1 Tuesday
July 2025
2025 July 1
1447 Mouharrem 5

സിദ്ദീഖ് കാപ്പന്‍ നീതിനിഷേധത്തിന്റെ ഇര

ഹാഥ്‌റസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോട് തുല്യതകളില്ലാത്ത ക്രൂരതയാണ് യോഗി ഭരണകൂടം കാണിക്കുന്നത്്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതിനിടെ കോവിഡ് ബാധിതനാവുക കൂടെ ചെയ്തതോടെ കാപ്പനെ നിലവില്‍ മഥുര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആസ്പത്രിയില്‍ ഒരു രോഗിക്ക് കിട്ടേണ്ട പരിചരണം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, സ്വന്തം നിലയില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന അവകാശം പോലും ആശുപത്രി അധികൃതരും പൊലീസും ചേര്‍ന്ന് നിഷേധിക്കുകയാണെന്നാണ് വിവരം. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ് ഇതുസംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍. ആസ്പത്രി കിടക്കയില്‍ കൈകാലുകള്‍ കട്ടിലിനോട് ബന്ധിച്ച നിലയിലാണത്രെ കാപ്പന്‍ നരകയാതന അനുഭവിക്കുന്നത്. കണ്‍മുന്നിലെ സത്യങ്ങള്‍ പുറംലോകത്തോട് വിളിച്ചുപറയാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകന് നേരിടേണ്ടിവരുന്ന ദുരവസ്ഥ ജനാധിപത്യത്തിന്റെ നാലാംതൂണ്‍ നേരിടുന്ന വെല്ലുവിളിയുടെ ആഴംകൂടിയാണ് ബോധ്യപ്പെടുത്തുന്നത്. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തുകഴിഞ്ഞ ഫാസിസത്തിന്റെ കറുത്ത മുഖമാണ് കാപ്പനിലൂടെ തെളിയൂന്നത്. ഭരണകൂട ഭീകരത എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേറെ തേടിപ്പോകേണ്ടതില്ല.
ആറു മാസമായി കാപ്പന്‍ ജയിലിലായിട്ട്. ഇതിനിടെ പ്രമേഹവും ഹൃദ്രോഗവും അയാളെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിച്ചു. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചുകൊണ്ടായിരുന്നു ഈ മാധ്യമവേട്ട. എന്നിട്ടും കോടതികള്‍ പോലും നോക്കുകുത്തിയായി നില്‍ക്കുന്നു. ഏതൊരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാള്‍ക്കും ലഭിക്കേണ്ട പ്രാഥമികവും അടിസ്ഥാനവുമായ അവകാശമായ അഭിഭാഷകന്റെ സേവനം ലഭിക്കാന്‍ പോലും കാപ്പന് കോടതിയുടെ കനിവു വേണ്ടി വന്നു.
ആറു മാസം സ്വന്തം പൗരനെ മറ്റൊരു സംസ്ഥാനത്ത് തടവിലിട്ടിട്ട് അയാളുടെ മോചനത്തിനുവേണ്ടി കേരള ജനതയും കേരള സര്‍ക്കാറും എന്ത് ചെയ്തു എന്ന ചോദ്യം ഉത്തരംകിട്ടാതെ നില്‍ക്കുകയാണ്. കാപ്പന്റെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനു നേരെപോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ കണ്ണ് ഇറുക്കിച്ചിമ്മുകയാണ്. ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു പി മുഖ്യമന്ത്രിക്ക് ഒരു കത്തയക്കാന്‍ പോലും നമ്മുടെ മുഖ്യമന്ത്രിക്ക് സര്‍വ്വ മേഖലകളില്‍ നിന്നുമുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം വേണ്ടി വന്നുവെന്നത്, സ്വന്തം ജനതക്ക് തണലാവാനല്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് ഒരു ഭരണകൂടം എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. സംഘ്പരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുന്നതിനുള്ള ചട്ടുകം മാത്രമായി പ്രവര്‍ത്തിക്കുന്ന ആദിത്യനാഥ് സര്‍ക്കാറിനെതിരെ ചെറുവിരലനക്കാന്‍ പോലും എന്തുകൊണ്ടാണ് നമ്മുടെ മുഖ്യമന്ത്രിയും രാഷ്ട്രീയ നേതൃത്വവും ഭയക്കുന്നത്. കാപ്പനു വേണ്ടി ഉയരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ കാണാതിരിക്കുന്നില്ല. എന്നാല്‍ അതില്‍ ഏറേയും ന്യൂനപക്ഷ സംഘടനകളില്‍ നിന്നും ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മാത്രമാണ്. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റു ചെയ്തപ്പോള്‍ പത്തിവിടര്‍ത്തിയാടിയ ഫാസിസ്റ്റ് വിരുദ്ധ ശൗര്യം എന്തുകൊണ്ട് കാപ്പന്റെ കാര്യത്തില്‍ ജ്വലിക്കുന്നില്ല. ഈ മൗനത്തിന് നമ്മള്‍ നല്‍കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. പ്രാരംഭ ഘട്ടത്തില്‍ നമ്മള്‍ പാലിച്ച ഇതേ മൗനം തന്നെയാണ് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ഒരു ദശാബ്ദക്കാലം തുടര്‍ച്ചയായി അബ്ദുന്നാസര്‍ മഅ്ദനിയെ ജയിലിലെ ഇരുട്ടറക്കുള്ളിലടച്ചത്. ആശുപത്രിയില്‍ ചികിത്സക്ക് സൗകര്യം ഒരുങ്ങിയെങ്കിലും അനന്തമായ വിചാരണ നടപടികളില്‍ ആ ജീവിതം ഇപ്പോഴും ഹോമിക്കപ്പെടുകയാണ്. പരപ്പനങ്ങാടിക്കാരന്‍ യഹ്‌യയുടെ ജീവിതം പറയുന്നതും മറ്റൊന്നല്ലല്ലോ.
നമ്മുടെ മൗനം കാപ്പന് സമ്മാനിക്കുന്നതും ഇതേ ദുരന്തം തന്നെയായിരിക്കാം. ഒടുവിലെ ദീനവിലാപങ്ങള്‍ ആ തെറ്റുതിരുത്താന്‍ മതിയായിക്കൊള്ളണമെന്നില്ല. മലേഗാവിലും സംഝോതയിലും സ്‌ഫോടനങ്ങളിലൂടെ നിരപരാധികളെ കൊന്നൊടുക്കിയെന്ന് സ്വയം ഏറ്റുപറഞ്ഞവര്‍ നിയമത്തിന്റെ പഴുതുകളിലൂടെ സര്‍വ്വസ്വാതന്ത്ര്യങ്ങളിലേക്ക് മുങ്ങാംകുഴിയിട്ട് കളിക്കുമ്പോഴാണ് ഒരു ഭാഗത്ത് മുസ്്‌ലിംവിരുദ്ധതയുടെ പേരില്‍ മാത്രം ചില ജന്മങ്ങള്‍ ഇങ്ങനെ ഹോമിക്കപ്പെടുന്നത്. ജനാധിപത്യത്തിന്റെ മാര്‍ഗത്തിലൂടെയുള്ള സംഘടിതമായ ചെറുത്തുനില്‍പ്പു കൊണ്ടു മാത്രമേ ഇത്തരം ഭരണകൂട വേട്ടകളെ തിരുത്താനാവൂ. അതിനുള്ള ആര്‍ജ്ജവും ഇച്ഛാശക്തിയും രാഷ്ട്രീയ, സാംസ്‌കാരിക നേതൃത്വം കാണിക്കേണ്ടിയിരിക്കുന്നു.

Back to Top