26 Friday
July 2024
2024 July 26
1446 Mouharrem 19

ഉറക്കം അനുഗ്രഹമാണ്‌

എം ടി അബ്ദുല്‍ഗഫൂര്‍


അബൂബറസതുല്‍ അസ്‌ലമി നള്‌ലത്ത് ബ്‌നു ഉബൈദില്ല(റ) പറയുന്നു: ഇശാ നമസ്‌കാരത്തിന് മുമ്പ് ഉറങ്ങുന്നതും അതിനുശേഷം സംസാരിച്ചിരിക്കുന്നതും നബി(സ) വെറുത്തിരുന്നു. (ബുഖാരി)

ശരീരത്തിനും മനസിനും ഒരുപോലെ അനുപേക്ഷണീയമായ ധര്‍മമാണ് ഉറക്കം. ശാരീരികാരോഗ്യത്തിന് ശരിയായ രീതിയിലുള്ള ഉറക്കം അനിവാര്യമാണ്. ഉറക്കം കൂടുന്നതും കുറയുന്നതും ശരീരത്തിനെന്നപോലെ മനസിനെയും പ്രതികൂലമായി ബാധിക്കും. വിവിധങ്ങളായ ജോലിത്തിരക്കുകളാല്‍ ക്ഷീണം ബാധിച്ച ശരീരത്തിന് ഉന്മേഷവും ഊര്‍ജസ്വലതയും കൈവരിക്കാവുന്ന തരത്തില്‍ ‘ഉറക്കിനെ ഒരു വിശ്രമമാക്കിയ’ (വി.ഖു 78:9) അല്ലാഹുവിന്റെ അനുഗ്രഹം അവര്‍ണനീയമത്രെ.
ദൈവികാനുഗ്രഹമായി ലഭിച്ച ഉറക്കിന് നന്ദി കാണിക്കുകയെന്നത് വിശ്വാസികളുടെ ബാധ്യതയാകുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹമാകുന്ന ഉറക്കത്തെ പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി മാറ്റിയെടുക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക എന്നതത്രെ നന്ദി പ്രകടനത്തില്‍ ഏറ്റവും പ്രധാനം.
പ്രവാചക തിരുമേനിയുടെ ഉറക്കിന്റെ സമയവും ശീലവും രൂപവും വിവരിക്കുന്ന ധാരാളം വചനങ്ങളുണ്ട്. ഇശാ നമസ്‌കാരത്തിന് മുന്‍പ് ഉറങ്ങുന്നതും അതിനുശേഷം അനാവശ്യ സംസാരത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് സമയം കൊല്ലുന്നതും നബി(സ) ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് വ്യക്തമാക്കുകയാണ് ഈ തിരുവചനം.
ഇശാ നമസ്‌കാരത്തിന് മുന്‍പ് ഉറങ്ങിയാല്‍ അത് ഗാഢനിദ്രയിലേക്കെത്തുകയും ഉറക്കിന്റെ ആലസ്യത്തില്‍ നിന്ന് വിട്ടുമാറാന്‍ സമയമെടുക്കുകയും ചെയ്താല്‍ അത് ഇശാ നമസ്‌കാരത്തിന്റെ പൂര്‍ണതയെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ചും സംഘനമസ്‌കാരം നഷ്ടപ്പെടാനുള്ള സാധ്യതകളും വളരെ കൂടുതലാണ്.
ഇശാഇനു ശേഷം കൂടുതല്‍ സമയം വെറുതെയുള്ള സംസാരത്തിലോ മറ്റ് നിര്‍ബന്ധമല്ലാത്ത കാര്യങ്ങളിലോ ഏര്‍പ്പെട്ട് ഉറക്കമിളയ്ക്കുന്നത് സ്വുബ്ഹ് നമസ്‌കാരം അതിന്റെ ഏറ്റവും ശ്രേഷ്ഠമായ സമയത്ത് നിര്‍വഹിക്കുന്നതിന് പലപ്പോഴും തടസ്സമായേക്കാം. മാത്രവുമല്ല, രാത്രിയുടെ അന്ത്യയാമങ്ങളില്‍ നിര്‍വഹിക്കപ്പെടേണ്ട തഹജ്ജുദ് നമസ്‌കാരത്തില്‍ നിന്ന് പിന്‍തിരിയേണ്ട അവസ്ഥയും സംജാതമായേക്കാം. ഇക്കാരണങ്ങളൊക്കെയായിരിക്കാം ഈ രണ്ട് കാര്യങ്ങളും നബിതിരുമേനി(സ) ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പറയുന്നതിന്റെ പൊരുള്‍.
നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നത് നമ്മുടെ സംസ്‌കാരമായി മാറേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും നേരത്തെ ചെയ്യുന്നതില്‍ പ്രത്യേകമായ അനുഗ്രഹം ലഭിക്കുന്ന ഒരു സമുദായമാണിത് എന്ന വചനം ശ്രദ്ധേയമാണ്.
നമ്മുടെ ശീലവും സംസ്‌കാരവുമല്ലൊം പ്രവാചകതിരുമേനിയുടെ നടപടികള്‍ക്കനുസരിച്ച് മാറ്റിയെടുക്കുന്നത് പരലോക വിജയത്തിന് നിദാനമാണ്‌

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x