11 Sunday
January 2026
2026 January 11
1447 Rajab 22

സൂര്യനമസ്‌കാരം: വിശ്വാസ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം – സി പി ഉമര്‍ സുല്ലമി

കോഴിക്കോട്: റിപബ്ലിക് ദിനത്തില്‍ കോളജുകളില്‍ സൂര്യനമസ്‌കാരം സംഘടിപ്പിക്കണമെന്ന യു ജി സി നിര്‍ദേശം രാജ്യത്തെ ജനങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി. പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തോടൊപ്പം ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസവും ആചാരവും അടിച്ചേല്‍പ്പിക്കാവുന്നതല്ലെന്നും ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. രാജ്യം റിപബ്ലിക്കായ ദിവസം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഭരണഘടനാ വിരുദ്ധമായ നടപടി അടിച്ചേല്‍പ്പിക്കുന്നത് വിരോധാഭാസമാണ്. ഏകദൈവത്തെ മാത്രമേ നമസ്‌കരിക്കാന്‍ പാടുള്ളൂ എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ച് ദൈവ സൃഷ്ടിയായ സൂര്യനെ നമസ്‌കരിക്കുന്നത് മത വിരുദ്ധമാണെന്നിരിക്കെ റിപബ്ലിക് ദിനത്തില്‍ സൂര്യ നമസ്‌കാരം നടത്തണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ ബഹുസ്വരത തകര്‍ക്കുന്ന ഹിന്ദുത്വ ഫാസിസം വിദ്യാഭ്യാസ മേഖലയില്‍ പിടിമുറക്കുന്നതിന്റെ വ്യക്തമായ തെളിവാണിത്.
വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി കോളേജുകളില്‍ സൂര്യ നമസ്‌കാരം നടത്താനുള്ള യു ജി സി നിര്‍ദേശം കേരള സര്‍ക്കാര്‍ തള്ളിക്കളയണമെന്നും സി പി ഉമര്‍ സുല്ലമി പ്രസ്താവനയില്‍ പറഞ്ഞു.

Back to Top