പ്രിയപ്പെട്ടവരുടെ സ്നേഹപ്പൊതികള്‍
ഡോ. മന്‍സൂര്‍ ഒതായി
നാട്ടില്‍ നിന്ന് ആരെങ്കിലും വരുന്നുണ്ടെന്നറിഞ്ഞാല്‍ പ്രവാസികള്‍ക്ക് വലിയ സന്തോഷമാണ്. കാരണം മറ്റൊന്നുമല്ല. അവര്‍ വരുമ്പോള്‍ വീട്ടുകാര്‍ കൊടുത്തയക്കുന്ന സ്നേഹപ്പൊതികള്‍ കരുതിയിട്ടുണ്ടാവും. നാട്ടില്‍ നിന്നെത്തുന്ന ഭക്ഷണ സാധനങ്ങളോട് ഗള്‍ഫുകാര്‍ക്ക് പ്രിയമുണ്ടാവാന്‍ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അവ കാണുമ്പോഴും അനുഭവിക്കുമ്പോഴുമുള്ള നൊസ്റ്റാള്‍ജിയ ഫീലുണ്ട്. അതുകൊണ്ടാണല്ലോ നാടന്‍ മിഠായികള്‍ വിലകൂടിയ ചോക്ളേറ്റുകളേക്കാള്‍ അവര്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നത്.
ഭക്ഷണപ്പൊതിയിലടങ്ങിയ സ്നേഹമാണ് രണ്ടാമത്തെ കാര്യം. അകലെയുള്ള പ്രിയപ്പെട്ടവര്‍ക്ക് എന്തു സന്തോഷത്തോടെയാണ് ബന്ധുക്കള്‍ പാചകം ചെയ്ത് കൊടുക്കാറുള്ളത്. പ്രിയമുള്ളവരുടെ ഭക്ഷണത്തിലെ ഇഷ്ടങ്ങളും അഭിരുചികളുമെല്ലാം പരിഗണിച്ചാണ് അവര്‍ക്ക് പാക്ക് ചെയ്ത് അയക്കുന്നത്. സത്യത്തില്‍ വീട്ടുകാര്‍ കൊടുത്തയക്കുന്നത് ഭക്ഷണപ്പൊതികളല്ല. സ്നേഹപ്പൊതികളാണ്. അത് കഴിക്കുമ്പോള്‍ നിറയുന്നത് അവരുടെ വയറ് മാത്രമല്ല മനസ്സും കൂടിയാണ്.
ഭക്ഷണപ്പൊതിയുടെ സന്തോഷവും സുഖവും അനുഭവിക്കുന്നത് പ്രവാസികള്‍ മാത്രമാണെന്ന് കരുതരുത്. ജോലിക്ക് പോകുന്നവര്‍ക്കും ദീര്‍ഘയാത്ര ചെയ്യുന്നവര്‍ക്കും വീട്ടില്‍ നിന്ന് ഭക്ഷണപ്പൊതി നല്‍കാറുണ്ട്. ഇതിനേക്കാള്‍ രുചികരമായ ഭക്ഷണങ്ങള്‍ ഒരു പക്ഷേ കാന്റീനിലും ഹോട്ടലിലും ലഭിച്ചേക്കാം. പക്ഷെ അവയൊന്നും മനം കുളിര്‍പ്പിക്കില്ല. കേവലം വിശപ്പ് മാറ്റുന്ന ദൗത്യമേ ഹോട്ടല്‍ ഭക്ഷണത്തിനുള്ളൂ. വീട്ടിലെ ഭക്ഷണപ്പൊതി അഴിക്കുന്നത് തന്നെ പലപ്പോഴും കൗതുകത്തോടെയാണ്. കാരണം അതില്‍ സ്നേഹത്തിന്റ കരുതല്‍ ഒളിഞ്ഞിരിപ്പുണ്ടാവും.
മറ്റുള്ളവര്‍ക്കുള്ള കരുണയും കരുതലും നല്‍കുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാവുന്നത്. കലര്‍പ്പില്ലാത്ത സ്നേഹത്തോടെയുള്ള നമ്മുടെ കൊച്ചു കൊച്ചു പെരുമാറ്റവും പ്രവര്‍ത്തനങ്ങളും അത് അനുഭവിക്കുന്നവര്‍ക്ക് വല്ലാത്ത അനുഭൂതിയുണ്ടാക്കും. സ്നേഹവും സൗഹൃദവും ലാഭനഷ്ടങ്ങളെ കേന്ദ്രീകരിച്ചാവുന്ന പുതിയ കാലത്ത് നിബന്ധനയില്ലാത്ത സ്നേഹം പകരാന്‍ സാധിച്ചാല്‍ നാം വിജയിച്ചു. മനുഷ്യ സ്നേഹവും കുടുംബ സ്നേഹവും നമുക്ക് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്ന കാര്യമാണ്. ഭൗതിക ജീവിതത്തിലെ ഊര്‍ജവും ചാലകശക്തിയുമാണ് നിഷ്‌കളങ്കമായ സ്നേഹം. മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ഒപ്പം പുണ്യം നേടാനുള്ള മാര്‍ഗവുമാണ്.
സ്വന്തം ഇഷ്ടത്തേക്കാളുപരി സഹോദരന്മാരുടെ ഇഷ്ടം പരിഗണിക്കുകയും മറ്റുള്ളവരെ അതിരറ്റ് സ്നേഹിക്കുകയും ചെയ്ത ഒരു വിഭാഗത്തെക്കുറിച്ച് ചരിത്രത്തില്‍ നമുക്ക് വായിക്കാനാവും. അഭയാര്‍ഥികളായി എത്തിയ മക്കക്കാര്‍ക്ക് മദീനക്കാരായ മുഹാജിറുകള്‍ നല്‍കിയ അതുല്യ സ്നേഹമാണത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണുകയോ സംസാരിക്കുകയോ ഇടപഴകുകയോ ചെയ്യാത്ത സഹോദരന്മാര്‍ക്ക് പ്രിയപ്പെട്ടതെല്ലാം പകുത്ത് നല്‍കിയ സംഭവ കഥയാണ് അന്‍സാറുകളുടേത്. അവരുടെ മനസ്സിലെ മഹത്വത്തെ വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ചത് ഇപ്രകാരമാണ്. ”തങ്ങള്‍ക്കു തന്നെ ആവശ്യമുള്ളപ്പോള്‍ പോലും അവര്‍ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ സങ്കുചിതത്വത്തില്‍ നിന്ന് മുക്തരാക്കപ്പെടുന്നവരാരോ അവരത്രെ വിജയം വരിച്ചവര്‍.” (വി.ഖു 59:9)