ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് സ്ലൊവീനിയ
സ്‌പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളുടെ ചുവടുപിടിച്ച് ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി അംഗീകരിച്ച് മറ്റൊരു യൂറോപ്യന്‍ രാജ്യമായ സ്ലൊവീനിയയും. സ്ലൊവീനിയന്‍ ഗവണ്‍മെന്റ് ഫലസ്തീന് അംഗീകാരം നല്‍കി. ഇനി ഇതിന് പാര്‍ലമെന്റ് കൂടി അനുമതി നല്‍കണം. പ്രധാനമന്ത്രി റോബര്‍ട്ട് ഗൊലോബ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനത്തിന് തന്റെ സര്‍ക്കാര്‍ അംഗീകാരം നല്‍കി’ -അദ്ദേഹം തലസ്ഥാനമായ ലുബ്‌ലിയാനയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ പാര്‍ലമെന്റ് സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസ്സയില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ഉടന്‍ അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഗൊലോബ് ആഹ്വാനം ചെയ്തു. ഇത് സമാധാനത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.