സ്‌നേഹത്തിന്റെ രസതന്ത്രം
എം ടി അബ്ദുല്‍ഗഫൂര്‍
നബി(സ)യുടെ സേവകനായിരുന്ന അബൂഹംസ അനസുബ്‌നു മാലിക്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. തനിക്കിഷ്ടമുള്ളത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല (ബുഖാരി, മുസ്‌ലിം)
മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള മഹനീയ മാര്‍ഗമാണ് സാഹോദര്യം. ഒരാള്‍ക്ക് മറ്റൊരാളെ തന്റെ സഹോദരനായി കാണാന്‍ കഴിയുകയെന്നത് പരസ്പരം പങ്കുവെക്കാനുള്ള പ്രേരണയും പ്രചോദനവുമാകുന്നു. അപ്പോള്‍ അപരന്റെ വേദന തന്റേതുകൂടിയായി മാറുന്നു. അത് പരിഹരിക്കാനുള്ള മാര്‍ഗം അന്വേഷിക്കുകയും തേടിപ്പിടിക്കുകയും ചെയ്യുമ്പോള്‍ പര്‌സപരമുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു.
സന്തോഷത്തിലും സന്താപത്തിലും സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുന്ന സ്‌നേഹബന്ധമാണ് സമൂഹ നന്മയെ ത്രസിപ്പിക്കുന്നത്. തനിക്ക് എന്ത് നന്മയാണോ താന്‍ ആഗ്രഹിക്കുന്നത് അത് തന്റെ സഹോദരനും ലഭിക്കണമെന്ന ആഗ്രഹം വിശ്വാസത്തിന്റെ പൂര്‍ണതയായി വിലയിരുത്തുകയാണീ തിരുവചനം. സാഹോദര്യത്തിന്റെ മധുരം നുകരാനും പരസ്പരമുള്ള ഇണക്കം പോറലൊന്നുമേല്‍ക്കാതെ സ്ഥിരപ്പെടാനും ഈ തിരുവചനം നമുക്ക് പാഠം നല്‍കുന്നു. സ്വാര്‍ഥതയ്ക്ക് കീഴ്‌പ്പെടാതെ സ്‌നേഹത്തോടെ സഹായിക്കാന്‍ കഴിയുന്ന മനസ്സുകള്‍ക്കാണ് മഹത്വം വര്‍ധിക്കുക. രോഗസന്ദര്‍ശനവും ആവശ്യ നിര്‍വഹണവും അനാഥ സംരക്ഷണവും വിധവാ സഹായവും തുടങ്ങി മുഖപ്രസന്നത വരെ ഒരു മനുഷ്യന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവുന്നത് സ്‌നേഹമെന്ന ഈ കണ്ണിയിലൂടെ ബന്ധിപ്പിക്കുമ്പോഴാണ്.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ എല്ലാവരെയും മനുഷ്യര്‍ എന്ന നിലയ്ക്ക് സ്‌നേഹിക്കുവാനും സാഹോദര്യം പുലര്‍ത്താനുമാണ് ഈ തിരുവചനം സന്ദേശം നല്‍കുന്നത്. ഒരാള്‍ തനിക്ക് നന്മ ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തന്റെ സഹോദരനും ലഭ്യമാക്കാനുള്ള താല്‍പര്യമുണ്ടാവുകയും അതിനുവേണ്ടിയുള്ള ശ്രമം നടത്തുകയുമെന്നത് വിശ്വാസത്തിന്റെ മധുരം നുണയാന്‍ പര്യാപ്തമായ കാര്യമത്രെ. ഈമാന്‍ എന്ന ദൈവിക അനുഗ്രഹം തനിക്ക് ലഭിക്കണമെന്ന ആഗ്രഹവും പ്രാര്‍ഥനയുംപോലെ തന്റെ കൂട്ടുകാരനും ആ അനുഗ്രഹത്തിന്റെ പരിധിയില്‍ ഉള്‍പ്പെടണമെന്ന താല്‍പര്യം ശക്തമായ സ്‌നേഹത്തിന്റെ അടയാളമത്രെ. അന്ധവിശ്വാസത്തിന്റെ അന്ധകാരത്തില്‍ പെട്ടുപോയ മനുഷ്യനെ തൗഹീദിന്റെ ശീതളിമയിലേക്ക് നയിക്കുവാനുള്ള ഏതൊരു ശ്രമവും ഈ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും നിഷ്‌കളങ്കതയില്‍ നിന്ന് ഉയര്‍ന്നുവരേണ്ടതാണ്. നന്മ കല്‍പിക്കുന്നതും തിന്മ വിരോധിക്കുന്നതും പരസ്പരം കളവോ ചതിയോ വഞ്ചനയോ ഇല്ലാതെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്നതും ഒരു വിശ്വാസിയുടെ ഉല്‍കൃഷ്ട സ്വഭാവമായാണ് ഈ വചനം പരിചയപ്പെടുത്തുന്നത്. വിശ്വാസികള്‍ ഒരൊറ്റ ശരീരം കണക്കെ പരസ്പരം സുഖദുഃഖങ്ങള്‍ പങ്കുവെക്കേണ്ടവരും പരിഹരിക്കേണ്ടവരുമാണ്.
മാനവകുലം ഒരു സ്രഷ്ടാവിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളുമെന്ന നിലയില്‍ പരസ്പരം സാഹോദര്യവും സഹിഷ്ണുതയും കാണിച്ച് കഴിഞ്ഞുകൂടേണ്ടവരത്രെ. സമാധാന ചിന്തയും സഹവര്‍ത്തിത്വ ബോധവും സഹായമനസ്ഥിതിയും നിലനിര്‍ത്താനും അതുവഴി സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും പ്രചോദനമത്രെ ഈ തിരുവചനം.