19 Tuesday
November 2024
2024 November 19
1446 Joumada I 17

ഭക്തിസാന്ദ്രമായ ശബ്ദം

സി കെ റജീഷ്‌


ശബ്ദമില്ലാതെ ജീവിച്ച 8 മാസം, ആ പെണ്‍കുട്ടി മനസില്‍ ഉരുവിട്ടത് ഇതു മാത്രമായിരുന്നു: ‘എനിക്കൊരു സൂപ്പര്‍ ഗേളാകണം’. ചികിത്സയിലൂടെ ശബ്ദം വീണ്ടെടുത്തപ്പോള്‍ ശബ്ദമില്ലാതെ ജീവിച്ച കാലത്തെക്കുറിച്ച് ആദ്യം അവളൊരു പുസ്തകമെഴുതി. ‘ദ ഡേ ഐ ഒള്‍മോസ്റ്റ് ലോസ്റ്റ് മൈ വോയ്‌സ്’ എന്ന പേരിലുള്ള ആ പുസ്തകം ഇക്കഴിഞ്ഞ പുതുവത്സര ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം ചെയ്തത്.
ഓട്ടിസം ബാധിച്ചതിന്റെ വെല്ലുവിളികള്‍ ചെറുപ്പം മുതലുണ്ടെങ്കിലും ശബ്ദവും സംഗീതവും അവള്‍ക്കേറെ പ്രിയപ്പെട്ടതായിരുന്നു. എട്ടാം വയസില്‍ സംഗീതം പഠിച്ച് എട്ട് ഭാഷകളില്‍ മനോഹരമായി പാടിയ ആ പെണ്‍കുട്ടിയാണ് നവ്യ ഭാസ്‌കര്‍. 2019-ല്‍ യു എ ഇയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ സംഗീത റിയാലിറ്റി ഷോയില്‍ നവ്യ ജേതാവായി. ശബ്ദമില്ലാതെ എട്ടു മാസം ജീവിച്ച ഈ പതിനഞ്ചുകാരിക്ക് ഇന്ന് ഏറെ പറയാനുള്ളത് ശബ്ദത്തിന്റെ സാധ്യതകളെ കുറിച്ചാണ്.
ശബ്ദങ്ങളുടെ ആധിക്യം കൊണ്ട് ബഹളമയമാണ് നമ്മുടെ ലോകം. ഇഷ്ടാനിഷ്ടങ്ങളെ വകവെക്കാതെ ധാരാളമായി കേള്‍ക്കാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. അറിവിന്റെയും അനുഭവത്തിന്റെയും അഞ്ചിന്ദ്രിയങ്ങളില്‍ കാതിനോളം തുറന്നിടപ്പെട്ട മറ്റൊരു അവയവമില്ല. താളനിബദ്ധമായ ശബ്ദ സഞ്ചാരങ്ങളാണ് നമ്മുടെ കാതുകള്‍ക്ക് ഏറെ പ്രിയം. കാതിനിമ്പമുള്ള ശബ്ദങ്ങള്‍ മനസിന് പ്രസരിപ്പും പ്രശാന്തതയും പ്രദാനം ചെയ്യുന്നു.
ശബ്ദം വെറും ഒച്ചയല്ല. അതിന് ശക്തിയും സൗന്ദര്യവുമുണ്ട്. അത് തിരിച്ചറിയുമ്പോഴാണ് ശബ്ദത്തിന്റെ സാധ്യത കൂടി വെളിപ്പെടുന്നത്. നാം മൊഴിയുന്ന വാക്കിനും കേള്‍ക്കുന്ന ശബ്ദത്തിനും ഒരു കരുതലും അപ്പോഴുണ്ടാവും. കാതിനെന്ന പോലെ മനസ്സിനും ഇമ്പവും ഇണക്കവും ഉള്ളതാവണം ശബ്ദ വീചികള്‍. ശബ്ദത്തിന് ശക്തിയുള്ളത് കൊണ്ടാണ് മൗനം പോലും അര്‍ഥഗര്‍ഭമാവുന്നത്.
ശബ്ദം പോലെ നിശബ്ദതയും സംസ്‌കാര സൂചിയാണ്. എളുപ്പത്തില്‍ നമുക്ക് ശബ്ദലോകത്തില്‍ ലയിച്ച് ചേരാം. ശബ്ദസഞ്ചയങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കുക ഏറെ ശ്രമകരമാണ്. എല്ലാ ശബ്ദ കോലാഹലങ്ങളില്‍ നിന്നും എപ്പോഴും അകലം പാലിക്കാന്‍ നമുക്കാവില്ല. ചില അപശബ്ദങ്ങള്‍ക്കെതിരെ നാം ശബ്ദമുയര്‍ത്തേണ്ടി വരും. ചില സന്ദര്‍ഭങ്ങളില്‍ മൗനമായിരിക്കും ഉചിതമായ മറുപടി. ശബ്ദം പോലെ നിശബ്ദതയും ഒരു പെരുമാറ്റ രീതിയായി വികസിപ്പിക്കണം. വാര്‍ധക്യത്തില്‍ ഒരാണ്‍കുഞ്ഞ് പിറക്കാനിരിക്കുന്നുവെന്ന് സക്കരിയ്യാ നബിക്ക് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സന്ദര്‍ഭം. ശാരീരിക വൈകല്യങ്ങളേതുമില്ലാതെ മൂന്ന് ദിവസം ജനങ്ങളോട് സംസാരിക്കാതിരിക്കലാണ് അല്ലാഹു അദ്ദേഹത്തിന് നിശ്ചയിച്ച് കൊടുത്ത ദൃഷ്ടാന്തം. (19:10)
ശബ്ദാവിഷ്‌കാരം മനുഷ്യനുള്ള സവിശേഷ സിദ്ധിയാണ്. അത് ദൈവിക അനുഗ്രഹവുമാണ്. ശബ്ദങ്ങളിലെ വ്യതിരിക്തത പ്രകടമാവുന്നത് അത് ജന്മസിദ്ധമായത് കൊണ്ടാണ്. ശബ്ദങ്ങള്‍ക്ക് അഴകും അര്‍ഥവും നല്‍കുന്നത് സ്വരങ്ങളാണ്. ശൈലിയും സ്വരവും സന്ദര്‍ഭത്തോടും സംബോധിതനോടും യോജിക്കുന്നതാവണം. സംസാരത്തിലെ സ്വരശുദ്ധി നമ്മുടെ സ്വത്വത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട്. നിന്റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമാണ്. (21:19)
ലുഖ്മാന്‍ (അ) പ്രിയപുത്രന് നല്‍കുന്ന സദുപദേശങ്ങളില്‍ പെട്ടതാണത്. ശബ്ദങ്ങളിലെ ശൈലിയിലും സ്വരങ്ങളിലും മിതത്വം ശീലിക്കണമെന്നത് സ്വത്വ വികാസത്തിനുള്ള ശിക്ഷണമായി ഖുര്‍ആന്‍ ഇവിടെ പഠിപ്പിക്കുകയാണ്. പ്രവാചകന്റെ സാന്നിധ്യത്തില്‍ ശബ്ദം താഴ്ത്താനുള്ള ആഹ്വാനം ഭക്തി ജീവിതത്തിനുളള പരിശീലനമായി ഖുര്‍ആന്‍ (49:3) ഉണര്‍ത്തുന്നു. സംബോധിതന്റെ സ്ഥാനവും സന്ദര്‍ഭത്തെ കുറിച്ചുള്ള ഔചിത്യ ബോധവും ഉള്‍ക്കൊണ്ട് മൊഴിയുന്ന വാക്കുകള്‍ക്കാണ് സ്വീകാര്യതയുണ്ടാവുന്നത്.

Back to Top