23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

സ്‌നേഹം വെച്ചു വിളമ്പിയ സൗഹൃദപ്പെരുന്നാളുകള്‍

വി ടി മുരളി / ഷബീര്‍ രാരങ്ങോത്ത്‌


പാടിയതിലേറെയും ഹിറ്റ്. അവയിലൊന്നാകട്ടെ മലയാളിയുടെ മനസില്‍ എപ്പോഴും കുടികൊള്ളുന്ന ഒരു ഗാനവും. വി ടി മുരളി എന്ന പ്രതിഭാശാലിയെ പരിചയമില്ലാത്തവര്‍ വളരെ കുറവായിരിക്കും. ആലാപനവും എഴുത്തും പറച്ചിലുമായി മലയാളിയോട് നിരന്തരം സംവദിക്കുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം. ആഘോഷങ്ങളെക്കുറിച്ചും പുതിയ കാല ബന്ധങ്ങളെക്കുറിച്ചും ശബാബിനോട് മനസു തുറക്കുകയാണദ്ദേഹം.

? മലയാളികളുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമാണ് ‘ഓത്തുപള്ളീലന്നു നമ്മള്‍’ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനം കേള്‍ക്കുമ്പോള്‍ തന്നെ ബാല്യവും കൗമാരവുമെല്ലാം മിക്ക മലയാളികളുടെയും ഓര്‍മയിലേക്കോടിയെത്തും. ആ ഗാനം പാടിയ ആളുടെ ബാല്യത്തെ ഈ പാട്ടുമായി എത്ര ചേര്‍ത്തുവെക്കാന്‍ കഴിയും എന്ന് സ്വാഭാവികമായും ആളുകള്‍ ആലോചിച്ചിട്ടുണ്ടാവും.
ആ ഗാനം ഏതൊരു മലയാളിയുടെയും ഗൃഹാതുരതയുടെ ഭാഗമാണെന്നാണ് തോന്നുന്നത്. പാഠപുസ്തകത്തില്‍ മയില്‍പ്പീലി വെക്കുന്നതും ഉപ്പു കൂട്ടി പച്ചമാങ്ങ കഴിക്കുന്നതുമെല്ലാമാണ് എന്റെ ബാല്യ ഓര്‍മകളുടെ ഭാഗമായി കടന്നു വരുന്നത്. ആ പാട്ട് യഥാര്‍ഥത്തില്‍ പൊതു സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഒന്നാണ്. മൊല്ലാക്കയും ഓത്തുപള്ളിയും മാറ്റിക്കഴിഞ്ഞാല്‍ ബാക്കിയെല്ലാം മുസ്ലിം ഇമേജറികളില്‍ ഒതുങ്ങി നില്ക്കുന്നതല്ല. ഇനി ഓത്തുപള്ളി തന്നെ ഇതര സമുദായങ്ങള്‍ക്കും റിലേറ്റ് ചെയ്യാവുന്ന കാര്യമാണ്. ബാക്കിയെല്ലാം തന്നെ പൊതുവായ സംഗതികളാണ്. അതൊരു പ്രത്യേക സമൂഹത്തിന്റെ മാത്രമല്ല. പാഠപുസ്തകത്തില്‍ മയില്‍പീലി വെക്കലും അതിന് അരിമണിയിട്ടു നല്കലുമെല്ലാം ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്തു തന്നെ കണ്ടിട്ടുള്ളതാണ്. പിന്നീടവയില്‍ വരുന്ന തെല്ലാം ഏതൊരു മനുഷ്യനും ബന്ധപ്പെടുത്താവുന്ന കാര്യങ്ങളാണ്.
മാപ്പിളത്തമുള്ള ഒരു ട്യൂണ്‍ എന്ന നിലക്കാണ് അത് മാപ്പിളപ്പാട്ടിന്റെ ഗണത്തിലേക്ക് വരുന്നത്. ഓത്തുപള്ളിയും മദ്‌റസയുമെല്ലാം കുട്ടിക്കാലത്തേ കാണുന്ന സംഗതിയാണല്ലോ. തൊപ്പിയൊക്കെ വെച്ച് കുട്ടികള്‍ മദ്‌റസയിലേക്ക് പോകുന്നതൊക്കെ അന്നേ കാണുന്നതാണ്. ബഷീറിന്റെ ബാല്യകാല സഖിയും ഇത്തരമൊരു പശ്ചാത്തലത്തെയാണല്ലോ പറയുന്നത്. ആ ഒരു പശ്ചാത്തലം ഞങ്ങളുടെയൊക്കെ ഏരിയയിലുമുണ്ട്. അതുകൊണ്ടു തന്നെ ഈ പാട്ട് പറയുന്ന പശ്ചാത്തലത്തെയൊക്കെയെനിക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്നതാണ്. എന്റെ യൗവനകാലത്താണ് ഞാന്‍ ആ പാട്ട് പാടുന്നത്. ആര്‍ക്കും ബന്ധപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ആ പാട്ടിലുള്‍ക്കൊള്ളുന്നുണ്ട് എന്നതുകൊണ്ടു തന്നെയാണ് അത് ഇപ്പോഴും ഏറെ സ്വീകാര്യമാകുന്നത് എന്നാണ് എനിക്കു തോന്നുന്നത്.

? വടകര പോലൊരു പ്രദേശത്ത് ജനിച്ചു വളര്‍ന്ന ആളാണ് താങ്കള്‍. സ്വാഭാവികമായും അവിടെ താങ്കള്‍ക്ക് ചെറുപ്പത്തിലേ രൂപപ്പെട്ടു വന്നിട്ടുള്ള ഒരുപാട് ബന്ധങ്ങളുണ്ടാകും. പ്രത്യേകിച്ചും സമുദായാന്തര ബന്ധങ്ങള്‍. പുതിയ തലമുറയില്‍ ഇത്തരം ബന്ധങ്ങള്‍ എത്രമേല്‍ സുദൃഢമാണ് എന്ന കാര്യം ആലോചിക്കേണ്ടി വരും. എന്തായിരിക്കാം ഈയൊരു പരിണാമത്തിന്റെ കാരണം.
ഞാന്‍ കണ്ടു വളരുന്നത് എന്റെ അച്ഛനേയും അമ്മയേയും ബന്ധുക്കളേയും അച്ഛന്റെ സുഹൃത്തുക്കളേയും എന്റെ അയല്‍പക്കത്തേയുമൊക്കെയാണല്ലോ. അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെന്നു പറയുന്നത് പി ടി അബ്ദുര്‍റഹ്മാനും എസ് വി ഉസ്മാനുമൊക്കെപ്പോലെയുള്ള ആളുകളാണ്. അച്ഛനെ ഒരു ഗുരുനാഥനായി കണക്കാക്കുന്ന ആളുകളാണവരൊക്കെ. പെരുന്നാള്‍ പോലുള്ള അവസരങ്ങളിലൊക്കെ അച്ഛനെ അവര്‍ വീട്ടിലേക്ക് ക്ഷണിക്കുകയുമൊക്കെ ചെയ്യും.
ചെറിയ പെരുന്നാളിനു മുന്‍പുള്ള നോമ്പ് കാലങ്ങളില്‍ ഇഫ്താര്‍ വിരുന്നൊക്കെ ഇപ്പോള്‍ ആഘോഷമായി നടത്താറുണ്ടല്ലോ. എന്നാല്‍ അത്തരം സംഗമങ്ങള്‍ ബന്ധം വളര്‍ത്താന്‍ പോന്നതല്ല. കുറേയാളുകള്‍ വന്ന് ഭക്ഷണം കഴിച്ചു പോകുന്നു എന്നതല്ലാതെ അതില്‍ പ്രത്യേകിച്ചൊന്നും കാണാനാകില്ല. പക്ഷേ, പഴയ കാലത്ത് അങ്ങനെയല്ല. അന്നവര്‍ കുടുംബത്തിലേക്ക് വിളിക്കല്‍ തന്നെയാണ്. ഞാന്‍ കുടുംബ സമേതം നിങ്ങളുടെ കുടുംബത്തിലേക്ക് വരുന്നു. എന്നെ അതിഥിയായിട്ട് കണക്കാക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം തന്നെ അവിടെ രൂപപ്പെടുകയാണ്. പക്ഷെ, പുതിയ കാല ഇഫ്താര്‍ വിരുന്നുകളില്‍ എന്താണുണ്ടാകുന്നത്? ഓരോരുത്തര്‍ വന്ന് പ്രസംഗിച്ചു പോകുന്നു. സമയമാകുമ്പോള്‍ ഭക്ഷണം കഴിച്ച് പിരിഞ്ഞു പോകുന്നു. അതില്‍ പരസ്പര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നില്ല എന്നാണെനിക്കു തോന്നുന്നത്.
എന്റെ കുട്ടിക്കാലത്തൊക്കെയുണ്ടായിരുന്ന പോലെ, അയല്‍പക്കത്തെ മുസ്ലിം വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടു തരിക, ഓണത്തിന് അവര്‍ക്ക് കൊണ്ടു കൊടുക്കുക… ഇങ്ങനെയൊക്കെയുള്ള രീതികള്‍ മാറി, ആഘോഷങ്ങള്‍ക്ക് സ്‌കൂളുകളും ഹാളുകളുമൊക്കെ തിരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ സാമൂഹ്യ ബന്ധങ്ങളെക്കൂടി അത് ബാധിക്കുന്നുണ്ട്. ഒരു സാമൂഹികാന്തരീക്ഷം അതില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും അത് അത്തരമൊരു അവസ്ഥ ഉണ്ടാക്കുന്നില്ല. ഇത്തരം രീതികളുടെ പോരായ്മയാണതെന്നാണ് എനിക്കു തോന്നുന്നത്.
ബന്ധങ്ങളിലുള്ള പ്രശ്‌നങ്ങള്‍ ഇക്കാലത്ത് സമുദായാന്തര ബന്ധങ്ങളില്‍ മാത്രമല്ലല്ലോ. സമുദായങ്ങള്‍ക്കുള്ളിലുള്ള ബന്ധങ്ങള്‍ പോലും പഴയ പോലെ ദൃഢമല്ലല്ലോ. അത് ഒരു സമുദായ വിഷയമല്ല. മനുഷ്യന് മൊത്തത്തില്‍ വന്ന മാറ്റത്തിന്റെ വിഷയമായിട്ടാണെനിക്ക് തോന്നുന്നത്.
എന്റെ സുഹൃത്ത് ഹുസൈനെ, എന്റെ സുഹൃത്ത് എന്നല്ലാതെ അവന്‍ ഒരു മുസ്‌ലിമാണെന്നോ അല്ലെങ്കില്‍ ഞാന്‍ ഹിന്ദുവാണെന്നോ ഉള്ള ഒരു പ്രശ്നമോ ചിന്തയോ അന്ന് വന്നിരുന്നേയില്ല. അതിപ്പോഴുമില്ല.
ദിലിപ് കുമാര്‍ മരണപ്പെട്ടല്ലോ. അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് യൂസുഫ് ഖാന്‍ എന്നാണ്. ആ യൂസുഫ് ഖാന്‍ എന്ന പേര് അറിയണ്ട ഒരാവശ്യവും നമുക്കിപ്പോഴില്ല. അദ്ദേഹം ദിലിപ് കുമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടതു തന്നെ. എന്നാല്‍ ഒരാള്‍ ദിലിപ് കുമാര്‍ എന്നെഴുതി ബ്രാക്കറ്റില്‍ യൂസുഫ് ഖാന്‍ എന്നെഴുതി കണ്ടു. യൂസുഫ് ഖാന്‍ എന്നെഴുതിയിട്ട് ബ്രാക്കറ്റില്‍ ദിലിപ് കുമാര്‍ എന്നെഴുതിയാല്‍ മനസിലാക്കാം. അതൊരു മുസ്ലിം ചെറുപ്പക്കാരനാണ് ഇട്ടത്. ഞാനപ്പോള്‍ ആലോചിച്ചു പോയി. ഇതു തന്നെ ഒരു ഹിന്ദു ഇടുകയാണെങ്കിലോ, അദ്ദേഹം ഹിന്ദുവല്ല എന്നു കാണിക്കാനായി. രണ്ടും ഒന്നു തന്നെയാണ്. ഒരാള്‍ അത് നമ്മുടെ ആളാണെന്നു പറയുന്നു, മറ്റവന്‍ നമ്മുടെ ആളല്ല എന്നു പറയുന്നു. ആ മനുഷ്യന്‍ ദിലിപ് കുമാര്‍ എന്ന പേരില്‍ ജീവിച്ചു, അദ്ദേഹത്തിനതു വിഷയമായിരുന്നില്ല. അപ്പോള്‍, ഇത്തരം എഴുത്തുകളൊക്കെ ഉള്ളിലുള്ള വര്‍ഗീയത പുറത്തു ചാടുന്നതാണ്. അല്ലാതെ അദ്ദേഹം ഇന്ന മതക്കാരനാണെന്നറിയുന്നതുകൊണ്ട് എന്തെങ്കിലും പ്രത്യേക രോമാഞ്ചം ഉണ്ടാകാനുണ്ടോ!
മുഹമ്മദ് റഫിയെ ഇന്ത്യന്‍ ജനതയൊന്നടങ്കം അംഗീകരിക്കുന്നു. അത് അദ്ദേഹം മുസ്‌ലിമാണ് എന്നതു കൊണ്ടല്ലല്ലോ. പക്ഷേ, ഇത്തരത്തില്‍ മതങ്ങളിലേക്ക് ചുരുക്കുന്ന ഒരു കാലാവസ്ഥ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയൊരു കാഴ്ചപ്പാട് മുന്‍തലമുറക്കുണ്ടായിരുന്നില്ല. ഇതൊക്കെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. അത് പക്ഷേ, പണ്ടുള്ളതിനേക്കാളും എത്രയോ കൂടിയിട്ടുണ്ട്.

? ആഘോഷാവസരങ്ങളിലുള്ള കൊള്ളക്കൊടുക്കലുകള്‍ ബന്ധങ്ങളെ വളര്‍ത്തുന്നതില്‍ കാര്യമായ പങ്കു വഹിച്ചിരുന്നു എന്നു പറയാന്‍ സാധിക്കും. വടകര പോലെയൊരു സ്ഥലത്ത് ജീവിക്കുന്ന താങ്കള്‍ക്ക് പെരുന്നാളുമായി ബന്ധപ്പെട്ട് ഒരുപാട് അനുഭവങ്ങളുണ്ടാവും. അവയെക്കുറിച്ച് പറയാമോ.
അങ്ങനെ അനുഭവങ്ങള്‍ എന്ന് പറയാമോ എന്നെനിക്കറിയില്ല. അന്ന് വളരെ സാര്‍വത്രികമായ ഒരു കാര്യമായിരുന്നു. അതില്‍ പ്രത്യേകമായ ഒന്ന് കാണേണ്ട കാര്യമുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്താണത് വേറിട്ടു തോന്നുന്നത്. പഴയ കാലത്ത് അങ്ങനെ വേറിട്ടു തോന്നിയിട്ടില്ല.
പണ്ടത്തെ കല്യാണങ്ങളെയൊക്കെ പരിശോധിച്ചു നോക്കൂ. സുപ്രക്കിരിക്കുക എന്ന് പറഞ്ഞ പരിപാടിയുണ്ടായിരുന്നു പണ്ട്. എല്ലാവരും ഒരുമിച്ചിരുന്ന് ഒരുമിച്ച് വാരിത്തിന്നുക എന്ന ഒരേര്‍പ്പാടായിരുന്നു അത്. എനിക്ക് അതിഷ്ടമായിരുന്നില്ല. ഞാന്‍ ശീലിച്ചിട്ടില്ല എന്നതാണത് ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം. കഴിച്ചു കൊണ്ടിരിക്കുന്ന കൈകൊണ്ട് എന്റെ പ്ലേറ്റിലേക്കോ എന്റെ ഭാഗത്തേക്കോ ബിരിയാണി റൈസോ മറ്റെന്തെങ്കിലുമോ നീക്കി വെക്കുന്നത് എനിക്കറപ്പാണുണ്ടാക്കുക. എന്നാല്‍ അത് ശീലിച്ചിരുന്നവര്‍ക്കതൊരു പ്രശ്നവുമല്ല. അതില്‍ ഒരു സാഹോദര്യമുണ്ടായിരുന്നു എന്നതാണ് നാം കാണേണ്ടത്.
അത് മാറുന്നതോടെ വൈകാരികമായ ഒരന്തരീക്ഷം നമുക്ക് നഷ്ടപ്പെടുന്നുണ്ട്. ഇത്തരം രീതികള്‍ ശാസ്ത്രീയമായി തെറ്റായിരിക്കാം, പക്ഷേ അതിലൊക്കെ ഒരു വൈകാരിക തലമുണ്ട്. എന്നെ പരിഗണിക്കണം, എന്നെയൂട്ടണം എന്നു തുടങ്ങിയുള്ള സ്നേഹത്തിന്റെ തലങ്ങള്‍. അത്തരം തലങ്ങളൊക്കെ നിലനിന്നിരുന്നതിനാല്‍ തന്നെ ഒന്നിനെയും വെവ്വേറെയായി കാണേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ എല്ലാം വേറിട്ടു തോന്നാന്‍ തുടങ്ങുന്നു എന്നുള്ളതാണതിന്റെ വിഷയം.
എല്ലാ മതസ്ഥരിലുമുണ്ടീ സംഗതി. എത്രയില്ലെന്നു പറഞ്ഞാലും ജാതി മനസില്‍ കൊണ്ടു നടക്കുന്ന ഒരനുഭവം. പണ്ടു കാലത്ത് സ്ത്രീകളൊന്നും ജാതിപ്പേര് ഉപയോഗിക്കാറുണ്ടായിരുന്നില്ല. പേരു വെക്കുന്ന ട്രെന്റ് ഇപ്പോള്‍ രൂപപ്പെട്ടതാണ്. ഞാന്‍ വേറിട്ട് സവര്‍ണനാണെന്ന് കാണിക്കാന്‍ വേണ്ടിയുള്ള സംഭവം. പക്ഷേ, പണ്ട് ജാതിവാലുകള്‍ ഒഴിവാക്കാറായിരുന്നു പതിവ്. ഇന്ന് ജാതിപ്പേര് വെക്കുന്നവര്‍ തങ്ങള്‍ ഉന്നത ജാതിക്കാരാണെന്ന് അറിയിക്കാനാണ് അങ്ങനെ വെക്കുന്നത്. മുന്‍പ് ഇത്തരം വേര്‍തിരിച്ചിലുകള്‍ ഉണ്ടായിരുന്നില്ല. എല്ലാം എല്ലാവരുടേതുമായിരുന്നതിനാല്‍ അന്നത്ര പ്രത്യേകമായ ഒന്നായി പെരുന്നാളിനെയൊന്നും തോന്നേണ്ട കാര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നതല്ല അവസ്ഥ

? കോവിഡ് കടന്നു വന്നതിനു ശേഷം കഴിഞ്ഞ രണ്ടു വര്‍ഷമായി എല്ലാവരും ഒറ്റപ്പെടലിന്റെ അവസ്ഥയിലാണ്. നമ്മുടെ സാമൂഹ്യ ജീവിതത്തിലും അതിനെ ഊട്ടിയുറപ്പിക്കുന്ന ആഘോഷ അവസരങ്ങളിലും ഈ കാലം വരുത്തുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.
മനുഷ്യന് മനുഷ്യനായി ജീവിക്കണമെങ്കില്‍ സാമൂഹ്യ ജീവിതം അനിവാര്യമാണ്. ഞാനും എന്റെ ഭാര്യയും മക്കളും ഒരു വീടിനുള്ളില്‍ ഒതുങ്ങി ജീവിക്കുക എന്നത് മനുഷ്യന്റെ ജീവിതമല്ല. എന്നെപ്പോലുള്ള ആളുകള്‍ക്ക് അത്തരമൊരു ജീവിതം ഏറെ പ്രയാസകരമാണ്. ഞാനൊരു രോഗിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. മനുഷ്യര്‍ തമ്മില്‍ കാണാതെ ഇമേജ് കണ്ടതുകൊണ്ട് കാര്യമെന്താണ്!
നേരിട്ടു കാണാത്ത ഒന്നിനെ മാത്രമേ നമ്മള്‍ ഇഷ്ടപ്പെടുന്നുള്ളൂ. അത് ദൈവത്തെയാണ്. ബാക്കിയെല്ലാം നമ്മള്‍ നേരിട്ടു കാണുന്ന കാര്യങ്ങളല്ലേ. അത്തരമൊരു നേരിട്ടു കാണലില്ലാത്ത അവസ്ഥ എല്ലാറ്റിലും ഇപ്പോള്‍ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യം മനുഷ്യനെ വല്ലാതെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. അതേ സമയം നമ്മള്‍ ഏറെ നിസാരരാണെന്നും കൊറോണ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സാമൂഹ്യ ജീവിതമില്ലാതെ മനുഷ്യനില്ല. മനുഷ്യന്‍ മാത്രമല്ല, ജീവികള്‍ മൊത്തമങ്ങനെയാണല്ലോ. ഒരു കാക്കയ്ക്ക് വല്ലതും പറ്റുമ്പോഴേക്ക് മുഴുവന്‍ കാക്കകളും വന്ന് കരഞ്ഞുകൊണ്ടിരിക്കുന്നത് കണ്ടിട്ടില്ലേ.
സാമൂഹ്യമായിട്ടേ നമുക്കൊക്കെ ജീവിക്കാനാകൂ. ആഘോഷങ്ങളുടെയൊക്കെ പൊരുളു തന്നെ അതാണ്. ബലി പെരുന്നാളാകട്ടെ, ചെറിയ പെരുന്നാളാകട്ടെ, ആശയപരമായ ഒരു സംഗതി അതില്‍ ഉണ്ടെങ്കില്‍ പോലും അതിന്റെ ആശയത്തെ പരിചയമില്ലാത്തവര്‍ പോലും ആഘോഷിക്കുന്നില്ലേ? ഭക്ഷണം കഴിക്കാനും ബന്ധം പുതുക്കാനും മനുഷ്യനു കൂടിച്ചേരാനുമൊക്കെയുള്ള അവസരമായാണതിനെ അവര്‍ കാണുന്നത്. അതു വിഭാവനം ചെയ്തിരിക്കുന്നതും അങ്ങനെ തന്നെയാണല്ലോ. ഭക്തി മാത്രമാണെങ്കില്‍ പള്ളിയില്‍ പോയി പ്രാര്‍ഥിച്ചാല്‍ പോരേ. സാമൂഹ്യമായ കൂടിച്ചേരല്‍ ഉണ്ടാവുക എന്നത് ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗം തന്നെയാണ്. ഒരു പള്ളിയുടെ അന്തരീക്ഷത്തില്‍ നിന്ന് എല്ലാ കുടുംബങ്ങളും ഒത്തു ചേരുന്ന അന്തരീക്ഷത്തിലേക്ക് മാറുക, എല്ലാ സമുദായങ്ങളും ഒരുമിച്ചിരിക്കുക എന്ന ഒരു സോഷ്യല്‍ ചിന്ത തന്നെയാണത്.
എല്ലാ ആഘോഷങ്ങളും അത്തരത്തിലുള്ള സാമൂഹ്യമായ കൂടിച്ചേരലിനുള്ള അവസരം കൂടിയാണ്. വിദേശത്തെ ഓണാഘോഷം ശ്രദ്ധിച്ചു നോക്കൂ. അത് ആഘോഷിക്കുന്നവരിലധികവും മുസ്ലിംകളാണ്. അവര്‍ക്ക് ഓണം കുറേ ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയാണ്. ലീവുള്ള ഓരോ വെള്ളിയാഴ്ചയും ഓരോ സമാജത്തിന്റെ പരിപാടിയാകും. ജാതി മത ഭേദമില്ലാതെ നമ്മുടെ നാട്ടിലേക്കാള്‍ കൂടുതല്‍ ആളുകള്‍ അവിടെ പങ്കെടുക്കുന്നു. അത് ഒരു മതപരമായ ആചാരമായി അവര്‍ കാണുന്നേ ഇല്ല. കൂടിച്ചേരലിനുള്ള അവസരമായാണവരതിനെ കാണുന്നത്. അവര്‍ക്കുള്ളിലില്ലാത്ത ചിന്തയെ എന്തിനാണ് കുത്തി വെക്കുന്നത്. പെരുന്നാളാകട്ടെ, ഓണമാകട്ടെ ക്രിസ്തുമസാകട്ടെ അതിന്റെ ആരാധനാംശത്തിനപ്പുറത്ത് സാമൂഹികമായ അംശത്തിലേക്ക് പോകുന്നതാണ് നന്മ.

? പെരുന്നാള്‍ പോലുള്ള ആഘോഷങ്ങള്‍ സംഗീതത്തിന്റെയും കൂടി മാര്‍ക്കറ്റ് രൂപപ്പെടുന്ന സമയമാണ്. പെരുന്നാളിനോടനുബന്ധിച്ച് ഗാനമേളകള്‍ സജീവമായിരുന്നു. പുതിയ ആല്‍ബങ്ങളുടെയൊക്കെ റിലീസിന് പെരുന്നാള്‍ പോലുള്ള ആഘോഷങ്ങളെയായിരുന്നു തിരഞ്ഞെടുത്തിരുന്നത്. പെരുന്നാളുമായി ബന്ധപ്പെട്ട് വല്ല സംഗീത അനുഭവങ്ങളും ഉണ്ടോ.
അങ്ങനെ പറയത്തക്കതായ സംഗീത അനുഭവങ്ങള്‍ എനിക്കില്ല. ഗാനമേളകള്‍ ഒക്കെ ഉള്ള പ്രോഗ്രാമുകളില്‍ ചിലപ്പോള്‍ ഉദ്ഘാടകനായിട്ടുണ്ട് എന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് എടുത്തു പറയാനുള്ള അനുഭവങ്ങളൊന്നുമില്ല. എന്നാല്‍ ഇത്തരം ആഘോഷങ്ങളെ വിപണനവത്കരിക്കുമ്പോള്‍ അതിന്റെ മൂല്യം നഷ്ടപ്പെട്ടു പോകുന്നുണ്ട് എന്നെനിക്കു തോന്നിയിട്ടുണ്ട്. കലാകാരനും ആസ്വാദകനും ഇടയില്‍ നില്ക്കുന്ന ഇടനിലക്കാരന്‍ അതില്‍ വിപണി മാത്രമാണ് ലക്ഷ്യമിടുന്നത്. ഗള്‍ഫിലൊക്കെയാണെങ്കില്‍ അതൊരു ബിസിനസു തന്നെയാണ്. മനുഷ്യ മനസിലെ ആഘോഷം എന്ന അന്തരീക്ഷത്തിനെ കച്ചവടത്തിനു വേണ്ടി ഉപയോഗിക്കുക എന്നൊരു രീതിയാണതില്‍ വരുന്നത്. വേറൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഈ മനസുകളെ ചൂഷണം ചെയ്യുകയാണ്. ഓണ സമയത്ത് ഓണവുമായി ബന്ധപ്പെട്ട സി ഡി ഇറക്കുക, പെരുന്നാളിന് പെരുന്നാള്‍ സംബന്ധമായ സി ഡി ഇറക്കുക എന്നൊക്കെ പറയുന്നത്, ആ സന്ദര്‍ഭത്തെ ചൂഷണം ചെയ്യുക എന്നൊരു വശം കൂടി അതിനുണ്ട്. സംഗീതം എപ്പോഴും ആസ്വദിക്കാന്‍ പറ്റുന്നതാണല്ലോ. ദൈവ ചിന്തകളും എല്ലാ കാലത്തുമുള്ളതാണ്.
‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ’ എന്ന പാട്ട് ബലി പെരുന്നാളുമായി ബന്ധപ്പെട്ട പാട്ടാണല്ലോ. അത് ഒരു ദിവസത്തിന്റെ മാത്രം പ്രശ്നമല്ലല്ലോ. ദൈവമാണ്, ഭക്തിയാണ് പരമപ്രധാനമായ സംഗതി, അതില്‍ ഒരാള്‍ വിശ്വാസമര്‍പ്പിച്ചാലുണ്ടാകാവുന്ന സംഗതിയാണല്ലോ അതില്‍ പറയുന്നത്. ആ ഒരു ചിന്ത എന്നും ആവശ്യമാണ് എന്നതിനാലാണല്ലോ ആ ഒരു ദിവസം നമ്മെ അതോര്‍മിപ്പിക്കുന്നത്. ദിവസം ഒരോര്‍മപ്പെടുത്തല്‍ മാത്രമാണ്. ഈ ചിന്തകള്‍ വര്‍ഷം മുഴുക്കെ ഉണ്ടാകണം എന്നതാണ് ഈ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നത്. എന്നാല്‍, ഇത് ഡൈവേര്‍ട്ട് ചെയ്ത് വ്യാപാരചിന്തയിലേക്ക് പോയാല്‍ ആ ചിന്തയ്ക്ക് സ്ഥാനമില്ലാതാകുന്നില്ലേ. ഈയൊരാലോചന എന്റെ മനസിലുണ്ടാവാറുണ്ട്.

? ജീവിതത്തില്‍ ഏറ്റവും സന്തോഷമനുഭവപ്പെട്ട കാര്യം പങ്കുവെച്ചുകൊണ്ട് നമുക്ക് സംസാരം അവസാനിപ്പിക്കാമെന്നു തോന്നുന്നു
സന്തോഷമൊക്കെ വളരെ ആപേക്ഷികമായ കാര്യമല്ലേ. സാമൂഹ്യ ജീവി എന്ന നിലക്ക് എന്നെ സന്തോഷിപ്പിച്ചിട്ടുള്ളത്, ആഘോഷ സന്ദര്‍ഭങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്ക്കുന്നതൊക്കെ കണ്ട സന്ദര്‍ഭങ്ങളിലാണ്.
പാട്ടുകൊണ്ടും സംഗീതം കൊണ്ടും കുറേയൊക്കെ യോജിപ്പുണ്ടാക്കാന്‍ പറ്റും എന്നു വിചാരിക്കുന്ന ഒരന്ധവിശ്വാസിയാണ് ഞാന്‍. പക്ഷേ, ഏറ്റവും നന്നാവേണ്ടത് നേതൃ നിരയാണ്. സമൂഹത്തിനു നേതൃത്വം നല്കുന്നവരിലാണ് മാറ്റങ്ങള്‍ വരേണ്ടത്. മുഹമ്മദ് നബിയെ എടുക്കൂ. അങ്ങനെയൊരാശയത്തെ ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞല്ലോ.
യേശു ക്രിസ്തുവിനെ നോക്കൂ. ഗാന്ധിയെ നോക്കൂ. പരിവര്‍ത്തനങ്ങളൊക്കെയുണ്ടാവുന്നത് നല്ല നേതാക്കളിലൂടെയാണ്. അത്തരത്തിലൊരു നേതൃത്വം ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയിലോ മതങ്ങളിലോ സമൂഹത്തിലോ കലയിലോ ഇല്ല.
വയലാറിന്റെ ഒരു വരിയുണ്ടല്ലോ
അന്തിക്കിടയനെ
കാണാതലയുന്ന
ആട്ടിന്‍ പറ്റങ്ങള്‍
ഞങ്ങള്‍

എന്ന്. ഒരു ഇടയനില്ല നമുക്കിപ്പോള്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x