3 Friday
February 2023
2023 February 3
1444 Rajab 12

നമ്മുടെ സോഷ്യല്‍ ഫാബ്രിക് ഫാസിസത്തിന് എതിരാണ്‌

പി എന്‍ ഗോപീകൃഷ്ണന്‍


കേരളത്തിന്റെ മതേതരത്വവും മതനിരപേക്ഷതയും എങ്ങനെയാണ് സുദൃഢമായിത്തീര്‍ന്നത് എന്നത് കുറേക്കൂടി ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്. സാധാരണയായി പരസ്പര സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒക്കെ ചര്‍ച്ച നിയമപരവും ഭരണഘടനാപരവുമായ വീക്ഷണകോണിലൂടെയാണ് നടക്കാറുള്ളത്. മനുഷ്യര്‍ തമ്മിലുള്ള സൗഹാര്‍ദം ഒരിക്കലും മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. അതുണ്ടാവുന്നത് മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധത്തിലൂടെയാണ്.
ഈ പരസ്പര ബന്ധമാണ് ഒരു സമൂഹത്തിന്റെ നെയ്ത്തിനെ സുദൃഢമാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍, കേരളത്തിന് പരസ്പര സൗഹാര്‍ദത്തിന്റെയും പലവിധേനയുള്ള പാരസ്പര്യത്തിന്റെയും നീണ്ട ചരിത്രം അവകാശപ്പെടാനുണ്ട്. ഈ ചരിത്രം ജനങ്ങള്‍ ജീവിച്ചുണ്ടാക്കിയതാണെന്ന് ഓരോ പ്രദേശവും പരിശോധിച്ചാല്‍ കാണാം. ഓരോ പ്രദേശങ്ങളിലും വിവിധ ജാതി മതങ്ങള്‍ തമ്മിലുള്ള ഒരു നെയ്ത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്, നവോത്ഥാനാനന്തരം, കേരളത്തിലെ ഗ്രാമങ്ങളിലെ ഈ നെയ്ത്ത് ബലപ്പെട്ടു എന്ന് കാണാവുന്നതാണ്. അത് വ്യത്യസ്ത ജാതി മതവിഭാഗങ്ങളെ കുറേക്കൂടി അടുപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ജാതികളെ തമ്മില്‍ വേര്‍തിരിക്കുന്ന നിരവധി ആചാരങ്ങള്‍ നവോത്ഥാനത്തിലൂടെ ഇല്ലാതാവുകയുണ്ടായി. സ്വാഭാവികമായും ഒരു പൊതുമണ്ഡലം രൂപപ്പെടാന്‍ അത് സഹായിച്ചു.
അതുപോലെ തന്നെ, കേരളത്തിലെ തീരങ്ങള്‍ വാണിജ്യത്തിലൂടെ ആഗോള സ്വഭാവം നേടിയിരുന്നു. വിവിധ നാടുകളില്‍ നിന്നുള്ളവര്‍ വന്നുപോകുന്നതു വഴി ആഗോളോന്മുഖതയിലേക്ക് തുറന്നുവെച്ച ഒരു നാടായി കേരളം മാറി. ആ നിലക്കും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബന്ധം സൃഷ്ടിക്കുന്ന ചരിത്രപരമായ സാഹചര്യം കേരളത്തിന് ലഭിച്ചിട്ടുണ്ട്. നവോത്ഥാനത്തിനു ശേഷം, ഫ്യൂഡലിസം ഉള്‍പ്പെടെയുള്ള മേല്‍ക്കോയ്മകളും ആധിപത്യങ്ങളുടെ ലോകവും പൂര്‍ണമായി അവസാനിച്ചു എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും, എല്ലാവരും സഹവസിച്ചാണ് കേരളം ഉണ്ടാവുക എന്ന വലിയ സന്ദേശം നേടിയെടുക്കാന്‍ നമുക്ക് സാധിച്ചു.
അതേസമയം, പൊതു ഇടങ്ങളുടെ കടന്നുവരവും ഈ കാലത്തുണ്ടായിട്ടുണ്ട്. ലൈബ്രറികള്‍, തിയേറ്ററുകള്‍, മൈതാനങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയ പൊതുഇടങ്ങള്‍ വ്യാപകമായി. അതിനു പുറമെ, പൊതുവിദ്യാഭ്യാസത്തിന്റെ വലിയ ഗുണഫലവും ഉണ്ടായി. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് സഹവസിക്കാനുള്ള ഇടങ്ങള്‍ നാം നിര്‍മിച്ചെടുത്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കി കാര്യങ്ങളിലെല്ലാം കേരളത്തിന്റെ ജനതയാണ് മുന്‍കൈ എടുത്തത്. അത്തരത്തിലുള്ള വലിയൊരു സോഷ്യല്‍ ഫാബ്രിക് കേരളത്തിനുണ്ട്. ഇതാണ് കേരളത്തിന്റെ മതനിരപേക്ഷ ബോധത്തിന് ശക്തിപകര്‍ന്നത് എന്ന് നമുക്ക് കാണാനാവും.
നമ്മുടെ അയല്‍വാസികള്‍ വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായിരിക്കും. അതുകൊണ്ട് ഒരു വീട്ടില്‍ ആഘോഷമുണ്ടാവുമ്പോള്‍ അതിന്റെ ഒരംശം ചുറ്റുമുള്ള മറ്റ് മതസ്ഥരുടെ വീട്ടിലും എത്തിച്ചേരുന്നു. അത് ചിലപ്പോള്‍ ഒരു പലഹാരത്തിന്റെയോ മധുരത്തിന്റെയോ ഒക്കെ രൂപത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നതാകാം. ഇങ്ങനെ കൊടുത്തും വാങ്ങിയും രൂപപ്പെട്ട ഒരു സംസ്‌കാരമാണ് കേരളത്തിലേത്. ഇതാണ് അടിസ്ഥാനപരവും ആദര്‍ശാത്മകവുമായ കേരളത്തിന്റെ സോഷ്യല്‍ ഫാബ്രിക്. ഇതിന് തകര്‍ച്ച പറ്റിയാല്‍ നമ്മുടെ ജീവിതരീതിയെ മാത്രമല്ല, ചരിത്രത്തെയും അത് തകിടം മറിക്കും. ഫാസിസ്റ്റ്- വര്‍ഗീയ ശക്തികള്‍ ഈ ജീവിതാടിസ്ഥാനത്തെ തകിടം മറിക്കാനാണ് ശ്രമിക്കുന്നത്. അത് ഭരണസംവിധാനങ്ങളുടെയും തെരഞ്ഞെടുപ്പ് രീതിയുടെയും മാത്രം അട്ടിമറിയല്ല, മറിച്ച് നമ്മളുണ്ടാക്കിയ ജീവിതസങ്കല്‍പനത്തെ ആഴത്തില്‍ തകരാറിലാക്കുന്നു എന്നതുകൊണ്ടാണ് നാം ഫാസിസത്തെ ഇത്ര ശക്തമായി എതിര്‍ക്കുന്നത്. അതായത്, നമ്മുടെ ചരിത്രം ഫാസിസത്തിന്റെ ചരിത്രത്തിന് എതിരാണ്.
കേരളത്തിന്റെ ചരിത്രം സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയുമാണ്. നമ്മുടെ സൗഹൃദ പാരമ്പര്യമാണ് സമൂഹത്തില്‍ വേരൂന്നിയിരുന്ന ആധിപത്യവ്യവഹാരങ്ങളെയാണ് പലപ്പോഴും തകര്‍ത്തെറിഞ്ഞിട്ടുള്ളത്. അതുകൊണ്ടു തന്നെ അയല്‍പക്കം എന്ന ആശയം ചെറിയൊരു കാര്യമല്ല. വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന അയല്‍പക്കമുണ്ടാവുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അയല്‍പക്കത്തെ വേലികള്‍ക്ക് മുകളിലൂടെ ആശ്ലേഷിക്കാന്‍ നീളുന്ന കൈകളാണ് മലയാളിയുടെ ശക്തി. ഈ ശക്തി ഉപയോഗിച്ചാണ് വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ നാം പട പൊരുതേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x