28 Wednesday
January 2026
2026 January 28
1447 Chabân 9

സൃഷ്ടി വൈഭവങ്ങള്‍

യു ടി മുഹമ്മദലി പുവ്വത്തിക്കല്‍

പ്രപഞ്ചത്തില്‍ മുഴുവനും നിറഞ്ഞുനില്‍ക്കുന്ന അത്ഭുതങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. ചിന്തകള്‍ ഉണര്‍ന്നാല്‍ മസ്തിഷ്‌കം വിളിച്ചോതുന്നത് മനുഷ്യ നിയന്ത്രണങ്ങള്‍ക്കതീതമായ പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ചാണ്. പല ഖുര്‍ആന്‍ വചനങ്ങളും ചിന്തകളോട് സംവദിക്കുമ്പോള്‍ ശാസ്ത്ര-സാങ്കേതിക-പുരോഗതിയുടെ പേരില്‍ ബുദ്ധിയെ മാത്രം ആശ്രയിക്കുന്നവര്‍, മനുഷ്യ ശരീരത്തെയും കുറ്റമറ്റ പ്രാപഞ്ചിക പ്രതിഭാസങ്ങളെയും സംവിധാനിച്ച നാഥനെ തിരിച്ചറിയണമെന്നാണ് വേദഗ്രന്ഥം ആവശ്യപ്പെടുന്നത്.
കരയും കടലും വാനലോകവും ജീവലോകവും എല്ലാം ഉള്‍ക്കൊള്ളുന്ന അന്യൂനമായ പ്രപഞ്ചസൃഷ്ടി വൈഭവങ്ങള്‍ക്ക് പിറകിലുള്ള നിയന്താവിനെ അംഗീകരിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അഹങ്കാരവും അവിവേകവും അലങ്കാരമാക്കിയവര്‍ മാത്രമാണ്. സൃഷ്ടിപ്പിന്റെ നിഗൂഢതകളുടെ കലവറയിലേക്ക് ചിന്തകളെ ആനയിക്കുന്നതായിരുന്നു വിശ്വമാനവികതയുടെ വേദവെളിച്ചത്തിലേക്ക് എന്ന കാലിക പ്രസക്തമായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള കരിപ്പൂരിലെ എക്സിബിഷന്‍ സ്റ്റാളുകള്‍. വിശ്വാസികളുടെ മനം നിറക്കുന്ന ആ കാഴ്ചകളാണ് ഈ കുറിപ്പിന്നാധാരം. മനുഷ്യ ശരീരത്തിലെ അന്യൂനവും, സങ്കീര്‍ണവുമായ ആവാസ വ്യവസ്ഥകളിലേക്ക്, ആത്മാര്‍ഥതയുടെ ആള്‍രൂപങ്ങളായ വളണ്ടിയര്‍മാര്‍ ചിന്തകളെ ക്ഷണിച്ചപ്പോള്‍, അത്ഭുതങ്ങളുടെ ലോകത്തിലേക്ക് മനസ്സുകള്‍ വീണ്ടും വീണ്ടും സഞ്ചരിക്കുകയായിരുന്നു.
നിയന്ത്രണങ്ങളില്ലാത്ത, നിയമങ്ങളില്ലാത്ത ജീവിതം നയിക്കുവാനും ആസ്വദിക്കുവാനും ദൈവനിഷേധം ആദര്‍ശമാക്കിയവരുടെ മനസ്സുകളിലേക്കും വിശ്വമാനവികതയുടെ വേദവെളിച്ചം പ്രസരിക്കുവാനും, ഈ മഹത്തായ സംരംഭങ്ങള്‍ക്ക് അഹോരാത്രം അധ്വാനിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ച കര്‍മഭടന്മാര്‍ക്ക് അര്‍ഹമായ പ്രതിഫലം അല്ലാഹുവില്‍നിന്ന് ലഭിക്കുവാനും ഇസ്‌ലാഹീ ഹൃദയങ്ങള്‍ക്ക് സ്രഷ്ടാവിനോട് ഒരുമിച്ച് ഒന്നായി പ്രാര്‍ഥിക്കാം.

Back to Top