സ്‌നേഹത്തിന്റെ പങ്കുവെപ്പാണ് മതത്തിന്റെ കാതല്‍
പൂത്തറ എം മഹ്മൂദ്
കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ മാതാവിന്റെ മുഖത്ത് തെളിയുന്ന ഒരു പ്രകാശമുണ്ടല്ലോ, അതാണ് കലര്‍പ്പില്ലാത്ത സ്‌നേഹം. പ്രതിഫലേച്ഛ കൂടാതെ നല്‍കുന്നതായിരിക്കണം അത്. ഒരുവേള നല്‍കുന്നവന് നഷ്ടങ്ങളാണ് അത് സമ്മാനിക്കുന്നതെങ്കിലും ശരി, അതിലൊരു സംതൃപ്തിയുണ്ടാവണം, സന്തോഷവുമുണ്ടാകണം.
മുഹമ്മദ് നബിയുടെ അനുചരര്‍ ഒരു യുദ്ധവേളയില്‍ കാണിച്ച സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള സ്‌നേഹത്തിന്റെ പങ്കുവെക്കലിനെ നമുക്ക് മാതൃകയാക്കാവുന്നതാണ്. മരണത്തെ മുഖാമുഖം കാണുന്ന അവസ്ഥയിലും തനിക്ക് ലഭിച്ച വെള്ളപ്പാത്രം തന്റെ സ്‌നേഹിതനു വേണ്ടി വിട്ടുകൊടുക്കുന്ന ആ സവിശേഷമായ ഗുണം നബിയുടെ അനുചരരില്‍ വളര്‍ത്തിയെടുത്തത് മതമല്ലാതെ മറ്റെന്താണ്?
ഒരിക്കല്‍ നബിയുടെ അനുചരനായ ഇബ്‌നു അബ്ബാസ്(റ) മദീനയിലെ മസ്ജിദില്‍ ഇഅ്തികാഫ് ഇരിക്കുന്ന സന്ദര്‍ഭം. അപ്പോള്‍ കടബാധ്യതയുള്ള ഒരാള്‍ പള്ളിയില്‍ വരികയുണ്ടായി. അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയപ്പോള്‍ എന്തോ പ്രയാസമനുഭവിക്കുന്നതായി തോന്നിയ ഇബ്‌നു അബ്ബാസ് കാര്യം തിരക്കി. മറ്റൊരാള്‍ക്ക് കടം വീട്ടുവാനുള്ള കാര്യം അയാള്‍ പറഞ്ഞു. അപ്പോള്‍ ഇബ്‌നു അബ്ബാസ് പറഞ്ഞു: ”കടം നല്‍കിയ ആളുടെ അടുക്കല്‍ സംസാരിക്കുന്നതിനായി ഞാന്‍ നിന്റെ കൂടെ വരാം”.
ഇതു കേട്ടപ്പോള്‍ അയാള്‍ക്ക് അത്ഭുതമായി. ”താങ്കള്‍ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുകയല്ലേ?” അപ്പോള്‍ ഇബ്‌നു അബ്ബാസ് മുഹമ്മദ് നബിയുടെ ഖബര്‍ ചൂണ്ടിക്കൊണ്ട് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു:
”ഈ ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാന്‍ പറയുന്നത് ഞാ ന്‍ കേട്ടിട്ടുണ്ട്: ആരെങ്കിലും ഒരു സഹോദരന്റെ ആവശ്യം നിറവേറ്റാന്‍ അയാളെ സഹായിക്കുകയും എന്നിട്ട് അത് സാധിക്കുകയും ചെയ്താ ല്‍ പത്ത് വര്‍ഷം പള്ളിയില്‍ ഇഅ് ഹികാഫ് ഇരിക്കുന്നതിലും പുണ്യം അതിനായിരിക്കും”. ഇത്രയും പറഞ്ഞുകൊണ്ട് പള്ളി വിട്ട് പ്രശ്‌ന പരിഹാരത്തിനായി അയാളോടൊപ്പം ഇറങ്ങി പുറപ്പെട്ടു.
അമേരിക്കയില്‍ ഒരു ആശുപത്രിയുണ്ട്. മരണവിധി കുറിക്കപ്പെട്ട രോഗികളാണ് അവിടെ അധികവും എത്തുന്നത്. അവിടത്തെ ചികിത്സ ഔഷധങ്ങള്‍ക്കുപരി സ്‌നേഹ പരിലാളനകളായാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ, മരണം മുന്നില്‍ കണ്ട് എത്തുന്ന മിക്ക രോഗികളും സുഖം പ്രാപിച്ച് മടങ്ങുന്നതായാണ് കാണുന്നത്. ആയുസ്സും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ സ്‌നേഹത്തിന് ഒരു വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ശാസ് ത്രീയ പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ബൈബിളില്‍ പൗലോസിന്റെ സുവിശേഷത്തില്‍ ഇങ്ങനെ കാ ണാം: ”ദൈവം ഞങ്ങള്‍ക്ക് നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള ബുദ്ധിമുട്ടനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍ നിന്നനുഭവിക്കുന്ന അതേ ആശ്വാസം തന്നെ അവരും അനുഭവിക്കേണ്ടതിനും ദൈവം ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.”
മലയാളത്തിന്റെ മഹാകവി പറഞ്ഞതും സ്‌നേഹത്തെക്കുറിച്ച് തന്നെയായിരുന്നല്ലോ.
”സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും.”
പകരം വെയ്ക്കാന്‍ ഒന്നുമില്ലെ ങ്കിലും നമുക്ക് സ്‌നേഹിക്കാം മാനുഷരെ ഒന്നടങ്കം…