5 Monday
January 2026
2026 January 5
1447 Rajab 16

ശ്വാനം

പി സി ഷൗക്കത്ത്

അറിയുകയിവനെ
വഴികളിലഖിലം
ഓടിനടപ്പൂ
ഭോഗം, ഭോജ്യം
ഭാഗിച്ചങ്ങനെ
ജീവിതദൂരം.

തന്റെ പിതാക്കള്‍
സത്യത്തിന്നായ്
കാവലിരുന്നൊരു
ഗഹ്വരവഴിയേ
പാടെ മറന്നൊരു
പമ്പരവിഡ്ഢി.

കുരയേ കുര മതി
കൂട്ടിന് കൂടാന്‍
കൂട്ടാളികളും.
ശരിയും പൊളിയും
വെളിവില്ലവനില്‍
തെളിയുന്നിരുമിഴി
ആര്‍ത്തിപ്പെരുവഴി.

മാറുക വേഗം
ചങ്ങല പൊട്ടി-
ച്ചോടിവരുന്നേ
നഖവും നാവും
ഏറെ ദുഷിച്ചൊരു
ശുനകന്‍ കോലം.

കാണുക നീളെ
പാതകളെല്ലാം
മാലിന്യത്താല്‍
വിഘ്‌നം തീര്‍ക്കും
നായക്കാലം.

Back to Top