2 Monday
December 2024
2024 December 2
1446 Joumada II 0

ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന സ്രഷ്ടാവായ ദൈവം

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


മനുഷ്യോല്‍പത്തിയുടെ ആരംഭത്തില്‍ തന്നെ ദൈവബോധവും മനുഷ്യരിലുണ്ട്. പുരാതന ലോകത്തെ പഴഞ്ചന്‍ മനുഷ്യരിലും ആധുനിക ലോകത്തെ സൂപ്പര്‍മാനിലും ദൈവബോധമുണ്ട്. മനുഷ്യബുദ്ധിയുടെ അനിവാര്യമായ ആവശ്യമാണ് ദൈവമെന്ന യാഥാര്‍ഥ്യമെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. കാരണം യുക്തിവാദം, ശാസ്ത്രബോധം, നിരീശ്വരത്വം തുടങ്ങിയവയ്‌ക്കൊന്നും മനുഷ്യോല്‍പ്പത്തി മുതല്‍ മനുഷ്യനില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ദൈവത്തെ തേടിയുള്ള മനുഷ്യന്റെ അന്വേഷണം വ്യത്യസ്ത സങ്കല്‍പങ്ങളിലേക്ക് അവനെ എത്തിച്ചിട്ടുണ്ട്. ദൈവം അപ്രാപ്യമായ മഹാശക്തിയാണെന്നും അവനെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ജീവിതത്തില്‍ ഐശ്വര്യമുണ്ടാവുകയുള്ളൂ എന്നും ഒരു വിഭാഗം ആളുകള്‍ കരുതി. പക്ഷെ ആ ദൈവത്തിലേക്ക് അടുക്കാന്‍ നമുക്ക് കഴിയുകയില്ലെന്നും അതിന് ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ മഹാത്മാക്കളെ ഇടനിലക്കാരായി സ്വീകരിക്കണമെന്നും അവര്‍ വിശ്വസിച്ചു. ഈ മഹത്തുക്കള്‍ തങ്ങള്‍ക്കുവേണ്ടി ദൈവത്തിന്റെ അടുത്ത് ശുപാര്‍ശ ചെയ്യുമെന്നും ദൈവം അത് സ്വീകരിക്കുമെന്നും അവര്‍ ഉറപ്പിച്ചു. മരിച്ചുപോയ മഹത്തുക്കളുടെ സേവനം വീണ്ടും ലഭിക്കാന്‍ അവരുടെ പ്രതിബിംബങ്ങള്‍ കല്ലിലും മണ്ണിലും സിമന്റിലുമെല്ലാം കൊത്തിയുണ്ടാക്കി അവയെ ആരാധിക്കാനും പൂജിക്കാനും തുടങ്ങി.
ഭൂമിയിലുള്ള മഹത്തുക്കള്‍ക്കും ബിംബങ്ങള്‍ക്കും പുറമെ അദൃശ്യ ശക്തികളായ ജിന്ന്, ശൈത്വാന്‍, മലക്ക് തുടങ്ങിയവയെയും അവര്‍ ആരാധിച്ചു. പ്രപഞ്ച സൃഷ്ടികളായ സൂര്യന്‍, ചന്ദ്രന്‍, ഇടി, മിന്നല്‍, കാറ്റ് തുടങ്ങിയവയെല്ലാം ആരാധ്യ വസ്തുക്കളായി മാറി. മനുഷ്യന്റെ വഴിമാറി ഒഴുകിയ ദൈവസങ്കല്‍പത്തെ യാഥാര്‍ഥ്യത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് മുഴുവന്‍ പ്രവാചകന്മാരും ശ്രമിച്ചത്. യഥാര്‍ഥ ദൈവസങ്കല്‍പം എന്തായിരിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്.
ഈശ്വരന്‍ ഏകനാണ്
സര്‍വേശ്വരന് അറബിയില്‍ പറയുന്നത് ‘അല്ലാഹു’ എന്നാകുന്നു. ഒരു ചെറിയ അധ്യായത്തിലൂടെ ഖുര്‍ആന്‍ സര്‍വേശ്വരനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ”പറയുക, അവന്‍ ഈശ്വരന്‍ ഏകനാകുന്നു. ഈശ്വരന്‍ നിരാശ്രയനും എന്നാല്‍ എല്ലാവരുടെയും ആശ്രയവും ആകുന്നു. അവന്‍ സന്താനത്തെ ജനിപ്പിച്ചിട്ടില്ല (പിതാവല്ല). അവന്‍ സന്താനമായി ജനിച്ചിട്ടുമില്ല (പുത്രനുമല്ല). അവന് തുല്യനായി ഒന്നും തന്നെയില്ല” (112:15).
ദൈവത്തിന്റെ ചിത്രം വരക്കാനുള്ള ശ്രമം മനുഷ്യാരംഭം മുതല്‍ തന്നെ നടന്നിട്ടുണ്ട്. കല്ലിലും മറ്റും ദൈവത്തിന്റെ ചിത്രം കൊത്തിവെക്കുകയും ദൈവത്തിന്റെ സാങ്കല്‍പിക രൂപങ്ങള്‍ കൊത്തിയുണ്ടാക്കുകയും ചെയ്തിട്ടുമുണ്ട്. ‘അവനു തുല്യനായി ഒന്നും തന്നെയില്ല’ എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം ശ്രദ്ധേയമാകുന്നത് ഇവിടെയാണ്. നമുക്ക് ഒരു ചിത്രം വരയ്ക്കണമെങ്കില്‍ ഭാവനയിലെങ്കിലും അതിനെ കാണാന്‍ കഴിയണം. ഭാവനയില്‍ ഒരു ചിത്രം തെളിയണമെങ്കില്‍ അതുമായി ബന്ധമുള്ള രൂപങ്ങള്‍ തെളിയണം. എന്നാല്‍ ദൈവത്തെ ചിത്രീകരിക്കാന്‍ നമ്മള്‍ തുനിയുമ്പോള്‍ തെളിഞ്ഞുവരുന്ന രൂപങ്ങളൊന്നും യഥാര്‍ഥ ദൈവവുമായി ഒരു ബന്ധവും ഇല്ലാത്തവയാണ് എന്നാകുന്നു ഖുര്‍ആന്‍ തീര്‍ത്തു പറയുന്നത്. കാരണം മനുഷ്യന്റെ ഭാവനയില്‍ പ്രാപഞ്ചിക രൂപങ്ങള്‍ മാത്രമേ തെളിയുകയുള്ളൂ. ദൈവമാകട്ടെ പ്രപഞ്ചാതീതനാകുന്നു.
സ്രഷ്ടാവാണ്
സര്‍വേശ്വരന്‍

ഖുര്‍ആനിലെ ഒന്നാമത്തെ അധ്യായം തുടങ്ങുന്നത് ഈശ്വരന് സ്തുതികള്‍ അര്‍പ്പിച്ചു കൊണ്ടാണ്. ഈശ്വരനെ പരിചയപ്പെടുത്താന്‍ ആദ്യവചനത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് ‘റബ്ബ്’ എന്ന വാക്കാണ്. ഇതിന്റെ ഉദ്ദേശ്യം എന്താണെന്ന് ഖുര്‍ആന്‍ മറ്റൊരു വചനത്തില്‍ വിവരിക്കുന്നുണ്ട്: ”ഞങ്ങളുടെ റബ്ബ് എല്ലാറ്റിനും സൃഷ്ടിപ്പ് നല്‍കുകയും പിന്നീട് ജീവിതമാര്‍ഗം കാണിച്ചുകൊടുക്കുകയും ചെയ്തവനാണ്” (20:50) ഈ വചനം ഒരു ചോദ്യത്തിനുള്ള മറുപടി കൂടിയാണ്. ഫിര്‍ഔന്‍ എന്ന സ്വേച്ഛാധിപതിയായ ഭരണാധികാരിയോട് പ്രവാചകന്‍ മൂസാ(അ) യും ഹാറൂനും(അ) ദൈവത്തെ പരിചയപ്പെടുത്തിയപ്പോള്‍ ദൈവം റബ്ബാണ് എന്ന് പറഞ്ഞു. അപ്പോള്‍ ഫിര്‍ഔന്‍ ചോദിച്ചു: ‘മൂസാ നിങ്ങള്‍ ഇരുവരുടെയും റബ്ബ് ആരാണ്? അതിനുള്ള മറുപടിയായിരുന്നു ഒരു വസ്തുവിനെ മുന്‍മാതൃക ഇല്ലാതെ സൃഷ്ടിക്കുകയും പ്രപഞ്ചത്തില്‍ എവിടെയാണെങ്കിലും അതിന് ജീവിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ജന്മനാ നല്‍കുകയും ചെയ്യുന്നവനാണ് ഞങ്ങളുടെ റബ്ബ് എന്ന മറുപടി.
ഏതാനും ഉദാഹരണങ്ങളിലൂടെ ഈ വചനത്തെ പരിചയപ്പെടാം. ഭൂമിയിലേക്ക് പിറന്നുവീഴുന്ന പശുക്കിടാവിനെ സൃഷ്ടിച്ചത് ആരാണ്? ആ പശുക്കിടാവിന്റെ സ്രഷ്ടാവ്. പിറന്നുവീണ ഉടനെ തപ്പി തടഞ്ഞുകൊണ്ട് നാല്‍ കാലില്‍ എഴുന്നേറ്റു നില്‍ക്കുന്ന പശുക്കുട്ടി നേരെ പോകുന്നത് തള്ള പശുവിന്റെ അകിട്ടിലേക്കാണ്. അവിടെ ചെന്ന് യഥേഷ്ടം പാല്‍ കുടിക്കുകയും വയര്‍ നിറക്കുകയും ചെയ്യുന്നു. ആരാണ് അമ്മയുടെ അകിട്ടിലാണ് തനിക്കുള്ള ഭക്ഷണം ഉള്ളതെന്ന് ആ പശുക്കുട്ടിക്ക് ബോധനം നല്‍കിയത്? അവനാണ് അല്ലാഹു അഥവാ സര്‍വേശ്വരന്‍.
കടലാമകള്‍ ഒരു വലിയ സാമ്രാജ്യമായിട്ടാണ് കഴിയുന്നത്. മുട്ടയിട്ടു കൊണ്ട് സന്താന ഉല്‍പാദനം നടത്തുന്ന കടലാമ മുട്ടയിടുന്നത് കരയിലാണ്. കടല്‍ത്തീരത്തെ മണലില്‍ കുഴിയെടുത്ത ശേഷം മുട്ടയിടുകയും അത് മൂടിവെക്കുകയും ചെയ്യുന്നു. പിന്നീട് കടലാമ വന്നിടത്തേക്ക് തന്നെ തിരിച്ചുപോകുന്നു. മണലിന്റെ ചൂടേറ്റ് നിശ്ചിത ദിവസങ്ങള്‍ കഴിയുമ്പോള്‍ മുട്ട വിരിയും. മുട്ടത്തോട് പൊട്ടിച്ച് മണല്‍ വകഞ്ഞു മാറ്റി പുറത്തുവരുന്ന കുഞ്ഞനാമ തന്റെ സമീപത്ത് പരിചയമുള്ള ആരെയും കാണുന്നില്ല. തീര്‍ത്തും അപരിചിതമായ ഒരു ലോകം. മുമ്പില്‍ ആകട്ടെ ആര്‍ത്തലച്ചുകൊണ്ടിരിക്കുന്ന വന്‍സമുദ്രം. നിര്‍മലമായ കൈകാലുകളും മൃദുലമായ ശരീര ഭാഗങ്ങളും ഉള്ള ആമക്കുഞ്ഞ് ആര്‍ത്തിരമ്പി വന്ന് തല തല്ലി ചാവുന്ന തിരമാലയിലേക്ക് എടുത്തുചാടി കിലോമീറ്ററുകളോളം തുടര്‍ച്ചയായി നീന്തുകയാണ്. അവസാനം ആയിരക്കണക്കിന് ആമകള്‍ ഒന്നിച്ച് ജീവിക്കുന്ന ആമ സാമ്രാജ്യത്തില്‍ എത്തിച്ചേരുകയും ആമകള്‍ക്കിടയിലൂടെ സഞ്ചരിച്ച് തന്റെ അമ്മയുടെ ഓരത്ത് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. ഇന്നുവരെ ഒരാമയും ‘നീ എന്റെ കുഞ്ഞല്ല’ എന്ന് പറഞ്ഞ് തട്ടിമാറ്റിയിട്ടില്ല. ആരാണ് ആമക്കുഞ്ഞിന് കടലിലേക്ക് എടുത്തുചാടണമെന്ന് തോന്നിപ്പിച്ചത്? ആഴിയുടെ ആഴങ്ങളില്‍ പോലും നീന്താനുള്ള ശേഷി നല്‍കിയത് ആരാണ്? ആമസാമ്രാജ്യത്തില്‍ നിന്നും സ്വന്തം അമ്മയെ തിരിച്ചറിയാന്‍ കുഞ്ഞിനെ സഹായിച്ചത് ആരാണ്? അവനാണ് സര്‍വേശ്വരന്‍ അഥവാ അല്ലാഹു .
ആള്‍ദൈവങ്ങളും വ്യാജ ദൈവങ്ങളും വിലസുന്ന കാലമാണിത്. മനുഷ്യബുദ്ധിയോട് സംവദിക്കുന്ന ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് ദൈവമായി അവരോധിക്കുന്നവര്‍ക്ക് ചുരുങ്ങിയത് സ്രഷ്ടാവ് എന്ന ഗുണമെങ്കിലും വേണമെന്നാണ്. മറ്റാരെങ്കിലും സൃഷ്ടിച്ചതിന്റെ ചുവടുപിടിച്ച് പുതിയ സൃഷ്ടിക്ക് രൂപം നല്‍കുന്നവര്‍ ദൈവം ആവാന്‍ പറ്റില്ല. ഒട്ടും മുന്‍ മാതൃകയില്ലാതെ സൃഷ്ടിക്കുന്നവനാണ് ദൈവം. ഇങ്ങനെ സൃഷ്ടിക്കാന്‍ സര്‍വേശ്വരനല്ലാതെ മറ്റാര്‍ക്കും കഴിയുകയുമില്ല. ക്ലോണിംഗ് യുഗമാണിത്. ഒരു ജീവിയുടെ ഒരു സെല്ലില്‍ നിന്നും അതുപോലുള്ള ഒട്ടേറെ ജീവികളെ ഉത്പാദിപ്പിക്കാന്‍ മാത്രം ശാസ്ത്രം വളര്‍ന്നിരിക്കുന്നു. ഒരു മുയലിന്റെ കോശത്തില്‍ നിന്നു നൂറുകണക്കിന് മുയലുകളെ ഉത്പാദിപ്പിച്ച ഒരു ശാസ്ത്രജ്ഞനെ ഖുര്‍ആനിന്റെ ദൈവസങ്കല്‍പമനുസരിച്ച് ദൈവം എന്ന് വിളിക്കുകയില്ല. കാരണം അദ്ദേഹത്തിന് പുതിയ മുയലുകള്‍ക്ക് പ്രപഞ്ചത്തില്‍ ഇന്നേവരെ ഇല്ലാത്ത മുയലുകളുടെ രൂപമോ ഭാവമോ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അതോടൊപ്പം പശുവിനും ആമ കുഞ്ഞിനും ദൈവം നല്‍കിയതുപോലെ ജീവിക്കാന്‍ ആവശ്യമായ പുതിയ ഒരു മാര്‍ഗദര്‍ശനം ക്ലോണിംഗ് മുയലിന് ജന്മനാ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. ദൈവം തള്ളമുയലിന് നല്‍കിയ അതേ ബോധം മാത്രമേ ക്ലോണിങ്ങിലൂടെ പിറന്ന മുയലുകള്‍ക്കും ലഭിച്ചിട്ടുള്ളൂ. പുതുതായി എന്തെങ്കിലും ഒരു ജീവിതബോധം നല്‍കാന്‍ ഇന്നുവരെ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.
പ്രപഞ്ചത്തിലെ ഏതെങ്കിലും ശക്തികളെയോ വ്യക്തികളെയോ ദൈവമായി കല്‍പ്പിക്കുന്നുവെങ്കില്‍ അവര്‍ക്ക് ഖുര്‍ആന്‍ വിശദമാക്കിയത് പോലെ സൃഷ്ടിക്കാനും വളര്‍ത്താനുമുള്ള മിനിമം യോഗ്യതയെങ്കിലും വേണം. ഈ അര്‍ഥത്തില്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ മഹത്തുക്കളൊന്നും ദൈവമാവാന്‍ അര്‍ഹതയില്ലാത്തവരാകുന്നു. കാരണം അവരെല്ലാം സൃഷ്ടികളാണ് എന്ന് മാത്രമല്ല അവര്‍ക്ക് ഒരു ഈച്ചയെ പോലും സ്വന്തമായി സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ”അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍, അവര്‍ക്ക് ഒരു ഈച്ചയെ പോലും സൃഷ്ടിക്കാന്‍ കഴിയില്ല. അതിനു വേണ്ടി അവര്‍ സംഘടിച്ചാലും ശരി” ( 22:73)
ഈശ്വരനെ പരിചയപ്പെടുത്തുന്ന മനോഹരമായ ഒരു വചനമുണ്ട് ഖുര്‍ആനില്‍ : ”അല്ലാഹു അവനല്ലാതെ ആരാധ്യനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും ജഗനിയന്താവുമാണവന്‍. അവന് മയക്കമോ ഉറക്കമോ ബാധിക്കുകയില്ല. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാകുന്നു. അവന്റെ സമ്മതത്തോടെയല്ലാതെ അവന്റെയടുത്ത് ശുപാര്‍ശ ചെയ്യാന്‍ കഴിയുന്നവര്‍ ആരാണുള്ളത്? അവരുടെ മുമ്പിലുള്ളതും പുറകിലുള്ളതും അവന്‍ അറിയും. അവന്റെ ജ്ഞാനത്തില്‍ നിന്നു അവന്‍ ഉദ്ദേശിച്ചതല്ലാതെ മറ്റൊന്നും അവര്‍ക്ക് അറിയാന്‍ കഴിയുന്നതല്ല. അവന്റെ ആധിപത്യം വാന ലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും പ്രയാസമുള്ളതല്ല. അവന്‍ അത്യുന്നതനും മഹാനുമാകുന്നു” (2:255) ഈ വചനത്തില്‍ പറഞ്ഞ ഗുണങ്ങളില്ലാത്തവര്‍ ദൈവമാവാന്‍ ഒട്ടും യോഗ്യരല്ലെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്.
ആരാധന
ഈശ്വരനോട് മാത്രം

നമ്മെ ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കുകയും നാം ആവശ്യപ്പെടാതെ വായു, വെള്ളം, വെളിച്ചം, ഭക്ഷണം തുടങ്ങിയവ ഉള്‍ക്കൊളളുന്ന പ്രകൃതിയെ സംവിധാനിച്ചു തന്നുകൊണ്ട് ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങിയ ഘട്ടങ്ങളിലൂടെ നമ്മെ പടിപടിയായി വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഏകനായ സാക്ഷാല്‍ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് ഖുര്‍ആനിന് നിര്‍ബന്ധമുണ്ട്. ഖുര്‍ആനിലെ ദൈവ സങ്കല്‍പത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാവുന്നു.
‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല’ എന്ന പ്രഖ്യാപനമാവുന്നു ഇതര മതങ്ങളില്‍ നിന്നു ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത്. പ്രാര്‍ഥനകളും അര്‍ഥനകളുമെല്ലാം ദൈവത്തോട് നേരിട്ട് നടത്തണമെന്നും നമ്മുടെയും ദൈവത്തിന്റെയും ഇടയില്‍ ഇടനിലക്കാരെയോ മധ്യവര്‍ത്തികളെയോ നിശ്ചയിക്കരുതെന്നും ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. ”നിങ്ങള്‍ ദൈവത്തോടൊപ്പം ഒന്നിനോടും പ്രാര്‍ഥിക്കരുത്” (72:18) ”ദൈവത്തിനു പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ നിങ്ങളെപ്പോലുള്ള അടിമകളാകുന്നു” (7:194) ഈ വചനങ്ങളിലെ ‘ദൈവത്തോടൊപ്പം’, ‘ദൈവത്തിനു പുറമെ’ എന്നീ പ്രയോഗങ്ങള്‍ ശ്രദ്ധേയമാകുന്നു. ഏക ദൈവത്തെ ആരാധിക്കുന്നവര്‍ തന്നെ പലപ്പോഴും ദൈവത്തിലേക്ക് അടുക്കുവാന്‍ വേണ്ടി മഹത്തുക്കളെയും പുണ്യ പുരുഷന്മാരെയും ഇടനിലക്കാരായി പ്രാര്‍ഥിക്കാറുണ്ട്. ദൈവത്തോടൊപ്പം നിങ്ങള്‍ മറ്റാരോടും പ്രാര്‍ഥിക്കരുത് എന്ന് പറഞ്ഞതിന്റെ പൊരുള്‍ അതാകുന്നു. സര്‍വേശ്വരനോട് പ്രാര്‍ഥിക്കാതെ ബഹുദൈവങ്ങളോട് പ്രാര്‍ഥിക്കുന്നവരുണ്ട്. അതുകൊണ്ടാവുന്നു ദൈവത്തിനു പുറമേ മറ്റാരോടും പ്രാര്‍ഥിക്കരുത് എന്ന് പറഞ്ഞതും.
പുണ്യത്മാക്കളും പുണ്യപുരുഷന്മാരും പുണ്യ വൃക്ഷങ്ങളും പുണ്യപുഷ്പങ്ങളുമില്ലാതെ, പ്രതിഷ്ഠകളും ബിംബങ്ങളുമില്ലാതെ, ജാറങ്ങളും മഖ്ബറകളും ശവകുടീരങ്ങളുമില്ലാതെ, കാണിക്കയും നൈവേദ്യവുമില്ലാതെ ദൈവത്തെ നേരിട്ട് പ്രാര്‍ഥിക്കാന്‍ ശേഷിയുള്ളവരായിരിക്കും ഖുര്‍ആനിന്റെ ദൈവസങ്കല്‍പം ഉള്‍ക്കൊണ്ടവര്‍. അതവന്‍ അവന്റെ ജീവിതത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യും. ”നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുകയുള്ളൂ. നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുകയുള്ളൂ” (1:5) എന്നതാകുന്നു ഏകദൈവാരാധനയുടെ ജീവിതപ്രഖ്യാപനം.

Back to Top