1 Tuesday
July 2025
2025 July 1
1447 Mouharrem 5

ബുര്‍ഖ നിരോധനം: അംഗീകാരം നല്‍കി ശ്രീലങ്കന്‍ പാര്‍ലമെന്റ്‌


പൊതുഇടങ്ങളില്‍ ബുര്‍ഖ നിരോധിക്കാനുള്ള നിയമനിര്‍മാണത്തിന് ശ്രീലങ്കന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. മുസ്‌ലിം സ്ത്രീകളുടെ അടക്കം മുഖം മുഴുവനായും മറക്കുന്ന മുടുപടങ്ങള്‍ ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിനാണ് അനുമതി നല്‍കിയത്. ദേശീയ സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നിയമനിര്‍മാണം. ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തിനു ശേഷം പൊതു സുരക്ഷ മന്ത്രി ശരത് വീരശേഖരയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യമറിയിച്ചത്. നിര്‍ദേശം അറ്റോര്‍ണി ജനറലിന് അയച്ചിരിക്കുകയാണ്. ഇത് നിയമമാകാന്‍ പാര്‍ലമെന്റ് കൂടി അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉള്ളതിനാല്‍ ഈ നിര്‍ദ്ദേശം എളുപ്പത്തില്‍ പാസാക്കാനാകും. ചില മുസ്‌ലിം സ്ത്രീകള്‍ മുഖവും ശരീരവും മുഴുവന്‍ മറക്കാനായി ഉപയോഗിക്കുന്ന ബുര്‍ഖ മതതീവ്രവാദത്തിന്റെ അടയാളമാണെന്നും ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇവ നിരോധിക്കുന്നതെന്നും വീരശേഖര പറഞ്ഞു. 2019-ല്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് 260ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് 2019 ല്‍ രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചിരുന്നു. അതേസമയം, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭ വക്താവ് പ്രതികരിച്ചു.

Back to Top