3 Thursday
July 2025
2025 July 3
1447 Mouharrem 7

സാമൂഹ്യ മാധ്യമ സംവാദങ്ങള്‍ മീഡിയ ആക്ടിവിസവും സംസ്‌കരണ ദൗത്യവും

ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍


ക്ലബ്ബ് ഹൗസിലെ ചേച്ചി മുസ്‌ലിമാകുമോ? ഉച്ചക്ക് ചോറോ കഞ്ഞിയോ? (മുസ്‌ലിം വിഭാഗം) എന്നീ രണ്ട് തലക്കെട്ടുകള്‍ വായിക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നില്ലേ? കഴിഞ്ഞ മാസം അവസാനത്തില്‍ മലയാളികള്‍ക്കിടയില്‍ പ്രചാരം നേടിയ ക്ലബ്ബ് ഹൗസ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നടന്ന രണ്ട് ചര്‍ച്ചകളുടെ വിഷയങ്ങളാണിത്. ക്ലബ്ബ് ഹൗസ് സജീവമായത് മുതല്‍ മുസ്‌ലിം സമൂഹം പ്രതി/അപര സ്ഥാനത്ത് വരുന്ന നിരന്തര ചര്‍ച്ചകളോടുള്ള സര്‍ക്കാസ്റ്റിക് പ്രതിഷേധമായിരുന്നു മേല്‍ സൂചിപ്പിച്ച ചര്‍ച്ചകള്‍.
മുസ്‌ലിം സമൂഹവും ഇസ്‌ലാമിക വിശ്വാസവും ലോകത്തിന്റെ ചര്‍ച്ചയിലേക്ക് കടന്നുവന്നിട്ട് വര്‍ഷങ്ങളായി. അക്കാദമികമോ അല്ലാത്തതോ ആയ നിരവധി പണ്ഡിതര്‍ ഇസ്‌ലാമിനെ പഠന വിധേയമാക്കിയിട്ടുണ്ട്. വ്യാജ പ്രചരണം ഉദ്ദേശിച്ചുള്ള നിരവധി പഠനങ്ങളും ചര്‍ച്ചകളും ഇതിനിടയിലുണ്ടായിട്ടുണ്ട്. മതം എന്ന നിലയില്‍ നിന്ന് സമഗ്രമായി വിഷയങ്ങളെ സമീപിക്കാന്‍ ഇത്തരം പഠനങ്ങള്‍ക്ക് സാധിക്കാതെ പോകുന്നു എന്നത് പൊതുഘടകമാണ്. ഇതിന്റെ തുടര്‍ച്ച സോഷ്യല്‍ മീഡിയ സംവാദങ്ങളിലും നമുക്ക് കാണാനാവും. അടിസ്ഥാന വിഷയങ്ങളോട് നീതി പുലര്‍ത്താനോ മുസ്‌ലിം സമൂഹത്തിന്റെ വികാസ പരിണാമങ്ങളെ ബഹുതല സ്പര്‍ശിയായ സംവാദമായി ഉയര്‍ത്തിക്കൊണ്ടുവരാനോ സാധിക്കുന്നില്ല.
സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ഇസ്‌ലാമിനെതിരെയുള്ള തെറ്റിദ്ധരിപ്പിക്കലുകള്‍ നിഷ്പക്ഷരെയും മതവിഷയങ്ങളില്‍ ഗ്രാഹ്യത നേടിയിട്ടില്ലാത്ത ബഹുജനങ്ങളെയും സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. ഇതിനെതിരെയുള്ള പ്രതിരോധമെന്നോണം പ്രബോധനാത്മക ദൗത്യം എന്ന നിലയിലാണ് മുസ്‌ലിം പണ്ഡിതര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. മതപരമായ ദൗത്യം എന്നതിനോടൊപ്പം ഒരു സാമൂഹിക രാഷ്ട്രീയ ഉത്തരവാദിത്തം കൂടിയാണ് നിര്‍വഹിക്കപ്പെടുന്നത്. സ്വത്വ പ്രതിസന്ധി എന്നത് സമുദായത്തിന്റെ സര്‍ഗശേഷി പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭമാണെന്ന് എം ഐ തങ്ങള്‍, ന്യൂനപക്ഷ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. മുസ്‌ലിംകള്‍ ന്യൂനപക്ഷവും ഭരണീയരുമായ ഒരു സമൂഹത്തില്‍ ഇത് സ്വാഭാവികമാണ്. മുസ്‌ലിം സമുദായത്തെയും ഇസ്‌ലാമിക വിശ്വാസത്തെയും വ്യാപകമായ തെറ്റിദ്ധരിപ്പിക്കലിന് വിധേയമാക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രതി ആഖ്യാനങ്ങള്‍ രൂപപ്പെടേണ്ടത് അനിവാര്യമായി വന്നേക്കാം. എന്നാല്‍, മതം പഠിക്കുക; പഠിപ്പിക്കുക എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ സാമൂഹ്യമാധ്യമ സംവാദങ്ങള്‍ക്ക് സാധിക്കുകയില്ല.
പരിമിതികള്‍
ഇസ്‌ലാമിനെതിരെയുള്ള വ്യാജപ്രചരണങ്ങളുടെ മുനയൊടിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലെ മുസ്‌ലിം പ്രൊഫൈലുകള്‍ ശ്രമിക്കാറുണ്ട്. സംഘടിതവും ബോധപൂര്‍വവുമായ പ്രചരണങ്ങളെ മറികടക്കാന്‍ ഇത് പര്യാപ്തമല്ലെങ്കിലും നേരത്തെ സൂചിപ്പിച്ച പോലെ നിഷ്പക്ഷരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ആത്മവിശ്വാസത്തോടെ നേരിടാനും ഇത് സഹായിക്കുന്നുണ്ട്. ഇതിന്റെ സാംഗത്യം അംഗീകരിക്കുന്നതോടൊപ്പം തന്നെ പരിമിതികള്‍ ചര്‍ച്ച ചെയ്യാനും നാം തയ്യാറാകണം.
ഇസ്‌ലാം വിമര്‍ശന ചര്‍ച്ചകളുടെ പ്രധാനപ്പെട്ട പരിമിതി അവ അടിസ്ഥാന വിഷയങ്ങളെ സമീപിക്കുന്നില്ല എന്നതാണ്. മതവും ദൈവവിശ്വാസവും അംഗീകരിച്ച്, മതവിജ്ഞാനീയങ്ങളിലെ വിവിധ രീതിശാസ്ത്രങ്ങളെ അവലംബിക്കുന്നവര്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയങ്ങള്‍ നാസ്തികരും മതനിഷേധികളും മുന്നോട്ട് വെക്കുന്നു. സ്വാഭാവികമായും ഇതിന് മറുപടി പറയേണ്ടി വരുന്നതിനാല്‍ തന്നെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ മുന്നില്‍ വെച്ചുള്ള ചര്‍ച്ച അപ്രസക്തമാകുന്നു. ഇതാണ് മണിക്കൂറുകള്‍ നീണ്ട സോഷ്യല്‍ മീഡിയ സംവാദങ്ങള്‍ യാതൊരു ജ്ഞാനോത്പാദനത്തിനും സഹായിക്കാത്തതിന്റെ പ്രധാന കാരണം. ദൈവിക കല്‍പ്പനകളുടെ ക്രമവും വിലക്കുകളുടെ പ്രധാന്യവും അംഗീകരിക്കാന്‍ സാധിക്കുക വിശ്വാസികള്‍ക്ക് മാത്രമാണ്. ഈ സാമൂഹിക സാഹചര്യത്തിന് പുറത്തുള്ളവര്‍ക്ക് അത് വിചിത്രമായി തോന്നിയേക്കാം.
മൗനം പാലിച്ചാല്‍ മതിയോ?
സോഷ്യല്‍ മീഡിയയിലെ ഇസ്‌ലാം വിരുദ്ധ പ്രചരണങ്ങളോട് പൊതുവില്‍ മൗനം പാലിക്കുന്നതിനെക്കുറിച്ച് സമുദായത്തിന് ആലോചിക്കാവുന്നതാണ്. എന്നാല്‍ ബോധപൂര്‍വമായ പ്രചരണങ്ങള്‍ സ്വാഭാവിക ചരമം പ്രാപിക്കുമെന്ന് കരുതാന്‍ വയ്യ. ഔദ്യോഗിക അംഗീകാരത്തോടെ പ്രചരിക്കുന്നവ, വിക്കിപീഡിയ തട്ടിപ്പുകള്‍, പ്രഛന്ന വേഷങ്ങളിലുള്ള വംശീയ പ്രചരണങ്ങള്‍ തുടങ്ങിയവ കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രചരിക്കുന്നത്. ലക്ഷ്യ സമുദായത്തിന്റെ നിലനില്‍പ്പും സാംസ്‌കാരിക സ്വത്വവും നിയമസാധുത ഉള്ളതല്ലെന്ന് പൊതുമണ്ഡലത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയാണ് ഈ പ്രചരണങ്ങളുടെ പൊതുഘടകം.
യഥാര്‍ഥത്തില്‍ ദൈവവിശ്വാസവും മതവും വെല്ലുവിളിക്കപ്പെടുന്ന പ്രചരണങ്ങള്‍ മുസ്‌ലിംകളെ മാത്രം ബാധിക്കുന്നതല്ലല്ലോ. ഇവിടുത്തെ ഹൈന്ദവ ക്രൈസ്തവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദൈവനിരാസ പ്രചരണങ്ങളോട് അധികം പ്രതികരിച്ചു കാണാറില്ല. പഴയകാലത്ത്, യുക്തിവാദികളുമായി നടന്ന ചില സിമ്പോസിയങ്ങളില്‍ ഹിന്ദു ക്രിസ്ത്യന്‍ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ യുക്തിവാദികളുടെ വാദങ്ങള്‍ക്ക് മറുപടി പറയുന്നതിനേക്കാള്‍ സ്വന്തം മതത്തിന്റെ മഹത്വം അവതരിപ്പിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ അന്നും യുക്തിവാദ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നത് മുസ്‌ലിം പണ്ഡിതന്മാരായിരുന്നു. ഇപ്പോള്‍ നടക്കുന്ന യുക്തിവാദ വിമര്‍ശനങ്ങള്‍ ഇസ്‌ലാം മതത്തെ മാത്രം ഉന്നം വെച്ചുള്ളതാണെന്ന് സോഷ്യല്‍ മീഡിയ നിരീക്ഷിച്ചാല്‍ മനസ്സിലാകും. അത് പലപ്പോഴും ദൈവമുണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയേക്കാള്‍ മുസ്‌ലിംകളുടെ മതസ്വത്വവും സാംസ്‌കാരിക ജീവിതവും ലക്ഷ്യമാക്കിയുള്ള അര്‍ധ സത്യങ്ങളുടെയും അസത്യങ്ങളുടെയും ഘോഷയാത്രയാണ്.
വ്യാജ പ്രചരണങ്ങളെ മിസ് ഇന്‍ഫര്‍മേഷന്‍- ഡിസ് ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ തിരിക്കാറുണ്ട്. ബോധപൂര്‍വമായ വിരുദ്ധ പ്രചരണങ്ങളെ ഡിസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്താറുള്ളത്. ഇസ്‌ലാം വിമര്‍ശനം എന്ന പേരില്‍ നടക്കുന്ന മിക്ക സംവാദങ്ങളും ഡിസ് ഇന്‍ഫര്‍മേഷനില്‍ പെടുന്നതാണ്. ക്ലബ്ബ് ഹൗസില്‍ ഈയിടെ നടന്ന സംവാദങ്ങളില്‍ ഇത് പ്രത്യേകം കാണാവുന്നതാണ്. ശബ്ദ സന്ദേശം മാത്രം സാധ്യമായ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ശ്രോതാക്കളിലേക്ക് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രസിക്കുന്ന കാഴ്ച ധാരാളമുണ്ടായിരുന്നു. സ്ത്രീകളുടെ വിമോചനം സാധിപ്പിക്കാന്‍ തയ്യാറെടുത്ത ‘സ്വതന്ത്ര’ ചിന്തകരുടെ രക്ഷക വേഷങ്ങള്‍ വൈരുധ്യങ്ങളുടെ കലവറയായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ സംസാരിക്കേണ്ടതില്ല എന്ന് പറഞ്ഞ് മുസ്‌ലിം സ്ത്രീകള്‍ തന്നെ രംഗത്ത് വന്നപ്പോള്‍ ഇസ്‌ലാം മനുഷ്യത്വവിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് പിന്നീട് ശ്രമമുണ്ടായത്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ച് ആഹാരം കഴിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രവാചക വചനം ദുര്‍ബലവും വ്യാജവുമാണെന്ന് സ്ഥാപിക്കാന്‍ വരെ ശ്രമിച്ചു. ചുരുക്കത്തില്‍, ദൈവവിശ്വാസവും മതജീവിതവും ‘കേവല യുക്തിയുടെ’ ഭാഷയില്‍ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നതിന് പകരം വക്രയുക്തിയാല്‍ സമ്പന്നമായ വംശീയ പ്രചരണങ്ങളാണ് മതസംവാദങ്ങളുടെ ലേബലില്‍ അരങ്ങു തകര്‍ക്കുന്നത്.
യുക്തിവാദത്തിന്റെ പരാജയം
കേരളത്തിലെ യുക്തിവാദ പ്രസ്ഥാനം പരാജയപ്പെട്ടതിനെക്കുറിച്ച് 2013 ജൂണില്‍ ശബാബ് വാരിക ഒരു കവര്‍‌സ്റ്റോറി ചെയ്തിരുന്നു. അതില്‍ മതവിമര്‍ശകനായിരുന്ന കെ ഇ എന്‍ പങ്കുവെക്കുന്ന ഒരു വസ്തുതയുണ്ട്. സാമൂഹ്യവ്യവസ്ഥയെ അവഗണിച്ചുകൊണ്ട് തര്‍ക്കങ്ങളെ യുക്തി അയുക്തി ദ്വന്ദത്തിനകത്ത് പരിഹരിക്കാന്‍ സാധിക്കുമെന്ന കാഴ്ചപ്പാടിലേക്ക് യുക്തിവാദപ്രസ്ഥാനം ഒതുങ്ങിപ്പോയതാണ് അതിന്റെ തളര്‍ച്ചക്ക് കാരണം. വിശ്വാസികള്‍/അവിശ്വാസികള്‍ എന്ന വിഭജനത്തേക്കാള്‍ ചരിത്രത്തില്‍ കൂടുതല്‍ പ്രസക്തം കൊള്ളരുതായ്മകള്‍ക്ക് പിന്തുണ നല്‍കുന്നവര്‍/നല്‍കാത്തവര്‍ എന്നിങ്ങനെയുള്ള വിഭജനങ്ങള്‍ക്കാണ്. സ്വര്‍ഗം, നരകം പരലോകം എന്ന അദ്ദേഹത്തിന്റെ മതവിമര്‍ശന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ മതവിമര്‍ശന വഴിയില്‍ നിന്ന് സാംസ്‌കാരിക വിമര്‍ശനത്തിന്റെ വഴിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് പറയുന്നുണ്ട്. മതരഹിതമായ മതനിരപേക്ഷത എന്നതുപോലെ, മതസഹിതമായ മതനിരപേക്ഷതയും സാധ്യമാണെന്ന് അദ്ദേഹം പറയുന്നു. ഈ തിരിച്ചറിവ് നഷ്ടപ്പെടുകയും സംഘപരിവാര്‍ പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കുകയും മുസ്‌ലിം സമൂഹം ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണ് എന്ന വംശീയബോധം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നവരായി കേരളത്തിലെ സമകാലിക സോഷ്യല്‍ മീഡിയ യുക്തിവാദികള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഈ വ്യാജ പ്രചരണങ്ങളില്‍ അഭിരമിക്കാതെ ദൈവനിഷേധം മാത്രം സംസാരിക്കുന്ന ന്യൂനപക്ഷവും യുക്തിവാദികള്‍ക്കിടയിലുണ്ട്. എന്നാല്‍ അവര്‍ക്ക് ഇസ്‌ലാമിക ജീവിത ക്രമത്തിന് പകരം മറ്റൊരു വ്യവസ്ഥിതി മുന്നോട്ട് വെക്കാന്‍ സാധിക്കുന്നില്ല. സ്വാഭാവികമായും, ധാര്‍മികത, നൈതികത, കരുണ തുടങ്ങിയ വിഷയങ്ങളില്‍ ഇച്ഛാവാദികളായി മാറുന്ന ഉദാരവാദമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ആരോഗ്യകരമായ ഒരു സാമൂഹ്യ സംവിധാനത്തിന് അത് ഒട്ടും ഭൂഷണമല്ല.
വെല്ലുവിളികള്‍
വ്യാജ പ്രചരണങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ അജണ്ടകളോട് കൂടിയ ഇസ്‌ലാം വിമര്‍ശനവും അതിനെ നേരിടേണ്ട വിധവും ഒരു മീഡിയ ആക്ടിവിസമാണ്. എന്നാല്‍ അതോടൊപ്പം, വ്യക്തിവാദ ഉദാരതയുടെ ലേബലില്‍ കടന്നുവരുന്ന ഇസ്‌ലാം വിമര്‍ശനങ്ങളെ കൂടി അഭിസംബോധന ചെയ്യേണ്ടതുണ്ട്. അത് കുറെ കൂടി ഇസ്‌ലാമിന്റെ പ്രബോധന സംസ്‌കരണ പരിഷ്‌കരണ ദൗത്യങ്ങളുമായി ബന്ധപ്പെട്ടതാണ്. ഭൗതിക ജീവിതത്തോടുള്ള കാഴ്ചപ്പാട്, മരണാനന്തര ജീവിതം, അല്ലാഹുവിന്റെ അധികാരം, കാരുണ്യം, നീതി തുടങ്ങിയ വിഷയങ്ങളില്‍ പ്രമാണങ്ങളില്‍ നിന്ന് ജനങ്ങളിലേക്ക് സംക്രമിക്കുന്ന വൈജ്ഞാനിക രീതിശാസ്ത്രമാണ് അവലംബിക്കേണ്ടത്. അതില്‍ തദബ്ബുറും തഫക്കുറും ഉള്‍ച്ചേര്‍ന്ന ഈമാനും ഇസ്‌ലാമും ഇഹ്‌സാനുമാണ് പകര്‍ന്നു നല്‍കേണ്ടത്. സോഷ്യല്‍ മീഡിയ സംവാദങ്ങളുടെ ബഹളങ്ങള്‍ക്കിടയില്‍ അത് കൈമോശം വന്നുപോകുന്നുണ്ട്.
മറ്റൊരു വെല്ലുവിളി, സാമൂഹ്യ മാധ്യമങ്ങളിലെ സംവാദങ്ങളെ ബോധപൂര്‍വമോ മറ്റോ മുസ്‌ലിംകള്‍ക്കിടയിലെ ആഭ്യന്തര സംവാദങ്ങളിലേക്ക് വഴിതിരിച്ചു വിടുന്നു എന്നതാണ്. ദൈവാസ്തിത്വം പോലും അംഗീകരിക്കാത്തവരോട് തവസ്സുല്‍ ഇസ്തിഗാസയും ഇബാദത്തിന്റെ വ്യാഖ്യാനവും ചര്‍ച്ച ചെയ്യുന്നതില്‍ സാംഗത്യമുണ്ടോ?. അത് കേവലം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള വാചാടോപങ്ങളായി മാറുന്നു. ഇസ്‌ലാം വിരുദ്ധ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന പ്രതികരണങ്ങളെ അപ്രസക്തമാക്കുകയും ഇസ്‌ലാമിനുള്ളിലെ ആഭ്യന്തര സംവാദത്തില്‍ തളച്ചിടുകയും വഴി സോഷ്യല്‍ മീഡിയയില്‍ ലാഭം കൊയ്യുന്ന ഗുണഭോക്താക്കള്‍ സംഘപരിവാരവും ഇസ്‌ലാമോഫോബുകളുമാണ്. ആഭ്യന്തര സംവാദങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് അത് ചര്‍ച്ച ചെയ്യപ്പെടുന്ന ഇടവും ശ്രോതാക്കളും അതിനെ മെറിറ്റില്‍ ഉള്‍ക്കൊള്ളുന്നുണ്ടോ എന്നത് സംശയകരമാണ്.
സമൂഹത്തിലെ അടിത്തട്ടിലുള്ള അസംസ്‌കൃത ചിന്തകള്‍ കൂടി വിഹരിക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഇത്തരം ചിന്തകള്‍ ആള്‍ക്കൂട്ട മനശ്ശാസ്ത്രമായി മാറാതിരിക്കാന്‍ പ്രതി ആഖ്യാനങ്ങള്‍ ഉണ്ടാവണം എന്നതില്‍ സംശയമില്ല. എന്നാല്‍ അതിനായി, സമുദായത്തിന്റെ ഊര്‍ജ്ജവും സമയവും മറുപടി പറയുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല. കാലത്തിന്റെ അഗ്‌നിപരീക്ഷകളെ അതിവര്‍ത്തിക്കാന്‍ പ്രാപ്തമായ ഒരു ആദര്‍ശത്തിന്റെ വക്താക്കള്‍ എന്ന നിലയില്‍ ചോദ്യം ചോദിക്കുന്നവരായും മതം നല്‍കുന്ന സാമൂഹിക സുരക്ഷിതത്വത്തെ അവതരിപ്പിക്കുന്നവരായും ഇസ്‌ലാമിക വിശ്വാസം നല്‍കുന്ന അനുഭൂതിയെ അപരരിലേക്ക് പ്രകാശിപ്പിക്കുന്നവരായും നമുക്ക് മാറാന്‍ സാധിക്കും.

Back to Top