24 Tuesday
June 2025
2025 June 24
1446 Dhoul-Hijja 28

പുഞ്ചിരി നല്‍കുന്ന ധന്യത

സി കെ റജീഷ്‌


വിശ്വപ്രസിദ്ധ ശില്പി ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്ത ചിത്രമാണ് മൊണാലിസ. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഛായാ ചിത്രമാണ് മൊണാലിസ. 1503- 1506 നു ഇടയ്ക്കുള്ള കാലയളവിലാണ് ഇത് വരച്ചത്. ലക്ഷോപലക്ഷം ഡോളറാണ് അതിന് വിലമതിക്കുന്നത്. കഴിഞ്ഞ അര സഹസ്രാബ്ദമായി ജനകോടികളെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ഒരിക്കല്‍ അമേരിക്കയില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തിനായി മൊണാലിസയെയും കൊണ്ടുപോയി. ഈ ചിത്രത്തിന്റെ മേന്മയെക്കുറിച്ച് കാണികള്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. ആ ചിത്രത്തിലെ സുന്ദരിയുടെ മുഖത്തെ പുഞ്ചിരിയാണ് അതിന്റെ വശ്യതയെന്നതാണ്. മൊണാലിസയുടെ ചുണ്ടില്‍ പുഞ്ചിരി ഒതുക്കി വെക്കാന്‍ ചിത്രകാരന്‍ നാലു വര്‍ഷം പണിപ്പെട്ടിട്ടുണ്ട്. ആ പുഞ്ചിരിയുടെ വശ്യത കൊണ്ട് അനേകം ചിത്രങ്ങള്‍ക്കിടയിലും മൊണാലിസയുടെ മുഖത്തേക്ക് കാണികളുടെയെല്ലാം കണ്ണുകള്‍ പായും.
പുഞ്ചിരിക്കാന്‍ കഴിയുന്നത് മനുഷ്യന് ലഭിച്ച അനുഗ്രഹം തന്നെയാണ്. മറ്റൊരു ജീവിക്കുമില്ലാത്തതാണ് ഈ സിദ്ധി. പുഞ്ചിരി തൂകുന്ന മുഖമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്. വികാരങ്ങളുടെ സ്വാധീന വലയത്തിലാണ് മനുഷ്യന്റെ ജീവിതം. വികാരങ്ങളുടെ ആശയ വിനിമയം നാം ദിനേന നടത്തുന്നുണ്ട്. പുഞ്ചിരി അതിന്റെ മാധ്യമമാണ്. സന്തോഷമാണ് പുഞ്ചിരിയുടെ പ്രധാന പ്രേരണ. നാം ഹൃദ്യമായി പുഞ്ചിരിക്കുമ്പോള്‍, മനസ് തുറന്ന് സന്തോഷത്തെ സഹചരരിലേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുന്നത്. നാം പുഞ്ചിരി തൂകാന്‍ പിശുക്കുമ്പോള്‍ മനസ്സ് വല്ലാതെ ശുഷ്‌കിച്ചു പോവുന്നു. പുഞ്ചിരി പരത്തുന്ന പ്രസന്നതയാണ് നിരാശയുടെ കാര്‍മേഘത്തെ നീക്കിക്കളയുന്നത്. ഇംഗ്ലീഷിലുള്ള ഒരു ചൊല്ലിന്റെ സാരം ഇങ്ങനെയാണ്. ‘നിങ്ങള്‍ ചിരിക്കുമ്പോള്‍ ലോകം മുഴുവന്‍ നിങ്ങളോടൊത്ത് ചിരിക്കും. നിങ്ങള്‍ കരയുമ്പോള്‍ നിങ്ങള്‍ മാത്രമായിപ്പോകും.’
മനസ്സിനെ മരവിപ്പിക്കുന്ന, ദു:ഖത്തിന്റെ ചൂളയിലിട്ട് ദഹിപ്പിക്കുന്ന ദുരനുഭവങ്ങള്‍ നമ്മെ വേട്ടയാടാറുണ്ട്. ശ്രീ ശങ്കരാചാര്യര്‍ പറഞ്ഞതുപോലെ ‘ലോകം ശോകഹതം’ എന്നത് പരമാര്‍ഥം തന്നെയാണ്. അപ്പോഴൊക്കെ മനുഷ്യന്റെ കണ്ണുകള്‍ പരതുന്നത് നിറഞ്ഞ മനസ്സോടെ ഹൃദയം തുറന്ന് പുഞ്ചിരി തൂകുന്നവരെയാണ്. മനുഷ്യ മനസുകളെ പിടിച്ചടക്കാന്‍ പുഞ്ചിരിക്ക് ശേഷിയുണ്ട്. പുഞ്ചിരി ധര്‍മമാണെന്ന് നബി(സ) പഠിപ്പിച്ച് തന്നതിന്റെ പൊരുളുമതാണ്.
എഴുത്തുകാരനായ ചെസ്റ്റര്‍ട്ടണിന്റെ വീട്ടിലൊരു മുറിയുണ്ട്. ആ മുറിയുടെ ചുമരില്‍ വലിയ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നൈര്‍മല്യത്തിന്റെ പുഞ്ചിരി തൂകുന്ന ഒരു ശിശുവിന്റെ ചിത്രമാണത്. മനസ്സില്‍ സംഘര്‍ഷമുണ്ടാകുമ്പോഴൊക്കെ ചെസ്റ്റര്‍ടണ്‍ ആ മുറിയില്‍ ഏറെ നേരം ചെലവഴിക്കും. ചുമരിലുള്ള ചിത്രത്തിലേക്ക് നോക്കും. പുഞ്ചിരി തൂകുന്ന ആ ശിശുവിന്റെ കൂടെ അദ്ദേഹവും അറിയാതെ പുഞ്ചിരിക്കും. സംഘര്‍ഷ മനസിന് അയവ് വരുത്താനുള്ള ഔഷധമാണ് പുഞ്ചിരിയെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
ചിലര്‍ക്ക് ശ്വാസാച്ഛോസം പോലെ സ്വാഭാവികമാണ് പുഞ്ചിരി. വേറെ ചിലര്‍ എപ്പോഴും വരിഞ്ഞു മുറുകിയ മുഖഭാവത്തോടെ നടക്കും. ജീവിതത്തെ സന്തോഷഭരിതമാക്കുന്ന, സൗഹൃദത്തെ ഊഷ്മളമാക്കുന്ന പുഞ്ചിരിയുടെ ഭാവമായിരിക്കട്ടെ നമ്മില്‍ സദാ തെളിയുന്നത്. സമ്പത്തും പ്രൗഡിയും ആഢംബരവും പുഞ്ചിരി വിടര്‍ത്തുകയില്ല. സംതൃപ്തമായ മനസ്സുള്ളവര്‍ക്ക് ഹൃദയം തുറന്ന് പുഞ്ചിരി തൂകാനാകും. നമ്മുടെ ഈ ചുരുക്കായുസ്സില്‍ ആരോടും പകയില്ലാതെ, ഒന്നിനോടും പരിഭവമില്ലാതെ നമുക്ക് ജീവിക്കാനായാല്‍ നാം സമാധാന ചിത്തരായിരിക്കും. അപ്പോഴാണ് പുഞ്ചിരി മായാത്ത മുഖവുമായി നമുക്ക് വിട പറയാനാവുന്നത്.

Back to Top