27 Saturday
July 2024
2024 July 27
1446 Mouharrem 20

ഫലസ്തീന്‍ രാഷ്ട്രീയവും ആറ് ദിന യുദ്ധവും

എം എസ് ഷൈജു


ആദ്യത്തെ യുദ്ധം കഴിഞ്ഞതോടെ തന്നെ ഇസ്രായേല്‍ ഐക്യരാഷ്ട്ര സഭയില്‍ അംഗമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ മറുഭാഗത്ത് തങ്ങളുടെ ഇടപെടലും പ്രമേയവും കൊണ്ട് ഒരു ജനത അരക്ഷിതരായി മാറിപ്പോയതില്‍ ഐക്യരാഷ്ട്ര സഭക്ക് രാഷ്ട്രീയമായ കുറ്റബോധങ്ങളൊന്നും തോന്നിയില്ല. തങ്ങള്‍ നിര്‍ദേശിച്ച അതിര്‍ത്തികളെയും ഭൂമിയുടെ ശതമാനക്കണക്കുകളെയും നഗ്‌നമായി ലംഘിച്ച് ഇസ്രായേല്‍ കയ്യേറിയ ഫലസ്തീന്‍ മണ്ണില്‍ നിന്ന് പുറത്ത് പോകണമെന്ന് അവരോട് പറയാന്‍ സവിശേഷ ബാധ്യതയുണ്ടായിരുന്ന ഐക്യരാഷ്ട്ര സഭ അത് ചെയ്തില്ല എന്ന് മാത്രമല്ല, ഈ കൊടും ക്രൂരതകളും ഭൂമി കൊള്ളയും നടത്തിയ ഇസ്രായേലിനെ തല്‍സ്ഥിതിയില്‍ തന്നെ അംഗീകരിക്കാനുള്ള ഒറ്റക്കണ്ണന്‍ നീതിയാണ് നടപ്പിലാക്കിയത്. ഇസ്രായേലുമായി സമാധാന സന്ധി ഒപ്പ് വെക്കാന്‍ ഐക്യരാഷ്ട്ര സഭ അറബ് രാഷ്ട്രങ്ങളെ നിര്‍ബന്ധിച്ചു. നിലനില്‍പ്പും ഭാവിയും അവതാളത്തിലാകുമെന്ന് ഭയന്ന ജോര്‍ദാന്‍, ഈജിപ്ത്, ലബനന്‍, സിറിയ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി സമാധാന സന്ധി ഒപ്പിട്ടു. ഫലസ്തീനികളെ മുഴുവന്‍ അരക്ഷിതരാക്കി തെരുവില്‍ ഉപേക്ഷിച്ച് കൊണ്ടാണ് ഈ രാജ്യങ്ങളെല്ലാം പിന്‍വാങ്ങിപ്പോയത്.
രാജ്യം ലഭിച്ച ഇസ്രായേലും രാജ്യമില്ലാത്ത ഫലസ്തീന്‍ ജനതയും തമ്മില്‍ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ച് കൊണ്ടിരുന്നു. ഒരു ഭരണഘടനയും, രാജ്യപദവിയും, അത് വഴി ലഭിച്ച പട്ടാളത്തെയും, പോലീസിനെയുമൊക്കെ ഉപയോഗിച്ച് ഫലസ്തീന്‍ ജനതയെ ഇസ്രായേല്‍ വീണ്ടും വീണ്ടും കുടിയൊഴിപ്പിച്ച് കൊണ്ടിരുന്നു. ലോകത്തെ മുഴുവന്‍ യഹൂദരെയും അവര്‍ ഇസ്റായേലിലേക്ക് ക്ഷണിച്ചു. ആര് വന്നാലും വീടും ഭൂമിയും നല്‍കപ്പെടുമെന്ന വാഗ്ദാനമാണ് ഇസ്രായേല്‍ ലോകത്തെ ജൂതര്‍ക്ക് നല്‍കിയത്. ലോകത്തെ ഏത് ജൂതനും ഇസ്രായേലിലേക്ക് കുടിയേറാനുള്ള നിയമം പാസാക്കപ്പെട്ടു. രാജ്യമോ അതിര്‍ത്തികളോ ഭരണകൂടമോ ഒന്നും ഇനിയുമായിട്ടില്ലാത്ത ഫലസ്തീനെ ഇസ്രായേല്‍ ഒരു സൗകര്യവും സാധ്യതയുമായിക്കരുതി. ഫലസ്തീന്‍ രാഷ്ട്രം രൂപപ്പെടാന്‍ സാധ്യതയുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ ജാഗ്രതയോടെയാണ് അവര്‍ വീക്ഷിച്ചത്. ഫലസ്തീന്‍ മുന്നേറ്റങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നിരവധി ഉപജാപങ്ങള്‍ക്ക് ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘടന അസൂത്രണങ്ങള്‍ നല്‍കി. പുതുതായി വന്നെത്തുന്ന ജൂതരെ, എല്ലാ സുരക്ഷിതത്വവും ഉറപ്പ് വരുത്തിക്കൊണ്ട്, തങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് കുടിയേറ്റത്തിനായി ഇസ്രായേല്‍ അയച്ച് കൊണ്ടിരുന്നു. അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഫലസ്തീന്‍ സംഘങ്ങളെ തങ്ങളുടെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് മെരുക്കാനും അവര്‍ ശ്രമിച്ച് പോന്നു.
ഈജിപ്ത് കേന്ദ്രമാക്കി ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന സംഘടന കൂടുതല്‍ ശക്തരായിക്കൊണ്ടിരുന്നു. അറബ് നാടുകളെ പാശ്ചാത്യ ശക്തികള്‍ പകുത്തെടുത്ത രാഷ്ട്രീയ സാഹചര്യത്തിന്റെ ഉല്പന്നമാണ് ഇഖ്വാനുല്‍ മുസ്ലിമൂന്‍. അറബ് രാജ്യങ്ങളില്‍ പാശ്ചാത്യ സംസ്‌കാരിക സ്വാധീനം പടര്‍ന്ന് പിടിക്കുന്നതിനെതിരെ ഇസ്ലാമിന്റെ അന്തസും സാംസ്‌കാരികതയും ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കുക എന്ന അജണ്ടയിലാണ് അവര്‍ രൂപപ്പെട്ടത്. അവര്‍ പിന്നീട് ഒരു സായുധ സംഘമായി മാറുകയായിരുന്നു. ഇസ്രായേലുമായി സന്ധി ചെയ്ത അറബ് രാജ്യങ്ങള്‍ അറബ് – മുസ്ലിം ജനതയുടെ ആത്മാഭിമാനത്തിനും അന്തസിനും പരിക്കേല്പിച്ചു എന്നതായിരുന്നു ഇഖ്വാനുല്‍ മുസ്ലിമൂന്റെ മുഖ്യമായ പ്രശ്‌നം. അറബ് രാജ്യങ്ങളുടെ നേതൃത്വങ്ങള്‍ക്കെതിരില്‍ സംഘടന പ്രചാരണം നടത്തി. അന്താരാഷ്ട്രാ തലത്തില്‍ ഫലസ്തീന്‍ സമാധാനത്തിനും പ്രശ്‌ന പരിഹാരത്തിനായി അനേകം പദ്ധതികള്‍ രൂപപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഇസ്രായേല്‍ എന്നൊരു രാജ്യത്തെ അംഗീകരിച്ച് കൊണ്ടോ ഫലസ്തീന്റെ ഒരിഞ്ച് ഭൂമിയെങ്കിലും അവര്‍ക്ക് നല്കിക്കൊണ്ടുള്ളതോ ആയ ഒരു പദ്ധതിയോടും സഹകരിക്കണ്ട എന്ന കടുത്ത നിലപാടിലായിരുന്നു ഇഖ്വാന്‍. അവരുയര്‍ത്തിയത് ഒരു ന്യായമായിരുന്നെങ്കിലും സാഹചര്യങ്ങളെ അപഗ്രഥിച്ച് കൊണ്ടുള്ള ഒരു പ്രായോഗിക നിലപാടായിരുന്നില്ല അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഒരു മതേതര സമൂഹത്തിന്റെ പരിച്ഛേദത്തെയല്ല അവര്‍ പ്രതിനിധാനം ചെയ്യാന്‍ ശ്രമിച്ചത്. പക്ഷെ അനാഥത്വം പേറേണ്ടി വന്ന ഗസ്സയിലെ ജനങ്ങള്‍ക്ക് മുമ്പില്‍ ഇഖ്വാനെ ആശ്രയിക്കലല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഗസ്സ കേന്ദ്രീകരിച്ച് സായുധ പോരാട്ടങ്ങള്‍ നടത്തി സമാധാന പദ്ധതികള്‍ക്ക് ഇഖ്വാന്‍ തുരങ്കം വെച്ചു. ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന സംഘടനക്ക് കൂടുതല്‍ ശക്തരാകാനും അന്താരാഷ്ട്രാ പരിപ്രേക്ഷ്യത്തില്‍ ഒരു മുഖഛായ രൂപപ്പെടുത്താനും കഴിഞ്ഞു എന്നതില്‍ക്കവിഞ്ഞ് ഫലസ്തീനികളുടെ പ്രശ്നത്തിന് എന്തെങ്കിലും ഗുണപരമായ മാറ്റമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചോ എന്ന് ചോദിച്ചാല്‍, ഇല്ല എന്നാണുത്തരം. ഫലസ്തീന്‍ ജനത തെരുവില്‍ തന്നെ നിന്ന് പോയതില്‍ അവര്‍ക്കും അനവഗണനീയമായ പങ്കുണ്ട്.
രാജഭരണത്തില്‍ നിന്ന് ഈജിപ്തിനെ സ്വതന്ത്രമാക്കി അവിടെയൊരു സൈനിക വിപ്ലവം നടന്നു. വിപ്ലവത്തെ ഇഖ്വാനുല്‍ മുസ്ലിമൂന്‍ അനുകൂലിച്ചു. എന്നാല്‍ വിപ്ലവത്തിന് ശേഷം ഈജിപ്തില്‍ രൂപം കൊണ്ട രാഷ്ട്രീയാന്തരീക്ഷം മെല്ലെ ഇഖ്വാന് എതിരായി വന്നു. ഈജിപ്തിന്റെ ദേശീയ നായകനായി ഉയര്‍ന്ന് വന്ന ജമാല്‍ അബ്ദുന്നാസറും ഇസ്ലാമിസ്റ്റുകളും തമ്മില്‍ രൂപപ്പെട്ട ഭിന്നതായായിരുന്നു കാരണം. ജമാല്‍ ഉയര്‍ത്തിയ വിശാല ഈജിപ്ഷ്യന്‍ ദേശീയതയും അതിന്റെ നിലപാടുകളുമായി ഇഖ്വാനുല്‍ മുസ്ലിമൂന്റെ മത രാഷ്ട്രീയം ഒത്ത് പോകുന്നതായിരുന്നില്ല. ജമാലിന്നെതിരെ ഇസ്ലാമിസ്റ്റുകള്‍ വിപ്ലവ നീക്കം നടത്തി. ഈജിപ്തില്‍ ഇഖ്വാനികള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ടു. തലസ്ഥാന നഗരിയില്‍ നിന്ന് ഇഖ്വാന്‍ ഗസയിലേക്ക് അവരുടെ പ്രവര്‍ത്തനം മെല്ലെ കേന്ദ്രീകരിച്ച് കൊണ്ടിരുന്നു.
ജമാല്‍ അബ്ദുന്നാസര്‍ ഈജിപ്തില്‍ നടപ്പിലാക്കുന്ന നയങ്ങളിലും തീരുമാനങ്ങളിലും പാശ്ചാത്യ ശക്തികള്‍ക്കും ആശങ്കയുണ്ടായിരുന്നു. ആ ആശങ്കയുടെ അനന്തര ഫലമാണ് 56ല്‍ നടന്ന യുദ്ധം. ആ യുദ്ധത്തിന് ഫലസ്തീന്‍ വിഷയവുമായി നേര്‍ക്ക് നേര്‍ ബന്ധങ്ങളൊന്നുമില്ലായിരുന്നെങ്കിലും ഇസ്രായേല്‍ കൂടി ആ യുദ്ധത്തില്‍ പങ്ക് ചേര്‍ന്നിരുന്നു എന്നതും പിന്നീട് ഫലസ്തീന്‍ കേന്ദ്രീകരിച്ച് നടന്ന മറ്റൊരു അറബ് ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലം രൂപപ്പെടാന്‍ ഈ യുദ്ധം ഒരു നിമിത്തമായി എന്നതും ഇതിനെ ഫലസ്തീന്‍ രാഷ്ട്രീയവുമായി ബന്ധിപ്പിച്ച് നിര്‍ത്തുന്നു. ഈജിപ്തിന് നടുവിലൂടെ ഒഴുകുന്ന സൂയസ് കനാല്‍ ജമാല്‍ അബ്ദുന്നാസര്‍ ദേശസാല്‍ക്കാരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഒരു ബ്രിട്ടീഷ് കമ്പനി നിര്‍മിച്ചതായിരുന്നു ഈ കനാല്‍. ഈജിപ്ത് സ്വതന്ത്രമായിട്ടും ആ കമ്പനി തന്നെയാണ് കനാല്‍ നോക്കി നടത്തിയിരുന്നതും അതിന്റെ വരുമാനം പറ്റിയിരുന്നതും. അത് പൂര്‍ണമായും ഈജിപ്ത് ഏറ്റെടുത്തതോടെ ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യ നാടുകളുടെ വാണിജ്യ താല്‍പര്യങ്ങളെ അത് ദോഷകരമായി ബാധിച്ചു. അന്താരാഷ്ട്രാ ചരക്ക് കപ്പലുകള്‍ ആഫ്രിക്കന്‍ മുനമ്പ് ചുറ്റാതെ എളുപ്പ വഴിയില്‍ കടന്ന് പൊയ്‌ക്കൊണ്ടിരുന്നത് സൂയസ് കനാലിലൂടെയായിരുന്നു. എന്ത് വില കൊടുത്തും സൂയസ് തിരിച്ച് പിടിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു.
ഇസ്രായേലിനെ കൂട്ട് കക്ഷിയാക്കിക്കൊണ്ട് ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തിയ മറ്റൊരു ഗൂഡാലോചനയായിരുന്നു 56ല്‍ നടന്ന യുദ്ധം. ഗസ്സ കേന്ദ്രീകരിച്ച് ഇസ്രായേല്‍ വിരുദ്ധ പോരാട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നെന്നും ഈജിപ്ത് അതിനെ ചെറുക്കുന്നില്ലെന്നുമുള്ള കുറ്റം ചാര്‍ത്തി ഇസ്രായേല്‍ ഈജിപ്തിനെ ആക്രമിച്ചതോടെ യുദ്ധമാരംഭിച്ചു. ഗസ അവര്‍ പൂര്‍ണമായും പിടിച്ചെടുത്തു. ഫ്രാന്‍സ് വന്‍തോതില്‍ ഇസ്രായേലിന് ആയുധം നല്‍കിക്കൊണ്ടിരുന്നു. ഇസ്രായേല്‍ സൈന്യം സൂയസ് കനാല്‍ വരെയെത്തി. കനാല്‍ അവര്‍ പിടിച്ചെടുക്കുമെന്ന അഭ്യൂഹം പരന്നു. സൂയസ് കേന്ദ്രീകരിച്ച് വന്‍ സംഘര്‍ഷമുണ്ടായി. അതോടെ പ്രശ്‌ന പരിഹാരത്തിനായി സൂയസ് കനാലില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ദൂരം പിന്നിലേക്ക് പോകാന്‍ ബ്രിട്ടനും ഫ്രാന്‍സും രണ്ട് രാജ്യങ്ങളോടുമാവശ്യപ്പെട്ടു. ഇസ്രായേല്‍ തങ്ങളുടെ സേനയെ പത്ത് കിലോമീറ്റര്‍ പിന്‍വലിച്ചു. എന്നാല്‍ സ്വാഭാവികമായും ഈജിപ്തിന്റെ സേന സൂയസില്‍ നിന്ന് പിന്നിലോട്ട് പോയില്ല. ഈ കാരണം മുന്‍ നിര്‍ത്തി ഫ്രാന്‍സും ബ്രിട്ടനും ഈജിപ്തിനെ ആക്രമിച്ചു. രണ്ടാം ലോക യുദ്ധത്തോടെ ലോക നേതൃത്വത്തിലേക്ക് വളര്‍ന്ന് വന്ന അമേരിക്ക മിഡില്‍ ഈസ്റ്റ്, അറബ് പ്രശ്‌നങ്ങളിലേക്ക് നേരിട്ട് ഇടപെടാന്‍ തുടങ്ങുന്നത് ഈ സംഭവത്തോടെയാണ്. യഥാര്‍ഥത്തില്‍ മിഡില്‍ ഈസ്റ്റിലെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ യോജ്യമായ ഒരു തക്കം കാത്തിരിക്കുകയായിരുന്നു അവര്‍. ബ്രിട്ടനും ഫ്രാന്‍സും കാണിച്ച നൃശംസനീയമായ വേട്ടയാടലിനോട് അന്താരാഷ്ട്രാ സമൂഹം സഗൗരവം പ്രതിഷേധിച്ചു. ആ പ്രതിഷേധത്തെ മുന്‍നിര്‍ത്തിയാണ് അമേരിക്ക ഇതില്‍ ഇടപെടുന്നത്. തുടര്‍ന്ന് സൂയസ് കനാലിലും അഖബാ ഉള്‍ക്കടലിലും തങ്ങളുടെ കപ്പലുകള്‍ക്ക് അനായാസം സഞ്ചരിക്കാനുള്ള അവകാശം ഉറപ്പ് വരുത്തിക്കൊണ്ട് മൂന്ന് രാജ്യങ്ങളും യുദ്ധം അവസാനിപ്പിച്ചു.
യുദ്ധം ഈജിപ്ത് രാഷ്ട്രീയത്തില്‍ മാത്രമല്ല, അറബ് രാഷ്ട്രീയത്തിലൊന്നാകെ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. യഥാര്‍ഥത്തില്‍ യുദ്ധം കൊണ്ട് നേട്ടമുണ്ടായത് ഇസ്രായേലിനും പാശ്ചാത്യര്‍ക്കുമായിരുന്നെങ്കിലും അറബ് രാഷ്ട്രീയത്തില്‍ ജമാല്‍ അബ്ദുന്നാസറിന്റെ താരത്തിളക്കം വര്‍ധിക്കുകയാണുണ്ടായത്. ജമാലിന്റെ രാഷ്ട്രീയ നേട്ടവും പാശ്ചാത്യ സേനകളുടെ പിന്‍മടക്കവുമായാണ് യുദ്ധാനന്തരഫലത്തെ ജമാല്‍ അനുകൂലികള്‍ വ്യാഖ്യാനിച്ചത്. ഇത്തരം പൊള്ളയായ പ്രചാരണങ്ങള്‍ തന്നെയാണ് ഈജിപ്തിന് പിന്നീട് വന്‍പരാജയം സമ്മാനിച്ചതും. ഇസ്രായേല്‍ സേന പിന്‍വാങ്ങിയ ഉടന്‍ ഈജിപ്തിന്റെ സൈന്യം വീണ്ടും ഗസ്സയുടെ നിയന്ത്രണം കൈക്കലാക്കി. ഇസ്‌ലാമിസ്റ്റുകളുടെ പ്രവര്‍ത്തനത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ടു വരപ്പെട്ടു. ഗസ്സയിലെ ഇഖ്വാന്‍ പ്രവര്‍ത്തകര്‍ രണ്ട് ചിന്താധാരകളിലേക്ക് മാറി. ഒരു വിഭാഗം സായുധ നടപടികളില്‍ നിന്ന് പിന്‍വലിഞ്ഞു. ഇഖ്വാനുമായി സഹകരിച്ച് നിന്ന ചില പൊതുനേതാക്കള്‍ ചേര്‍ന്ന് ഫതഹ് എന്ന പേരില്‍ ഫലസ്തീന്‍ വിമോചന സംഘടന രൂപപ്പെടുന്നത് ഇക്കാലത്താണ്. ഫതഹ് ഒരു ഇസ്ലാമിക പ്രതിച്ഛായ നിലനിര്‍ത്തിക്കൊണ്ടാണ് ആരംഭിക്കുന്നത്. യുവ നേതാവായിരുന്ന യാസര്‍ അറഫാത്ത് അതിന്റെ സാരഥിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അന്താരാഷ്ട്രാ വേദികളില്‍ യാസര്‍ അറഫാത്ത് എന്ന നാമം മുഴങ്ങിക്കേള്‍ക്കാന്‍ നിമിത്തമായത് ഈ തെരഞ്ഞെടുപ്പായിരുന്നു.
1959 ല്‍ അറബ് ദേശീയതയെ ഫലസ്തീന്‍ പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ച് കൊണ്ട് അറബ് നാഷണലിസ്റ്റ് മൂവ്‌മെന്റ് എന്നൊരു സംഘടന കൂടി പിറവി കൊണ്ടു. ഫലസ്തീന്‍ പോരാട്ടം കണ്ട ഏറ്റവും മികച്ച ബുദ്ധിജീവികളില്‍ ഒരാളും തന്ത്രജ്ഞനുമായിരുന്ന ഡോ. ജോര്‍ജ് ഹബ്ബാശായിരുന്നു ഈ സംഘടനയുടെ ശില്പി. ഈ സംഘടനയാണ് പിന്നീട് ഫലസ്തീന്‍ പോരാട്ട ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങള്‍ രചിച്ച പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്റ്റീന്‍ എന്ന സംഘടനയായി മാറുന്നത്. ജോര്‍ജ് ഹബ്ബാശ് ഇടതുപക്ഷ ബോധവും മതേതര നിലപാടുകളുമുള്ള ഒരു ഫലസ്തീന്‍ ക്രിസ്ത്യാനിയായിരുന്നു. ഫലസ്തീനിലെ ഏറ്റവും പ്രധാനപ്പെട്ട മതേതര ഇടത് പക്ഷ ചേരിയായിരുന്നു പോപുലര്‍ ഫ്രണ്ട്. മുസ്ലിംകളും ക്രിസ്ത്യാനികളുമായ അനേകം വിദ്യാസമ്പന്നരും സാധാരണക്കാരും ഇതില്‍ അംഗങ്ങളായിരുന്നു. ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങള്‍ മതേതര ലോകത്തിന്റെ ശ്രദ്ധയിലേക്കും മുന്‍ഗണനയിലേക്കും കടന്ന് വരുന്നത് ജോര്‍ജ് ഹബ്ബാശ് സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ച ഈ സംഘടന വഴിയാണ്. സൂക്ഷ്മമായി നമ്മള്‍ പരിശോധിച്ചാല്‍ ഒരു മതേതര മുന്നണിയും മതാധിഷ്ഠിത മുന്നണിയുമായി ഫലസ്തീന്‍ രാഷ്ട്രീയം വിഭജിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയും. ഫലസ്തീന്‍ പോരാട്ടങ്ങളില്‍ മതേതര മുന്നണി മേല്‍ക്കൈ നേടുന്നത് മതകീയ മുന്നണിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ ഏറ്റവും പ്രധാന കാരണം മതേതര മുന്നണി പ്രവര്‍ത്തിച്ചത് ഒരു ആധുനിക, ജനാധിപത്യ, മതേത, പരമാധികാര രാഷ്ട്രമാക്കി ഫലസ്തീനെ മാറ്റാനാണ്. എന്നാല്‍ ഇസ്ലാമിസ്റ്റുകള്‍ ഫലസ്തീനെ ഒരു ഇസ്ലാമിക രാജ്യമാക്കാനാണ് അധ്വാനിച്ചത്. ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങള്‍ക്ക് സംഭവിച്ച ശിഥിലീകരണത്തിന്റെ മുഖ്യമായ കാരണം ഈയൊരു വൈരുധ്യം തന്നെയായിരുന്നു.
1962 ല്‍ യാസര്‍ അറഫാത്ത് ഫതഹ് പാര്‍ട്ടിയെ ഏകീകരിച്ചു. ഫതഹിന് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വ്യക്തതകള്‍ വരുന്നത് ഇതിന് ശേഷമാണ്. ഫതഹ് മതേതര ചേരിയോടും കമ്മ്യൂണിസ്റ്റ് വീക്ഷണങ്ങളോടും കൂടുതല്‍ ആഭിമുഖ്യം കാണിക്കമുന്നുവെന്ന വിമര്‍ശനങ്ങള്‍ ആ സംഘടനയെ ഒരു പിളര്‍പ്പിലേക്ക് നയിച്ചു. ഇസ്ലാമിസ്റ്റുകള്‍ തങ്ങളുടെ അനുഭാവികളെയും അണികളെയും ഫത്ഹില്‍ നിന്ന് പുറത്ത് വരാന്‍ ആഹ്വാനം ചെയ്തു. ഫലസ്തീന്‍ വിമോചനപ്പോരാട്ടങ്ങള്‍ വീണ്ടുമൊരു ദശാസന്ധിയിലേക്ക് പ്രവേശിക്കുകയായിരുന്നു. തീവ്രമായ മത ചിന്തകളും അതില്‍നിന്ന് ഉല്‍ഭൂതമാകുന്ന രാഷ്ട്രീയവും കൊണ്ട് ഇസ്‌ലാമിസ്റ്റുകള്‍ തങ്ങളോട് യോജിക്കാത്ത ഫതഹ് നേതാക്കളെ കഠിനമായി വിമര്‍ശിക്കുകയും അവരോട് അസ്പൃശ്യത പുലര്‍ത്തുകയും ചെയ്തു. ഫലസ്തീന്‍ സംഘടനകളുടെ ആധിക്യവും പരസ്പര വൈരവും പരിഹരിക്കുന്നതിനും അവന്റെ കൂട്ടി യോജിപ്പിക്കുന്നതിനുമായി അറബ് രാഷ്ട്രങ്ങള്‍ മുന്‍കൈ എടുത്ത് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി എല്‍ ഒ)എന്നൊരു പൊതുവേദിക്ക് രൂപം നല്‍കുകയും അതിന്റെ പൊതുമിനിമം അജണ്ടകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ സംയുക്തമായ പോരാട്ടമുഖങ്ങള്‍ തുറക്കാന്‍ പി എല്‍ ഒ തീരുമാനിച്ചു. ഈ പൊതുവേദിക്ക് ഫലസ്തീന്‍ ജനതയ്ക്കിടയില്‍ വലിയ വേരോട്ടവും പിന്തുണയും ലഭിച്ചു. തുടര്‍ന്ന് ഫത്ഹിന്റെ നേതൃത്വത്തില്‍ ഇസ്രായേലിനെതിരെ സൈനിക നടപടികള്‍ ആരംഭിച്ചു. ഫലസ്തീന്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തിയാണ് ഇസ്രായേല്‍ ഇതിനോട് പ്രതികരിച്ചത്.
മതേതര ചേരിയുടെ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്രാ തലത്തില്‍ വലിയ സ്വീകാര്യതയും പിന്തുണയും ലഭിക്കുന്നുണ്ടായിരുന്നു. ആഗോള തലത്തില്‍ പല നേതാക്കന്മാരുമായും ഹഫ്തഹിലെയും നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും നേതാക്കള്‍ ആശയ വിനിമയം നടത്തിക്കൊണ്ടിരുന്നു. മതേതര ചേരിയില്‍ നില്‍ക്കുമ്പോഴും അതി തീവ്രമായ പോരാട്ട സ്വഭാവമാണ് പോപുലര്‍ ഫ്രണ്ട് പ്രകടിപ്പിച്ചത്. ധാരാളം ഒളിപ്പോരാളികള്‍ സിറിയയില്‍ നിന്നും ഈജിപ്തില്‍ നിന്നും ഫലസ്തീനിലേക്ക് വന്ന് കൊണ്ടിരുന്നു. ഒളിപ്പോര്‍ യുദ്ധ തന്ത്രത്തില്‍ ഇസ്രായേല്‍ വലിയ പ്രതിരോധത്തിലായി. ഒളിപ്പോരാളികളെ തടയാന്‍ ഇസ്രായേല്‍ സിറിയക്കും ഈജിപ്തിനും അന്ത്യശാസനം നല്‍കി. ഈജിപ്തിന്റെ ഭാഗമായ സീനായ് പ്രവിശ്യയില്‍ നിന്ന് ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ തീറാന്‍ കടലിടുക്ക് തങ്ങള്‍ അടക്കുമെന്ന് ഈജിപ്തും ഭീഷണി മുഴക്കി. ഇസ്രായേലിന് ചെങ്കടലില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഒരേയൊരു കടലിടുക്കാണ് തീറാന്‍. ഇതിനകം ജോര്‍ദാനില്‍ ചില ഭരണമാറ്റങ്ങള്‍ നടന്ന് കഴിഞ്ഞിരുന്നു. അബ്ദുല്ല രാജാവ് ഖുദ്സിന്റെ കവാടത്തില്‍ വെച്ച് ഒരു ഫലസ്തീന്‍ ചാവേറിനാല്‍ വധിക്കപ്പെടുകയും തുടര്‍ന്ന് പുത്രന്‍ തലാലും പിന്നീട് പൗത്രന്‍ ഹുസ്സൈനും രാജാക്കന്മാരാകുകയും ചെയ്തു. ആസൂത്രണങ്ങള്‍ക്കും ഉപജാപങ്ങള്‍ക്കും ആഗ്രഗണ്യനെണെന്നാണ് ഹുസ്സൈന്‍ രാജാവ് പരക്കെ അറിയപ്പെട്ടത്. ഇസ്രായേലും ഈജിപ്തും തമ്മില്‍ വാഗ്പോരാട്ടങ്ങള്‍ നടന്ന് കൊണ്ടിരിക്കുമ്പോള്‍ ഹുസ്സൈന്‍ രാജാവ് കൈറോയിലെത്തി ജമാല്‍ അബ്ദുന്നാസറിന് പിന്തുണ നല്‍കുകയും ഒരു സംയുക്ത പ്രതിരോധ ഉടമ്പടിയില്‍ ഒപ്പ് വെക്കുകയും ചെയ്തു. തുടര്‍ന്ന് സിറിയയും ലബനാനും ഈ മുന്നണിയില്‍ ചേര്‍ന്നു. ജമാല്‍ അബ്ദുന്നാസറിന്റെ നേതൃത്വത്തില്‍ ഇസ്രായേലിനെതിരെ അവര്‍ പടയൊരുക്കം തുടങ്ങി.
1967 ജൂലൈ മാസം അഞ്ചാം തീയതിയാണ് യുദ്ധമാരംഭിച്ചത്. യുദ്ധമുഖത്തെക്കുറിച്ച് ഈജിപ്ഷ്യന്‍ റേഡിയോ പ്രക്ഷേപണം ചെയ്ത വാര്‍ത്തകള്‍ അറബ് ലോകത്തെ ആവേശഭരിതരാക്കി. ജമാല്‍ അബ്ദുന്നാസര്‍ തങ്ങള്‍ക്കായി ഫലസ്തീനെ വീണ്ടെടുത്ത് തരുമെന്ന് ഫലസ്തീനികളും വിശ്വസിച്ചു. യഥാര്‍ത്ഥത്തില്‍ യുദ്ധമുന്നണിയില്‍ അറബ് സേന ചതഞ്ഞരയുകയായിരുന്നു. ജമാലിന്റെ പ്രതിഛായാ പ്രചാരകര്‍ നടത്തിയ പ്രചാരണ യുദ്ധത്തില്‍ മാത്രമാണ് അറബ് സേന വിജയിച്ചത്! യുദ്ധമാരംഭിച്ച ഒന്നാം ദിവസം തന്നെ ഇസ്രായേല്‍ യുദ്ധത്തില്‍ മേല്‍ക്കൈ നേടി. ആറ് ദിവസങ്ങള്‍ കൊണ്ട് യുദ്ധമാവസാനിച്ചു. അതിഭീകരമായിരുന്നു യുദ്ധത്തിന്റെ ഫലങ്ങള്‍. ഗാസയും വെസ്റ്റ് ബാങ്കുമടക്കമുള്ള സമ്പൂര്‍ണമായ ഫലസ്തീന്‍ പ്രദേശങ്ങളും ഇസ്രായേല്‍ പിടിച്ചെടുത്തു എന്ന് മാത്രമല്ല, ഈജിപ്തിന്റെ സീനായ് പ്രവിശ്യ, സിറിയയുടെ ഗോലാന്‍ കുന്നുകള്‍ തുടങ്ങിയ വിശാലമായ പ്രദേശങ്ങള്‍ കൂടി ഇസ്രായേല്‍ തങ്ങളുടെ അധീനതയിലാക്കി. ഈജിപ്തിന് ആകെയുണ്ടായിരുന്ന 416 വിമാനങ്ങളില്‍ 392ഉം ഇസ്രായേല്‍ തകര്‍ത്ത് കളഞ്ഞു. എല്ലാ അര്‍ഥത്തിലും ഈജിപ്ത് എന്ന രാജ്യത്തിന്റെ നട്ടെല്ല് തകര്‍ത്ത യുദ്ധമായിരുന്നു ആറ് ദിന യുദ്ധം .

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x