14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

ശ്രീലങ്കയിലെ ജനങ്ങള്‍ ഇപ്പോഴും ക്യൂവിലാണ്

ഡോ. ഒ സി അബ്ദുല്‍കരീം


‘ഇന്ത്യയുടെ കണ്ണുനീര്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, 1972 വരെ ‘സിലോണ്‍’ എന്ന ഔദ്യോഗിക നാമത്തില്‍ അറിയപ്പെട്ട, ഇന്ത്യന്‍ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഒരു തുറമുഖ രാജ്യമാണ് ശ്രീലങ്ക. 25,330 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള, ഏകദേശം 2.2 കോടി ജനങ്ങളുള്ള, ഏഷ്യയിലെ ഏറ്റവും മനോഹരമായ ജൈവവൈവിധ്യമുള്ള, പ്രകൃതിഭംഗിയാല്‍ വിദേശികളെ കൂടുതലായി ആകര്‍ഷിക്കുന്ന ചെറിയ ഒരു ദ്വീപാണ് ശ്രീലങ്ക.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാനമായ ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ തുറന്ന വിപണിയും വളരെ ചടുലമായ ഒരു കയറ്റുമതി കേന്ദ്രവുമാണ് ശ്രീലങ്ക. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, തീവ്രമായ ദാരിദ്ര്യത്തിന്റെ അഭാവം, മറ്റു രാഷ്ട്രങ്ങളിലേക്കാള്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കാര്യക്ഷമമായ ഭരണനിര്‍വഹണ വ്യവസ്ഥ തുടങ്ങിയവ ശ്രീലങ്കയെ മറ്റേതൊരു ഏഷ്യന്‍ രാജ്യത്തേക്കാളും മികവുറ്റതാക്കുന്നു. ആഫ്രിക്ക, യൂറോപ്പ്, മിഡില്‍ഈസ്റ്റ്, ആസ്‌ത്രേലിയ, കിഴക്കന്‍ ഏഷ്യ പ്രദേശങ്ങളിലെ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ കൊളംബോ തുറമുഖത്തിന് വളരെ വലിയ ഒരു സ്ഥാനമാണുള്ളത്. ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിനു ശേഷം ഏഷ്യയിലെ തന്നെ ഏറ്റവും പുരോഗതിയാര്‍ജിച്ച ഒരു രാജ്യമായി ശ്രീലങ്ക മാറി. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, മറ്റു വികസന സൂചികകള്‍ എന്നിവയിെലല്ലാം മറ്റുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളേക്കാള്‍ മുകളിലായിരുന്നു എന്നു മാത്രമല്ല, കൊറിയന്‍ റിപബ്ലിക്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളേക്കാളും ഉയര്‍ന്നതായിരുന്നു. 1960-കളുടെ മധ്യം വരെ ശ്രീലങ്കയുടെ ജീവിതനിലവാരം മറ്റ് ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ വളരെ മുകളിലായിരുന്നു.
ഇത്തരം മേന്മകളെല്ലാം ഉണ്ടായിരുന്ന നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയുടെ കഥ ഇന്ന് വ്യത്യസ്തമാണ്. ശ്രീലങ്കയുടെ സാമ്പത്തിക പതനം അതിദാരുണമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സാമ്പത്തിക തകര്‍ച്ചയും മനുഷ്യരുടെ അതിജീവനത്തിനായുള്ള മരണപ്പാച്ചിലും കണ്ട് ലോകം വിറങ്ങലിച്ചുനില്‍ക്കുന്നു. മഷിയും പേപ്പറും ഇല്ലാത്തതിനാല്‍ പരീക്ഷകള്‍ പോലും മാറ്റിവയ്‌ക്കേണ്ടിവരുന്നു. പാചകവാതകമില്ല, ധാരാളം പവര്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടി, പ്രതിമാസം വിതരണം ചെയ്തിരുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം 50,000ല്‍ നിന്നും 2000 ആയി കുറഞ്ഞു. ആയിരക്കണക്കിന് ബേക്കറികള്‍ അടച്ചുപൂട്ടി, പെട്രോള്‍ അടിക്കാന്‍ ദിവസം മുഴുവന്‍ ക്യൂ നില്‍ക്കേണ്ടി വന്നു, അവശ്യവസ്തുക്കള്‍ പോലും ലഭ്യമല്ലാതായി, ഒരു കിലോ അരിക്ക് 448 രൂപയും ഒരു ലിറ്റര്‍ പാലിന് 263 രൂപയുമായി ഉയര്‍ന്നു. ‘ഇനിയൊരു തലവേദന പോലും നേരിടാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. കാരണം അതിനു പോലുമുള്ള മരുന്നുകള്‍ ലഭ്യമല്ല’ എന്നു പോലും സാധാരണക്കാര്‍ പറഞ്ഞുതുടങ്ങി.
30 വര്‍ഷത്തോളം നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് 2009ലാണ് ഒരു അവസാനമുണ്ടായത്. ഈ സംഘര്‍ഷങ്ങള്‍ക്കിടയിലും ശ്രീലങ്കന്‍ സാമ്പത്തിക വ്യവസ്ഥ മറ്റേതൊരു ഏഷ്യന്‍ രാജ്യങ്ങളേക്കാളും വളര്‍ന്നുകൊണ്ടിരുന്നു. 2009ല്‍ ആഭ്യന്തരകലാപം അടങ്ങിയതിനു ശേഷം സാമ്പത്തിക വളര്‍ച്ച നന്നായി പുരോഗമിച്ചു. പട്ടിണി നിരക്ക് കുറഞ്ഞു, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമൂഹിക സൂചികകള്‍ വളരെ മെച്ചപ്പെട്ടു.
യഥാര്‍ഥത്തില്‍ ശ്രീലങ്ക ‘കടം കൊടുത്തു രാജ്യത്തെ വാങ്ങുക’ എന്ന ചൈനീസ് തന്ത്രത്തില്‍ അകപ്പെട്ടതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടതെന്നു പറയാം. ഏതാണ്ട് 50,000 കോടി ഇന്ത്യന്‍ രൂപക്ക് സമാനമായ 700 കോടി ഡോളറാണ് പ്രസ്തുത കാലയളവില്‍ ശ്രീലങ്കയുടെ വിദേശ കടം. കടത്തിന്‍മേലുള്ള പലിശ തിരിച്ചടയ്ക്കുന്നതിനു വേണ്ടി രാജ്യത്തിന് വീണ്ടും വീണ്ടും കടം എടുക്കേണ്ടതായിവന്നു. വിദേശ കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിനാല്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുകയുമുണ്ടായി. രാജ്യത്തെ 22 മില്യന്‍ ജനങ്ങള്‍ 12 മണിക്കൂര്‍ പവര്‍കട്ട് അഭിമുഖീകരിക്കേണ്ടിവന്നു. അങ്ങേയറ്റത്തെ ഭക്ഷ്യക്ഷാമം, ഇന്ധനക്ഷാമം, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം തുടങ്ങി ഒട്ടനവധി മേഖലകളില്‍ രാജ്യം കടുത്ത പ്രതിസന്ധി അഭിമുഖീകരിച്ചു. രാജ്യത്തെ പണപ്പെരുപ്പം 17.5 ശതമാനമായി വര്‍ധിച്ചു. തദ്ഫലമായി ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിച്ചു. കിലോക്ക് 80 രൂപയുണ്ടായിരുന്ന അരിയുടെ വില 500 ശ്രീലങ്കന്‍ രൂപയും 400 ഗ്രാം പാല്‍പ്പൊടി പാക്കറ്റിന് 60 രൂപ വിലയുണ്ടായിരുന്നത് 280 രൂപയായും വര്‍ധിച്ചു. ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഒരു ഡോളറിനു 230 രൂപ വരെയായി. ഇവ വിലവര്‍ധനവിന്റെ ആഴം തുറന്നുകാണിക്കുന്നു. കൂടാതെ വ്യാപാരികള്‍ സാധനങ്ങള്‍ പൂഴ്ത്തിവെക്കാനും തുടങ്ങി. ഇവയെല്ലാം ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി.
ശ്രീലങ്കന്‍ പ്രതിസന്ധിയുടെ കാരണങ്ങള്‍
ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്താവുന്നത് അവിടത്തെ ഭരണമായിരുന്നു. ശ്രീലങ്കയിലെ പ്രധാനമന്ത്രി, പ്രസിഡന്റ്, ധനമന്ത്രി എന്നിവരെല്ലാം ഒരേ കുടുംബത്തില്‍ പെട്ട ആള്‍ക്കാരായിരുന്നു. ആയതിനാല്‍ രാജ്യഭരണം കുടുംബകാര്യമായി മാറുകയും രാജ്യം സാമ്പത്തികമായി മുടിയുകയും ചെയ്തു. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ശ്രീലങ്കയുടെ ജി ഡി പിയുടെ വലിയ പങ്കും വന്നിരുന്നത് ചായ, കാപ്പി, റബര്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ നിന്നു ലഭിച്ചിരുന്ന വിദേശനാണ്യ ശേഖരത്തില്‍ നിന്നായിരുന്നു. ടൂറിസം, വസ്ത്രങ്ങളുടെ വില്‍പന എന്നിവയില്‍ നിന്നും വിദേശനാണ്യശേഖരം ലഭിക്കുകയുണ്ടായി. അതായത് കയറ്റുമതിയില്‍ നിന്നായിരുന്നു ശ്രീലങ്കയുടെ വരുമാനത്തിന്റെ സിംഹഭാഗവും വന്നിരുന്നത്.

1965 മുതല്‍ ശ്രീലങ്ക ഐ എം എഫില്‍ നിന്നും 16 തവണ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ലോണുകള്‍ എടുക്കുകയുണ്ടായി. ഈ വ്യവസ്ഥകളില്‍ ചിലവ കടുത്ത പണനയം, ഭക്ഷ്യ സബ്‌സിഡി കുറയ്ക്കുക, ശ്രീലങ്കന്‍ കറന്‍സിയുടെ മൂല്യം കുറയ്ക്കുക തുടങ്ങിയവയായിരുന്നു. ഈ വ്യവസ്ഥകളുടെ പൂര്‍ത്തീകരണവും ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചു. ഒരു രാജ്യം സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ ജെ എം കെയിന്‍സ് പറഞ്ഞപോലെ ഗവണ്‍മെന്റ് വിപണിയില്‍ ഇടപെടുകയും കൂടുതല്‍ പൊതുചെലവിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കുകയുമാണ് പതിവ്. എന്നാല്‍ ശ്രീലങ്കയുടെ വിഷയത്തില്‍ ഇത് നടപ്പാക്കാന്‍ വളരെ പ്രയാസമായിരുന്നു. ഐ എം എഫിന്റെ വ്യവസ്ഥകള്‍ ഗവണ്‍മെന്റ് പാലിക്കേണ്ടതുണ്ടായിരുന്നു. ശ്രീലങ്ക ഐ എം എഫില്‍ നിന്ന് അവസാനമായി കടമെടുത്തത് 2016ലായിരുന്നു. മുന്‍ വ്യവസ്ഥകള്‍ക്കൊന്നും ഒരു മാറ്റവുമുണ്ടായിരുന്നില്ല. 2016-19 കാലയളവിലേക്കായിരുന്നു ഈ കടം.
തദ്ഫലമായി ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥ പെട്ടെന്ന് താഴോട്ട് പതിച്ചു. വളര്‍ച്ച, നിക്ഷേപം, സേവിങ്‌സ്, ജി ഡി പി മുതലായവ താഴുകയും കടബാധ്യത വര്‍ധിക്കുകയും ചെയ്തു. 2019ല്‍ നടന്ന രണ്ട് പ്രധാന ആഘാതങ്ങള്‍ രാജ്യത്തിന്റെ ഏറ്റവും മോശമായ സാഹചര്യത്തെ ഒന്നുകൂടി മോശമാക്കി. അതില്‍ ഒന്നാമത്തേത് 2019 ഏപ്രില്‍ ഒന്നിന് ചര്‍ച്ചുകളിലും ആഡംബര ഹോട്ടലിലും നടന്ന ബോംബ് സ്‌ഫോടന പരമ്പരകളായിരുന്നു. ഇത് രാജ്യത്തേക്കുള്ള വിദേശികളുടെ വരവ് 80% വരെ കുറയ്ക്കുകയും വിദേശനാണ്യ ശേഖരത്തില്‍ വന്‍ ഇടിവ് ഉണ്ടാക്കുകയും ചെയ്തു. രണ്ടാമത്തേത് പുതുതായി അധികാരത്തില്‍ വന്ന രാജപക്‌സെ ഗവണ്‍മെന്റിന്റെ നികുതി നയങ്ങളായിരുന്നു. മൂല്യവര്‍ധിത നികുതി 15 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറച്ചു. നാഷണല്‍ ബില്‍ഡിങ് ടാക്‌സ്, പേ ആസ് യു ഏണ്‍ ടാക്‌സ് എന്നിവയും സാമ്പത്തിക സേവനങ്ങള്‍ക്ക് ഉണ്ടായിരുന്ന ചാര്‍ജുകളും പൂര്‍ണമായും നിര്‍ത്തല്‍ ചെയ്തു. കോര്‍പറേറ്റ് ടാക്‌സ് 28 ശതമാനത്തില്‍ നിന്നും 24 ശതമാനമായി കുറച്ചു. ഇത്തരം നികുതി വെട്ടിച്ചുരുക്കലുകള്‍ ശ്രീലങ്കയുടെ ജി ഡി പി യില്‍ 2% കുറവുണ്ടാക്കി.
ഇതിനിടയിലാണ് 2020 മാര്‍ച്ച് മുതല്‍ ലോകത്തെ മുഴുക്കെ ഞെട്ടിപ്പിച്ച കോവിഡ് മഹാമാരിയുടെ പിടിയില്‍ ശ്രീലങ്കയും അമര്‍ന്നത്. രാജ്യം അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത കോവിഡ് മഹാമാരി വര്‍ധിപ്പിച്ചു. 2021 ഏപ്രിലില്‍ രാജപക്‌സെ ഗവണ്മെന്റ് പുതിയ വളനയം പ്രഖ്യാപിച്ചതും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കി. പുതിയ വളനയത്തിന്റെ ഭാഗമായി ശ്രീലങ്കയെ 100% ജൈവവള രാഷ്ട്രമായി പ്രഖ്യാപിച്ചു. വിദേശനാണ്യ ശേഖരത്തിന്റെ ഒഴുക്ക് തടയുന്നതിനായി എല്ലാ വളത്തിന്റെയും തീരുവ ഗവണ്മെന്റ് നിരോധിച്ചു. ഈ നയം എന്താണോ ഉദ്ദേശിച്ചത് അതിന്റെ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. അതായത്, രാജ്യത്തെ സമ്പൂര്‍ണ ജൈവവള രാജ്യമായി പ്രഖ്യാപിച്ചതിനാല്‍ രാസവളങ്ങളുടെ ഉപയോഗം ഇല്ലാതാവുകയും കാര്‍ഷികോല്‍പാദനം വളരെയധികം കുറയുകയും ചെയ്തു. ഇത് ക്ഷാമം അനുഭവിച്ചുകൊണ്ടിരുന്ന രാജ്യത്ത് ഭക്ഷ്യധാന്യത്തിന്റെ ഇറക്കുമതി നിര്‍ബന്ധമാക്കി. അതേപോലെത്തന്നെ രാസവളത്തിന്റെ നിരോധനം ചായ, റബര്‍ മുതലായവയുടെ ഉല്‍പാദനം കുറയ്ക്കുകയും കയറ്റുമതിയെ അത് സാരമായി ബാധിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍ രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടപ്പാക്കിയ വളനയം ഒരു ഭാഗത്ത് ഉല്‍പാദനം കുറയ്ക്കുകയും, അവയുടെ കയറ്റുമതിയില്‍ നിന്നു ലഭിച്ചിരുന്ന വരുമാനം കുറയ്ക്കുകയുമുണ്ടായി. ഈ വരുമാനനഷ്ടം ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന വസ്തുക്കളുടെ ലഭ്യതയെ ബാധിക്കുകയും വീണ്ടും ഭക്ഷ്യക്ഷാമം വര്‍ധിപ്പിക്കുകയുമുണ്ടായി.
മറുഭാഗത്ത് ശ്രീലങ്കയുടെ വരുമാനത്തിന്റെ മറ്റൊരു പ്രധാന ഘടകമായിരുന്ന ടൂറിസം മേഖലയെ കൊറോണ വൈറസിന്റെ വ്യാപനം സാരമായി ബാധിച്ചു. ടൂറിസം മേഖലയില്‍ നിന്നും 2019ല്‍ ലഭിച്ച വിദേശനാണ്യശേഖരം 7.5 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2021 ജൂലൈ മാസമായപ്പോഴേക്കും 2.8 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളും ആഴവും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. ദ്വിമുഖ പ്രതിസന്ധികളായിരുന്നു ശ്രീലങ്കയില്‍ ഉണ്ടായത്- കടപ്രതിസന്ധിയും വിദേശനാണ്യ വിനിമയ പ്രതിസന്ധിയും.
ഈ പ്രതിസന്ധികളില്‍ നിന്നു മോചനം ലഭിക്കുന്നതിനു വേണ്ടി 4 പ്രധാന പരിഹാര മാര്‍ഗങ്ങളാണ് ലോക ബാങ്ക് (ഇന്റര്‍നാഷനല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്റ് ഡെവലപ്‌മെന്റ്) മുന്നോട്ടുവെക്കുന്നത്. അതില്‍ ഒന്നാമത്തേത് രാജ്യത്ത് കാര്‍ഷികോല്‍പാദനക്ഷമത വര്‍ധിപ്പിക്കുക എന്നതാണ്. രണ്ടാമതായി കാര്‍ഷികേതര മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. മൂന്നാമതായി രാജ്യത്ത് സുരക്ഷിതവും കൂടുതല്‍ ഉല്‍പാദനക്ഷമവുമായ പരിഷ്‌കരണ നടപടികള്‍ ആവിഷ്‌കരിക്കുകയെന്നതാണ്. നാലാമതായി പബ്ലിക് സര്‍വീസ്, വിദ്യാഭ്യാസം എന്നിവയ്ക്ക് രാജ്യം മുഴുക്കെ സൗകര്യങ്ങള്‍ ഒരുക്കുകയും അവ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയും ചെയ്യുക എന്നുള്ളതാണ്. ചുരുക്കത്തില്‍ രാജ്യം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു മോചനം ലഭിക്കുന്നതിനായി രാജ്യത്ത് പുതുതായി നടപ്പാക്കിയ വളനയം പരിഷ്‌കരിക്കുക, റിസോര്‍ട്ടുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയ കാര്‍ഷികേതര മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും ചെയ്യുക, ആരോഗ്യ ഇന്‍ഷുറന്‍സിനു വേണ്ട ശക്തമായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് നടപ്പില്‍ വരുത്തുക, സ്റ്റേറ്റ് ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നു സത്വരമായ നടപടികള്‍ ഉണ്ടാവണം.
ഗവണ്‍മെന്റുകള്‍ അവരവരുടെ ക്ഷേമത്തേക്കാള്‍ പൊതുക്ഷേമത്തിനു പ്രാധാന്യം നല്‍കുകയും, അഴിമതിയില്‍ നിന്നും സുഖലോലുപതയില്‍ നിന്നും മുക്തമാവുകയും ചെയ്തുകൊണ്ട് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ, പൊതു ചര്‍ച്ചകളിലൂടെ, മികച്ച ആസൂത്രണത്തിലൂടെ, കാര്യക്ഷമമായ ഭരണനിര്‍വഹണത്തിലൂടെ രാജ്യത്തെ രക്ഷിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ശ്രീലങ്കന്‍ അനുഭവം ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്കും വലിയ പാഠം നല്‍കുന്നു. നമ്മുടെ രാജ്യത്തും വ്യവസ്ഥയില്‍ അധിഷ്ഠിതമായ ലോണുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ആദ്യകാലങ്ങളില്‍ ഒരു താഴ്ന്ന വരുമാന രാജ്യമായിരുന്ന ശ്രീലങ്കക്ക് ദീര്‍ഘകാല തിരിച്ചടവും താഴ്ന്ന പലിശയുമുള്ള സോഫ്റ്റ് ലോണുകള്‍ ധാരാളമായി ലഭിച്ചിരുന്നു. അത് ഉപയോഗിച്ച് അവര്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടത്തുകയുണ്ടായില്ല. എന്നാല്‍ പിന്നീട് അവര്‍ ഒരു മധ്യമ വരുമാന രാജ്യമായി. അതുകൊണ്ട് അവര്‍ക്ക് ഇപ്പോള്‍ കുറഞ്ഞ തിരിച്ചടവ് കാലയളവും ഉയര്‍ന്ന പലിശയുമുള്ള ഇന്റര്‍നാഷണല്‍ സോവറീന്‍ ഡെറ്റ് ആണ് കിട്ടുന്നത്. ആയതിനാല്‍ പഴയപോലെ അവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കഴിയുന്നില്ല. മാത്രമല്ല, ദീര്‍ഘകാലം ഭരണം നടത്തിയ ഒരു കുടുംബത്തില്‍പ്പെട്ട പ്രസിഡന്റ്, പ്രധാനമന്ത്രി, ധനമന്ത്രി എന്നിവര്‍ മാറിമാറി വന്ന ഗവണ്മെന്റിന്റെ കുത്തഴിഞ്ഞ സാമ്പത്തിക പ്രവര്‍ത്തനങ്ങളും മണ്ടന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് (സമ്പൂര്‍ണ ജൈവവള രാഷ്ട്രം, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കറന്‍സി പ്രിന്റ് ചെയ്തത് മുതലായവ) ശ്രീലങ്കന്‍ പതനത്തിന്റെ കാരണങ്ങള്‍.
”ഞാന്‍ ഒരു നേതാവിനെ നിര്‍വചിക്കാം. അദ്ദേഹത്തിന് കാഴ്ചപ്പാടും അഭിനിവേശവും വേണം. ഒരിക്കലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരരുത്. അതിനുമപ്പുറം പ്രശ്‌നങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്ന് അറിയണം. ധര്‍മനീതിയോടെ വേണം അയാള്‍ പ്രവര്‍ത്തിക്കാന്‍”- എ പി ജെ അബ്ദുല്‍ കലാം.
(കോടഞ്ചേരി ഗവ. കോളജിലെ എക്കണോമിക്‌സ് വിഭാഗം
അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍)

Back to Top