സൂഫിസത്തിന്റെ കാണാപ്പുറങ്ങള്‍
അബ്ദുല്‍അലി മദനി
ഏതൊരാശയവും തുടക്കത്തില്‍ ജനങ്ങളെ ആകര്‍ഷിക്കാനായി അതിന്റെ നന്മയുടെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാണിക്കുമെന്നത് സാധാരണയായി അറിയപ്പെട്ട കാര്യമാണ്. ശിര്‍ക്ക്, കുഫ്‌റ്, ബിദ്അത്തുകള്‍, ഇസങ്ങള്‍ എല്ലാം തന്നെ അത്തരമൊരു ശൈലിയിലാണ് പ്രാരംഭം കുറിക്കുക. സ്വിറാത്തുല്‍ മുസ്തഖീമില്‍ (നേരായ വഴി) നിന്ന് മനുഷ്യമനസ്സുകളെ തെറ്റിക്കാനായി പിശാച് സ്വീകരിച്ചിട്ടുള്ളതും ഈയൊരു മാര്‍ഗം തന്നെയാണെന്ന് ഒട്ടനേകം സൂക്തങ്ങളിലൂടെ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. (41:25, 15:39, 6:122, 10:12, 6:43, 8:48, 27:24, 29:38 വചനങ്ങള്‍ നോക്കുക).
അല്ലാഹുവിലേക്ക് അടുക്കാനും വളരെ കൂടുതല്‍ സത്കര്‍മ നിരതരാകാനും ഉതകുന്നതും പരലോക മോക്ഷം കൈവരിക്കാനുള്ള പരിശുദ്ധ വഴിയെന്ന നിലക്കും തുടക്കം കുറിച്ച ഒരാശയമാണ് തസവ്വുഫ് (സൂഫിസം). ഐഹിക ജീവിതസങ്കീര്‍ണതകളില്‍ നിന്ന് മനസിനെ വിമലീകരിച്ച് ശുദ്ധമാക്കാന്‍ സൂഫിസം കൊണ്ട് കഴിയുമെന്ന ചിന്തയാണ് ഇതിന്റെ തുടക്കത്തിനു പ്രചോദനം. എന്നാല്‍ കുറച്ചു കാലം പിന്നിട്ടപ്പോള്‍ ഈ ആശയത്തിലും അത് സ്വീകരിച്ചവരിലും വ്യതിയാനങ്ങള്‍ സംഭവിച്ചു. ആയതിനാല്‍ നാം അഭിമുഖീകരിക്കുന്ന സൂഫികളില്‍ നിന്ന് ഇസ്‌ലാമിന്റെ തനതായ രൂപം കണ്ടെത്താനാവില്ലെന്നു മാത്രമല്ല, ഇസ്‌ലാമിന്റെ മഹത്തായ സ്വഭാവങ്ങളൊന്നും ഇവരിലൂടെ പ്രാപിക്കാനുമാവില്ല. സൂഫി ആദര്‍ശത്തിന്റെ അപകടകരങ്ങളായ ചില ചിന്തകളെ ഇങ്ങനെ സംഗ്രഹിക്കാം:
ഖുര്‍ആന്‍, ഹദീസ് എന്നിവയില്‍
നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കല്‍:
ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനും നബിചര്യയും മനുഷ്യര്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ കഴിയാത്തവിധം ചില കാരണങ്ങളും വളഞ്ഞ വഴികളും വിശ്വാസികള്‍ക്ക് കാണിച്ചുകൊടുക്കുക. ഇതിനായി ഒന്നാമതായി അവര്‍ പ്രചരിപ്പിക്കുന്നത് ആഴത്തില്‍ ഖുര്‍ആന്‍ പഠനത്തില്‍ മുഴുകിയാല്‍ അല്ലാഹുവില്‍ ലയിച്ചുചേരാനാവില്ല എന്നതാണ്. അല്ലാഹുവില്‍ വിലയം പ്രാപിക്കുക (ഫനാഅ്) എന്നതത്രേ സൂഫികളുടെ അന്തിമ ലക്ഷ്യം. ഈയൊരു ലക്ഷ്യം കൈവരിക്കാന്‍ ഖുര്‍ആന്‍ പഠനമാണെങ്കില്‍ പോലും സാധിക്കാതെ വരുന്നു എന്നാണ് അവരുടെ നിഗമനം. യഥാര്‍ഥത്തില്‍ അവര്‍ ലയിച്ചുചേരാന്‍ ഉദ്ദേശിക്കുന്ന അല്ലാഹുവിന്റെ നാമങ്ങളും സവിശേഷ ഗുണങ്ങളും പ്രവര്‍ത്തനങ്ങളുടെ മഹത്വവുമെല്ലാം ഖുര്‍ആനിലൂടെ ഉറ്റാലോചിക്കുമ്പോള്‍ മാത്രമാണ് ലഭിക്കുക. എന്നിട്ടും സൂഫികള്‍ ഖുര്‍ആനിലൂടെ ചിന്തിച്ച് അല്ലാഹുവിനെ കണ്ടെത്താന്‍ ഇഷ്ടപ്പെടാത്തവരായിട്ടാണ് കാണപ്പെടുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍, അല്ലാഹുവെ മനസ്സിലാക്കിയല്ല അല്ലാഹുവില്‍ ഫനാഅ് സിദ്ധിച്ചിട്ടുണ്ടെന്ന് അവര്‍ വാദിക്കുന്നത്. തന്നെയുമല്ല, അവര്‍ സ്വയം ഓരോരുത്തരും ദൈവങ്ങളാണെന്നുപോലും വാദിക്കുന്നു. സൂഫികളിലൊരാളായ ശഅ്‌റാനി തന്റെ കിബ്‌രീത്തുല്‍ അഹ്മര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”അല്ലാഹു ഇങ്ങനെ വിളിച്ചുപറഞ്ഞിട്ടുണ്ട്: എന്റെ ദാസന്മാരേ, രാത്രി എനിക്കുള്ളതാണ്, ഖുര്‍ആന്‍ ഓതിയിരിക്കാനുള്ളതല്ല. നിനക്ക് പകലില്‍ ധാരാളം ജോലികള്‍ ഉള്ളതിനാല്‍ രാത്രിയെ എനിക്ക് മാത്രമാക്കുക. രാത്രിയില്‍ ഖുര്‍ആന്‍ ഓതാനിരുന്നാല്‍ നീ അതിന്റെ അര്‍ഥതലങ്ങളുടെ പിന്നാലെ പോകും. ഉദാഹരണമായി, സ്വര്‍ഗത്തെപ്പറ്റി വിശദമാക്കുന്ന ആയത്തുകള്‍ ഓതുകയാണെന്നിരിക്കട്ടെ. അയാള്‍ സ്വര്‍ഗത്തിലെ സുന്ദരികളോടൊപ്പം പട്ടുവസ്ത്രങ്ങള്‍ അണിഞ്ഞു ചാരിയിരിക്കുന്ന അനുഭൂതിയോടൊപ്പം പോയേക്കാം. ഒരാള്‍ നരകശിക്ഷയെപ്പറ്റി വ്യക്തമാക്കുന്ന ആയത്തുകള്‍ ഓതുകയാണെങ്കിലോ? അയാള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യാപൃതനാകും. മറ്റൊരാള്‍ ആദം, നൂഹ്, ഹൂദ്, സ്വാലിഹ് എന്നീ നബിമാരെപ്പറ്റി പരാമര്‍ശിക്കുന്ന വചനങ്ങള്‍ പാരായണം ചെയ്യുകയാണെങ്കില്‍ അയാള്‍ എന്നെ വിസ്മരിച്ച് അവരോടൊപ്പം ജോലിയാകും! ഇങ്ങനെയൊക്കെയാവുമ്പോള്‍ എന്നെക്കുറിച്ചുള്ള അനുസ്മരണം നടത്താന്‍ ഖുര്‍ആന്‍ അവസരം തന്നുകൊള്ളണമെന്നില്ല” (പേജ്: 21).
സൂഫികള്‍ ഖുര്‍ആനില്‍ നിന്ന് മനുഷ്യരെ പിന്തിരിപ്പിക്കുന്ന രൂപമാണിത്. നിരീശ്വരവാദികളുടെ ചിന്തകളിലും ആശയങ്ങളിലും പില്‍ക്കാലത്ത് സൂഫിസം എത്തിയതിന്റെ ഉദാഹരണമാണിത്. ഖുര്‍ആന്‍ വചനങ്ങളാണെങ്കിലോ അടിക്കടി ഉറ്റാലോചന നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. (50:45, 4:82, 47:24 വചനങ്ങള്‍ നോക്കുക).
പ്രവാചകന്‍(സ) ഒരിക്കലും സൂഫികളുടെ സ്വഭാവമോ ശൈലിയോ സ്വീകരിച്ച ആളായിരുന്നില്ല. നബി(സ) രാത്രി നമസ്‌കാരത്തിലൂടെ ധാരാളമായി ഖുര്‍ആന്‍ പാരായണം നടത്തിയിരുന്നു. സ്വര്‍ഗത്തെപ്പറ്റിയുള്ള വചനങ്ങള്‍ ഓതിയാല്‍ അവിടെ നിര്‍ത്തി പ്രത്യേകം പ്രാര്‍ഥന നിര്‍വഹിക്കും. നരകത്തെപ്പറ്റിയുള്ള വചനങ്ങള്‍ ഓതുമ്പോള്‍ ശിക്ഷയില്‍ നിന്ന് രക്ഷ ചോദിക്കും. പ്രവാചകന്‍(സ) തസവ്വുഫ് എന്ന ഒരാശയം പഠിപ്പിച്ചിട്ടുമില്ല.
ഖുര്‍ആനിക വചനങ്ങള്‍ക്കും ഹദീസുകള്‍ക്കും അല്ലാഹുവോ പ്രവാചകനോ വ്യക്തമാക്കാത്ത ആഴങ്ങളും ആന്തരികാര്‍ഥങ്ങളും ഉണ്ടാക്കിപ്പറയല്‍:
ഇതിന് ബാത്വിനായ വ്യാഖ്യാനം എന്നു പറയുന്നു. ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള ഒട്ടുമിക്ക വചനങ്ങള്‍ക്കും ആന്തരിക വ്യാഖ്യാനം നല്‍കുകയാണെന്ന നിലയില്‍ സൂഫികള്‍ നീചമായ വ്യാഖ്യാനങ്ങള്‍ പോലും നല്‍കിയിട്ടുണ്ടെന്നതാണ് സത്യം.
ഇസ്‌ലാമിക വിശ്വാസങ്ങളെ നശിപ്പിക്കല്‍:
പ്രവാചകന്‍ (സ) സ്വഹാബിമാരെ പഠിപ്പിച്ചിരുന്ന വിശ്വാസങ്ങളെ മാറ്റിമറിക്കാനും ദുര്‍ബലപ്പെടുത്താനുമാണ് സൂഫികള്‍ പരിശ്രമിച്ചിട്ടുള്ളത്. അത്യന്തം ആപത്കരമായ ഒന്നാണിത്. അവരിലൂടെയാണ് അദ്വൈതവാദത്തിന്റെ ചിന്തകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വഹ്ദത്തുല്‍ വുജൂദ് എന്ന പേരില്‍ വ്യാപിച്ചത്. ഈ പ്രപഞ്ചത്തിലെ എല്ലാം ദൈവമാണെന്ന് അവര്‍ സിദ്ധാന്തിച്ചു. കണ്ണും മൂക്കും നാക്കും ചെവിയും കൈയും കാലുമെല്ലാം അല്ലാഹുവാണത്രേ അവര്‍ക്ക്. ഞാന്‍ തന്നെ അല്ലാഹുവാണെന്ന് അവരില്‍ ചിലര്‍ പ്രഖ്യാപിച്ചു. ഇന്നും ഇത്തരം സൂഫി ചിന്താധാരകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിലസിക്കൊണ്ടിരിക്കുന്നുണ്ട്.
അധര്‍മം, തിന്മ എന്നിവയിലേക്ക് മനുഷ്യരെ ക്ഷണിക്കലും അനുവദനീയമാക്കുകയും ചെയ്യല്‍:
മഹാന്മാരെന്ന് അവകാശപ്പെടുന്ന സൂഫിവര്യന്മാരില്‍ ചിലരുടെ ദര്‍ഗകള്‍ക്കടുത്ത് ദുര്‍ബല വിശ്വാസികള്‍ കാട്ടിക്കൂട്ടുന്നത് കണ്ടാല്‍ ഇതെല്ലാം ബോധ്യമാകും. ജീവിച്ചിരിക്കുന്ന മാതൃകായോഗ്യനായ ഒരു സൂഫിയും അത്തരം ചെയ്തികളെ വിലക്കുക പോലും ചെയ്യുന്നില്ലെന്നതാണ് പരമാര്‍ഥം. ഗ്രാന്റ് മുഫ്തിമാരായി സ്വയം രംഗത്തുവരുന്നവര്‍ പോലും ദര്‍ഗകള്‍ക്കു ചുറ്റും നടക്കുന്ന അഴിഞ്ഞാട്ടങ്ങളെ കണ്ടിെല്ലന്നു നടിക്കുന്നവരാണ്. ഇബാഹിയ്യ (എന്തുമാവാമെന്ന രീതി) ഒരാദര്‍ശമാണവര്‍ക്ക്.
സൂഫിയായ ഇബ്‌നു ഖഫീഫ് ബഗ്ദാദിയുടെ ധ്യാനകേന്ദ്രത്തില്‍ വന്നിരുന്ന ഒരാള്‍ മരണപ്പെട്ടു. തുടര്‍ന്ന് അയാളുടെ ഭാര്യക്ക് സാന്ത്വനമറിയിക്കാന്‍ സൂഫികളെല്ലാം അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുമിച്ചുകൂടി. അവിെട ഉണ്ടായിരുന്ന സ്ത്രീപുരുഷന്മാരെല്ലാം ഇടകലര്‍ന്ന് ദൈവികപ്രകാശം അവര്‍ തമ്മില്‍ കൂട്ടിമുട്ടിക്കുകയാണെന്നു പറഞ്ഞ് അവിടെ കഴിച്ചുകൂട്ടി. ഭരണാധിപനായ അള്ദുദ്ദൗല ഇതറിഞ്ഞപ്പോള്‍ അവരെ പിടികൂടി ചാട്ടവാറുകൊണ്ട് പ്രഹരിച്ചുവെന്ന കാര്യം തല്‍ബീസ് ഇബ്‌ലീസ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട് (പേജ്: 370, 371). ലഹരി പദാര്‍ഥങ്ങളുടെ ഇറക്കുമതിയും വ്യാപനവും ഇതിന്റെയെല്ലാം പിന്നില്‍ നടക്കുന്ന ദുഷിച്ച പ്രവൃത്തികളാണ്.
നബി (സ) തന്റെ കാലശേഷം വന്നേക്കാവുന്ന തിന്മകളെപ്പറ്റിയും അനാചാരങ്ങളെപ്പറ്റിയും ഉണര്‍ത്തിയിട്ടുണ്ട്. നബി(സ)യുടെ സന്തത സഹചാരികള്‍ക്ക് ഇത്തരമൊരു സൂഫീ ചിന്തകളുണ്ടായിട്ടില്ല. ”നിങ്ങളില്‍ ഉത്തമര്‍ എന്റെ കാലക്കാരും അതിനു ശേഷം തൊട്ടടുത്ത കാലക്കാരും ശേഷം അടുത്ത നൂറ്റാണ്ടുകാരുമാണ്” എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച മൂന്നു നൂറ്റാണ്ടുകളിലൊന്നും സൂഫീ ചിന്തകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. അവരാരും ഇന്നത്തെ സൂഫികളെപ്പോലെ ഇസ്‌ലാം ദീനിനെ മനസ്സിലാക്കാത്തവരും സന്യാസിമാരുമായിരുന്നില്ല. അറബി ഭാഷാ പണ്ഡിതന്മാര്‍ പോലും തസവ്വുഫ് എന്ന പദം അറബിയില്‍ പെട്ടതായി ഗണിക്കുന്നില്ല. ഏത് അടിസ്ഥാന ക്രിയാധാതുവില്‍ നിന്നാണ് അതിന്റെ ഉദ്ഭവമെന്നുപോലും അവര്‍ നിജപ്പെടുത്തിയിട്ടില്ല. നഹ്‌വ്, മന്‍തിഖ്, ഫിഖ്ഹ് തുടങ്ങിയ പദങ്ങള്‍ പില്‍ക്കാലത്ത് ഉടലെടുത്തതാണെങ്കിലും അവയെയൊന്നും ഭാഷാപണ്ഡിതന്മാര്‍ തള്ളിപ്പറയുന്നില്ല.
ശാമിലുണ്ടായിരുന്ന അബ്ദുല്‍ ഖാദിര്‍ ഈസയെന്ന ശാദുലി ത്വരീഖത്തിന്റെ നേതാവാണ് തസവ്വുഫിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും സൂഫിസത്തിന്റെ പോരായ്മകള്‍ മൂടിവെച്ച് നല്ലതെന്ന വ്യാജേന അനിസ്‌ലാമിക ആശയങ്ങള്‍ സൂഫിസത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. മനുഷ്യര്‍ക്ക് ആത്മീയവും സാംസ്‌കാരികവുമായ വിശുദ്ധിയുണ്ടാക്കുന്നതും ശാശ്വതമായ ജീവിതവിജയം നേടാന്‍ ഉപകരിക്കുന്നതുമാണ് തസവ്വുഫ് എന്ന ആശയമെങ്കില്‍ നമുക്ക് അതിനെ എതിര്‍ക്കേണ്ടിയിരുന്നില്ല. നഹ്‌വ്, ഫിഖ്ഹ് എന്നീ വിജ്ഞാനശാഖകളെപ്പോലെയല്ല തസവ്വുഫ്. അത് ഇസ്‌ലാമിന്റെ അടിസ്ഥാന ശിലകളെ പൊളിച്ചെഴുതാനാണ് നിലകൊണ്ടിട്ടുള്ളത്. ഇസ്‌ലാമിന് തീരെ പരിചയമില്ലാത്ത ചിന്തകളും ആശയങ്ങളുമാണ് സൂഫീ ശൈഖുമാരും അവരുടെ ശിഷ്യന്മാരും പ്രചരിപ്പിച്ചത്.
നാലാം നൂറ്റാണ്ടില്‍ ഇത്തരം ചിന്തകള്‍ ഉടലെടുത്തപ്പോള്‍ തന്നെ നിരീശ്വരവാദികളും ഇസ്‌ലാമിന്റെ ശത്രുക്കളും മുസ്‌ലിംകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ തസവ്വുഫ് മാര്‍ഗമായി സ്വീകരിച്ചിരുന്നു. യഹൂദികളും മജൂസികളും കുരിശുവാഹകരും മുസ്‌ലിം ഐക്യം തകര്‍ക്കാനും ഇസ്‌ലാമിന്റെ വിശ്വാസസംഹിതകളെ വികലമാക്കാനും സൂഫീ ചിന്തകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സൂഫിസത്തിന്റെ തുടക്കം ഭക്തി പ്രകടിപ്പിച്ചുകൊണ്ടാണെങ്കില്‍ അതിന്റെ ഒടുക്കം ദൈവനിഷേധത്തിലും അനാചാരങ്ങളിലുമാണെന്ന് ഏതൊരാള്‍ക്കും കാണാന്‍ കഴിയും. ഇസ്‌ലാമിക സൗധം തകര്‍ക്കാന്‍ കൊളോണിയലിസത്തിന്റെ ആളുകള്‍ ഈ വഴി ശരിക്കും ഉപയോഗപ്പെടുത്തി. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം വിരോധികള്‍ സൂഫി ശൈഖുമാരെ സമര്‍ഥമായി വശീകരിച്ച് ഇസ്‌ലാമിനെതിരെ ആയുധമാക്കിയ കാഴ്ചയാണ് സൂഫീ ചരിത്രത്തില്‍ കാണുന്നത്. പ്രവാചകന്റെ (സ) അധ്യാപനങ്ങള്‍ ആത്മവിശുദ്ധി ഉണ്ടാക്കുന്നതാണെന്നറിഞ്ഞിട്ടും സൂഫിസത്തിന്റെ വക്താക്കള്‍ അതെല്ലാം വെടിയുന്നത് എത്രമാത്രം അപഹാസ്യമാണ്!
സൂഫിസത്തിന്റെ
അടിസ്ഥാന തത്വങ്ങള്‍
സൂഫിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്തെല്ലാമാണെന്ന് വസ്തുനിഷ്ഠമായി പഠിക്കാതെയാണ് പലരും അതില്‍ അകപ്പെട്ടത്. സത്യവും അസത്യവും തിരിച്ചറിയാതെ പലരും അനാചാരങ്ങളില്‍ എത്തിപ്പെട്ടു. സൂഫിസത്തിന്റെ ചില പ്രധാന തത്വങ്ങള്‍ ഇങ്ങനെയാണ്:
ത്വരീഖത്ത്: സൂഫിസത്തില്‍ ആകൃഷ്ടനായ ഒരനുഭാവി അവന്റെ ഗുരുവുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നു. അങ്ങനെ അയാളുടെ ജീവിതകാലത്തും മരണശേഷവും ശൈഖിന്റെ പിന്തുടര്‍ച്ച നിലനിര്‍ത്തുകയെന്നതാണ് ത്വരീഖത്ത് കൊണ്ട് ഉദ്ദേശ്യം. ഈ ബന്ധം ശക്തമാക്കാന്‍ ശിഷ്യനായ മുരീദ് ഗുരുനാഥനായ ശൈഖില്‍ നിന്നു പഠിച്ചെടുത്ത ചില ദിക്‌റുകള്‍ രാവും പകലും സൗകര്യപൂര്‍വം ഉരുവിടുന്നു. തുടര്‍ന്ന് ഒരു കരാറിലൂടെ ശൈഖ് മുരീദിനെ എല്ലാ കെടുതികളില്‍ നിന്നും രക്ഷിക്കുമെന്ന് വാഗ്ദാനം നല്‍കുന്നു. എപ്പോള്‍ മുരീദ് ശൈഖിനെ വിളിച്ചാലും രക്ഷക്കെത്തുമെന്ന് സമ്മതിപ്പിക്കുന്നു. അന്ത്യദിനത്തിലെ വിഷമകരമായ ഘട്ടത്തില്‍ പോലും ശൈഖ് തന്റെ മുരീദിന് ശുപാര്‍ശകനായി എത്തുമത്രേ! മുരീദിന് സ്വര്‍ഗം ലഭിക്കാന്‍ ശൈഖ് അല്ലാഹുവോട് ശുപാര്‍ശ പറയുമെന്നും മുരീദ് വിശ്വസിക്കുന്നു.
ഇതു മുഖേന മുസ്‌ലിം സമുദായത്തില്‍ ചൂഷണവിധേയരായ ഒരുകൂട്ടം ആളുകള്‍ ഉണ്ടാവുകയും ചിലര്‍ അനധികൃതമായി ചൂഷണം ചെയ്ത് അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുകയെന്നത് സംഭവിക്കുന്നു. മുസ്‌ലിംകള്‍ അന്യോന്യം ശത്രുക്കളായി മാറുകയാണ് ഇതുവഴി സംഭവിക്കുക. മുസ്‌ലിംകള്‍ക്കിടയില്‍ പക്ഷപാതിത്വപരമായ കാരണങ്ങള്‍ പറഞ്ഞു പിളര്‍പ്പുണ്ടാക്കുകയും തന്മൂലം പരസ്പരം കണ്ടുകൂടാത്ത അവസ്ഥ വന്നുചേരുകയും ചെ യ്യുന്നു. മുരീദുകളെ രക്ഷിക്കുമെന്ന ശൈഖിന്റെ നുണപ്രചാരണം കാരണം മരണാസന്ന നിലയില്‍ കഴിയുന്ന മുരീദിന്റെ അടുക്കല്‍ ശഹാദത്ത് വചനം ചൊല്ലിക്കൊടുക്കാന്‍ ശൈഖ് വരുമെന്നും സ്വിറാത്തിലൂടെ ശൈഖിന്റെ കൂടെ മുരീദ് വേഗം കടക്കുമെന്നും ശൈഖിന്റെ ശുപാര്‍ശ കിട്ടി മുരീദ് സ്വര്‍ഗത്തില്‍ കടക്കുമെന്നും മുരീദ് വിശ്വസിക്കുന്നു. മുരീദ് ശൈഖല്ലാത്ത മറ്റാരുമായും ബന്ധപ്പെടാതിരിക്കുകയും സദ്‌വൃത്തരുമായുള്ള സര്‍വ ബന്ധങ്ങളും മുറിക്കുകയും ചെയ്യുന്നു.
തസവ്വുഫിന്റെ അടിസ്ഥാന ശിലകളില്‍ പെട്ട മറ്റൊന്ന്, അനുവാദം ലഭിച്ച ശൈഖുണ്ടായിരിക്കുകയെന്നതാണ്. അഥവാ ഗുരുനാഥന്‍ തന്റെ ശിഷ്യനായ മുരീദിനു ചൊല്ലാനുള്ള ചില ദിക്‌റുകള്‍ നിജപ്പെടുത്തിക്കൊടുക്കാനുള്ള അധികാരം സിദ്ധിച്ചവനാവുകയെന്നത്. ഇതുവഴി അവര്‍ സാധാരണക്കാരെ കീഴ്‌പെടുത്തി തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുന്നു. സാധാരണ ജനങ്ങളെ സാമ്പത്തികമായും ശാരീരികമായും പരമാവധി ചൂഷണം ചെയ്യാന്‍ ശൈഖുമാര്‍ സ്വീകരിക്കുന്ന ഗുരുതരമായൊരു മാര്‍ഗമാണിത്. ശിഷ്യന്മാരായ മുരീദുകളെ ശൈഖുമാരുടെ പാദസേവകരായി മാറ്റുകയെന്നതും ഇതിന്റെ ഭാഗമാണ്. ബാഹ്യമായ നന്മ കാണിച്ച് ആന്തരികമായി സാധാരണക്കാരെ ഇസ്‌ലാമില്‍ നിന്നകറ്റുകയാണ് അവരുടെ ലക്ഷ്യം. ഇത്തരം ശൈഖുമാരില്‍ പലരും മുമ്പു വന്ന മറ്റൊരു ശൈഖിന്റെ പാദസേവകനായിരുന്നുവെന്നതല്ലാത്ത ഒരു യോഗ്യതയും ഇല്ലാത്തവരായിരിക്കും. ഇങ്ങനെയുള്ളൊരവസ്ഥ ത്വരീഖത്തിലെ സ്ഥിരം പതിവാണ്. ത്വരീഖത്തുകള്‍ നബി തിരുമേനിയില്‍ ചെന്നുചേരുന്നുണ്ട് എന്നതാണ് അവരുടെ വാദം. വ്യാജമായ കുടുംബപരമ്പരകള്‍ പോലും ഇതിനായി കെട്ടിച്ചമച്ചുണ്ടാക്കുന്നു.
ഏകാന്തത (ഖല്‍വത്ത്), പ്രത്യക്ഷ ദര്‍ശനം (കശ്ഫ്), വിലയം പ്രാപിക്കല്‍ (ഫനാഅ്) എന്നിവയും സൂഫിസത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. ഞാന്‍ തന്നെയാണ് ദൈവമെന്നോ ഞാനാണ് പരമയാഥാര്‍ഥ്യമെന്നോ പറയുന്നേടത്തേക്ക് എത്തിയാല്‍ അയാള്‍ ഭ്രാന്തനായ ഒരു ശൈഖായിക്കഴിഞ്ഞു. അങ്ങനെ പിശാച് എത്തിച്ചേര്‍ക്കുന്ന ഊഹാപോഹങ്ങളുടെ തടവറയില്‍ അയാള്‍ വിലസുന്നു. ജൂതരും അഗ്നിയാരാധകരും മനുഷ്യപ്പിശാചുക്കളും മുസ്‌ലിംകളെ വഞ്ചിക്കാന്‍ വേണ്ടി അതിസമര്‍ഥമായി പടച്ചുവിട്ട സൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും നിലയാണിത്. ഓരോ ത്വരീഖത്തുകളും ഓരോ കപ്പലുകളാണെന്നാണ് ചില പുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്. അന്ധവിശ്വാസങ്ങളും പൈശാചികതകളും ദുരൂഹതകളും കുത്തിനിറച്ച് കപ്പിത്താനില്ലാതെ ഓടുന്ന കപ്പല്‍.