21 Saturday
December 2024
2024 December 21
1446 Joumada II 19

തുമ്മല്‍ എന്ന അനുഗ്രഹം

ഡോ. പി എം മുസ്തഫ കൊച്ചിന്‍


തുമ്മലിനെക്കുറിച്ച് പല അന്ധവിശ്വാസങ്ങളുമുണ്ടായിരുന്നു പണ്ട്. മനുഷ്യ ജീവന്‍ തലക്കകത്ത് വായുവിന്റെ രൂപത്തിലാണ് ഇരിക്കുന്നതെന്ന് പലരും വിശ്വസിച്ചിരുന്നു. തലയ്ക്കകത്തുള്ള ജീവന്‍ തുമ്മുന്ന അവസരത്തില്‍ തെറിച്ച് പോകുമോ എന്ന് ഭയപ്പെട്ടിരുന്നു.
മനുഷ്യന് ഉണര്‍വ് നല്‍കുന്ന ഒരു ശാരീരിക പ്രകൃതിയാണ് തുമ്മല്‍ (Sneezing) മൂക്കിനകത്ത് എന്തെങ്കിലും പൊടി കയറിയാല്‍ അതിനെ പുറന്തള്ളാനുള്ള ഒരു ശാരീരിക വിദ്യയാണ് തുമ്മല്‍ (അത്വ്‌സ്). മൂക്കിനകത്ത് വളരെ നേര്‍ത്ത സ്തരമാണുള്ളത്. ഈ ചര്‍മത്തില്‍ അനേകം കൊച്ചു ഞരമ്പുകളുണ്ട്. അന്യവസ്തുക്കള്‍ എന്തെങ്കിലും ഈ തൊലിയിലെ ഞരമ്പുകളില്‍ തട്ടി ശല്യമുണ്ടാക്കിയാല്‍ അവ മസ്തിഷ്‌കത്തെ വിവരമറിയിക്കും. ഉടനടി നാസാദ്വാരത്തിലൂടെ ഉച്ഛ്വാസവായു 150 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായി പുറന്തള്ളപ്പെടും. അതോടുകൂടി കരടുകളൊക്കെ തെറിച്ച് പുറത്തുപോകുന്നു. ഇതാണ് സാധാരണ തുമ്മലിന്റെ പ്രക്രിയ.
മറ്റ് രണ്ട് തുമ്മല്‍ കൂടി ശരീരം നിര്‍വഹിക്കാറുണ്ട്. ഒന്ന്, ജലദോഷ തുമ്മല്‍: ജലദോഷം (സുക്കാം/ ഇീഹറ) വന്നാല്‍ നാസാദ്വാരത്തിനകത്തെ നേര്‍ത്ത സ്തരം ചെറുതായൊന്നു വീങ്ങും. വീക്കമുണ്ടായ ഭാഗം ചര്‍മത്തിലെ കൊച്ചു ഞരമ്പുകളില്‍ ചെന്ന് തട്ടുമ്പോള്‍ ഞരമ്പുകള്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നു. ഉടന്‍ തന്നെ തുമ്മലുണ്ടാവുന്നു.
രണ്ട്, പ്രകാശത്തുമ്മല്‍: ശക്തമായ വെയില്‍ വെളിച്ചം കണ്ണില്‍ വന്ന് തട്ടുമ്പോള്‍ കണ്ണിലുള്ള ഞരമ്പിന് ആ പ്രകാശം അസ്വസ്ഥതയുണ്ടാക്കുമ്പോള്‍ തുമ്മാന്‍ സാധ്യത ഏറെയാണ്. അഞ്ച് മിനിട്ടെങ്കിലും ഇരുട്ടത്തിരുന്നു വെളിച്ചത്തേക്ക് വരുമ്പോഴും തുമ്മാനുള്ള സാധ്യത ഏറെയാണ്. സൂര്യപ്രകാശം പോലെ ശക്തമായ വെളിച്ചം അടിക്കുമ്പോള്‍ തുമ്മുന്നതിന്റെ പേരാണ് ഫോട്ടിക് സ്നീസ് റിഫ്‌ലക്‌സ്
ശല്യമായി മനുഷ്യര്‍ കരുതുന്ന തുമ്മല്‍ സത്യത്തില്‍ അനുഗ്രഹമാണ്. മൂക്കില്‍ വന്നു ചേരുന്ന കരടുകളും പൊടിപടലങ്ങളും തുമ്മി പുറത്തുകളയാനാവാതെ ശ്വാസകോശങ്ങള്‍ക്കകത്തെങ്ങാനും അത് എത്തിയാല്‍ അപകടമായിത്തീരും.
കൈപ്പത്തിയോ തൂവാലയോ വെച്ച് മറച്ചായിരിക്കണം തുമ്മേണ്ടത്. തുമ്മുന്നവന്‍ ‘ദൈവത്തിന് നന്ദി’ (അല്‍ഹംദുലില്ലാഹ്) എന്ന് പറയണം. അപ്പോള്‍ അത് ശ്രവിച്ചവര്‍: ‘താങ്കള്‍ക്ക് ദൈവം കരുണ ചെയ്യട്ടെ’ (യര്‍ഹംകുമുല്ലാഹ്) എന്ന് ആശംസിക്കുന്നു. ഇത് കേള്‍ക്കുന്ന തുമ്മിയവന്‍: ‘താങ്കളെ ദൈവം സല്‍വഴിയിലാക്കുകയും, നിങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യട്ടെ’ (യഹ്ദീകുമുല്ലാഹു വയുസ്വ്ലിഹു ബാലകും) എന്ന് പ്രതിവചിക്കുകയും ചെയ്യണം.
ആര് തുമ്മുന്നത് കേട്ടാലും ‘യര്‍ഹംകുമുല്ലാഹ്’ (നിനക്ക് ദൈവം കരുണ ചെയ്യട്ടെ) എന്ന് പ്രതികരിക്കാവുന്നതാണ്. ഒരാള്‍ തുമ്മുമ്പോള്‍ ഒപ്പമുള്ളയാള്‍ ‘നിങ്ങളെ ദൈവം കടാക്ഷിക്കട്ടെ” (ഗോഡ് ബ്ലസ്സ് യൂ) എന്ന് പറയലാണ് ഇംഗ്ലീഷ് ആചാരമെങ്കില്‍ ജര്‍മന്‍ ആചാരപ്രകാരം ‘നിങ്ങള്‍ക്ക് ആയുരാരോഗ്യമുണ്ടാവട്ടെ’ (ഗൈഡന്‍സ് ബൈറ്റ്) എന്നാണ് കൂടെയുള്ളവര്‍പറയുക.

Back to Top