പ്രവാചകന് സിഹ്‌റ് ബാധ; പ്രാമാണിക സാധുതയില്ല
പി കെ മൊയ്തീന്‍ സുല്ലമി
ഇസ്‌ലാമിനെയും നബി(സ)യെയും നിന്ദിക്കുകയെന്നത് യഹൂദികളുടെ അതിരറ്റ ആഗ്രഹമായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതിനാല്‍ അതില്‍ കൈകടത്താന്‍ അവര്‍ക്ക് സാധിച്ചില്ല. പിന്നീട് അവര്‍ ശ്രമം നടത്തിയത് ഹദീസുകളില്‍ കൈകടത്താനാണ്. ഇതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന ബുഖാരിയുടെ റിപ്പോര്‍ട്ടിന് പത്തോളം ന്യൂനതകളുണ്ട്.
ഒന്ന്: പ്രസ്തുത ഹദീസ് ഉദ്ധരിച്ച ഉര്‍വ(റ)യുടെ പുത്രന്‍ ഹിശാം വിശ്വസ്തനല്ല. ആദ്യകാലത്ത് അദ്ദേഹം വിശ്വസ്തനായിരുന്നു. പിന്നീട് അദ്ദേഹം നശിച്ചുവെന്നാണ് ഫത്ഹുല്‍ ബാരിയുടെ ആമുഖത്തില്‍ പറയുന്നത്. ‘ഹിശാമുബ്‌നു ഉര്‍വ (ഹദീസിന്റെ കാര്യത്തില്‍) വീഴ്ച സംഭവിച്ച വ്യക്തിയായിരുന്നു. അദ്ദേഹം ഇറാഖില്‍ എത്തിയപ്പോള്‍ പിതാവിന്റെ(ഉര്‍വ) പേരില്‍ അദ്ദേഹം പറയാത്ത പലതും അദ്ദേഹം പറഞ്ഞു എന്ന നിലയില്‍ ഉദ്ധരിക്കാന്‍ തുടങ്ങി. അക്കാരണത്താല്‍ നാട്ടുകാര്‍ അദ്ദേഹത്തെ വെറുത്തു’ (മുഖദ്ദിമ, ഫത്ഹുല്‍ബാരി, പേജ് 702). വിശ്വസ്തനായ വ്യക്തി പറയാത്ത കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ പറയുന്ന ഹദീസുകള്‍ക്കാണ് മുദല്ലസ് എന്നു പറയപ്പെടുന്നത്. അത്തരം ഹദീസുകള്‍ സ്വീകാര്യമല്ല. ഇമാം നവവി(റ) പറയുന്നു: ‘ഒരു വിഭാഗം പണ്ഡിതന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു: ഒരു വ്യക്തി മുദല്ലിസാണെന്ന് അറിയപ്പെടുന്നപക്ഷം അയാളുടെ ഹദീസ് ഒരു വിഷയത്തിലും സ്വീകാരയോഗ്യമല്ല’ (ശറഹു മുസ്‌ലിം 1:58).
രണ്ട്: നബി(സ)ക്ക് സിഹ്ര്‍ ബാധിച്ചു എന്ന ഹദീസില്‍ നാല് ഇള്ത്വിറാബുകള്‍ (ആശയക്കുഴപ്പങ്ങള്‍) ഉണ്ട്. ഹദീസ് നിദാനശാസ്ത്ര നിയമമനുസരിച്ച് ഒരു ഇള്ത്വിറാബ് ഉണ്ടാകുന്നപക്ഷം പ്രസ്തുത ഹദീസ് സ്വഹീഹല്ല. പിന്നെ നാലോളം പ്രസ്താവന ഇള്ത്വിറാബുള്ള ഹദീസ് എങ്ങനെ സ്വഹീഹാകും? ഇമാം സഖാവി പറയുന്നു: ‘ഒരു ഹദീസിന്റെ സനദിലോ മത്‌നിലോ ഇള്ത്വിറാബ് (ആശയക്കുഴപ്പം) ഉണ്ടാകുന്നപക്ഷം നിര്‍ബന്ധമായും പ്രസ്തുത ഹദീസ് ദുര്‍ബലമായിത്തീരുന്നതാണ്’ (ഫത്ഹുല്‍ മുഗീസ് 1:225). ഇതില്‍പെട്ട രണ്ട് ആശയക്കുഴപ്പങ്ങള്‍ താഴെ ചേര്‍ക്കുന്നു: (1). നബി(സ) ക്ക് സിഹ്‌റ് ബാധിച്ചത് 40 ദിവസമാണ് (ബുഖാരി, ഫത്ഹുല്‍ബാരി 13:150). ‘നബി(സ)ക്ക് സിഹ്‌റ് ബാധിച്ചത് 6 മാസമാണ്’ (അഹ്മദ്, ഫത്ഹുല്‍ബാരി 13:150). (2). ‘ലബീദുബ്‌നുല്‍ അഅ്‌സം യഹൂദിയാണ്’ (ബുഖാരി 5763). ‘ലബീദുബ്‌നുല്‍ അഅ്‌സ്വം മുനാഫിഖ് (മുസ്‌ലിം) ആയിരുന്നു’ (ഇബ്‌നു കസീര്‍ 4:574).
മൂന്ന്: അഹ്‌ലുസ്സുന്നയുടെ പ്രമുഖ പണ്ഡിതന്മാരെല്ലാം ഹിശാമുബ്‌നു ഉര്‍വയുടെ വിശ്വാസത്തെ എതിര്‍ത്തിട്ടുണ്ട്. ഇമാം നവവി പറയുന്നു: ‘ഇസ്മാഈലുബ്‌നു ഇയാശിന്റെ നാട്ടുകാര്‍ അദ്ദേഹത്തെ സംബന്ധിച്ച് വിശ്വസ്തനാണെന്ന് പറഞ്ഞാല്‍ അത് സ്വഹീഹായിരിക്കാം. എന്നാല്‍ മദീനക്കാരില്‍ പെട്ട ഹിശാമുബ്‌നു ഉര്‍വ, യഹ്‌യബ്‌നു സഈദ്, സുഹൈലുബ്‌നു അബീസ്വാഹിബ് എന്നിവര്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ (വിശ്വസ്തരല്ല) ഹദീസിന്റെ വിഷയത്തില്‍ ഒന്നുമല്ല’ (സ്വഹീഹ് മുസ്‌ലിം 1:154). ഇമാം മാലിക് ഫത്ഹുല്‍ബാരി 702-ാം പേജിലും ഇമാം ശാഫിഈ അല്‍ഉമ്മ് എന്ന ഗ്രന്ഥത്തില്‍ വിമര്‍ശിച്ചതായി ഫത്ഹുല്‍ബാരി 6:707ലും ഇമാം ദഹബി മീസാനുല്‍ ഇഅ്തിദാല്‍ എന്ന ഗ്രന്ഥം 11:46ാം പേജിലും ഹിശാമുബ്‌നു ഉര്‍വയെ വിമര്‍ശിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
നാല്: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്നത് വിശുദ്ധ ഖുര്‍ആനിനു വിരുദ്ധമാണ്. സിഹ്‌റിന്റെ പ്രതിഫലനത്തെ ന്യായീകരിക്കുന്നവരൊക്കെ പ്രസ്താവിച്ചിട്ടുള്ളത്, സിഹ്‌റ് ഫലിപ്പിക്കുന്നത് പിശാചാണ് എന്നാണ്. ഇബ്‌നു ഹജറി(റ)ന്റെ പ്രസ്താവനകള്‍ ശ്രദ്ധിക്കുക: ‘പിശാചിന്റെ സാമീപ്യം സ്വീകരിച്ചുകൊണ്ട് നടത്തപ്പെടുന്ന ഒരുതരം പ്രവര്‍ത്തനമാണ് സിഹ്ര്‍’ (ഫത്ഹുല്‍ബാരി 13:144). അദ്ദേഹം വീണ്ടും രേഖപ്പെടുത്തി: ‘പിശാചിന്റെ സഹായം കൊണ്ട് മാത്രമേ സിഹ്‌റ് പൂര്‍ണമാകൂ’ (ഫത്ഹുല്‍ബാരി 8/91).
നബി(സ)ക്ക് പിശാചിന്റെ ദുര്‍ബോധനം പോലും ബാധിക്കില്ലെന്ന് വിശുദ്ധ ഖുര്‍ആനിലെ നിരവധി വചനങ്ങള്‍ തെളിവാണ്. സൂറതു ശുഅറാഅ് 221, 222, ഹിജ്‌റ് 42, മാഇദ 67 എന്നീ വചനങ്ങള്‍ ഉദാഹരണങ്ങളാണ്. സ്വഹീഹായ ഹദീസുകളും അക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്. നബി(സ) പറഞ്ഞു: ‘നിങ്ങളില്‍ ഒരാളും തന്നെ (നിങ്ങളെ വഴിപിഴപ്പിക്കാന്‍) ഒരു പിശാചിനെ അല്ലാഹു ഏല്‍പിക്കാതിരുന്നിട്ടില്ല.’ സ്വഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ക്കും അപ്രകാരം ഒരു പിശാചിനെ ഏല്‍പിക്കപ്പെട്ടിട്ടുണ്ടോ?’ നബി(സ) പറഞ്ഞു: ‘അതെ, എനിക്കും അപ്രകാരമുണ്ട്. പക്ഷേ, തീര്‍ച്ചയായും അല്ലാഹു എന്റെ പിശാചിനെക്കൊണ്ട് എന്നെ സഹായിക്കുക മാത്രമാണ് ചെയ്യുക. നന്മയല്ലാതെ എന്റെ പിശാച് എന്നോട് കല്‍പിക്കുന്നതുമല്ല’ (മുസ്‌ലിം, അഹ്മദ്).
നബി(സ)ക്ക് പിശാചിന്റെ ശര്‍റ് ബാധിക്കുന്നതല്ലെന്ന് ഇജ്മാഅ് (ഏകോപനം) ഉണ്ട്. ഇമാം നവവിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ഖാദി ഇയാദ് പ്രസ്താവിച്ചു: നബി(സ)യുടെ ശരീരത്തിനും ബുദ്ധിക്കും നാക്കിനും പിശാചില്‍ നിന്നു സംരക്ഷണമുണ്ടെന്ന് മുസ്‌ലിം സമുദായത്തിന്റെ പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായമുണ്ട്’ (ശറഹു മുസ്‌ലിം 9:173). ഇങ്ങനെ ഇജ്മാഅ് ഉള്ളതായി ഇബ്‌നുല്‍ ഖയ്യിം തന്റെ ജാമിഉല്‍ ആദാബ് 2:202ലും രേഖപ്പെടുത്തിയിട്ടുണ്ട്.
അഞ്ച്: സിഹ്‌റ് ഫലിച്ചു എന്നു പറഞ്ഞാല്‍ അതിന് ഫലമുണ്ട് എന്നാണ്. എന്നാല്‍ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിക്കുന്നത് സിഹ്‌റിന് ഫലമില്ല, അത് മൊത്തം പരാജയമാണ് എന്നാണ്. അല്ലാഹു അരുളി: ‘സാഹിറുകള്‍ വിജയം പ്രാപിക്കുകയില്ല’ (യൂനുസ് 77). ‘നിങ്ങള്‍ ഈ അവതരിപ്പിച്ചത് സിഹ്‌റാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചുകളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനത്തിന് അല്ലാഹു ഫലം നല്‍കുന്നതല്ല, തീര്‍ച്ച’ (യൂനുസ് 81). ഒരു വചനം കൂടി കാണുക: ‘വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍ ജിബ്ത്തിലും ത്വാഗൂത്തിലും വിശ്വസിക്കുന്നു’ (നിസാഅ് 51).
മേല്‍ വചനം ഇബ്‌നു കസീര്‍ വ്യാഖ്യാനിക്കുന്നു: ‘ജിബ്ത്ത് എന്നാല്‍ സിഹ്‌റാണ്. ഉമര്‍(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവര്‍ അപ്രകാരം പറഞ്ഞിരിക്കുന്നു’ (ഇബ്‌നു കസീര്‍ 1:626). അതുകൊണ്ടെല്ലാം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എന്നാണ് സൂറത്തുന്നിസാഇലെ 52ാം വചനം. അപ്പോള്‍ യൂനുസിലെ 77ഉം 81ഉം വചനങ്ങള്‍ പഠിപ്പിക്കുന്നത് സിഹ്‌റ് ഫലം ചെയ്യില്ല എന്നാണ്. നിസാഇലെ 51ാം വചനം അത് വേദക്കാരുടെ അന്ധവിശ്വാസമാണെന്നും അല്ലാഹു പറയുന്നു.
ആറ്: സിഹ്‌റ് ഫലിക്കും എന്നത് ഹദീസുകള്‍ക്കും വിരുദ്ധമാണ്. ‘സിഹ്‌റില്‍ വിശ്വസിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല’ എന്ന നിലയില്‍ അഞ്ചോളം ഹദീസുകളുണ്ട്. ഇബ്‌നു ഹിബ്ബാന്‍, ഇമാം ഹാകിം, ഇമാം അഹ്മദ് എന്നിവര്‍ അവ ഉദ്ധരിക്കുകയും ഇബ്‌നു ഹിബ്ബാന്റെ ഹദീസ് നാസിറുദ്ദീന്‍ അല്‍ബാനി സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഏഴ്: സിഹ്‌റ്, കണ്ണേറ് എന്നിവ മുശ്‌രിക്കുകളുടെയും വഴിപിഴച്ച വേദക്കാരുടെയും അന്ധവിശ്വാസങ്ങളില്‍ പെട്ടതാണ്. വിശ്വാസാചാരങ്ങളില്‍ അവരോട് സാദൃശ്യം പുലര്‍ത്തല്‍ അല്ലാഹുവും റസൂലും നിരോധിച്ചതാണ്. നബി(സ) പറഞ്ഞു: ‘വല്ലവനും അന്യ സമുദായങ്ങളോട് (വിശ്വാസാചാരങ്ങളില്‍) സാദൃശ്യം പുലര്‍ത്തുന്നപക്ഷം അവന്‍ അവരില്‍ പെട്ടവനാണ്’ (അബൂദാവൂദ്). അല്ലാഹു അരുളി: ‘മുമ്പ് വേദം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാന്‍ അവര്‍ക്ക് സമയമായിട്ടില്ലേ?’ (ഹദീദ് 16).
എട്ട്: നബി(സ)ക്ക് സിഹ്‌റ് ബാധിച്ചു എന്ന് പ്രചാരണം നടത്തിയത് മുശ്‌രിക്കുകളാണ്. അല്ലാഹു അരുളി: ‘അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്’ (ഫുര്‍ഖാന്‍ 8, ഇസ്‌റാഅ് 47). അതിന് മറുപടി പറഞ്ഞത് അല്ലാഹുവാണ്: ‘അവര്‍ താങ്കളെ എങ്ങനെയാണ് ചിത്രീകരിച്ചതെന്നു നോക്കൂ. അങ്ങനെ അവര്‍ പിഴച്ചുപോയിരിക്കുന്നു. അതിനാല്‍ യാതൊരു മാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുകയില്ല’ (ഫുര്‍ഖാന്‍ 9, ഇസ്‌റാഅ് 48).
ഒമ്പത്: സിഹ്‌റ് ശിര്‍ക്കില്‍ പെട്ടതാണ്. ശിര്‍ക്കിന് അല്ലാഹു ഫലം നല്‍കുന്നതല്ല. നബി(സ) അരുളി: ‘വല്ലവനും ഒരു കെട്ടു കെട്ടി ഊതിയാല്‍ അവന്‍ സിഹ്‌റ് ചെയ്തു. വല്ലവനും സിഹ്‌റ് ചെയ്താല്‍ അവന്‍ ശിര്‍ക്ക് ചെയ്തു’ (നസാഈ). മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ‘തീര്‍ച്ചയായും എല്ലാ പൈശാചിക മന്ത്രങ്ങളും ഉറുക്കുകളും ഭാര്യാഭര്‍ത്താക്കന്മാരെ യോജിപ്പിക്കാന്‍ നടത്തുന്ന (തിവലത്ത്) എന്ന സിഹ്‌റും ശിര്‍ക്കാകുന്നു’ (അഹ്മദ്, അബൂദാവൂദ്).
അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണ്. പ്രസ്തുത പ്രാര്‍ഥനക്ക് ഫലമുണ്ടെന്ന് വാദിക്കലും ശിര്‍ക്കു തന്നെയാണ്. കാരണം, പ്രാര്‍ഥനയ്ക്ക് ഫലമുണ്ടെന്ന് വിശ്വസിച്ചതുകൊണ്ടാണല്ലോ പ്രസ്തുത പ്രാര്‍ഥന ശിര്‍ക്കായിത്തീര്‍ന്നത്. നമ്മുടെ പ്രാര്‍ഥന കേട്ട് ഉത്തരം ചെയ്യാന്‍ ഒരു മഹാനോ മഹതിക്കോ സാധ്യവുമല്ല. സൂറത്ത് അഅ്‌റാഫ് 19, ഇസ്‌റാഅ് 81, ഫാത്വിര്‍ 14 തുടങ്ങിയ വചനങ്ങളും തത്തുല്യ വചനങ്ങളും നോക്കുക.
പത്ത്: തെറ്റുകള്‍ക്ക് അല്ലാഹു ഇദ്‌ന് (അനുവാദം) നല്‍കുന്നതല്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുണ്ടാകുന്ന ശര്‍റ് വ്യക്തിപരമായി ഓരോ വ്യക്തികളും ചെയ്യുന്ന ശിര്‍ക്കും കുഫ്‌റുമല്ല. അതിന് ഉത്തരവാദി അവന്‍ തന്നെയാണ്. അല്ലാഹു അരുളി: ‘നന്മ എന്ന നിലയില്‍ നിനക്ക് എന്തൊന്ന് ലഭിച്ചാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്’ (നിസാഅ് 79). ശിര്‍ക്ക്, കുഫ്‌റ്, വ്യഭിചാരം, സിഹ്‌റ് പോലുള്ള നീചവൃത്തികള്‍ക്ക് അല്ലാഹു ഒരിക്കലും കൂട്ടുനില്‍ക്കുന്നതല്ല. അല്ലാഹു അരുളി: ‘നബിയേ, പറയുക: നീചവൃത്തി ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല’ (അഅ്‌റാഫ് 28). അല്ലാഹു വീണ്ടും അരുളി: ‘നിങ്ങള്‍ മുസ്‌ലിംകളായതിനു ശേഷം അവിശ്വാസം കൊണ്ട് അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണ് നിങ്ങളുടെ വിചാരം’ (ആലുഇംറാന്‍ 80).
ചീത്തയായ കാര്യം അല്ലാഹുവിന്റെ നടപടിയില്‍ പെട്ടതല്ലാത്തതിനാല്‍ സിഹ്‌റ് ഫലിക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നതല്ല എന്നാണ്, സിഹ്‌റു കൊണ്ട് അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരാളെയും ദ്രോഹിക്കാന്‍ സാധ്യമല്ല എന്നു പറഞ്ഞതിന്റെ താല്‍പര്യം. അഥവാ അതുകൊണ്ട് ഒരാളെയും ദ്രോഹിക്കാന്‍ അല്ലാഹു അനുവാദം നല്‍കുന്നതല്ല എന്നാണ്. എന്റെ അനുവാദം കൂടാതെ ഈ വീട്ടിലേക്ക് ആരും പ്രവേശിക്കുന്നതല്ലെന്ന് പറയുന്നതുപോലെ. സിഹ്‌റ് പോലുള്ള ശിര്‍ക്ക് ചെയ്തവരും മറ്റു തെറ്റുകുറ്റങ്ങള്‍ ചെയ്തവരും ഞങ്ങള്‍ തെറ്റുകള്‍ ചെയ്തത് അല്ലാഹുവിന്റെ അനുവാദത്തോടു കൂടിയാണെന്ന് മഹ്ശറയില്‍ പറയും. അല്ലാഹു അരുളി: ‘ശിര്‍ക്ക് ചെയ്തവര്‍ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പിതാക്കളും ശിര്‍ക്ക് ചെയ്യുമായിരുന്നില്ല’ (അന്‍ആം 148).