സൗഹൃദം പകരുന്ന ഊര്‍ജം
ഡോ. മന്‍സൂര്‍ ഒതായി
നല്ല സുഹൃത്തുക്കള്‍ ജീവിതത്തിലെ വലിയ സമ്പത്താണ്. ആത്മാര്‍ഥമായ കൂട്ടുകാര്‍ വിലമതിക്കാനാവാത്ത സ്വത്ത് തന്നെയാണ്. ചെറുപ്പകാലം മുതല്‍ നമ്മള്‍ കൂട്ടുകാരെ സ്വീകരിച്ച് തുടങ്ങും. വ്യക്തികളുടെ സ്വഭാവ പ്രകൃതത്തിനനുസരിച്ച് സുഹൃത്തുക്കളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവാം. എങ്കിലും മറ്റുള്ളവരുമായി കൂട്ടുകൂടി വളരുമ്പോഴാണ് ഒരു വ്യക്തിയുടെ സമ്പൂര്‍ണ വളര്‍ച്ച സാധ്യമാവുന്നത്. കൂട്ടൂകാര്‍ക്കിടയില്‍ എത്തുമ്പോഴാണ് ഒരാള്‍ക്ക് തന്റെ ഐഡന്റിറ്റി ലഭിക്കുന്നത്. വിശേഷിച്ച് സമപ്രായക്കാര്‍ക്കിടയില്‍. സൗഹൃദ വലയത്തിലെത്തുമ്പോള്‍ വല്ലാത്ത സന്തോഷവും സുരക്ഷിതത്വവും അനുഭവപ്പെടുകയും ചെയ്യും. നമ്മുടെ മനസ്സ് വായിച്ച് വിചാര വികാരങ്ങളെ തിരിച്ചറിയുന്ന ഒരു സുഹൃത്തുണ്ടാവുക എന്നത് ഭാഗ്യം തന്നെയാണ്.
കൂട്ടുകാരുമായി നിരന്തര ബന്ധം പുലര്‍ത്തുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും. പ്രയാസങ്ങളും വിഷമങ്ങളും ഉണ്ടാവുമ്പോള്‍ ഉള്ള് തുറക്കാന്‍ പറ്റിയ കൂട്ടുകാരുണ്ടെങ്കില്‍ അത് വലിയ കരുത്താണ്. അവനുമായുള്ള ആശയ വിനിമയം നമുക്ക് പോസിറ്റീവ് ചിന്തകളെ വളര്‍ത്താന്‍ പ്രചോദനമേകും. നിരാശയും ഒറ്റപ്പെടലും കുറക്കും. അതുകൊണ്ടാണ് കൂടുതല്‍ സൗഹൃദം വെച്ച് പുലര്‍ത്തുന്നവര്‍ക്ക് മാനസികാരോഗ്യം ലഭിക്കാന്‍ കാരണം. അതുവഴി ശാരീരികാരോഗ്യം മെച്ചപ്പെടുകയും ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂട്ടുകാരോടൊത്ത് ചെറുതും വലുതുമായ വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ നാമറിയാതെ സന്തോഷഭരിതമായി മാറും.
വ്യക്തിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും സൗഹൃദത്തിന് പങ്കുണ്ട്. നമ്മളറിയാത്ത പല കഴിവുകളും കണ്ടെത്തുന്നതും വളര്‍ത്തുന്നതും പലപ്പോഴും കൂട്ടുകാരാണ്. സുഹൃത്തുക്കള്‍ അഭിനന്ദനവും പ്രോത്സാഹനവും നല്‍കി നമ്മെ വിലമതിക്കുമ്പോള്‍ നമുക്ക് സ്വയം മതിപ്പ് അനുഭവപ്പെടും. അതുവഴി ആത്മവിശ്വാസം വളരാനും നമ്മുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. സൗഹൃദത്തിന്റെ പൊതു ഗുണങ്ങളാണ് നമ്മള്‍ ഇവിടെ പരാമര്‍ശിച്ചത്. എന്നാല്‍ കൂട്ട് കൂടി സ്വന്തം വ്യക്തിത്വവും അസ്തിത്വവും ചോര്‍ന്ന് പോകുന്നത് സൂക്ഷിക്കേണ്ടതുണ്ട്. കൂട്ടുകെട്ട് നന്നാവുമ്പോള്‍ അവിടെ രൂപപ്പെടുന്നത് പോസിറ്റീവ് ഊര്‍ജമാണ്. സന്തോഷവും സംതൃപ്തിയും ആവേശവുമായിരിക്കും ആ ബന്ധത്തില്‍ പ്രത്യേകത. അതിന്റെ ഗുണഫലം വ്യക്തിയിലേക്ക് മാത്രമല്ല സമൂഹത്തിലേക്കും വ്യാപിക്കും. എന്നാല്‍ ചങ്ങാതി നന്നായില്ലെങ്കില്‍ അസംതൃപ്തിയും അസ്വസ്ഥതയുമായിരിക്കും അതിന്റെ ഫലം. തെറ്റായ സൗഹൃദങ്ങള്‍ നാശത്തിലേക്കും നശീകരണത്തിലേക്കുമാണ് മനുഷ്യനെ നയിക്കുക.
നല്ല കൂട്ടുകാരന്റെയും മോശം കൂട്ടുകാരന്റെയും സ്വാധീനത്തെക്കുറിച്ച് ലളിതമായ ഉപമയിലൂടെ മുഹമ്മദ് നബി(സ) വ്യക്തമാക്കിയിട്ടുണ്ട്. ആകര്‍ഷകമായ സുഗന്ധങ്ങള്‍ വില്‍ക്കുന്നവനു സമീപം നില്‍ക്കുന്നവനെ പോലെയാണ് നല്ല ചങ്ങാത്തം. സുഗന്ധ വ്യാപാരിയുടെ സമീപത്തു നിന്ന് വരുമ്പോള്‍ അയാളുടെ ശരീരത്തിലും വസ്ത്രത്തിലും അതിന്റെ അംശമുണ്ടാകും. കൊല്ലപ്പണിക്കാരന്റെ അടുപ്പിന് സമീപം നില്‍ക്കുന്നവനെ പോലെയാണ് ചീത്ത കൂട്ടുകെട്ട്. അടുപ്പിനരികില്‍ നിന്നാല്‍ പുകയും കരിയും ദുര്‍ഗന്ധവുമായിരിക്കും ഫലം. അതിനാല്‍ മറ്റുള്ളവര്‍ക്ക് നല്ല കൂട്ടുകാരനാവാനും നല്ല കൂട്ടുകാരോട് ചേര്‍ന്ന് നില്‍ക്കാനും നമുക്ക്ശ്രമിക്കാം.