23 Monday
December 2024
2024 December 23
1446 Joumada II 21

സോഷ്യല്‍ എഞ്ചിനീയറായ ഡോക്ടര്‍

ഡോ. ജാബിര്‍ അമാനി


നവോത്ഥാനത്തിന്റെ വൈവിധ്യപൂര്‍ണമായ പുതിയ പുതിയ സ്വപ്നങ്ങളും പ്രയോഗവല്‍ക്കരണത്തിന് നിശ്ചയ ദാര്‍ഢ്യമുള്ള സമര്‍പ്പിത ജീവിതവും ചേര്‍ന്ന കാലം മായ്ച്ചുകളയാത്ത മാതൃകാ ധന്യനായ പരിഷ്‌ക്കര്‍ത്താവായി ഡോ. അബ്ദുറഹ്മാന്‍ സാഹിബിനെ വിലയിരുത്താം. ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തത്തുല്യമായ ഒരു സാന്നിധ്യം ഇതപര്യന്തമുള്ള ചരിത്രത്തില്‍ ഇല്ലെന്ന് പറയാം. സമുദായത്തിന് പൊതുവിലും ആദര്‍ശ പ്രസ്ഥാനത്തിന് വിശേഷിച്ചും സ്വപ്‌നങ്ങളും സാക്ഷാത്കാരത്തിന്റെ സദ്‌വഴികള്‍ക്കും നേതൃത്വം നല്കിയ ദൗത്യം നിര്‍വഹിച്ച മഹാനായിരുന്നു ഡോക്ടര്‍.
മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ സേവനം ചെയ്യുന്ന കാലത്താണ് ഡോക്ടറെ അറിഞ്ഞ് തുടങ്ങുന്നത്. പിതാമഹന്‍ മുഹമ്മദ് അമാനി മൗലവി മുതല്‍ ഒരു കുടുംബ ഡോക്ടര്‍ എന്ന നിലയില്‍ ഉള്ള ബന്ധം മരണം വരെ തുടര്‍ന്നു. സംഘടനാ തലങ്ങളില്‍ ഒരുമിച്ച് കൂടിയശേഷം ഒരു നേതാവ് എന്ന നിലയില്‍ പ്രസ്തുത ബന്ധം കൂടുതല്‍ ഹൃദയഹാരിയായി മാറി. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ കെ എന്‍ എം നേതൃതലത്തില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എം എസ് എം പ്രവര്‍ത്തകനായി ജില്ലാ ഘടകത്തില്‍ പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ ഡോക്ടറുടെ ചിന്തകളും സ്വപ്നങ്ങളും പ്രത്യേകം വേറിട്ട് നിന്നു. ആദ്യകാലത്ത് മേലാക്കം മസ്ജിദുല്‍ മുജാഹിദീന്‍ കേന്ദ്രീകരിച്ചായിരുന്നല്ലോ ജില്ലാ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍. ജില്ലയില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഒരു ആസ്ഥാനം എന്ന സ്വപ്നം ഉന്നയിക്കുക മാത്രമല്ല, അതിന്റെ പൂര്‍ണതക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്തു. മഞ്ചേരിയുടെ സിരാകേന്ദ്രത്തില്‍ പള്ളിയുള്‍പ്പെടെ തലയുയര്‍ത്തി നില്‍ക്കുന്ന ‘ഇസ്ലാഹീ കാംപസ്’ സമുച്ഛയത്തിന്റെ മണ്ണും വിണ്ണും ഡോക്ടറുടെ ധൈഷണിക സൃഷ്ടിയാണ്.
കേവലമൊരു സംഘടനാ ഓഫീസ് എന്നതിനപ്പുറത്ത്, പുതിയ കാലത്തെ അഭിമുഖീകരിക്കുന്ന തലത്തില്‍ അക്കാലത്ത് തന്നെ പ്ലാനുകള്‍ അവതരിപ്പിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. നേതൃപരിശീലനം, വൈജ്ഞാനിക ചര്‍ച്ചക്ക് സാധ്യമാവുന്ന ലൈബ്രറി സംവിധാനം തുടങ്ങി ഒരു ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാതൃക കൂടി അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. പ്രാസ്ഥാനികമായ ചില പ്രതിസന്ധികള്‍ വഴി ഇസ്ലാഹീ കാമ്പസുമായി ബന്ധപ്പെട്ട ഡോക്ടറുടെ സ്വപ്നങ്ങള്‍ പൂര്‍ണ സാക്ഷാത്ക്കാരത്തില്‍ എത്തിയിട്ടില്ലെന്ന് കാണാം.
ഡോക്ടറുടെ പ്രധാനപ്പെട്ട ഒരു പ്രത്യേകതയായി വിലയിരുത്താവുന്നത്, ഒരു സംരംഭം ശരിയായ ദിശയിലും നീതിപൂര്‍വകവുമായിട്ടല്ല നിര്‍വഹിക്കുന്നത് എങ്കില്‍ സാധ്യമാവുന്നത്ര ഇടപെടലുകള്‍ വഴിയും ഫലപ്രാപ്തിക്ക് തടസ്സമായാല്‍ തന്റെ പങ്ക് അവസാനിപ്പിക്കുക എന്നതാണ്. എന്നാല്‍ തുടര്‍ന്നുവരുന്ന പ്രസ്തുത സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരു നിലക്കും തടസ്സപ്പെടുത്തുകയോ തെറ്റായ സന്ദേശ പ്രചാരണം നടത്തുകയോ ഉണ്ടാവില്ല. ‘അവര്‍ക്ക് താല്പര്യം വേറെയാണ്. പരാജയപ്പെടേണ്ടത് ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ല. അതാണ് പ്രകൃതി നിയമം’ എന്ന പ്രസ്താവന ഇവ്വിധം പല കാര്യങ്ങളിലും ഡോക്ടര്‍ അഭിപ്രായപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ഒരു ലീഡര്‍ വ്യതിരിക്തനാവുന്നതും സവിശേഷ ശ്രദ്ധ നേടുന്നതും കാഴ്ചപ്പാടുകളിലൂടെയും പുതിയ നേതൃത്വത്തിന്റെ ശില്പികളാവുന്നതിലൂടെയുമാണ്. ഈ പ്രത്യേകത ഏറ്റവും ശക്തമായി നാം കാണുന്ന മഹാരഥന്‍മാര്‍ പരിമിതമാണ്. കെ പി മുഹമ്മദ് മൗലവി, കെ കെ മുഹമ്മദ് സുല്ലമി, പി ടി വീരാന്‍ കുട്ടി സുല്ലമി എന്നിവരോടൊപ്പം ഈ മുന്‍നിരയിലാണ് ഡോക്ടറുടെ സ്ഥാനം.
സംഘടനാ – പ്രബോധന രംഗത്ത് സ്ഫുടം ചെയ്ത ചിന്തകള്‍ക്ക് തിരികൊളുത്തുന്നതില്‍ ഡോക്ടര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതോടൊപ്പം യുവതലമുറയെ ദിശാബോധം നല്‍കി വളര്‍ത്തുന്നതിലും കൂടെ നിര്‍ത്തുന്നതിലും ഔത്സുക്യം കാണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റിയുടെ രൂപീകരണവും തുടര്‍ പദ്ധതികളും, അരീക്കോട് കേന്ദ്രമാക്കി നടന്നുവന്നിരുന്ന വിദ്യാഭ്യാസ കൂട്ടായ്മയും പരിശീലനവും, പാലിയേറ്റീവ് സംവിധാനങ്ങള്‍ എന്നിവ മുഖ്യ ഉദാഹരണങ്ങളാണ്. സംഘടനയുടെ നേതൃതലത്തില്‍ ഉള്ള ഏതൊരാളിലും ഒരു ‘ഡോക്ടര്‍ സ്പര്‍ശം’ നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും.
വയനാട് മുജാഹിദ് സമ്മേളന ഭാഗമായി സംഘടിപ്പിച്ചിരുന്ന യുവപ്രഭാഷകരും പണ്ഡിതരും സംബന്ധിച്ച പഠനവേദി, ഡോക്ടറുടെ ചിന്തയില്‍ വികാസം കൊണ്ടതായിരുന്നു. പ്രസ്തുത സംരംഭത്തെ ഗൗരവമായി കാണുകയും, ‘ഇസ്ലാമിക് ട്യൂട്ടോറിയല്‍’ എന്ന നാമകരണത്തോടെ സംഘടനയുടെ കീഴ് ഘടകങ്ങളില്‍ നിര്‍വഹിക്കാന്‍ പദ്ധതിയാവിഷ്‌ക്കരിക്കുകയും ചെയ്തു. ഐ എച്ച് ഐ ആര്‍ കേന്ദ്രമായി മാസാന്തം നടന്നുവരുന്ന വിഷയാധിഷ്ഠിത ഗവേഷണ വേദി – ഇസ്ലാമിക് ട്യൂട്ടോറിയല്‍ പ്രോഗ്രാമില്‍ ജീവിതാന്ത്യം വരെ സജീവ പങ്കാളിത്തമായിരുന്നു ഡോക്ടര്‍ നിര്‍വഹിച്ചത്. പുതിയ തലമുറയെ മതപരവും വൈജ്ഞാനികവുമായി ശാക്തീകരിക്കുകയും മുഖ്യധാരയിലേക്ക് വളര്‍ത്തിയെടുക്കുകയും ആവശ്യമായ ‘ഗൈഡന്‍സ്’ നല്‍കുകയും ചെയ്യുക എന്ന മെത്തഡോളജിയിലാണ് അബ്ദുറഹ്മാന്‍ ഡോക്ടര്‍ നേതൃപരമായ പങ്ക് നിര്‍വഹിച്ചത്. തദ്ഫലമായി ഒട്ടേറെ യുവപ്രഭാഷകരെയും പണ്ഡിതരെയും സംഭാവന ചെയ്യുവാനും സാധ്യമായിട്ടുണ്ട്.
ഐ ക്യു സംവിധാനങ്ങള്‍ വഴി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും വ്യവസ്ഥാപിതമായ നേതൃപരിശീലന – വിദ്യാഭ്യാസ ശാക്തീകരണ പ്രോഗ്രാമുകള്‍ക്ക് പിന്നിലെ ചാലക ശക്തിയായിരുന്നു അദ്ദേഹം. കോട്ടക്കല്‍ വെച്ച് നടന്ന നവോത്ഥാനത്തെക്കുറിച്ച സമഗ്രപഠനം നിര്‍വഹിച്ച ‘കൊളോക്യം ഓണ്‍ റിഫോം’ ല്‍ ആധുനിക വിദ്യാഭ്യാസവും നവോത്ഥാന കാഴ്ചപ്പാടും ഉജ്വലമായി അവതരിപ്പിക്കുന്നത് ഒരു ഫിസിഷ്യന്‍ ആണ് എന്നത്, ഡോക്ടറുടെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ സമകാലികതയാണ് ബോധ്യപ്പെടുത്തുന്നത്. ശരീരശാസ്ത്ര – മെഡിക്കല്‍ ചര്‍ച്ചകളേക്കാള്‍ വിദ്യാഭ്യാസ നവോത്ഥാന ചിന്തകളെയാണ് ഡോക്ടര്‍ കൂടുതല്‍ സ്നേഹിച്ചത് എന്ന് അഭിപ്രായപ്പെടാം.

Back to Top