18 Thursday
July 2024
2024 July 18
1446 Mouharrem 11

സൂക്ഷിച്ച് നനഞ്ഞാല്‍ എന്നും നനയാം

ഷബീര്‍ രാരങ്ങോത്ത്‌


ജലമില്ലാത്തിടത്ത് ജീവിതമില്ല എന്നാണ്. മനുഷ്യപ്രകൃതിയുടെ നിലനില്പിനു തന്നെ ജലമാണ് കാരണം എന്നാണ് വിലയിരുത്തിപ്പോരുന്നത്. ഭൂമിയിലുള്ള സര്‍വ ചരാചരങ്ങളുടെയും നിലനില്പിന് ജലം ഒരവശ്യ ഘടകമാണെന്ന് കാണാനാകും. മനുഷ്യനും ഭൂമിയും സ്വശരീരത്തില്‍ എഴുപത് ശതമാനവും ജലം പേറിയാണ് ജീവിക്കുന്നതു തന്നെ. ഇത്രയേറെ ജല സാന്നിധ്യമുണ്ടായിട്ടും മനുഷ്യന് ഇന്നും ജലലഭ്യതയെക്കുറിച്ചുള്ള ആധി മാറുന്നില്ല. അതിന്റെ പ്രധാന കാരണം ഭൂമിയിലുള്ള ജലത്തിന്റെ മൂന്നു ശതമാനം മാത്രമാണ് ശുദ്ധജലമായുള്ളത് എന്നതാണ്.
പലയിടത്തും നിത്യോപയോഗത്തിനുള്ള ജലം പോലും ലഭ്യമല്ല എന്ന സ്ഥിതിയാണുള്ളത്. ഗാര്‍ഹിക, വ്യാവസായിക, പാരിസ്ഥിതിക ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനായി ജലവിഭവമില്ലാതെ ഉഴറുന്ന ഒരവസ്ഥ നമുക്ക് മുന്‍പില്‍ ദൃശ്യമാണ്. കാലചക്രത്തിന്റെ മുന്നോട്ടുള്ള പോക്കിനനുസരിച്ച് ജലലഭ്യത കൂടുതല്‍ ദുഷ്‌കരമാകാനാണ് സാധ്യത എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
എര്‍ത്ത് സിസ്റ്റം സയന്‍സ് പാര്‍ട്ണര്‍ഷിപ്പും (ESSP) ഗ്ലോബല്‍ എന്‍വിയോണ്മെന്റല്‍ ചെയ്ഞ്ചും (GEC) സംയുക്തമായി 2003-ല്‍ രൂപകല്പന ചെയ്തതാണ് ഗ്ലോബല്‍ വാട്ടര്‍ സിസ്റ്റം പ്രൊജക്ട്. മനുഷ്യന്റെ ജലവിഭവങ്ങളിലുള്ള ഇടപെടലുകള്‍ ഭൂമിയെയും സമൂഹത്തെയും എത്തരത്തിലാണ് ബാധിക്കുക എന്നതാണ് അവര്‍ പഠനവിധേയമാക്കിയത്. 2007-ല്‍ അവരുടെ നാലാമത്തെ വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ നിലവിലെ സാഹചര്യങ്ങള്‍ തന്നെയാണ് തുടരുന്നതെങ്കില്‍ ശുദ്ധജലത്തിന്റെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം 2030 ആകുമ്പോഴേക്ക് 40 ശതമാനം വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഈ പ്രശ്‌നത്തെ തിരിച്ചറിയാനും അവയുടെ തോതില്‍ കുറവു വരുത്താനും ലക്ഷ്യമിട്ട് 2008-ല്‍ തന്നെ 2030 വാട്ടര്‍ റിസോഴ്‌സ് ഗ്രൂപ്പ് എന്ന ടീം രൂപീകരിക്കുകയും 2018 മുതല്‍ അതിന് വേള്‍ഡ് ബാങ്ക് സഹായം നല്കി വരുന്നുമുണ്ട്. ജല വിഭവങ്ങള്‍ കൃത്യമായ നിയന്ത്രണങ്ങളോടെ ഉപയോഗപ്പെടുത്തുകയും അതുവഴി ശുദ്ധജലം എല്ലാവര്‍ക്കും ലഭ്യമാക്കുകയുമാണ് അത് ലക്ഷ്യമിടുന്നത്.
ജലവിഭവങ്ങളെ സൂക്ഷ്മതയോടെ ഉപയോഗിക്കാന്‍ ഇനിയും ശീലിച്ചില്ലെങ്കില്‍ കഠിനമായ ജലദൗര്‍ലഭ്യതയാണ് സമൂഹം നേരിടാനിരിക്കുന്നത്. മനുഷ്യനാണ് പാരിസ്ഥിതിക മാറ്റങ്ങളുടെ ചക്രം തിരിക്കുന്ന സാരഥി. അവന്റെ ആഗ്രഹങ്ങളും അത് നിവര്‍ത്തിക്കാനുള്ള ശ്രമങ്ങളും ഭൂമിയുടെ ഗതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. കൃഷി, പലായനങ്ങള്‍, നഗരവത്കരണങ്ങള്‍ തുടങ്ങി മനുഷ്യന്റെ ഓരോ നീക്കവും പ്രകൃതിയില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്. ഭൂമി പണ്ടുണ്ടായിരുന്നതു പോലെയല്ല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം നിരീക്ഷിച്ചാല്‍ ഇത് ബോധ്യപ്പെടും. ഭൂമി ഓരോ ദിനവും പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അവന്റെ ഓരോ കാല്‍വെപ്പുകള്‍ക്കുമനുസരിച്ച് ജലത്തിന്റെ ആവശ്യം കൂടുന്നുണ്ടെങ്കിലും ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം.
ഇന്ന് മനുഷ്യ സമൂഹത്തിനു മുന്‍പിലുള്ള പ്രധാന വെല്ലുവിളികളിലൊന്നും ജലലഭ്യത തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ആവശ്യമുണ്ടായിരുന്നതിന്റെ രണ്ടിരട്ടിയാണ് ഈ നൂറ്റാണ്ടിലെ ശുദ്ധജലത്തിന്റെ ആവശ്യം എന്ന കണക്ക് നമ്മെ അതീവ ശ്രദ്ധ ആവശ്യമുള്ള സാഹചര്യത്തിലേക്കാണ് ക്ഷണിക്കുന്നത്. വികസിത രാജ്യങ്ങളില്‍ ഒരാള്‍ക്ക് ഒരു ദിവസം 200 ലിറ്റര്‍ വെള്ളം വേണ്ടി വരുന്നുണ്ടത്രെ. എന്നാല്‍ 50 ലിറ്റര്‍ എന്നതാണ് ഇന്റര്‍നാഷണല്‍ ശരാശരിയായി കണക്കാക്കുന്നത്. ഈ അളവിലുള്ള ഉപയോഗവും ജീവിതക്രമവും വലിയ അസ്ഥിരതകളിലേക്കാണ് നമ്മെ തള്ളി വിടുക. ഫലപ്രദമായ ജലവിഭവ നിര്‍വഹണം മാത്രമാണ് പോംവഴി എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യ ഇന്ന് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജലപ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. മില്യന്‍ കണക്കിന് ജീവിതങ്ങളും ജീവിത സാഹചര്യങ്ങളും വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ പ്രതിവര്‍ഷം ജലദൗര്‍ലഭ്യത്തിനിരയായി മരിച്ചുവീഴുന്നുണ്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രതിസന്ധിയെ വിലയിരുത്തുന്നതിനും ശക്തമായ ജലവിഭവ നിര്‍വഹണം പ്രാവര്‍ത്തികമാക്കുന്നതിനുമായി നീതി ആയോഗ് കോേമ്പാസിറ്റ് വാട്ടര്‍ മാനേജ്‌മെന്റ് ഇന്‍ഡെക്‌സ് (CWMI) എന്ന ഒരു സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. ഓരോ സംസ്ഥാനവും ജലവിഭവ നിര്‍വഹണത്തില്‍ എത്ര കണ്ട് മുന്നേറേണ്ടതുണ്ട് എന്ന് ഈ ഇന്‍ഡക്‌സ് വെളിപ്പെടുത്തുന്നുണ്ട്. ജലസ്രോതസുകളുടെ വര്‍ധനവും ജലാശയങ്ങളുടെ പുനസൃഷ്ടിപ്പും, ഭൂഗര്‍ഭജലത്തിന്റെ പെരുപ്പം, ചെറുതും വലുതുമായ ജലസേചനം, നീര്‍മറികളുടെ വികസനം, പങ്കാളിത്ത ജലസേചനം, ഗ്രാമീണ കുടിവെള്ള വിതരണം, നഗര കേന്ദ്രീകൃത കുടിവെള്ള വിതരണവും ശുചീകരണവും, ഗവണ്മെന്റ് പോളിസികള്‍ എന്നീ ഒന്‍പത് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഇന്‍ഡക്‌സ് കണക്കാക്കുന്നത്. 2018-ലെ ഇന്‍ഡക്‌സ് പ്രകാരം ഗുജറാത്തിനാണ് ഏറ്റവും കൂടുതല്‍ ഇന്‍ഡക്‌സ് പോയിന്റ് (76) ഉള്ളത്. കേരളത്തിന് 42 മാത്രമാണുള്ളത്. ഇത് നാം ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ജലവിഭവ നിര്‍വഹണത്തില്‍ നാമേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ജലസ്രോതസുകളുടെ ഫലവത്തായ ഉപയോഗത്തിനായുള്ള ആസൂത്രണം. വികസനം, വിതരണം, നിയന്ത്രണം എന്നിവയടങ്ങുന്ന പ്രക്രിയയെയാണ് ജലവിഭവ നിര്‍വഹണം എന്ന് പറയുന്നത്. ജല വിതരണത്തിന്റെ സ്വാഭാവിക പ്രക്രിയയായ വാട്ടര്‍ സൈക്കിളിനെ ഫലപ്രദമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. നദി, തടാകം തുടങ്ങിയ സ്രോതസുകളില്‍ നിന്ന് ജലം നീരാവിയായി പിന്നീട് മഴയായി പെയ്തിറങ്ങുന്ന സ്വാഭാവിക പ്രക്രിയയെ ഉത്തേജിപ്പിക്കാനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കലാണിതിലൂടെ ഉദ്ദേശിക്കുന്നത്. നമുക്കും ചിലതൊക്കെ ഇതില്‍ ചെയ്യാനുണ്ട്.
ജല സംഭരണം ആണ് ഏറ്റവും പ്രധാനപ്പെട്ടത്. രണ്ട് പ്രക്രിയകളിലൂടെയാണ് ഇത് സാധാരണയായി ചെയ്യാറുള്ളത്. ഒന്ന്, മഴവെള്ള സംഭരണം. മഴവെള്ളത്തെ ടാങ്കുകളിലേക്കും സംഭരണികളിലേക്കും സംഭരിക്കലാണിത്. മറ്റൊന്ന്, ഭൂഗര്‍ഭ ജല സംഭരണമാണ്. ഡ്രിപ് ഇറിഗേഷന്‍ പോലുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി കൂടുതല്‍ ജലവിഭവ ശേഖരണത്തിലേക്ക് നാം നീങ്ങേണ്ടതുണ്ട്.

സുസ്ഥിര ജലവിഭവ
നിര്‍വഹണം

ജല ദൗര്‍ലഭ്യതയുടെ ഭീകരമായ അവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ജല വിഭവശേഷി വര്‍ധിപ്പിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ജലവിഭവ നിര്‍വഹണത്തിനായി ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
വലിയ അണക്കെട്ടുകള്‍ക്കു പകരം ചെറിയ സംഭരണികള്‍ ഒരുപാട് നിര്‍മിക്കുക, കാര്യക്ഷമമായ മഴവെള്ള സംഭരണികള്‍ നിര്‍മിക്കുക, മണ്ണൊരുക്കം പൂര്‍ത്തിയാക്കുക, ഭൂഗര്‍ഭ സ്രോതസുകള്‍ റിചാര്‍ജ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുക എന്നത് അതില്‍ ഏറ്റവും പ്രധാനമാണ്. ഏതൊരു വ്യക്തിയും വിവേകബുദ്ധിയോടെ ജല ഉപയോഗം ശീലമാക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ബ്രഷിംഗ്, കുളി, വുദൂ പോലുള്ള സന്ദര്‍ഭങ്ങളില്‍ പൈപ്പ് തുറന്നിടുന്ന ശീലം ഒഴിവാക്കുകയും അവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ടാപ്പ് തുറക്കുന്ന രീതി ശീലിക്കുകയും വേണ്ടതുണ്ട്. പല തുള്ളി പെരുവെള്ളമാണെന്ന തത്വം നാമോര്‍മിച്ചാല്‍ ജല ദുര്‍വിനിയോഗത്തെ തടഞ്ഞു നിര്‍ത്താന്‍ നമുക്ക് സാധിക്കും.
പുനരുപയോഗം ചെയ്യാവുന്ന മലിനജലത്തെ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ നാം ഏറെ പിന്നിലാണെന്നു കാണാം. ഗാര്‍ഹികാവശ്യങ്ങള്‍ കഴിഞ്ഞ് പുറന്തള്ളപ്പെടുന്നതില്‍ 55 മുതല്‍ 75 വരെ ശതമാനം ജലവും പുനരുപയോഗ സാധ്യതയുള്ളതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇവയെ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് സാധിക്കുന്നില്ല. വേണ്ട വിധത്തില്‍ സംസ്‌കരിക്കാതെ പുറന്തള്ളുന്ന പുനരുപയോഗിക്കാവുന്ന മലിനജലമാകട്ടെ ശുദ്ധജലസ്രോതസുകളെ ചിലപ്പോഴെങ്കിലും മലിനമാക്കുകയും ചെയ്യുന്നു. ഇവയുടെ ഫലപ്രദമായ വിനിയോഗം നാം കരുതുന്നതിനേക്കാളേറെ ഭൂമിക്ക് ഗുണം ചെയ്യുമെന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട്. എന്നാല്‍, ജലദൗര്‍ലഭ്യതക്ക് പരിഹാരമെന്ന നിലയില്‍ നദികളെ തമ്മില്‍ കൂട്ടിമുട്ടിക്കുകയും (River linking) പുതിയ കൈവഴികള്‍ കൃത്രിമമായുണ്ടാക്കുകയും ചെയ്യുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ആശയം. 2022-ലെ കേന്ദ്ര ബജറ്റില്‍ കെന്‍ ബെത്വ റിവര്‍ ലിങ്ക് പ്രൊജക്ടിന് അനുമതി നല്കാന്‍ തീരുമാനമായിട്ടുണ്ട്. ഇന്റര്‍ ബേസിന്‍ ട്രാന്‍സ്ഫര്‍ എന്ന ആശയമാണ് ഇവിടെ അവര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ ജലമുള്ളിടത്തു നിന്ന് കുറഞ്ഞ അളവില്‍ ജലമുള്ളിടത്തേക്ക് കൃത്രിമമായ കൈവഴികള്‍ സൃഷ്ടിച്ച് ജലമെത്തിക്കുക എന്നതാണിവര്‍ ലക്ഷ്യമിടുന്നത്. ഈ തീരുമാനം വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തി വിടുന്നുണ്ട്.
ശേഷിപ്പ് ജലമുള്ളിടത്തു നിന്ന് ജല കമ്മി അനുഭവിക്കുന്നിടത്തേക്ക് ജലമൊഴുക്കുക എന്നതാണ് ഇതിന്റെ സത്ത. ശേഷിപ്പും കമ്മിയും ആര് എന്തടിസ്ഥാനത്തില്‍ തീരുമാനിക്കും എന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴെന്തുണ്ട് എന്നത് മാത്രമല്ല ശേഷിപ്പിന് ആധാരമാക്കേണ്ടത്. അത് ഭാവിയെക്കൂടി മുന്‍നിര്‍ത്തിയാവണം എന്ന വാദം പ്രസക്തമാണിവിടെ. ഏതു സമയത്തും കമ്മിയിലേക്ക് നീങ്ങാവുന്നതാണ് ഏതു ശേഷിപ്പു ജലവും എന്നത് ഓര്‍മയിലുണ്ടാവേണ്ടതുണ്ട്.
ജലലഭ്യതയില്‍ പ്രധാനമായ മഴ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ ജലവിഭവങ്ങളെ എങ്ങനെ സംരക്ഷിക്കാമെന്നാലോചിക്കുന്നതിനു പകരം അവയെ ഊറ്റിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സ്വാഭാവികമായ നീരൊഴുക്കുകളെ തടസപ്പെടുത്തുമ്പോള്‍ അത് ഭാവിയിലെ ജലലഭ്യതയെ മാത്രമല്ല ബാധിക്കുക. ആ പ്രദേശത്തെ ജൈവവൈവിധ്യത്തെ കൂടി അപകടപ്പെടുത്തുന്നതാണ് റിവര്‍ ലിങ്കിംഗ് പ്രൊജക്ട്.
2021-ലെ യു എന്‍ വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം ജല സ്രോതസുകള്‍, ജല സംവിധാനങ്ങള്‍, ജല വിതരണം, ജലം സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള നിക്ഷേപം എന്ന നിലക്ക്, ജലത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മൂല്യങ്ങള്‍ എന്നിവ പരിഗണി ച്ചു മാത്രമേ ജലത്തെ മൂല്യനിര്‍ണയം നടത്താനാവൂ എന്ന് പറയുന്നുണ്ട്. ഈ ഇന്റര്‍ – ഇന്‍ട്രാ ബേസിന്‍ കണ്‍സപ്റ്റുകളൊക്കെ ഈ മൂല്യങ്ങളെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജനങ്ങളെയും ഭൂപ്രകൃതിയെയും കണക്കിലെടുത്തുള്ള ജലവിഭവ നിര്‍വഹണ സംവിധാനമാണ് നമുക്കാവശ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x