13 Tuesday
January 2026
2026 January 13
1447 Rajab 24

ഹൃദ്യമായ വാദ്യസംഗീതം

സി കെ റജീഷ്‌


വാദ്യസംഗീതം പഠിക്കാന്‍ ഗുരുവിന്റെ അടുത്ത് എത്തിയതാണ് ശിഷ്യന്‍. ഗുരു സംഗീത ഉപകരണം ശിഷ്യന്റെ കൈയില്‍ കൊടുത്തു. അതിന്റെ കമ്പികള്‍ പാകത്തിന് മുറുക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ കമ്പികള്‍ ആവശ്യത്തിലധികം മുറുക്കാന്‍ തുടങ്ങി. അപ്പോള്‍ ഗുരു അവനെ തടഞ്ഞു. അത്രയും വലിഞ്ഞ് മുറുകിയാല്‍ അവ പൊട്ടിപ്പോകും.
പിന്നീട് ശിഷ്യന്‍ കമ്പികള്‍ അയയ്ക്കാന്‍ തുടങ്ങി. ഗുരു പിന്നെയും അവനെ തടഞ്ഞു. ഇത്രയും അയഞ്ഞാല്‍ അവയില്‍ നിന്ന് സംഗീതം വരില്ല. ശിഷ്യന്‍ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു: ഞാന്‍ സംഗീതം പഠിക്കാന്‍ വന്നതാണ്. ഉപകരണം നന്നാക്കാന്‍ വന്നതല്ല.
ഗുരു പറഞ്ഞു: ആ കമ്പികള്‍ക്ക് സംഗീതം പുറപ്പെടുവിക്കാന്‍ കഴിയുന്ന കൃത്യമായ ഒരു അവസ്ഥയുണ്ട്. അധികം വലിഞ്ഞു മുറുകാതെയും പൂര്‍ണമായി അയയാതെയും കൃത്യമായ തോതിലാവുമ്പോഴാണ് അതില്‍ നിന്ന് സംഗീതം ഉണ്ടാകുന്നത്.
മനുഷ്യവികാരങ്ങളുടെ ആവിഷ്‌ക്കാര ഭാഷയാണ് സംഗീതം. മനസ്സില്‍ വികാരങ്ങളെ കോരിയിടാന്‍ ഈ നാദഭാഷയ്ക്കു കഴിയും. ശബ്ദവ്യതിയാനം കൊണ്ട് സൗന്ദര്യം തീര്‍ക്കുന്ന ഈ കല മനസ്സില്‍ ആഴത്തില്‍ സ്വാധീനിക്കുന്നു. സംഗീതം പോലെ സൗന്ദര്യാത്മകതയുള്ളതാണ് നമ്മുടെ ഈ ജീവിതം. ചുവടുകള്‍ പിഴയ്ക്കാതെയും താളലയങ്ങള്‍ ചിട്ടയൊപ്പിച്ചും നീങ്ങുമ്പോഴാണ് ജീവിതത്തിന് സംഗീതാത്മകതയുണ്ടാകുന്നത്. അളവും അനുപാതവും കരുതലോടെയാക്കി കൈകാര്യം ചെയ്താല്‍ ജീവിതത്തിന് സൗന്ദര്യമുണ്ടാകും. അതിന്റെ സ്വാധീന വലയത്തില്‍ നമ്മുടെ വ്യക്തിത്വ പ്രഭാവമുയരും.
എത്ര കരുതിയാലും ചില ചുവടുകളെങ്കിലും പിഴയ്ക്കുന്നതാണ് ഈ ജീവിതം. എത്ര ചിട്ടയൊപ്പിച്ചാലും ചില പൊരുത്തക്കേടുകള്‍ കാണും. പക്ഷേ അതിനോടെല്ലാം നാം പൊരുത്തപ്പെട്ടേ മതിയാവൂ. അതിന് ജീവിതവഴിയിലെ കര്‍മശൈലിയാണ് പാകപ്പെടുത്തേണ്ടത്. കര്‍മവഴിയില്‍ നമുക്ക് അങ്ങേയറ്റം ആലസ്യമുള്ളവരാകാം. അല്ലെങ്കില്‍ അമിതാവേശം കൊണ്ട് അത്യുത്സാഹവും കാണിക്കാം. ഇതിന് രണ്ടിനും മധ്യേ മിതത്വശൈലിയിലാവുമ്പോഴാണ് മികവാര്‍ന്ന ഒരു വ്യക്തിത്വം പിറവിയെടുക്കുന്നത്. ജീവിതത്തിന്റെ നിറക്കൂട്ടുകളെ സമ്യക്കായി സംയോജിപ്പിച്ചാല്‍ നമ്മുടെ കര്‍മവിഭവങ്ങളും സ്വാദേറേയുള്ളതാകും.
ജീവിതസരണിയിലെ പാകപ്പെടലുകളിലൂടെയാണ് പരിവര്‍ത്തനങ്ങളുണ്ടാകുന്നത്. മിതത്വത്തിലാണ് സൗന്ദര്യം. മുഴുജീവിതത്തില്‍ അവശ്യം വേണ്ട ഗുണം തന്നെയാണ് അത്. മിതത്വഭാവമാണ് മതത്തിന്റെ മുഖമുദ്ര. നബി തിരുമേനി അവ്വിധമുള്ള ജീവിത രീതിയെയാണ് പ്രോത്സാഹിപ്പിച്ചത്.
ഒരിക്കല്‍ പ്രവാചകന്റെ ആരാധനാരീതി ആരാഞ്ഞ് മൂന്നംഗ സംഘം പ്രവാചക പത്നിമാരുടെ അരികില്‍ വന്നു. അവരുടെ വിവരണം കേട്ടപ്പോള്‍ ആഗതര്‍ പറഞ്ഞു: നമ്മളെവിടെ? പ്രവാചകനെവിടെ? അദ്ദേഹത്തിന് സകല പാപങ്ങളും പൊറുക്കപ്പെട്ടിട്ടുണ്ട്.
അവരിലൊരാള്‍ പറഞ്ഞു: എന്നാല്‍ ഇനി മുതല്‍ എന്നും രാത്രി മുഴുവന്‍ ഞാന്‍ നിന്ന് നമസ്‌കരിക്കും. രണ്ടാമന്‍ പറഞ്ഞു: വര്‍ഷം മുഴുവന്‍ ഞാന്‍ വ്രതമനുഷ്ഠിക്കും. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ ഇനി ഭാര്യയുമായി ബന്ധപ്പെടുകയേ ഇല്ല.
അല്പം കഴിഞ്ഞ് നബി(സ) വന്നു. അവര്‍ പറഞ്ഞത് കേട്ട നബി(സ) പറഞ്ഞു: അല്ലാഹുവാണേ സത്യം, നിങ്ങളേക്കാള്‍ ഭയമുള്ളയാളാണ് ഞാന്‍. എങ്കിലും ഞാന്‍ നോമ്പനുഷ്ഠിക്കുന്നു, ഉപേക്ഷിക്കുന്നു. നമസ്‌കരിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്നു. വിവാഹം കഴിക്കുന്നു. എന്റെ ചര്യ വിടുന്നവന്‍ നമ്മില്‍പ്പെട്ടവനല്ല. (മുസ്‌ലിം 1401)

Back to Top