അടിമത്ത നിര്‍മാര്‍ജനത്തിന്റെ പ്രായോഗിക രൂപങ്ങള്‍
അനസ് എടവനക്കാട്
വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട വിഷയമാണ് ഇസ്ലാമിലെ അടിമത്ത വ്യവസ്ഥിതി. ‘ഇസ്ലാം നിലനില്‍ക്കുന്നിടത്തോളം ജിഹാദ് ഉണ്ടാകും ജിഹാദ് ഉള്ളിടത്തോളം അടിമത്തവും ഉണ്ടാകും’ എന്ന സിദ്ധാന്തമാണ് പാശ്ചാത്യ വിമര്‍ശകര്‍ ഇസ്ലാമിനെതിരെ ഉയര്‍ത്തുന്നത്. അതിനെ ശരിവെക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആധുനിക ലോകത്ത് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഐ എസ് ഐ എസ് പോലുള്ള തീവ്രവാദ സംഘങ്ങള്‍ ചെയ്തു കൂട്ടുന്നത്.
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്ലാം ഉദയം ചെയ്യുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ആ സമൂഹത്തില്‍ അടിമ വ്യവസ്ഥ നിലനിന്നിരുന്നു. യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരെ അടിമകളാക്കി ചന്തകളില്‍ വില്‍ക്കുക പതിവായിരുന്നു. പ്രധാനമായും നാല് രീതിയിലാണ് അന്ന് അടിമകള്‍ നാട്ടില്‍ ഉണ്ടായികൊണ്ടിരുന്നത്.
ഒന്ന്, യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട യോദ്ധാക്കളിലൂടെ. രണ്ട്, യാത്രാ സംഘത്തേയോ മറ്റേതെങ്കിലും ഗോത്രത്തേയോ അക്രമിച്ച് കീഴ്‌പ്പെടുത്തി അവരിലെ സ്വതന്ത്രരേയും കുട്ടികളേയും സ്ത്രീകളേയും അടിമകള്‍ ആക്കുന്നതിലൂടെ. മൂന്ന്, മറ്റു നാടുകളില്‍ നിന്ന് വില്‍ക്കാനായി അടിമച്ചന്തകള്‍ വഴി എത്തുന്നവരിലൂടെ. നാല്, കടം വാങ്ങിയവന്‍ അത് വീട്ടാന്‍ കഴിയാതെ വന്നാല്‍ സ്വയം അടിമയായി മാറുന്നതിലൂടെ.
അടിമകളെ ഒരു ചരക്കായി കണ്ട് അത് വില്‍ക്കുകയും വാങ്ങുകയും ചെയ്യുക പതിവായിരുന്നു. ദീര്‍ഘകാലമായുള്ള അടിമത്ത മനോഭാവം മൂലം അവര്‍ക്ക് സ്വത്വബോധം പോലും പൊയ്‌പ്പോയിരുന്നു. ഒറ്റയടിക്ക് സ്വതന്ത്രരായാല്‍ സ്വന്തം കാലില്‍ ജീവിക്കാന്‍ പോലും പറ്റാത്ത വിധം വ്യക്തിത്വം നഷ്ടപ്പെട്ട അവര്‍ അടിമത്തത്തിന്റെ നുകം വഹിച്ചിരുന്നു. ഈയൊരു സന്ദര്‍ഭത്തിലാണ് ഇസ്ലാം ഉദയം ചെയ്യുന്നത്. ഈ അടിമ വ്യവസ്ഥിതിയെ ഒറ്റയടിക്ക് നിരോധിക്കുക പ്രായോഗികമായിരുന്നില്ല. മറിച്ച് അടിമവ്യവസ്ഥ ഇല്ലാതാക്കാനുള്ള പ്രായോഗിക നടപടികളാണ് ഇസ്ലാം കൈക്കൊണ്ടത്.
(1). സ്വതന്ത്രനെ അടിമയാക്കുന്നത് നിരോധിച്ചു: ഖുദ്‌സിയായ ഒരു ഹദീസിലൂടെ അല്ലാഹു പറയുന്നു: പുനരുത്ഥാന നാളില്‍ മൂന്ന് വിഭാഗം ആളുകളുടെ പ്രതിയോഗി ആയിരിക്കും ഞാന്‍…. സ്വതന്ത്രനായ മനുഷ്യനെ വിറ്റ് അതിന്റെ വില ഭുജിച്ചവന്‍. (ബുഖാരി 2227, ഇബ്‌നുമാജ, അഹ്മദ്)
(2). പല തെറ്റുകള്‍ക്കും പ്രായശ്ചിത്തമായി അടിമയെ മോചിപ്പിക്കാന്‍ കല്‍പ്പിച്ചു: വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. (4:92)
”ബോധപൂര്‍വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്റെ (അത് ലംഘിക്കുന്നതിന്റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു.” (5:89)
”തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്.” (58:3)
(3). അടിമ സ്ത്രീകളെ വിവാഹം കഴിക്കുന്നത് അനുവദിക്കുകയും അവരില്‍ സന്താനങ്ങള്‍ ഉണ്ടായാല്‍ അവരെ സ്വതന്ത്രയായി കാണാന്‍ പറയുകയും ചെയ്തു.
(4). അടിമകള്‍ക്കുണ്ടാകുന്ന മക്കള്‍ സ്വതന്ത്രരാണ് എന്ന് മതം വിധിച്ചു.
(5). അടിമയായ സ്വന്തം പിതാവിനെ മോചിപ്പിക്കല്‍ മകന്റെ ബാധ്യതയാക്കി നിശ്ചയിച്ചു. അബൂഹുറയ്‌റ(റ) പറയുന്നു: തന്റെ മാതാപിതാക്കള്‍ അടിമയായി (ജീവിക്കുന്നത്) കാണുകയും എന്നിട്ടവരെ വിലയ്ക്കു വാങ്ങി മോചിപ്പിക്കുകയും ചെയ്യാത്തിടത്തോളം ഒരു സന്താനവും തന്റെ മാതാപിതാക്കളോട് പ്രത്യുപകാരം ചെയ്യുന്നില്ല. (ബുഖാരി, മുസ്ലിം)
(6). അടിമകളുടെ സ്വത്വബോധം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൈകൊണ്ടു. അതിനായി ഉടമകളോട് തങ്ങളുടെ കീഴിലുള്ള അടിമകളോട് മാന്യമായി പെരുമാറാന്‍ കല്‍പ്പിച്ചു. അല്ലാഹു പറയുന്നു: ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബ ബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതു കൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ല നിലയില്‍ വര്‍ത്തിക്കുക. (4:36)
നബി(സ) പറയുന്നു: ആരെങ്കിലും തന്റെ അടിമയെ അടിക്കുകയോ തല്ലുകയോ ചെയ്താല്‍ അതിന്റെ പ്രായശ്ചിത്തം അവനെ സ്വതന്ത്രനാക്കലാണ്. (മുസ്ലിം 1657) ഇമാം ബുഖാരി തന്റെ സ്വഹീഹിലെ ഒരു അധ്യായത്തിനു (ന: 15) നല്‍കിയ പേര് ‘അടിമകള്‍ നിങ്ങളുടെ സഹോദരന്മാരാണ്, അതുകൊണ്ടു നിങ്ങള്‍ തിന്നുന്നതെന്തോ അത് അവരെ തീറ്റിക്കുക എന്ന് പ്രവാചകന്‍ പറഞ്ഞത്’ എന്നാകുന്നു.
അവര്‍ക്ക് താങ്ങാന്‍ പറ്റാത്ത ഭാരം അവരെക്കൊണ്ട് വഹിപ്പിക്കരുത് എന്ന് കല്‍പിച്ചു. അടിമസ്ത്രീയെ വിദ്യാഭ്യാസം നല്‍കി വളര്‍ത്തി, ശേഷം അവളെ സ്വതന്ത്രയാക്കി, ശേഷം അവളെ വിവാഹം ചെയ്യുന്നവന് രണ്ട് പ്രതിഫലം നിശ്ചയിച്ചു. (അബൂമൂസ(റ)യില്‍ നിന്ന് ബുഖാരി ഉദ്ധരിച്ചത്. 2544, 2547, 5083). അടിമകളെ കൊണ്ട് വ്യഭിചാരം ചെയ്യിക്കുന്നത് നിരോധിച്ചു: ”നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്ര്യശുദ്ധിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹിക ജീവിതത്തിന്റെ വിഭവം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കരുത്.” (വി.ഖു 24:33)
അടിമകളെ എന്റെ അടിമ എന്നു വിളിക്കുന്നതിനു പകരം അവരെ സുഹൃദ്‌സമാനരായി കാണാന്‍ നിര്‍ദേശിച്ചു. അനന്തരാവകാശി ഇല്ലാതെ മരിക്കുന്ന യജമാനന്റെ എല്ലാ സ്വത്തും അയാളുടെ സ്വതന്ത്രനാക്കപ്പെട്ട അടിമയ്ക്ക് ഉള്ളതാണെന്ന് കല്‍പ്പിച്ചു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് താന്‍ സ്വതന്ത്രനാക്കി വിട്ട അടിമയല്ലാതെ അനന്തരാവകാശിയായി മറ്റാരും ഉണ്ടായിരുന്നില്ല. അപ്പോള്‍ പ്രവാചകന്‍ അയാള്‍ക്ക് (സ്വതന്ത്രനാക്കപ്പെട്ട അടിമക്ക്) അയാളുടെ അനന്തരാവകാശം നല്‍കി. (തിര്‍മുദി)
അടിമയില്‍ ഉടമയ്ക്ക് ഉണ്ടാകുന്ന സന്താനത്തെ സ്വന്തം മകനായി തന്നെ ഇസ്ലാം പരിഗണിച്ചു. അവന് പിതാവിന്റെ സ്വത്തില്‍ ഒരു മകന്/മകള്‍ക്ക് ലഭിക്കേണ്ട വിഹിതം തന്നെ ലഭിക്കും എന്ന് നിശ്ചയിച്ചു. അംറിബ്‌നു ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും അദ്ദേഹം തന്റെ പിതാവില്‍ നിന്നും നിവേദനം: ”അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ആരെങ്കിലും അടിമസ്ത്രീയുമായോ സ്വതന്ത്രയുമായോ വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയും അതില്‍ അവന് കുട്ടി ഉണ്ടാവുകയും ചെയ്താല്‍ അവന്‍ കുട്ടിക്കോ കുട്ടി അവനോ അനന്തരാവകാശി ആവുകയില്ല.” അപ്പോള്‍ ഹലാലായ മാര്‍ഗത്തിലൂടെ അടിമസ്ത്രീയില്‍ ഉണ്ടാകുന്ന കുട്ടി അനന്തരാവകാശിയാണ് എന്ന് മനസ്സിലാക്കാം.
(7). ”അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ” (47:4) എന്ന ആയത്ത് ഇറങ്ങിയതോടുകൂടി യുദ്ധ തടവുകാരനെ അടിമയാക്കുന്ന സമ്പ്രദായം കൂടി ഇസ്ലാം നിര്‍ത്തലാക്കി. മക്കാവിജയ ദിവസം തടവുകാരായി പിടിക്കപ്പെട്ട എല്ലാവരേയും മോചിപ്പിച്ചു കൊണ്ട് പ്രവാചകന്‍ ഈ വിഷയത്തില്‍ മാതൃക കാട്ടിത്തരിക കൂടിചെയ്തിട്ടുണ്ട്.
(8). അടിമയുടെ അവസ്ഥ പരിഗണിച്ചുകൊണ്ട് കുറ്റങ്ങളില്‍ ശിക്ഷ വിധിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ ശിക്ഷ, ഒരു സാധാരണ പൗരന് ലഭിക്കുന്നതിന്റെ പകുതിയായി ഇസ്ലാം ലഘൂകരിച്ചു. മതപരമായ അനുശാസനകളില്‍ സ്വതന്ത്രന്‍ പൂര്‍ത്തീകരിക്കേണ്ടി വരുന്ന നിബന്ധനയില്‍ പലതും അടിമയ്ക്ക് പകുതിയായി ലഘൂകരിച്ചു കൊടുത്തു. എന്നാല്‍ ആരാധനയില്‍ ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലാണെങ്കില്‍ ഒരു നല്ല അടിമയ്ക്ക് ഇരട്ടിയായും പ്രതിഫലം നിശ്ചയിച്ചു. തന്റെ യജമാനനെ നല്ല രൂപത്തില്‍ സേവിക്കുന്ന ഒരു മുസ്ലിം അടിമയ്ക്ക് രണ്ട് പ്രതിഫലം നിശ്ചയിച്ചു കൊടുത്തു.
(9). അടിമകളെ മോചിപ്പിക്കാനായി സകാത്തിന്റെ ഒരു വിഹിതം നിശ്ചയിച്ചു. ”ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.” (9:60)
(10). അടിമകളെ മോചിപ്പിക്കുന്നത് വലിയ പുണ്യകര്‍മമായി പഠിപ്പിച്ചു. ”എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.” (90:12-14)
(11). സ്വയം മോചനം ആഗ്രഹിക്കുന്ന അടിമയ്ക്ക് തന്റെ യജമാനനുമായി മോചനപത്രം എഴുതാനുള്ള ഒരു അവസ്ഥ ഉണ്ടാക്കിക്കൊടുത്തു. ഇതുവഴി യജമാനന്റെ വിവേചനാധികാരത്തിന് വിധേയമായി റൊക്കമായോ ഗഡുക്കളായോ ധനം നല്‍കി സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങാന്‍ അടിമയ്ക്ക് സാധിക്കുന്ന ഒരു അവസ്ഥ നിലവില്‍ വന്നു. ദരിദ്രനായ അടിമയ്ക്ക് അങ്ങോട്ട് സാമ്പത്തിക സഹായം നല്‍കാന്‍ കൂടി ഈ ദീന്‍ കല്‍പ്പിച്ചു.
”നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന് മോചനക്കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പ്പെടുക; അവരില്‍ നന്മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക.” (24:33)
(12). കടം കൊടുക്കലും അതില്‍ വിട്ടുവീഴ്ച ചെയ്യലും ഒരു പുണ്യകര്‍മമായി നിശ്ചയിക്കുകയും കടം വീട്ടാതിരുന്നാലുള്ളതിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇക്കാലം വരെയുള്ള ലോക ചരിത്രം പരിശോധിച്ചാല്‍ അടിമകള്‍ രാജ്യം ഭരിക്കുകയും അടിമകള്‍ മത പണ്ഡിതന്മാരുടെ ഉന്നത ശ്രേണിയില്‍ വിരാചിക്കുകയും ചെയ്ത ചരിത്രം ഇസ്ലാമില്‍ മാത്രമേ കാണുകയുള്ളൂ. ഖുത്ബുദ്ദീന്‍ ഐബക്കില്‍ തുടങ്ങുന്ന അടിമ രാജവംശം ഇന്ത്യ ഭരിച്ചത് 90 വര്‍ഷമാണ്.
ഇസ്ലാം ഒരു അടിമയ്ക്ക് നല്‍കുന്ന സ്ഥാനം മനസ്സിലാക്കാന്‍ അബൂഹുറയ്‌റ(റ)യുടെ വാക്കുകള്‍ തന്നെ മതിയാകും: അദ്ദേഹം പറയുന്നു: എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ് സത്യം. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും ഹജ്ജും എന്റെ ഉമ്മാക്കുള്ള നന്മ ചെയ്യലും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അടിമയായി മരിക്കാന്‍ ഇഷ്ടപ്പെടുമായിരുന്നു.” (ബുഖാരി 2548)
ചുരുക്കത്തില്‍ ഇക്കാലത്ത് ഐസിസ് പോലുള്ള തീവ്രവാദികള്‍ ചെയ്തുകൂട്ടുന്നതിന് മതപരമായി യാതൊരു അടിസ്ഥാനവും ഇല്ല. ഇസ്ലാം വിഭാവനം ചെയ്യുന്ന അടിമത്ത നിര്‍മാര്‍ജന രീതിയും ഇവര്‍ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്ന കിരാത അടിമത്ത വ്യവസ്ഥിതിയും തമ്മില്‍ യോജിക്കുന്ന പ്രശ്‌നമേ ഇല്ല. ദീനിലെ സുവ്യക്ത നിയമങ്ങളെ ദുര്‍വ്യാഖ്യാനിക്കാതെ അവര്‍ക്ക് അതിന് തെളിവുണ്ടാക്കുക സാധ്യവുമല്ല.
അടിമത്തത്തിന്റെ കാര്യത്തില്‍ ഇസ്ലാം വിമര്‍ശനം ഉന്നയിക്കുന്നവരില്‍ പ്രധാനികള്‍ ക്രിസ്ത്യന്‍ മിഷനറിമാരും ഓറിയന്റലിസ്റ്റുകളുമാണ്. അടിമത്തത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനെ എതിര്‍ക്കാന്‍ തുനിഞ്ഞിറങ്ങുന്ന ഇക്കൂട്ടര്‍ക്ക് കാര്യമായ തെളിവുകള്‍ ഒന്നും തന്നെ വിശുദ്ധ ഖുര്‍ആനില്‍ നിന്നോ തിരുസുന്നത്തില്‍ നിന്നോ കിട്ടാതെ വരുമ്പോള്‍, അവര്‍ മധ്യകാലഘട്ടത്തിലെ ശൈഖുല്‍ ഇസ്ലാം ഇബിനു തൈമിയ്യ അടക്കമുള്ള പണ്ഡിതന്മാരുടെ ഫത്‌വകളും ലേഖനങ്ങളും ചിക്കിചികഞ്ഞു കൊണ്ടുവരാറുണ്ട്. ജിഹാദിന്റെ കാര്യത്തിലും ഇതേ അടവുതന്നെയാണ് ഇക്കൂട്ടര്‍ പയറ്റുന്നത്. എന്നാല്‍ പണ്ഡിതന്മാര്‍ എത്ര മഹാന്മാര്‍ ആയിരുന്നാലും അവരോട് സമീപിക്കേണ്ട നിലപാട് എന്താണെന്ന് മഹാന്മാര്‍ തന്നെ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
തഫ്‌സീറുല്‍ ബൈദ്വാവിയില്‍ എഴുതുന്നു: ”മഹാന്മാരെ അനുസരിക്കാന്‍ അനിവാര്യമാകുക അവര്‍ പറഞ്ഞത് സത്യമാണെന്നു അറിഞ്ഞാല്‍ മാത്രമാണ്.” ഇമാം മാലിക്(റ) പറയുന്നു: ”മുഹമ്മദ് നബി(സ)ക്ക് ശേഷം അഭിപ്രായങ്ങളില്‍ സ്വീകരിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യേണ്ടതായ അവസ്ഥയില്‍ അല്ലാതെ ഒരൊറ്റ മനുഷ്യനുമില്ല.”