29 Friday
March 2024
2024 March 29
1445 Ramadân 19

കാത്തുവെക്കാം സൗഹൃദ കേരളം ബഹുജന സന്ദേശ പ്രചാരണം


ഐ എസ് എം കേരള 2022 മെയില്‍ തുടക്കം കുറിച്ച ‘കാത്തുവെക്കാം സൗഹൃദ കേരളം’ കാമ്പയിനിന്റെ ബഹുജന സന്ദേശ പ്രചാരണത്തിന് തുടക്കം കുറിച്ചു. സംസ്ഥാന ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ട വിഷയങ്ങളും ഐ എസ് എമ്മിന്റെ അഭിപ്രായങ്ങളും സന്ദര്‍ശനത്തിന്റെ ഭാഗമായി ക്രോഡീകരിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു.

വിവിധ സമുദായങ്ങള്‍ തമ്മിലുള്ള കൊള്ളക്കൊടുക്കലുകള്‍ക്കും സൗഹൃദത്തിനും പേരുകേട്ട നാടാണ് കേരളം. സാംസ്‌കാരികമായും ചരിത്രപരമായും നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിന്റെ അടിവേരുകളെ നശിപ്പിക്കാന്‍ അനുവദിച്ചുകൂടാ. സാമുദായിക സൗഹൃദ കേരളം എന്ന ആശയം പ്രചരിപ്പിക്കാനുതകുന്ന സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, പ്രചാരണ പരിപാടികള്‍, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ചരിത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കണം.

സൗഹൃദ കേരളം എന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്ന ചരിത്രപാഠങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെ ഡിഗ്രി, പി ജി വിദ്യാര്‍ഥികള്‍ക്കായി കേരള ചരിത്രത്തിലെ സാമുദായിക സൗഹാര്‍ദത്തെക്കുറിച്ചുള്ള ആഡ്ഓണ്‍ കോഴ്‌സുകള്‍ ആരംഭിക്കണം. കേരളത്തിലെ ദൃശ്യ-ശ്രാവ്യ- അച്ചടി മാധ്യമങ്ങള്‍ക്ക് ഈ മേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ അര്‍പ്പിക്കാനുണ്ട്. സൗഹൃദത്തിന്റെ വര്‍ത്തമാനങ്ങള്‍ക്ക് കൂടുതല്‍ ദൃശ്യത നല്‍കുകയും വിഭാഗീയ പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്ന് സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ഐ എസ് എം ഉണര്‍ത്തി. വര്‍ഗീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. വിവിധ സമുദായങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുകയും അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ദേശീയ തലത്തില്‍ സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഫാസിസ്റ്റ് ചെയ്തികളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നാണ് ഐ എസ് എം ആഗ്രഹിക്കുന്നത്. സോഷ്യല്‍ മീഡിയകളിലെ വ്യാജ പ്രൊഫൈലുകളും വിദ്വേഷം വമിപ്പിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും നിയന്ത്രിക്കണം. അതിന് പിന്നിലുള്ള വ്യക്തികളെ വെളിച്ചത്ത് കൊണ്ടുവരണം.

ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സഹിഷ്ണുതയും പ്രായോഗികമാകുന്ന നടപടിക്രമങ്ങളാണ് ഭരണകൂടങ്ങള്‍ സ്വീകരിക്കേണ്ടത്. അതിന് തുരങ്കംവെക്കുന്ന ഏത് ശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ അധികാരികള്‍ തയ്യാറാവണം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതന്യൂനപക്ഷങ്ങളുടെ അസ്തിത്വവും വിദ്യാഭ്യാസ അവകാശവും സംരക്ഷിക്കപ്പെടണം. അത് കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കരുതെന്നും ഐ എസ് എം സന്ദേശ പ്രചാരണത്തിലൂടെ ആവശ്യമുന്നയിച്ചു.

സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എം എല്‍ എ മാര്‍, ഉദ്യോഗസ്ഥ തലവന്മാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സന്ദേശം കൈമാറി.

കാമ്പയിന്‍ സന്ദേശത്തിന് വലിയ അംഗീകാരവും പിന്തുണയുമാണ് ലഭിച്ചത്. പ്രചാരണ ഭാഗമായി ഉപഹാര സമര്‍പ്പണവും നടത്തി. ഐ എസ് എം ഭാരവാഹികളായ സഹല്‍ മുട്ടില്‍, ശരീഫ് കോട്ടക്കല്‍, റാഫി കുന്നുംപുറം, മുഹ്‌സിന്‍ തൃപ്പനച്ചി, ജിസാര്‍ ഇട്ടോളി, റഫീഖ് നല്ലളം, ആസിഫ് പുളിക്കല്‍, അയ്യൂബ് എടവനക്കാട്, ഷാനവാസ് ചാലിയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x