സ്‌നേഹത്തിന്റെ ഐക്യമുന്നണി ശക്തമാക്കണം
മുഖ്താര്‍ ഉദരംപൊയില്‍
ശക്തമായ കവിതകളിലൂടെ മാനവികതയുടെ രാഷ്ട്രീയം ഉച്ചത്തില്‍ പറയുന്ന കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് പി എന്‍ ഗോപീകൃഷ്ണന്‍. ഹിന്ദുത്വ ഫാസിസത്തിനെതിരെ ആധികാരികമായും കൃത്യമായും സംസാരിക്കുകയും സംവദിക്കുകയും ചെയ്യുന്ന ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഗാന്ധി വധത്തിന്റെ സമഗ്ര ചരിത്രം പറയുന്ന ഈ കൃതി ഹിന്ദുത്വ ഫാസിസത്തിന്റെ സമഗ്ര ചരിത്രം കൂടിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘നാഥുറാം ഗോഡ്‌സെയും ഹിന്ദുത്വത്തിന്റ സത്യാനന്തര പരീക്ഷണങ്ങളും’ എന്ന പുസ്തകവും ഹിന്ദുത്വ ഫാസിസത്തെ ചരിത്രത്തിന്റെ വെളിച്ചത്തില്‍ പൊളിച്ചുകാണിക്കുന്നതാണ്. ‘മടിയരുടെ മാനിഫെസ്റ്റോ’, ‘ഇടിക്കാലൂരി പനമ്പട്ടടി’, ‘ബിരിയാണിയും മറ്റു കവിതകളും’, ‘കവിത മാംസഭോജിയാണ്’ എന്നിവ പ്രധാന കവിതാസമാഹാരങ്ങളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ച പി എന്‍ ഗോപീകൃഷ്ണന്‍ ആഘോഷത്തിന്റെ സാംസ്‌കാരിക ഭൂമിക, കവിതയിലും എഴുത്തിലുമുള്ള നിലപാടുകള്‍, സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കണം എന്നിവയെക്കുറിച്ചു സംസാരിക്കുന്നു.
പരസ്പരം അറിയാനും അടുക്കാനുമുള്ള അവസരങ്ങള്‍ കൂടിയാണല്ലോ ആഘോഷങ്ങള്‍. സമകാലിക സാഹചര്യത്തില്‍ ആഘോഷങ്ങളുടെ പ്രസക്തി എന്താണ്?
ആഘോഷങ്ങളെ മനുഷ്യര്‍ മനസ്സിലാക്കുന്നത് അനുഭവത്തിലൂടെയാണ്. അതിനു പിന്നിലുള്ള ചരിത്രത്തിലൂടെയോ സാഹചര്യങ്ങളിലൂടെയോ സൈദ്ധാന്തികമായ കാര്യങ്ങളിലൂടെയോ അല്ല. കൂടിച്ചേരലുകളായിരുന്നു ആഘോഷങ്ങള്‍. മനുഷ്യരെപ്പറ്റി പറയുമ്പോള്‍, ഒക്ടാവിയോ പാസിന്റെ ഒരു ലേഖനമുണ്ട്. ഡേ ഓഫ് ദി ഡെഡ്, മരിച്ചവരുടെ ദിവസം. അത് മെക്‌സിക്കോയിലെ ആഘോഷങ്ങളെ പറ്റിയുള്ള ലേഖനമാണ്. മനുഷ്യന് രണ്ട് അഗ്രിമതകള്‍ ഉണ്ടെന്നാണ് അദ്ദേഹം ആ ലേഖനത്തില്‍ പറയുന്നത്. ഒരറ്റം ഏകാന്തതയാണ്. മറ്റേ അറ്റം ലോകാന്തതയും.
പൂന്താനം പറഞ്ഞപോലെ, കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും. നമ്മള്‍ ഒറ്റക്കാണ് ഈ ഭൂമിയിലേക്ക് വരുന്നത്. ഒറ്റക്കാണ് പിരിഞ്ഞുപോവുന്നതും. തുടക്കവും അവസാനവും ഒറ്റക്കാണ്. ഇതിന്റെ ഇടയില്‍ ഏകാന്തമായ ഒരു ജീവിതം നമുക്കുണ്ട്. മറ്റുള്ളവരില്‍ നിന്നു മാറിനിന്നിട്ടുള്ള ഒരു ജീവിതം. അതേസമയം തന്നെ മനുഷ്യന്റെ മറ്റേ അറ്റം വലിയ ലോകാന്തതയാണ്. എന്നുപറഞ്ഞാല്‍, ഉത്സവത്തിന്റെ, ആഘോഷങ്ങളുടെ മൂര്‍ധന്യാവസ്ഥയില്‍ ഞാനില്ല അവിടെ, എല്ലാവരും ചേര്‍ന്ന ഒരു കൂട്ടമാണുള്ളത്. ഉത്സവത്തിന്റെ കൂടിച്ചേരലില്‍ നമ്മുടെ ചലനങ്ങളൊക്കെ നഗരത്തില്‍ ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കുന്ന പോലെയോ റോഡിന്റെ ഇടതുവശം ചേര്‍ന്നു നടക്കുന്നതുപോലെയോ അല്ലല്ലോ. എവിടേക്കൊക്കെയോ പോവുന്നു. കൂട്ടത്തിലിരിക്കുന്നു. ആളുകളുടെ കൈ പിടിക്കുന്നു. ആശ്ലേഷിക്കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ആഘോഷത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നമ്മളേയുള്ളൂ. ഞാന്‍ എന്ന് പറയുന്ന അംശമില്ല. നമ്മള്‍ എന്ന് പറയുന്ന ഒരു കൂട്ടത്തിന്റെ ഭാഗമായിട്ട് ഞാന്‍ തീരും.
പരസ്പരം അറിയുക എന്നതുകൂടിയാണല്ലോ ആഘോഷങ്ങളുടെ ആത്മാവ്. മതേതരത്വം നേരിടുന്ന ഒരു പ്രതിസന്ധി മറ്റുള്ളവരെ മനസ്സിലാക്കാത്തതുകൂടിയല്ലേ?
യഥാര്‍ഥത്തില്‍ മതേതരത്വം എന്ന് പറയുന്നത് അപരനെ കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഞാന്‍ മാത്രമായിട്ട് ഒരു ലോകമില്ല. എന്റെ ലോകത്തില്‍ മറ്റു പലരുമുണ്ട്. ആഘോഷത്തില്‍ അത് അനുഭവിക്കുകയാണ് നാം. അത് മതേതരത്വമാണെന്ന് നാം പ്രത്യേകം പറയേണ്ട ആവശ്യമില്ല. അത് നമ്മുടെ ഉള്ളില്‍ തന്നത്താന്‍ നിറയുന്നതാണ്. മറ്റൊരാളെ കാണുമ്പോള്‍ നമുക്ക് സന്തോഷമാണ് തോന്നേണ്ടത്, വെറുപ്പല്ല എന്ന പ്രധാനപ്പെട്ട കാര്യം നമ്മള്‍ ഇതിലൂടെ പഠിക്കുന്നുണ്ട്. ആരും അന്യരല്ല എന്നു പറയുന്ന ഒരു ബോധം അതിന്റെ ഉള്ളില്‍ വരും. ഇതൊക്കെ കഴിഞ്ഞ് നമ്മള്‍ നമ്മുടെ ജീവിതത്തിലേക്ക് മടങ്ങുമെങ്കിലും, വലിയൊരു അറിവും കൊണ്ടാണ് ആ മടക്കം. ആ അര്‍ഥത്തില്‍ ഒരു പെരുന്നാള്‍ കഴിഞ്ഞാല്‍ അടുത്ത പെരുന്നാളു വരെ ജീവിക്കാനുള്ള ഊര്‍ജം ലഭിക്കും. ഭക്ഷണം കൊണ്ട് മാത്രമല്ലല്ലോ മനുഷ്യന്‍ ജീവിക്കുന്നത്. മറ്റു പലകാര്യങ്ങള്‍ കൂടി ആവശ്യമാണല്ലോ. ആ തരത്തിലുള്ള ഒരു ഊര്‍ജം മനുഷ്യര്‍ക്ക് ആഘോഷങ്ങള്‍ നല്‍കുന്നുണ്ട്. ജീവിതത്തെക്കുറിച്ച് പ്രത്യാശ നിറഞ്ഞൊരു കാഴ്ചപ്പാട് തരുന്നു. അടുത്ത പെരുന്നാളിന്, അല്ലെങ്കില്‍ അടുത്ത ഒരു ആഘോഷത്തിന് നമ്മള്‍ വീണ്ടും കൂടിച്ചേരുമെന്ന വലിയ ഒരുറപ്പ് ജീവിതത്തില്‍ കിട്ടുന്നു. പല അര്‍ഥത്തില്‍ വലുപ്പമുള്ള സംഗതിയാണത്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അതിന് വളരെ പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ ഒരു 500 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഭാഷ മാറും, വേഷം മാറും, ഭക്ഷണരീതി മാറും, ആരാധനാരീതികള്‍ മാറും. ഇങ്ങനെയൊക്കെ വ്യത്യസ്തതകളുടെ ഇടമാണ് ഇന്ത്യ. അങ്ങനെ തന്നെ ഇന്ത്യയെ മനസ്സിലാക്കണം. ആ തിരിച്ചറിവാണ് പ്രധാനം. ആ വ്യത്യസ്തകളെ ഒരുമിച്ചു നിലനിര്‍ത്തുന്ന വലിയ അടുപ്പം മനുഷ്യര്‍ തമ്മിലുണ്ട്. അത് ഏറ്റവും പ്രത്യക്ഷമായി കാണുന്ന സന്ദര്‍ഭമാണ് ആഘോഷങ്ങള്‍.
എനിക്ക് ഓര്‍മയുണ്ട്, എന്റെ അമ്മയുടെ കൂട്ടുകാരിയാണ് സൈനബ ടീച്ചര്‍. അമ്മയും സൈനബ ടീച്ചറും ഒരു വിദ്യാലയത്തിലെ അധ്യാപകരായിരുന്നു. പെരുന്നാളാവുമ്പോള്‍ ഞങ്ങള്‍ സൈനബ ടീച്ചറുടെ വീട്ടില്‍ നിന്ന് പലഹാരങ്ങള്‍ കൊണ്ടുവരുന്നത് കാത്തിരിക്കും. അങ്ങനെ കാത്തിരിക്കുക എന്ന് പറയുന്നത് വലിയൊരു കാര്യമല്ലേ?. ഓണത്തിനും വിഷുവിനുമൊക്കെ എന്റെ വീട്ടില്‍ നിന്ന് ഒരു ഭാഗം സൈനബ ടീച്ചറുടെ വീട്ടിലും എത്തും. അതു ഭക്ഷണമാവാം, സന്ദര്‍ശനമാവാം. അങ്ങനെ പല തരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്ന സ്‌നേഹവികാരങ്ങളായിരുന്നു ആഘോഷങ്ങള്‍. ഇന്നത്തെ കാലത്താണ് അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. അന്ന് നമ്മള്‍ അതിന്റെ സന്തോഷം മാത്രമേ അനുഭവിച്ചിരുന്നുള്ളൂ. ഇക്കാലത്ത് ഇതിനൊക്കെ വലിയ പ്രാധാന്യമുണ്ടാവും എന്നു പോലും അന്ന് ആലോചിച്ചിട്ടില്ല എന്നത് മറ്റൊരു കാര്യം.
ജനിച്ചു വളര്‍ന്നത് കൊടുങ്ങല്ലൂരിലാണല്ലോ. കൊടുങ്ങല്ലൂരിലെ സാംസ്‌കാരിക പരിസരം എഴുത്തിനെയും നിലപാടുകളെയും ഏതൊക്കെ തരത്തില്‍ സ്വാധീനിച്ചിട്ടുണ്ട്?
കൊടുങ്ങല്ലൂരില്‍ എല്ലാമുണ്ട്. ചേരമാന്‍ പള്ളിയുണ്ട്, സെന്റ് തോമസ് വന്നു എന്ന് വിശ്വസിക്കുന്ന സ്ഥലങ്ങളുണ്ട്. ജൂതന്‍മാര്‍ ഉണ്ടായിരുന്നു. പല തരത്തിലുള്ള മനുഷ്യര്‍ ജീവിച്ചിരുന്ന പ്രദേശമാണ് കൊടുങ്ങല്ലൂര്‍. പലതരത്തിലുള്ള ഭക്ഷണം അവിടെ കിട്ടും. പല വിധത്തിലുള്ള ആഘോഷരീതികള്‍ അനുഭവിക്കാം. ഇതൊക്കെ മനുഷ്യരുടെ മനസ്സിലുണ്ട്. ചരിത്രം മണ്ണിനടിയിലേക്കാണ് പോവുക എന്നാണ് കരുതപ്പെടുന്നത്. ചരിത്രം മണ്ണിനടിയിലേക്ക് മാത്രമല്ല മനുഷ്യരുടെ മനസ്സിലേക്കും കടക്കും. മനസ്സിന്റെ ഡി എന്‍ എ ഉണ്ടാക്കിയെടുക്കുന്നതില്‍ കൊടുങ്ങല്ലൂര്‍ വളരെ സഹായിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ നമ്മള്‍ ജീവിക്കുമ്പോള്‍ എന്റെ മതമേതാണെന്നോ എന്റെ കൂട്ടുകാരന്‍ ഏത് മതക്കാരനാണെന്നോ ഒന്നും ചിന്തിക്കേണ്ട ആവശ്യം ഒരു ഘട്ടം വരെ ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളൊക്കെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതു വരെ. അങ്ങനെ ഒരു അന്തരീക്ഷം പോലും കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നില്ല. കൂട്ടുകാരുമായി തര്‍ക്കിച്ചിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്, പലതരം പ്രശ്‌നങ്ങളെ പറ്റി രൂക്ഷമായി സംസാരിച്ചിട്ടുണ്ട്. പക്ഷേ ഇതൊക്കെ ലോകത്തെ പറ്റിയുള്ള ആശങ്കകളായിരുന്നു. എന്റെ മതം, എന്റെ സമുദായം, എന്റെ ജാതി എന്നൊന്നും ഞങ്ങളുടെ വിഷയമായിരുന്നില്ല. എന്നോട് സംസാരിക്കുന്ന ആളുടെ മതം വേറെയാണെന്നോ ജാതി വേറെയാണെന്നോ എന്നൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ നമ്മുടെയൊക്കെ മനസ്സിന്റെ ഭാഗമായിരുന്നു ഈ കൂട്ടായ ജീവിതം. കേരളത്തിലെ എല്ലാ ഗ്രാമങ്ങളുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്.
ഞാന്‍ ആലോചിക്കാറുണ്ട്, ഞാന്‍ വേറൊരു സ്ഥലത്ത് ജനിച്ച് വളരുകയായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്റെ ജീവിതവും രാഷ്ട്രീയ വീക്ഷണവുമെന്ന്. അങ്ങനെ ആലോചിക്കുന്നതില്‍ അര്‍ഥമില്ലെന്നറിയാം. 1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതു വരെ മതസംഘര്‍ഷങ്ങളെ കുറിച്ച് ആലോചിക്കേണ്ടി പോലും വന്നിട്ടില്ല. മതസംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ പോലും ഞങ്ങള്‍ എല്ലാവരുമിരുന്ന് ചിരിക്കാറുണ്ടായിരുന്നു. ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ അവരൊക്കെ എന്ത് ബോധമില്ലാത്ത മനുഷ്യരാണെന്നൊക്കെ ചിന്തിച്ചിരുന്നു.
നമ്മള്‍ എന്ന് പറയുന്നത് നമ്മുടെ ഒരു ജൈവിക ശരീരം മാത്രമല്ല, കൊടുത്തും വാങ്ങിയും രൂപപ്പെടുന്ന സ്വത്വം കൂടിയാണല്ലോ. ആ അര്‍ഥത്തില്‍ കൊടുങ്ങല്ലൂരിലെ ജീവിതം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ശക്തമായ രാഷ്ട്രീയ കവിതകള്‍ എഴുതിയ കവിയാണ് താങ്കള്‍. കവിതകളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും വീക്ഷണവും എഴുത്തിലും പറച്ചിലിലും പ്രകടവുമാണ്. എന്താണ് കവിതയുടെ രാഷ്ട്രീയം?
ഒരു രാഷ്ട്രീയ കവിയില്‍ രാഷ്ട്രീയബോധമുള്ള ഒരു വ്യക്തിയുണ്ട്. രാഷ്ട്രീയ ബോധ്യം എന്നു പറയുന്നത് കക്ഷിരാഷ്ട്രീയമല്ല. അയാളുടെ സംഘടന ജനത മുഴുവനാണ്. തന്റെ കൂടെയുള്ളവരെയും അപ്പുറത്തും ഇപ്പുറത്തുമുള്ള മനുഷ്യരെയും എല്ലാം ചേര്‍ത്തുപിടിക്കുന്ന ഒരു സ്‌നേഹത്തിന്റെ പേരു കൂടിയാണ് രാഷ്ട്രീയം. നമ്മള്‍ കഴിയുന്നത് ഒരു രാഷ്ട്രീയ ജീവിതത്തിലാണ്, തിരഞ്ഞെടുപ്പും ഭരണകൂടവും ഭരണകൂടത്തിന്റെ നിയന്ത്രണവും നിയമങ്ങളുമൊക്കെ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍. രാഷ്ട്രീയത്തില്‍ നിന്ന് നമുക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരു വ്യക്തി മാത്രമല്ല, ഒരു പൗരന്‍ കൂടിയാണ്. ഒരു പൗരനും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പ്രധാനപ്പെട്ടതാണ്. ഒരു വ്യക്തി എന്ന നിലക്ക് സ്വാതന്ത്ര്യത്തെ കുറിച്ച് എനിക്ക് ചില സങ്കല്‍പങ്ങളുണ്ടാവും, എന്നാല്‍ പൗരന്‍ എന്ന നിലയ്ക്ക് ഞാന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം മറ്റൊന്നാണ്. ഒരേ വായുവും ചരിത്രവും ശ്വസിച്ച് ജീവിക്കുന്ന മറ്റൊരു മനുഷ്യന്‍ ആ മനുഷ്യന്റെ സ്വാതന്ത്ര്യവും എന്റെ സ്വാതന്ത്ര്യവും തമ്മില്‍ വ്യത്യാസപ്പെടുന്നത് എവിടെയാണ്? അത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍ ഇതെല്ലാം വിട്ടെറിഞ്ഞ് വളരെ കാല്‍പനികമായ കവിത എഴുതുക എന്നു പറഞ്ഞാല്‍ അത് എന്നോടു തന്നെയും ലോകത്തോടും ചെയ്യുന്ന വഞ്ചനയാണെന്ന് ഞാന്‍ കരുതുന്നു. ആ അര്‍ഥത്തില്‍ രാഷ്ട്രീയ കവിതക്ക് വലിയ സാംഗത്യമുള്ള കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരു സമുദായത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ട് ഒരു നിയമം അയാളുടെ സ്വാതന്ത്ര്യം കെടുത്തുന്നു. അതേ സമയം മറ്റൊരു സമുദായത്തില്‍ ജനിച്ചതുകൊണ്ടു മാത്രം അയാള്‍ക്ക് ആ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്നു. അത്തരമൊരു സമൂഹത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍, ഒരേ ചരിത്രത്തില്‍ ജീവിക്കുന്ന മനുഷ്യരെ പലതരത്തില്‍ തിരിക്കുന്ന ഭരണകൂട പെരുമാറ്റങ്ങള്‍ വരുമ്പോള്‍ സ്വാഭാവികമായും അത് രേഖപ്പെടുത്തേണ്ടി വരും. ഈ രേഖപ്പെടുത്തല്‍ വളരെ പ്രധാനപ്പെട്ടതാണ്. പത്രത്തിലോ ടിവിയിലോ ദൈനംദിന ചരിത്രത്തിന്റെ അനുഭവം കിട്ടില്ല. അതില്‍ വാര്‍ത്ത മാത്രമേ ഉണ്ടാവൂ. ഗസ്സയില്‍ 14000 കുഞ്ഞുങ്ങള്‍ മരിച്ചു എന്ന വാര്‍ത്തയും പെട്രോളിന് വില കൂട്ടി എന്ന വാര്‍ത്തയും തമ്മില്‍ വ്യത്യാസമൊന്നുമില്ല. രണ്ടും ഒരേപോലത്തെ വാര്‍ത്തകളായി മാത്രമാണ് പത്രത്തിലും ടിവിയിലും വരിക. കവിതയില്‍ അങ്ങനെ അല്ല, കവിതയില്‍ അനുഭവം വളരെ പ്രധാനപ്പെട്ടതാണ്. അനുഭവങ്ങളെ രേഖപ്പെടുത്തുക എന്ന തരത്തില്‍ ചരിത്രത്തെ രേഖപ്പെടുത്തുന്നത് യഥാര്‍ഥത്തില്‍ കവിതയിലാണ്. കവിതയില്‍ ചരിത്രത്തിന്റെ കണ്ണീര് നമുക്കു മനസ്സിലാവും. വേദന അറിയാം. അത് മുഴുവന്‍ ഇന്നത്തെ കാര്യം പോലെ നാളത്തെ മനുഷ്യര്‍ക്ക് വായിക്കാന്‍ പറ്റും.
മനുഷ്യര്‍ക്ക് പ്രധാനമായി ചരിത്രമാണ് പഠിക്കാനുള്ളത്. ഇത്രയും കാലം മനുഷ്യകുലം ജീവിച്ചിരുന്നു എന്നു പറയുന്ന ചരിത്രത്തില്‍ നിന്നാണ് ഒരു മനുഷ്യന്‍ ആശയങ്ങള്‍ സ്വരൂപിക്കുന്നതും മുന്നോട്ടു പോകുന്നതും. ആ തരത്തില്‍ രാഷ്ട്രീയ കവിത ഇന്നിന്റെ ആവശ്യമാണ്. ഇതൊന്നുമില്ലാത്ത ലോകത്താണ് എന്ന മട്ടില്‍ എഴുതുന്ന കേവല സൗന്ദര്യത്തിന്റേതായ ചില വരികള്‍ സൃഷ്ടിക്കുക എന്ന തരത്തിലേക്കുള്ള ചിന്താഗതിയാണ് യഥാര്‍ഥത്തില്‍ ആര്‍ഭാടം.
‘നാഥുറാം ഗോഡ്‌സെയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷണങ്ങളും’ എന്ന പുസ്തകമാണല്ലോ ഹിന്ദുത്വ രാഷ്ട്രീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന താങ്കളുടെ ആദ്യ പുസ്തകം. തുടര്‍ച്ചയായി ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന പുസ്തകവും വന്നു. കവിതയില്‍ നിന്ന് ഹിന്ദുത്വ രാഷ്ട്രീയ നിരീക്ഷണത്തിലേക്കും പഠനത്തിലേക്കും വരുന്നത് എങ്ങനെയാണ്?
നമ്മുടെ ഭൂതകാലം മറ്റൊരു സംഗതിയാണ് എന്ന മട്ടില്‍ ഒരു നിര്‍മിത ഭൂതത്തെ ഉണ്ടാക്കിയാണ് ഫാസിസം വരുന്നത്. ഫാസിസം നമ്മുടെ ചരിത്രം ആകെ മാറ്റിമറിച്ചു. ഒരു ഹിന്ദു രാഷ്ട്രമായിരുന്നു ഇന്ത്യ, അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ഇന്ത്യ എന്നെല്ലാമുള്ള തരത്തില്‍ പറയുമ്പോള്‍, അതല്ലായിരുന്നു ഇന്ത്യ എന്ന് പറയേണ്ടത് അത്യാവശ്യമായിട്ട് വരും. അങ്ങനെ വരുമ്പോള്‍ നമുക്ക് യഥാര്‍ഥ ചരിത്രം എന്താണെന്ന് വീണ്ടും വീണ്ടും മനുഷ്യരെ ഓര്‍മിപ്പിക്കേണ്ടി വരും. ഭരണകൂടം ചരിത്രം സൃഷ്ടിക്കുന്നത് അതിന്റെ നേതാവ് പ്രസംഗിക്കുന്നതിലൂടെ മാത്രമല്ല, പാഠപുസ്തകങ്ങളിലൂടെയും നിരവധി മാധ്യമങ്ങളിലൂടെയും അത് നിര്‍മിക്കപ്പെടുന്നുണ്ട്.
ഇപ്പോള്‍ സവര്‍ക്കറെ കുറിച്ചു സിനിമ വന്നു. ആ സിനിമ കാണുന്ന പുതിയ കുട്ടികള്‍ക്ക് കിട്ടുന്ന ചരിത്രം സവര്‍ക്കര്‍ വലിയ തരത്തിലുള്ള, ഒരു പക്ഷേ ഗാന്ധിക്ക് പകരം വെക്കാവുന്ന ഒരു വ്യക്തി എന്ന തരത്തിലായിരിക്കും. സംസ്‌കാരത്തില്‍ ഉടനീളം അവര്‍ ഇടപെടും. സംസ്‌കാരത്തെ മാറ്റിമറിച്ചാണ് ഹിന്ദുത്വ വരുന്നത്. തീര്‍ച്ചയായും അങ്ങനെയല്ല ചരിത്രം എന്ന് പറയേണ്ടത് അത്യാവശ്യമായി വരുന്നു എന്നതുകൊണ്ടാണ് ‘നാഥുറാം ഗോഡ്‌സെയും ഹിന്ദുത്വത്തിന്റ സത്യാനന്തര പരീക്ഷണങ്ങളും’ എഴുതുന്നത്. അത് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എഴുതാനുള്ള ചവിട്ടുപടിയാവാം.
ഗാന്ധിയെ വിസ്മരിക്കുകയും സവര്‍ക്കര്‍ ഓര്‍മിപ്പിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യം അപകടകരമല്ലേ?
ഫാസിസം വളരുന്നത് നമ്മുടെ മറവി കൂടി ഉപയോഗിച്ചിട്ടാവും. ഫാസിസത്തിനെതിരെ നില്‍ക്കുന്ന സെക്കുലര്‍ പൊളിറ്റിക്‌സ് എന്നു വിളിക്കുന്ന വലിയ വിഭാഗത്തിന്റെ ഉദാസീനതകളില്‍ കൂടിയും മറവികളില്‍ കൂടിയുമാണ് പലപ്പോഴും ഫാസിസം വളര്‍ന്നുവലുതായത്. ലോകത്ത് എല്ലായിടത്തും അങ്ങനെയാണ്. മറവിയെ ഓര്‍മ കൊണ്ട് നിറക്കുക എന്നത് പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
1947 ആഗസ്ത് 15ന് സ്വാതന്ത്ര്യം നേടിയ അന്നുമുതല്‍ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. പലതരം പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ആത്യന്തികമായി മതേതരത്വത്തെ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഫാസിസ്റ്റ് കക്ഷികള്‍ അധികാരത്തിലേറുന്ന ഘട്ടം വരെ അതങ്ങനെത്തന്നെ ആയിരുന്നു. അതൊരു മൂല്യമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഗാന്ധിയും നെഹ്‌റുവും കോണ്‍ഗ്രസും സോഷ്യലിസ്റ്റ് പാര്‍ട്ടിയും അക്കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമടക്കമുള്ള വലിയ നേതാക്കളും പാര്‍ട്ടികളും പരിശ്രമിച്ചിരുന്നു. പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ത്യയുടെ മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെല്ലാം ഒറ്റക്കെട്ടായിരുന്നു. ഇന്ത്യയുടെ ബഹുസ്വരത ഇന്ത്യയുടെ ബലമായി മാറ്റണമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടായിരുന്നില്ല. അങ്ങനെയുള്ള വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് ഗാന്ധി. ലോകമെമ്പാടും ഒരു മഹത് വ്യക്തിയായി കാണുന്ന മഹാത്മാ ഗാന്ധിയെ കൊന്നത് ഹിന്ദുത്വ ഫാസിസ്റ്റുകളാണ് എന്ന കാര്യം എന്തുകൊണ്ടോ നമുക്ക് വളരെ വ്യക്തമായി അറിയില്ല. നാഥുറാം ഗോഡ്‌സെയാണ് ഗാന്ധിയെ കൊന്നതെന്ന് കുട്ടികള്‍ക്കും അറിയാം. ആരായിരുന്നു നാഥുറാം ഗോഡ്‌സെ എന്നു ചോദിച്ചാല്‍ അയാളൊരു മതഭ്രാന്തനായിരുന്നു എന്നാവും മറുപടി. അവിടെ തീരും. സത്യത്തില്‍ അയാളൊരു മതഭ്രാന്തനല്ല, ഒരു ഫാസിസ്റ്റ് കക്ഷിയുടെ കുന്തമുനയായിരുന്നു. ആ കക്ഷി മുഴുവന്‍ അതിനു പിന്നില്‍ അണിചേര്‍ന്നിരുന്നു. ഇത് യഥാര്‍ഥത്തില്‍ കുട്ടികളെ പഠിപ്പിക്കുകയായിരുന്നെങ്കില്‍, ഗാന്ധിയുടെ മറ്റു സമരങ്ങള്‍ പോലെ ഗാന്ധിയുടെ മരണവും പാഠപുസ്തകങ്ങളിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ പഠിപ്പിച്ചിരുന്നെങ്കില്‍, ഫാസിസം ഇത്ര പെട്ടെന്ന് വരില്ലായിരുന്നു. അത് ഓര്‍മിപ്പിക്കണം എന്നു തോന്നിയതുകൊണ്ടാണ് ‘നാഥുറാം ഗോഡ്‌സെയും ഹിന്ദുത്വത്തിന്റെ സത്യാനന്തര പരീക്ഷണങ്ങളും’ എന്ന പുസ്തകം എഴുതിയത്. അതിന്റെ തുടര്‍ച്ചയായി കുറച്ചുകൂടി വിപുലമായ രീതിയില്‍ എഴുതണമെന്ന നിലപാടിന്റെ ഭാഗമായിട്ടാണ് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ ഉണ്ടാവുന്നത്.
ഗാന്ധി സ്വയം ഹിന്ദു മതവിശ്വാസിയാണെന്ന് പറഞ്ഞിരുന്ന ആളാണ്. താന്‍ എങ്ങനെയാണ് മുസ്‌ലിമിനോട് പെരുമാറുന്നത് എന്നതായിരിക്കണം തന്റെ മതവിശ്വാസത്തിന്റെ അടിസ്ഥാനം എന്ന വലിയ ധാര്‍മിക മൂല്യമായാണ് ഗാന്ധി, അദ്ദേഹത്തിന്റെ ഹിന്ദുമത വിശ്വാസത്തെ വിവക്ഷിക്കുന്നത്. അതുകൊണ്ട് ഇന്ത്യയിലെ മുസ്‌ലിം സമുദായവുമായി ഏറ്റവും കൂടുതല്‍ സഹവസിച്ചിരുന്നത് ഗാന്ധിയാണ്. ഖിലാഫത്ത് മൂവ്‌മെന്റ് തൊട്ട് അതുണ്ട്. ഗാന്ധിയോട് ഏതെങ്കിലും കാര്യത്തില്‍ ചിലപ്പോള്‍ വിയോജിപ്പുണ്ടാവാം. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലല്ലോ. മതേതരത്വം എന്ന ആശയത്തിനു വേണ്ടി, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ന്യൂനപക്ഷമായ മുസ്‌ലിംകളുമായി ഗാന്ധി ഏറ്റവും കൂടുതല്‍ ഇടപെട്ടിട്ടുണ്ട്.
ന്യൂനപക്ഷം എന്നത് ഗാന്ധിക്ക് പ്രധാനപ്പെട്ടതായിരുന്നു. ഏതുതരത്തിലുള്ള ന്യൂനപക്ഷവും ഭൂരിപക്ഷത്തെ പോലെ തന്നെ സ്വതന്ത്രരാണോ എന്ന് നോക്കിയാണ് ഒരു ജനാധിപത്യം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു മനസ്സിലാക്കേണ്ടത്. അതൊരു അളവുകോലായി തുടക്കത്തിലേ നിര്‍ദേശിക്കുന്നത് ഗാന്ധിയാണ്. അതുകൊണ്ട്, പ്രത്യേകിച്ച് ഈ കാലത്ത്, ഗാന്ധിയെ സ്മരിക്കുന്നതു പോലും പ്രധാനമാണ്.
ഫാസിസത്തെ പ്രതിരോധിക്കാന്‍ ഐക്യത്തിന്റെ രാഷ്ട്രീയം തിരിച്ചുപിടിക്കണം എന്നു താങ്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്. അതെങ്ങനെയാണ് സാധ്യമാവുക?
ഐക്യത്തിന്റെ രാഷ്ട്രീയം എന്നത് അത്ര വിഷമകരമായ കാര്യമല്ല. ഇന്ത്യയിലെ ജനങ്ങളുടെ ചരിത്രം ഐക്യത്തിന്റെ ചരിത്രമാണ്. വല്ലപ്പോഴുമാണ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. വലിയ വാര്‍ത്തയാവുന്നതുകൊണ്ട് കൂടുതല്‍ ചര്‍ച്ചയാവുന്നു എന്നതാണ്. ബാക്കിയുള്ള സമയത്തെല്ലാം ഐക്യത്തിന്റെ ജീവിതത്തിലാണ് ഇന്ത്യന്‍ ജനത. ഐക്യത്തിന്റെ ജീവിതം എന്നു പറയുന്നത് ഏതെങ്കിലുമൊരു പൊതുനിയമത്തിന്റെ കീഴില്‍ എല്ലാവരും ഒരേപോലെ, ഒരു യൂണിഫോമില്‍ ജീവിക്കുക എന്നതല്ല. പരസ്പരം സ്വകാര്യതകളെ മാനിച്ചുകൊണ്ട്, പരസ്പരം ആദരിച്ചും ബഹുമാനിച്ചും ഒരു സാമൂഹിക ജീവിതം സാധ്യമാണ് എന്നതിന്റെ ചരിത്രമാണ് ഇന്ത്യാചരിത്രം. യൂറോപ്പിനൊന്നും അങ്ങനത്തെ ചരിത്രം പറയാന്‍ സാധിക്കില്ല.
ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ നിന്ന് ഉണ്ടാക്കിയതാണ് മതേതരത്വം. അല്ലാതെ മതേതരത്വം മറ്റെങ്ങും തിരഞ്ഞു നടക്കേണ്ട കാര്യമില്ല. നമുക്കിടയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. മുന്നോട്ടു പോവുന്നത് എങ്ങനെ എന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളാണത്. അല്ലാതെ വെറുപ്പിന്റെ അംശം ഉല്‍പാദിപ്പിക്കുന്നതല്ല. ഐക്യത്തിന്റെ രാഷ്ട്രീയം നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാവുന്നതാണ്.
ഞാന്‍ ജീവിക്കുന്നത് ഒരു ഫ്‌ളാറ്റിലാണ്. എന്റെ അപ്പുറത്ത് വേറൊരു മതക്കാരനായിരിക്കും. വേറെ ജാതിക്കാരനായിരിക്കും. അല്ലെങ്കില്‍ ഞാനെന്റെ വീട്ടില്‍ കഴിയുന്ന കാലത്ത് അയല്‍പക്കത്ത് വേറെ മതത്തിലും ജാതിയിലും പെട്ട ആളായിരിക്കും. എന്റെ അയല്‍വാസിയായ കോയ എന്റെ ശത്രുവാണെന്ന് മൂന്നാമതൊരു ഏജന്‍സി വന്നിട്ടാണ് നമ്മോട് പറയുന്നത്. അത് അങ്ങനെയല്ല എന്ന് പറയാനുള്ള ജീവിതപരമായ ഐക്യം ഞാനും കോയയും തമ്മിലുണ്ട്. ഈ വെറുപ്പുല്‍പാദനമാണ് പൊളിക്കേണ്ടത്. നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ഊടും പാവും ഈ ഐക്യമാണ്. ആ ഐക്യം രാഷ്ട്രീയത്തിലേക്ക് കൂടി പടര്‍ത്തുക എന്നതാണ് ഫാസിസത്തെ നേരിടാന്‍ ചെയ്യേണ്ടത്. നിങ്ങള്‍ ഞങ്ങളുടെ സാമൂഹിക ജീവിതത്തില്‍ ഇടപെടേണ്ട, ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട, ഞങ്ങളുടെ കുത്തക ആരും നിങ്ങള്‍ക്ക് തന്നിട്ടില്ല എന്ന് ഹിന്ദുത്വ ഫാസിസ്റ്റിനോട് ഒരു ഹിന്ദുവിന് പറയാന്‍ സാധിക്കണം. അത് പ്രധാനപ്പെട്ട കാര്യമാണ്. ആ അര്‍ഥത്തില്‍ ഒരു ഐക്യമുന്നണി വളരെ പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ കക്ഷികളുടെ ഐക്യമുന്നണിയല്ല ഉദ്ദേശിക്കുന്നത്. പാര്‍ട്ടികളുടെ രാഷ്ട്രീയപഥം നമുക്ക് നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. നമുക്ക് ആഗ്രഹിക്കാനേ സാധിക്കൂ. ആ ആഗ്രഹം ചിലപ്പോള്‍ നടന്നേക്കാം, നടക്കാതിരുന്നേക്കാം. രാഷ്ട്രീയമായ ഐക്യമുന്നണി പ്രധാനപ്പെട്ടതാണ്, അതിനെ ചെറുതാക്കി കാണുകയല്ല. പക്ഷേ അതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് മനുഷ്യരുടെ ഐക്യമുന്നണി എന്നു പറയുന്നത്. മനുഷ്യരുടെ ഐക്യമുന്നണി പലതരത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ രാഷ്ട്രീയം മാറും. മനുഷ്യരുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും മാറും. അതിനാണ് പ്രധാനമായി ഊന്നല്‍ നല്‍കേണ്ടത്.
ദുര്‍ബലമായ രാഷ്ട്രീയ വിജയം കൊണ്ടൊന്നും ഫാസിസത്തെ തുരത്താന്‍ സാധിക്കില്ല. ഫാസിസ്റ്റ് അവബോധം സംസ്‌കാരത്തില്‍ നിന്ന് മാറ്റിക്കളയാന്‍ കഴിയണം. എഴുത്തുകാരും കലാകാരന്മാരും പ്രവര്‍ത്തിക്കേണ്ടത് അതിനു വേണ്ടിയാണ്. താല്‍ക്കാലികമായ വിജയത്തേക്കാള്‍ വലിയ ദൗത്യം നാം ഏറ്റെടുക്കേണ്ടതുണ്ട്.
(തുടരും)