര്‍ രണ്ടു കൂട്ടരും നമ്മെ ഇങ്ങോട്ടു കാണും എന്നതു മാത്രമാണ്. അപ്പോള്‍ അല്ലാഹുവും അപ്രകാരം ഭൗതികമാകേണ്ടതല്ലേ? അവന്‍ ഇങ്ങോട്ട് നമ്മെ കാണുന്നുണ്ട് എന്നല്ലേ ജിബ്‌രീല്‍ പഠിപ്പിച്ചത്: ”നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്” (മുസ്‌ലിം).
അല്ലാഹു അഭൗതികമാണ് എന്ന് പറയല്‍ വിശുദ്ധ ഖുര്‍ആനിന് വിരുദ്ധമാണ്. കാരണം ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത് ‘ആദ്യവും അന്ത്യവുമില്ലാത്തവന്‍’ എന്ന നിലയിലാണ്. ”അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്” (ഹദീദ് 3). ആദ്യവും അന്ത്യവുമില്ലാത്തവന് അറബി ഭാഷയില്‍ പറയുക ‘അസ്‌ലീ’ (അനാദി) എന്നാണ്. ഇനി അഭൗതികം എന്ന് പറയുന്നവയെല്ലാം സൃഷ്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതായിരിക്കും. അല്ലാഹു അഭൗതികമല്ല, അനാദിയാണ്. കാരണം അവന്‍ സ്രഷ്ടാവാണ്. ജിന്നുകള്‍ അഭൗതികമാണ്. അവരുടെ രൂപമോ ഭാവമോ ഭാഷയോ പെരുമാറ്റരീതിയോ മനുഷ്യരെ അല്ലാഹു പഠിപ്പിച്ചിട്ടില്ല. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ കൊണ്ടോ അവരെ കണ്ടുപിടിക്കാനും സാധ്യമല്ല.
അവര്‍ മനുഷ്യരെ സംബന്ധിച്ചേടത്തോളം നൂറു ശതമാനവും അഭൗതികമാണ്. അവരുടെ ശര്‍റു പോലും വേര്‍തിരിച്ചറിയാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. ”ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവന്‍” (അന്നാസ് 4) എന്നാണ് ഖുര്‍ആനിന്റെ പ്രയോഗം. അല്ലാഹു ജിന്ന് പിശാചുക്കളെക്കുറിച്ച് നമ്മെ അറിയിക്കുന്നത് ഇപ്രകാരമാണ്: ”നിശ്ചയം, അവനും അവന്റെ കൂട്ടാളികളും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ അവരെ കാണാത്ത നിലയില്‍” (അഅ്‌റാഫ് 27). ഇബ്‌നുബാസിന്റെ(റ) ഫത്‌വ കാണുക: ”മനുഷ്യനെ സംബന്ധിച്ചേടത്തോളം ജിന്നുലോകവും അവരുടെ സ്ഥിതിഗതികളും അഭൗതികമാണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും നബി(സ)യുടെ ചര്യയില്‍ സ്വഹീഹായി സ്ഥിരപ്പെട്ടതുമല്ലാതെ അവരെ സംബന്ധിച്ച് മനുഷ്യന്‍ യാതൊന്നും തന്നെ അറിയുന്നതല്ല” (ഫതാവാ അല്ലജ്‌നതിദ്ദാഇമ 5:186).
മലക്കുകളും മനുഷ്യരെ സംബന്ധിച്ചേടത്തോളം അഭൗതിക ജീവികളാണ്. പ്രവാചകന്മാര്‍ക്കും അവരോട് ബന്ധപ്പെട്ടവര്‍ക്കും മാത്രമേ മലക്കുകളുമായി ബന്ധപ്പെടാന്‍ സാധിക്കൂ. അവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്: ”എന്നാല്‍ അവര്‍ (മലക്കുകള്‍) അല്ലാഹുവിന്റെ ആദരണീയരായ ദാസന്മാര്‍ മാത്രമാണ്” (അമ്പിയാഅ് 25). എന്നാല്‍ ജിന്നുകള്‍ക്കും മലക്കുകള്‍ക്കും മനുഷ്യര്‍ ഭൗതികജീവികളാണെന്നു പറയാം. മനുഷ്യരെ സംബന്ധിച്ചേടത്തോളം ജിന്നുകളും മലക്കുകളും അഭൗതികജീവികള്‍ തന്നെയാണ്.
പ്രവാചകന്മാര്‍ അല്ലാഹുവിന്റെ അനുവാദപ്രകാരം പ്രകടിപ്പിക്കുന്ന മുഅ്ജിസാത്തുകള്‍ അഭൗതികങ്ങളാണ്. അല്ലാഹു അരുളി: ”അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ ഒരു പ്രവാചകനും ഒരു ദൃഷ്ടാന്തവും കൊണ്ടുവരാനാകില്ല” (റഅ്ദ് 38). സ്വര്‍ഗവും നരകവും അഭൗതികങ്ങളാണ്. നവയാഥാസ്ഥിതികരുടെ വാദപ്രകാരം സ്വര്‍ഗവും നരകവും ഭൗതികങ്ങളാണ്. കാരണം അവര്‍ക്ക് അഭൗതികം അല്ലാഹു മാത്രമാണ്. സ്വര്‍ഗത്തെക്കുറിച്ച് അല്ലാഹു അരുളിയതും അപ്രകാരമാണ്: ”എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്കു വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല” (സജദ 17).
നബി(സ) പഠിപ്പിച്ചതും അപ്രകാരം തന്നെ: ”സ്വര്‍ഗത്തിലെ (സുഖസമ്പൂര്‍ണത) ഒരു കണ്ണും കാണാത്തതും ഒരു ചെവിയും കേള്‍ക്കാത്തതും ഒരു മനുഷ്യന്റെ ബുദ്ധിയിലും ഭവിക്കാത്തതുമാണ്” (മുസ്‌ലിം). നരകത്തിലെ ശിക്ഷയും നമുക്ക് ഭവിക്കാന്‍ കഴിയാത്ത വിധത്തിലുള്ളതാണ് എന്ന് വിശുദ്ധ ഖുര്‍ആനില്‍ കാണാം. നരകവും സ്വര്‍ഗവും അല്ലാഹു സൃഷ്ടിച്ചുവെച്ചിരിക്കുന്നു എന്നാണ് അല്ലാഹു അറിയിക്കുന്നത്. പക്ഷേ, നമുക്കത് തീര്‍ത്തും അഭൗതികങ്ങളാണ്. അതൊക്കെ ഭൗതികമാെണന്ന് പറയുന്നവര്‍ക്ക് അബദ്ധം സംഭവിച്ചിരിക്കുന്നു. അതുപോലെ ജീവനും ബര്‍സഖിയായ ജീവിതവും (ഖബ്ര്‍ ജീവിതം) അഭൗതികങ്ങളാണ്. അല്ലാഹു അരുളി: ”നിന്നോടവന്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല” (ഇസ്‌റാഅ് 85).
ജിന്നുകളും മലക്കുകളും അഭൗതികജീവികളാണ്. അവരോട് തേടല്‍ ശിര്‍ക്കു തന്നെയാണ്. ഇക്കാര്യത്തില്‍ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ക്കിടയിലും പിന്‍ഗാമികള്‍ക്കിടയിലും തര്‍ക്കമില്ല. എന്നാല്‍ മനുഷ്യകഴിവില്‍ പെട്ട കാര്യങ്ങള്‍ കൊണ്ട് പരസ്പരം സഹായിക്കാനും സഹകരിക്കാനുമാണ് വിശുദ്ധ ഖുര്‍ആനും നബി (സ)യും കല്‍പിക്കുന്നത്.
അല്ലാഹു അരുളി: ”പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക” (അല്‍മാഇദ 2). നബി(സ) കല്‍പിച്ചു: ”നിന്റെ സഹോദരനെ നീ സഹായിക്കണം. അവന്‍ അക്രമിയാണെങ്കിലും അക്രമത്തിന് വിധേയനായെങ്കിലും” (ബുഖാരി).
മനുഷ്യ കഴിവില്‍ പെടാത്ത കാര്യങ്ങള്‍ അല്ലാഹുവോട് മാത്രമേ തേടാവൂ. അതാണ് നമസ്‌കാരത്തില്‍ നാം പ്രാര്‍ഥിക്കുന്നത്. ”നിന്നോട് മാത്രം ഞാന്‍ സഹായം തേടുന്നു” (ഫാത്തിഹ 5).
പ്രസ്തുത വചനത്തിന് ഇമാം ഫഖ്‌റുദ്ദീനുര്‍റാസി നല്‍കിയ വ്യാഖ്യാനം: ”നിന്നോടല്ലാതെ ഞങ്ങള്‍ സഹായം തേടുന്നില്ല. കാരണം അല്ലാഹു അല്ലാത്ത ഒരാള്‍ എന്നെ സഹായിക്കണമെങ്കില്‍ അല്ലാഹു അയാളെ സഹായിക്കണം. അതിനാല്‍ അല്ലാഹുവിന്റെ സഹായം കൂടാതെ മറ്റൊരാളുടെ സഹായം പൂര്‍ണമാകില്ല എന്നതിനാല്‍ അതിന്റെ താല്‍പര്യം, അല്ലാഹുവിന്റെ അടുക്കലേക്കുള്ള ഇടയാളനെ ഞങ്ങള്‍ മുറിച്ചുകളയുന്നു എന്നതാണ്” (തഫ്‌സീറുല്‍ കബീര്‍).
അല്ലാഹുവല്ലാത്ത ശക്തികളോട് തേടല്‍ ശിര്‍ക്കും കുഫ്‌റുമാണ്. അത് മരണപ്പെട്ടവരാകട്ടെ, വിഗ്രഹങ്ങളാകട്ടെ, ജിന്നുകളാകട്ടെ, മലക്കുകളാകട്ടെ, ആള്‍ദൈവങ്ങളാകട്ടെ. അല്ലാഹു അരുളി: ”അല്ലാഹുവിനു പുറമെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്?” (അഹ്ഖാഫ് 5).
ആരെയെല്ലാം വിളിച്ചു പ്രാര്‍ഥിക്കുന്നവരാണ് വഴിപിഴച്ചവര്‍. ഇമാം റാസി രേഖപ്പെടുത്തി: ”ഇതില്‍ മലക്കുകള്‍, ഈസാ(അ), ഉസൈര്‍(അ), വിഗ്രഹങ്ങള്‍ എന്നിവരെല്ലാം ഉള്‍പ്പെടും” (തഫ്‌സീറുല്‍ കബീര്‍, അഹ്ഖാഫ് 5).
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരോടെല്ലാം പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കുന്നതല്ല. അന്ത്യദിനത്തിലാകട്ടെ നിങ്ങള്‍ ചെയ്ത ശിര്‍ക്കിനെ അവര്‍ നിഷേധിക്കുന്നതുമാണ്” (ഫാത്വിര്‍ 13, 14).
ഇവിടെ ആരെയെല്ലാം വിളിച്ചുതേടുന്നതാണ് ശിര്‍ക്ക്? ഇമാം ഖുര്‍തുബി വിശദീകരിക്കുന്നു. ”മലക്കുകള്‍, ജിന്നുകള്‍, അമ്പിയാക്കള്‍, പിശാചുക്കള്‍ എന്നിവരാണിവര്‍” (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍, ഫാത്വിര്‍ 13, 14).
പ്രാര്‍ഥന ആരാധനയാണ്. അല്ലാഹു അരുളി: ”നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കരിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്, തീര്‍ച്ച” (മുഅ്മിന്‍ 60). അല്ലാഹു അല്ലാത്ത ഒരു ശക്തിയും പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതുമല്ല. അല്ലാഹു അരുളി: ”നബിയേ പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചു തേടിനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കാനോ അതില്‍ മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല” (ഇസ്‌റാഅ് 56).
അല്ലാഹു അല്ലാത്ത ശക്തികള്‍ സംരക്ഷിക്കുമെന്ന് മനസ്സുകൊണ്ട് കരുതുന്നതുപോലും ശിര്‍ക്കാണ് എന്നാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി രേഖപ്പെടുത്തിയത്: ”വിഷമ-പ്രതിസന്ധി ഘട്ടങ്ങളില്‍ നീ ഒരു സൃഷ്ടിയോടും നിന്റെ വിഷമങ്ങള്‍ ആവലാതിപ്പെടരുത്. നിന്റെ മനസ്സുമായി ഒരു സൃഷ്ടിയിലേക്കും നീ കടന്നുചെല്ലരുത്. അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. അല്ലാഹുവോട് മാത്രം ഇസ്തിഗാസ (സഹായം തേടല്‍) നടത്തല്‍ നിനക്ക് നിര്‍ബന്ധമാണ്” (ഫുതൂഹുല്‍ ഗൈബ്, പേജ് 137).
ജിന്നിനെയും മലക്കുകളെയും വിളിച്ചുതേടല്‍ ശിര്‍ക്കാണ്. ആധുനിക പണ്ഡിതന്മാരുടെയും അഭിപ്രായം അപ്രകാരമാണ്. ഇബ്‌നുബാസി(റ)ന്റെ ഫത്‌വ: ”നബി(സ)യോടോ അല്ലാത്തവരോടോ അമ്പിയാക്കന്മാരോടോ ഔലിയാക്കളോടോ മലക്കുകളോടോ ജിന്നുകളോടോ അവര്‍ കേള്‍ക്കുമെന്നും ആവശ്യങ്ങള്‍ നിറവേറ്റിത്തരുമെന്നും വിശ്വസിച്ചുകൊണ്ട് അവരോടൊക്കെ തേടല്‍ വമ്പിച്ച ശിര്‍ക്കില്‍ പെട്ടതാണ് എന്ന കാര്യത്തില്‍ സംശയമില്ല. കാരണം അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. തീര്‍ച്ചയായും ജിന്നുകളും മലക്കുകളം നമ്മില്‍ നിന്ന് അപ്രത്യക്ഷരും അവരുടെ പ്രശ്‌നങ്ങളില്‍ വ്യാപൃതരുമാണ്” (മജ്മൂഉ ഫതാവാ ഇബ്‌നുബാസ് 2:552).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x