23 Monday
December 2024
2024 December 23
1446 Joumada II 21

പുതുകാലത്തെ സര്‍ സയ്യിദ്‌

നൗഷാദ് അരീക്കോട്‌


സമൂഹത്തിനൊപ്പം നടക്കുമ്പോഴും വേറിട്ട ചിന്തയും പ്രവൃത്തിയും കൊണ്ട് കൂടെയുള്ളവരെ അമ്പരപ്പിച്ച നേതാവായിരുന്നു ഡോ. കെ അബ്ദുറഹ്മാന്‍. വ്യത്യസ്തമാവുകയെന്നത് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്തു കൊണ്ടല്ല, മറിച്ച് കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്തത് കൊണ്ടായിരുന്നു. ഇത് രണ്ടും രണ്ടാണ്, ഉദാഹരണം വേറിട്ട ഒരു വിദ്യാലയം എന്നത് വ്യത്യസ്തമായ കാര്യമാണ്, പലരും അത് ചെയ്യുന്നുമുണ്ട്, എന്നാല്‍ ഡോക്ടര്‍ വ്യത്യസ്തനാവുന്നത് വ്യത്യസ്ത വിദ്യാലയത്തിലെ സകലതും വ്യത്യസ്തമാക്കി കൊണ്ടായിരുന്നു. സ്‌കൂള്‍ തുടങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ് അധ്യാപക റിക്രൂട്ട്‌മെന്റ്, ഒരു വര്‍ഷത്തെ പ്രായോഗിക പരിശീലനങ്ങള്‍, മികച്ചവയില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാത്ത മനോഭാവം, പഠന ബോധന പ്രക്രിയയില്‍ നിരന്തര ഇടപെടലുകള്‍, കുട്ടികളില്‍ ക്യൂരിയോസിറ്റി ജനിപ്പിക്കുന്ന കരിക്കുലം… ഇങ്ങനെ ഓരോന്നിലും തന്നെ നേതൃപാടവം ഡോക്ടര്‍ കാണിച്ചു തന്നു.
നിഷ്പക്ഷ നേതാവ് എന്ന ഒന്നില്ല എന്നായിരുന്നു ഡോക്ടറുടെ നിരീക്ഷണം, മറിച്ച് നല്ല നേതാവ്, ചീത്ത നേതാവ് എന്നിങ്ങനെ രണ്ട് തരം നേതാക്കളെയുള്ളൂ എന്ന് ഡോക്ടര്‍ കൂടെയുള്ളവരെ പഠിപ്പിച്ചു. നിലപാടുകള്‍ എടുക്കുമ്പോള്‍ അദ്ദേഹമൊരു നല്ല നേതാവിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എന്താണ് നല്ല നേതൃ ലക്ഷണങ്ങള്‍ എന്നതിന് ഡോ. അബ്ദുറഹ്മാന്റെ ജീവിതം നേര്‍സാക്ഷി.
സമൂഹത്തിന്റെ ആവശ്യകത മനസ്സിലാക്കുകയെന്നതാണതിലൊന്ന്. നാം കാണുന്നതായിരുന്നില്ല ഡോക്ടറുടെ കാഴ്ചകള്‍. ഒരു ഉദാഹരണം പറയാം, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ രോഗികള്‍ക്കായി ഒരു മുറിയില്‍ അല്പ സൗകര്യങ്ങളുമായി പരീക്ഷണാര്‍ഥം തുടങ്ങിയ പെയിന്‍ ക്ലിനിക്കിന്റെ സാധ്യത കണ്ടറിഞ്ഞ് മുന്നിട്ടിറങ്ങി അദ്ദേഹം തുടങ്ങി വെച്ചതാണ് പാലിയേറ്റീവ് കെയര്‍ സംവിധാനം. പിന്നീടത് കേരളം മുഴുവന്‍ പടരുന്ന കാഴ്ച നാം കണ്ടതാണ്. ഡോക്ടര്‍മാരില്‍ മാത്രം ഒതുങ്ങേണ്ട സാന്ത്വന ചികിത്സാരീതി സമൂഹ സഹകരണത്തോടെ ചെയ്യാന്‍ ഡോ. അബ്ദുറഹ്മാന്‍ കാണിച്ച തന്റേടം തുല്യതയില്ലാത്തതായിരുന്നു.
മറ്റൊന്ന് കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തിന്റെ മെഡിക്കല്‍ കൗണ്ടറില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിലുടലെടുത്ത ആശയമാണ് ഇന്നത്തെ ഐ എം ബി എന്നത്. അവിടെ വെച്ച് തന്നെ അതിന്റെ ആദ്യ യോഗവും ചേര്‍ന്നത് അദ്ദേഹത്തിലെ നേതൃഗുണത്തിന് തെളിവാണ്. ഇത്തരം പ്രവൃത്തികളിലെല്ലാം അദ്ദേഹം തന്റെ Professional Charity സമര്‍പ്പിക്കുകയായിരുന്നു. തീരുമാനങ്ങളെടുക്കുന്നതിലെ അദ്ദേഹത്തിന്റെ വേഗത അതിശയകരമായ ഒന്നായിരുന്നു. അതിന് അദ്ദേഹത്തെ സഹായിച്ച നിലപാടാണ് അതിന് കാരണം. ഒരുപാട് കാര്യങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കുന്നത് നീട്ടാതെ, ചെയ്യുന്നത് പടച്ചവന് നിരക്കാത്തതാണോയെന്നും തനിക്ക് വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നതല്ലല്ലോയെന്നതുമായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. ഇന്നത്തെ സമുദായ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കെല്ലാം ഒരു പാഠപുസ്തകമാവേണ്ട ഒന്നാണിത്.
ക്വാളിറ്റിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും അദ്ദേഹം ഒരുക്കമല്ലായിരുന്നു. തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ നിശ്ചയിക്കുന്നതില്‍ മതപരമായ ഒരു വിവേചനവും അദ്ദേഹം കാണിച്ചിരുന്നില്ല എന്നത് സ്ഥാപനങ്ങളിലെ ഹാജര്‍ പുസ്തകം സാക്ഷി. ഇന്റര്‍വ്യൂ സമയങ്ങളില്‍ ഒരുതരം ശുപാര്‍ശയും സ്വീകരിച്ചിരുന്നില്ല, അങ്ങനെ ശ്രമിക്കുന്നവരെ ഒട്ടും പരിഗണിച്ചിരുന്നുമില്ല.
ഏതൊരു സ്ഥാപനത്തിന്റെയും മാനവശേഷിയെ കുറിച്ച് ഡോക്ടറുടെ ലളിതമായൊരു തിയറിയാണ് WaR തിയറി. WaR എന്നാല്‍ Wives and Relatives എന്നതാണ്. ഒരു സ്ഥാപനത്തിലെ മാനേജ്‌മെന്റിലുള്ളവരുടെ ഭാര്യമാരും ബന്ധുക്കളുമായി അവിടെ ജോലി ചെയ്യുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുക, ശേഷം അവിടത്തെ ഏറ്റവും മോശപ്പെട്ട 10 ജീവനക്കാരെ കണ്ടെത്തുക, ഈ രണ്ട് ലിസ്റ്റും ഏറെക്കുറെ ഒന്നാണെങ്കില്‍ ആ സ്ഥാപനത്തിന്റെ Quality ലളിതമായി നിര്‍ണയിക്കാമെന്ന് ഡോക്ടര്‍ പറയുമായിരുന്നു.
അധ്യാപക പരിശീലനങ്ങളില്‍ വേറിട്ട ഗുരുനാഥനായിരുന്നു ഡോക്ടര്‍. ടീച്ചര്‍ ട്രെയിനിംഗ് അത്രയൊന്നും കാഴ്ചയല്ലാത്ത കാലത്ത് ഡോക്ടര്‍ അതെ കുറിച്ച് ആലോചിക്കുകയും നടത്തുകയും ചെയ്തിട്ടുണ്ട്. നിരന്തര പരിശീലനങ്ങള്‍, അവയുടെ ഇവാലുവേഷന്‍, പ്രായോഗിക സമീപനങ്ങള്‍ എന്നിവ നേരിട്ടറിഞ്ഞ നിരവധി അധ്യാപകരുടെ ഗുരുവാണ് ഡോക്ടര്‍. അധ്യാപകര്‍ വായിക്കേണ്ട പുസ്തകങ്ങള്‍ കണ്ടെത്തി ആഴ്ചയിലൊരിക്കല്‍ അവരെ നേരില്‍ കണ്ട് അവ ചര്‍ച്ച ചെയ്യാനും അവരെ അത് വായിപ്പിക്കാനും ആ ഗുരുനാഥന്‍ സമയം കണ്ടെത്തിയിരുന്നു. പരിശീലനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക ഒരിക്കലും നഷ്ടമാവില്ലെന്നത് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.
ഒരിക്കല്‍ കോയമ്പത്തൂരിലെ കാള്‍ക്യൂബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനത്തിനയക്കുന്ന അധ്യാപകരുടെ ടീമില്‍ തൊട്ടടുത്ത ദിവസം സര്‍ക്കാര്‍ ജോലി കിട്ടി പോവുന്ന ഒരു ടീച്ചറുമുണ്ടായിരുന്നു, അവരെ പണം ചെലവഴിച്ച് പരിശീലനത്തിനയക്കുന്നത് സ്ഥാപനത്തിന് നഷ്ടമല്ലേയെന്ന പ്രിന്‍സിപ്പലിന്റെ സംശയത്തിന് ഡോക്ടറുടെ മറുപടി ശ്രദ്ധേയമായിരുന്നു: ”അവര്‍ക്ക് തന്നെയാണ് നമ്മള്‍ പരിശീലനം നല്‍കേണ്ടത്, സാധാരണക്കാരുടെ മക്കളെ പഠിപ്പിക്കേണ്ടി വരുന്ന അവര്‍ മികച്ച ടീച്ചറെന്ന തലയെടുപ്പോടെ വേണം ഇവിടെ നിന്ന് പോവാന്‍.”
സാമ്പത്തിക ശേഷിയുള്ളവര്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുമ്പോഴും പാവപ്പെട്ടവര്‍ക്ക് ഒരു ഭാഗം സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം നല്‍കുമായിരുന്നു. മെഡിക്കല്‍ രംഗത്ത് ഫ്രീ ക്ലിനിക്ക് സമ്പ്രദായത്തിനും തുടക്കം കുറിച്ചത് ഡോക്ടര്‍ തന്നെ.
നേതാവിനുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാന ഗുണം നിസ്വാര്‍ഥതയും സ്ഥാപനത്തിനോടും സംഘടനയോടും പുലര്‍ത്തേണ്ട ഇന്റഗ്രിറ്റി അഥവാ കൂറും ആണ്. ഡോക്ടറില്‍ നമുക്കത് വേണ്ടുവോളം കാണാനാവും. വ്യക്തിപരമായ നേട്ടത്തിനുള്ള ഒരു താല്പര്യവും ഡോക്ടറുടെ പ്രവൃത്തിയില്‍ കാണാനാവില്ല. എന്നാല്‍ സ്വന്തമായുള്ളതെല്ലാം സ്ഥാപനത്തിനും തന്റെ വിശ്വാസാദര്‍ശങ്ങള്‍ക്കും വേണ്ടി നഷ്ടപ്പെടുത്തിയിട്ടുമുണ്ട്. തികഞ്ഞ പോസിറ്റിവിറ്റി എല്ലാ പ്രവൃത്തിയിലും കാണാമായിരുന്നു. ഉദ്ദേശിച്ച പോലെ നടക്കാതെ പോയാല്‍ അതിനെ സ്വീകരിക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചിരുന്നു. വിധിയില്‍ വിശ്വാസമുള്ള ഒരു വിശ്വാസിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലല്ലോ. അചഞ്ചലമായ ദൈവ വിശ്വാസം തന്നെയാണ് പല പ്രതിസന്ധി ഘട്ടങ്ങളെയും തരണം ചെയ്യാന്‍ ഡോക്ടറെ പ്രാപ്തമാക്കിയതും.
തന്റെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് വളര്‍ത്തിക്കൊണ്ടു വന്ന ഒരു സ്‌കൂളിനെ സംഘടനാ ഭിന്നിപ്പ് കാരണം തിരിച്ചേല്‍പ്പിക്കേണ്ടി വന്നപ്പോള്‍ യാതൊരു പ്രയാസവും തോന്നിയിരുന്നില്ല, ലക്ഷ്യപൂര്‍ത്തീകരണത്തിനായില്ലല്ലോ എന്ന മനസ്സാക്ഷിക്കുത്ത് കൊണ്ടാണ് മറ്റൊരു സ്‌കൂള്‍ അതേ മണ്ണില്‍ തുടങ്ങിയതും വളര്‍ത്തി വലുതാക്കിയതും. ആരോടും മത്സരമോ വൈരാഗ്യമോ അക്കാര്യത്തില്‍ ഡോക്ടര്‍ കാണിച്ചിരുന്നില്ല. ഇത് തന്നെയാണ് സംഘടനാ രംഗത്ത് സ്ഥാപിച്ചെടുത്ത സംവിധാനങ്ങള്‍ കൈവിട്ടപ്പോഴും കൈ കൊണ്ട നയം.
ആദ്യ സ്ഥാനക്കാരനാവാന്‍ ഡോക്ടറിലെ നേതാവ് സ്വയം മത്സരിച്ചതായി പലപ്പോഴായി തോന്നിയിട്ടുണ്ട്. ഇന്ന് അഭിമാനപൂര്‍വം നമ്മള്‍ നോക്കി കാണുന്ന പല മികച്ചവയുടെയും പിന്നില്‍ ഡോക്ടറുടെ കരങ്ങളുണ്ട്. പരീക്ഷണാര്‍ഥം എന്തും ഏറ്റെടുക്കാന്‍ ഡോക്ടര്‍ തയ്യാറായിരുന്നു. മെഡിക്കല്‍ കോളജില്‍ പോലും ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന കേസുകള്‍ പഠിക്കാനും ചെയ്യാനും ഡോക്ടര്‍ തയ്യാറായിരുന്നു. ഹൃദയസ്തംഭനം സംബന്ധിച്ച് പഠിച്ച് ചികിത്സിക്കുന്നതില്‍ വളരെ മുമ്പെ തന്നെ ഈ മേഖലയിലെ ഫിസിഷ്യന്‍മാര്‍ക്കിടയില്‍ ഡോക്ടര്‍ ഒന്നാം സ്ഥാനീയനായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ സംവിധാനത്തിലെ ആദ്യ പോരാളിയായിരുന്നു അദ്ദേഹം. താന്‍ സേവനമനുഷ്ടിച്ച സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരില്‍ നേതൃപാടവം ഡോക്ടര്‍ കാണിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അഠഘഅട എന്നൊരു സംവിധാനം വഴി ഗ്രാമങ്ങളില്‍ വായനയും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും ഡോക്ടര്‍ തുടക്കമിട്ടിരുന്നു. കേരളത്തില്‍ കുട്ടികള്‍ക്കുള്ള വെക്കേഷന്‍ ക്യാമ്പുകളില്‍ പഠന പഠനേതര വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്നതിലും ഡോക്ടര്‍ ഒന്നാമതായിരുന്നു.
നേതാവിന്റെ ഗുണങ്ങളില്‍ ഇന്ന് കാണാനാവാത്ത ഒന്നാണ് ബഹുസ്വരത. സ്വന്തം മതം, ജാതി, രാഷ്ട്രീയം എന്നിവ തന്റെ വാക്കിലും പ്രവൃത്തിയിലും കാണിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള നേതാക്കളെല്ലാം. എന്നാല്‍ തന്റെ വിദ്യാഭ്യാസ- ആരോഗ്യ- ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ബഹുസ്വരതയും മാനവിക കാഴ്ചപ്പാടും സൂക്ഷിക്കാന്‍ ഡോക്ടര്‍ക്ക് എന്നും സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം.
സാമൂഹിക പരിവര്‍ത്തനത്തിന് വിദ്യാഭ്യാസമാണ് ഉത്തമ മാര്‍ഗമെന്ന് ഭാരതീയ സമൂഹത്തെ പഠിപ്പിച്ച അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ യഥാര്‍ഥ പിന്‍ഗാമി തന്നെയാണ് ഡോക്ടര്‍ അബ്ദുറഹ്മാന്‍. എന്‍ വി അബ്ദുസ്സലാം മൗലവിക്കും എന്‍ വി ഇബ്‌റാഹീം മാസ്റ്റര്‍ക്കും പ്രിന്‍സിപ്പല്‍മാരായ എന്‍ വി ബീരാന്‍ സാഹിബിനും കെ അഹമ്മദ് കുട്ടി സാഹിബിനും പിറകെ അതേ കുടുംബത്തില്‍ നിന്ന് പിറവി കൊണ്ട സാമൂഹിക പരിഷ്‌കര്‍ത്താവ് തന്നെയായിരുന്നു ഡോ. അബ്ദുറഹ്മാന്‍.

Back to Top