9 Friday
May 2025
2025 May 9
1446 Dhoul-Qida 11

ശൂറ ഇസ്ലാം നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും ചിന്താപരവുമായ മേഖലകളില്‍ കൂടിയാലോചനയിലൂടെ വിദഗ്ധാഭിപ്രായം സ്വരൂപിക്കുന്നതിനാണ് ശൂറ എന്ന് പറയുന്നത്. ശൂറക്ക് ഇസ്ലാം വളരെയധികം പ്രാധാന്യം കല്പിക്കുന്നുണ്ട്. ഇസ്ലാമിക സംസ്‌കാരത്തിലെ അതിപ്രധാനമായ ഒരു മൂല്യമായിട്ടാണ് ശൂറയെ മതം പരിഗണിക്കുന്നത്. മനുഷ്യ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമാക്കുന്ന ശരീഅത്ത് ലക്ഷ്യാധിഷ്ഠിതമായി പ്രായോഗികമാകണമെങ്കില്‍ വ്യക്തിയും സമൂഹവും മുഴുവന്‍ വ്യവഹാര മേഖലകളിലും ശൂറ ഒരു മൂല്യമായി പിന്തുടരണമെന്ന് മതം അനുശാസിക്കുന്നുണ്ട്. അതുകൊണ്ടാണ് വിശ്വാസികളുടെ സല്‍ഗുണമായി അതിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്: ”അവര്‍ അവരുടെ രക്ഷിതാവിന് ഉത്തരം നല്‍കുകയും നമസ്‌കാരം നിലനിര്‍ത്തുകയും അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ കൂടിയാലോചിക്കുകയും നാം അവര്‍ക്ക് നല്‍കിയതില്‍ നിന്നും ചെലവഴിക്കുകയും ചെയ്യും.” (42:38)
ശൂറ എന്ന ഒരു അധ്യായം തന്നെ നല്‍കിക്കൊണ്ടാണ് അതിന്റെ പ്രാധാന്യം വിശ്വാസികളെ ഖുര്‍ആന്‍ അറിയിക്കുന്നത്. ആദ്യ മനുഷ്യന്‍ ആദമിനെ സൃഷ്ടിക്കുന്ന വേളയില്‍ മലക്കുകളുമായി അല്ലാഹു ശൂറ നടത്തുന്നുണ്ട്. ആ ചരിത്രം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് അതിന്റെ പ്രാധാന്യം മനുഷ്യകുലത്തെ തുടക്കത്തില്‍ തന്നെ ബോധിപ്പിക്കാന്‍ വേണ്ടിയാണ്. പ്രവാചകന് പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയിലെല്ലാം തന്റെ കൂട്ടുകാരുമായി അദ്ദേഹം ശൂറ നടത്താറുണ്ടായിരുന്നു. പ്രമുഖരുമായി മാത്രമല്ല അദ്ദേഹം കൂടിയാലോചനകള്‍ നടത്തിയത്. ബദ്ര്‍ യുദ്ധത്തില്‍ പ്രവാചകന്‍ സമരസജ്ജരായ തന്റെ അനുയായികളുമായി തമ്പടിച്ചത് ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്തായിരുന്നു. എന്നാല്‍ യുദ്ധതന്ത്രജ്ഞരായ അനുയായികളില്‍ ചിലര്‍ വന്ന് പ്രവാചകനോട് സ്ഥലം മാറ്റത്തെക്കുറിച്ച് കൂടിയാലോചിക്കുകയും തന്ത്രപ്രധാനമായ ഭാഗത്തേക്ക് മാറുകയും ചെയ്തു. ഖന്‍ദഖ് യുദ്ധത്തില്‍ കിഴങ്ങ് കുഴിക്കുവാന്‍ പ്രവാചകന്‍(സ) തീരുമാനിച്ചത് സല്‍മാ നുല്‍ ഫാരിസി(റ) മുന്നോട്ടു വെച്ച നിര്‍ദ്ദേശത്തില്‍ ശൂറ നടത്തിക്കൊണ്ടായിരുന്നു. വിദഗ്ധാഭിപ്രായം ആരു പറഞ്ഞാലും അത് സ്വീകരിച്ചിരുന്ന പ്രവാചക മാതൃകയുടെ വക്രതയില്ലാത്ത സമീപനമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നത്.
ഖലീഫ ഉമറിന്റെ(റ) ശൂറാ സമ്പ്രദായം എടുത്തു പറയേണ്ടതാണ്. ഇസ്ലാമിക സാമ്രാജ്യം വളരെയധികം വികസിച്ച കാലമായിരുന്നു അത്. അദ്ദേഹം ഓരോ പ്രശ്‌നങ്ങളിലും പൊതുജനങ്ങളോട് മുഖാമുഖം അഭിപ്രായം തേടും. അതിനുശേഷം ആ മേഖലയില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കു മുമ്പില്‍ അതവതരിപ്പിക്കും. തുടര്‍ന്ന് വിവിധ മേഖലകളിലെ പണ്ഡിതന്മാരെ ഒരുമിച്ചു കൂട്ടി പൊതുജനത്തിന്റെ നിര്‍ദേശങ്ങളടക്കം അവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കും. ഇതുപോലെ പ്രവിശ്യകളില്‍ ഗവര്‍ണര്‍മാരെ കൊണ്ടും ചെയ്യിപ്പിക്കും. എന്നിട്ടാണ് അദ്ദേഹം തീരുമാനം കൈക്കൊള്ളാറുണ്ടായിരുന്നത്. ഇസ്ലാമിലെ ശൂറയാണ് ഉമറില്‍ നിന്ന് ജനങ്ങള്‍ക്കിടയിലൂടെ ഇറങ്ങി നടക്കുന്ന ഒരു ഭരണാധികാരിയെ സൃഷ്ടിച്ചത്.
സാമൂഹിക ഘടനയില്‍ ഉച്ചനീചത്വങ്ങളുടെ പേരില്‍ അപരവത്കരണം സര്‍വസാധാരണമാകുന്നു. ലോകത്തെല്ലായിടത്തും കാലദേശ വ്യത്യാസമില്ലാതെ പരിഷ്‌കൃത സമൂഹത്തില്‍ പോലും നമുക്കിതു കാണാന്‍ കഴിയും. വ്യത്യസ്ത രീതിയിലുള്ള അപരവത്കരണത്തിന്റെ അടിസ്ഥാന കാരണം ഉന്നതര്‍ എന്നു കരുതുന്നവര്‍ക്ക് താഴെ തട്ടിലുള്ളവരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതത്രെ. ഇസ്ലാം മുന്നോട്ടുവെക്കുന്ന ശൂറ ഈ അപരവത്കരണത്തിന്റെ മുരട് അറുത്ത് മാറ്റുകയും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സമൂഹത്തെ പാകപ്പെടുത്തുകയും ചെയ്യുന്നു. വര്‍ഗ വര്‍ണ ജാതി വ്യവസ്ഥിതിയില്‍ അടിച്ചമര്‍ത്തലിനും അവഗണനയ്ക്കും വിധേയരായവരില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഇസ്ലാമാശ്ലേഷിച്ചവര്‍ ഉണ്ടായത്. അവര്‍ക്ക് ഇസ്ലാമില്‍ നിന്നും അനുഭവിക്കാന്‍ കഴിയുന്ന അഭിപ്രായസ്വാതന്ത്ര്യവും പരിഗണനയുമാണ് അതിനുള്ള കാരണം.
ശൂറ രാഷ്ട്രീയം മാത്രമല്ല
രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശൂറയുടെ വൃത്തത്തില്‍ വരുന്നതെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന ശൂറാ കൗണ്‍സിലുകളും മജ്‌ലിസുശ്ശൂറകളും ഇസ്ലാമികേതര രാഷ്ട്രങ്ങളിലുള്ളവര്‍ ശൂറ എന്ന പേരിനെ തെറ്റിദ്ധരിക്കാന്‍ കാരണമായിട്ടുണ്ട്. പാര്‍ലമെന്ററി സമ്പ്രദായത്തിലെന്ന പോലെ ഇസ്ലാമിക രാഷ്ട്രങ്ങളിലെ ശൂറ കൗണ്‍സിലുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഭരണനിര്‍വഹണ കാര്യത്തിലാണെങ്കിലും ഇസ്ലാം വിഭാവന ചെയ്യുന്ന ശൂറ രാഷ്ട്ര ഭരണ സംവിധാനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.
സമൂഹത്തിലെ പ്രഥമ ഏകകമായ കുടുംബത്തിനകത്തും പരമോന്നത ഘടകമായ ഭരണസിരാ കേന്ദ്രങ്ങളിലും അംഗങ്ങള്‍ക്കിടയില്‍ ശൂറ നടക്കണമെന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. വ്യക്തിപരമായി നിര്‍വഹിക്കേണ്ട നമസ്‌കാരം, സകാത്ത് പോലുള്ള ആരാധനകള്‍ക്കൊപ്പം ശൂറ ചേര്‍ത്തു പറഞ്ഞതില്‍ നിന്ന് വ്യക്തിജീവിതത്തിലെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാം. എന്ന് മാത്രമല്ല അല്ലാഹുവിന്റെ നേരിട്ടുള്ള സഹായം വഹ്‌യിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രവാചകനോട് പോലും ‘കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചന നടത്തണം’ (3:159) എന്നാണ് ആവശ്യപ്പെട്ടത്.
ശൂറയെ പരസ്പരമുള്ള സഹായമായാണ് ഇസ്ലാം കാണുന്നത്. പുണ്യത്തില്‍ പരസ്പരം സഹായിക്കല്‍ വിശ്വാസിയുടെ ബാധ്യതയാകുന്നു. (5:6) പ്രവാചകന്‍(സ) പറഞ്ഞു: ”നിങ്ങളിലൊരാള്‍ തന്റെ സഹോദരനോട് കൂടിയാലോചന ആവശ്യപ്പെട്ടാല്‍ അവനു വേണ്ടി കൂടിയാലോചന നടത്തട്ടെ.” ശൂറയില്‍ പങ്കെടുക്കുന്നവര്‍ അതൊരു അമാനത്തായി സൂക്ഷിക്കണമെന്നും പ്രവാചകന്‍ (സ) നിര്‍ദേശിച്ചു: ”കൂടിയാലോചകന്‍ വിശ്വസ്തത പാലിക്കുന്നവനാകണം.” (അബൂദാവൂദ്) ശൂറയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളുടെ അനന്തരഫലത്തെ കുറിച്ച് മുന്നറിവ് നമുക്ക് ഇല്ലാത്തതുകൊണ്ട് സൂക്ഷ്മ ജ്ഞാനിയായ അല്ലാഹുവില്‍ അത് ഭരമേല്‍പിക്കുവാനും ഖുര്‍ആന്‍ നിര്‍ദേശിച്ചു. (3:159)
ദിവ്യബോധനത്തിലൂടെ ഇസ്ലാം പഠിപ്പിച്ച കാര്യങ്ങളില്‍ ശൂറ നടത്തി മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാക്കാന്‍ മതം അനുവദിക്കുന്നില്ല. ഭക്ഷണം, വസ്ത്രം, ആരോഗ്യം, പെരുമാറ്റം, കുടുംബം, സമൂഹം തുടങ്ങിയ മേഖലകളിലെല്ലാം ഇടപെടുന്ന ഇസ്ലാം മനുഷ്യര്‍ പരസ്പരം കൂടിയാലോചനയിലൂടെ പരിഹരിക്കേണ്ട ഒട്ടേറെ ഇടങ്ങളെ കുറിച്ച് മൗനംപാലിച്ചത് കാണാം. ഭൗതിക ജീവിതത്തിലെ ഇത്തരം മേഖലകളില്‍ ശൂറ നടത്താനാണ് മതം ആവശ്യപ്പെടുന്നത്. അലി(റ) മരണാസന്നനായി കഴിയുകയാണ്. അദ്ദേഹത്തോട് അനുയായികള്‍ പിന്‍ഗാമിയെ നിശ്ചയിക്കുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: പ്രവാചകന്‍(സ) പിന്‍ഗാമിയെ നിശ്ചയിച്ചിരുന്നില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞാനും നിശ്ചയിക്കുമായിരുന്നു. അല്ലാഹു ജനങ്ങള്‍ക്ക് നന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവാചകനു ശേഷം നന്മയില്‍ അവരെ ഒരുമിപ്പിച്ചതുപോലെ എനിക്ക് ശേഷവും അവന്‍ അവരെ നന്മയില്‍ ഏകോപിപ്പിക്കും. (അല്‍മുസ്തദ്‌റക്, ഹാകിം)
നിയമനിര്‍മാണാധികാരവും ശൂറയും
ശൂറയ്ക്ക് പ്രവാചകന്‍(സ) ഒരു പ്രത്യേക ഘടന നിശ്ചയിച്ചിട്ടില്ല. അത് സ്ഥലകാല ദേശങ്ങള്‍ക്കനുസരിച്ച് മാറ്റത്തിന് വിധേയമാണ്. ഭരണകാര്യങ്ങളിലെ നിയമ നിര്‍മാണത്തിലും ഈ മാറ്റം അനിവാര്യമാകുന്നു. പ്രവാചക കാലത്തെ ഭരണനിയമങ്ങള്‍ ആധുനിക ലോകത്തിന് സ്വാഭാവികമായും തികഞ്ഞതായിരിക്കുകയില്ല. അതുകൊണ്ട് കാലങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ ഭൗതിക നിയമങ്ങള്‍ നിര്‍മിക്കാനുള്ള അവകാശം ശൂറയിലൂടെ മതം നല്‍കുന്നുണ്ട്. ‘അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കുന്നവരാകുന്നു വിശ്വാസികള്‍’ എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം മനുഷ്യര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം നല്‍കിക്കൊണ്ട് നിയമനിര്‍മാണത്തിനുള്ള അവകാശപ്രഖ്യാപനം കൂടിയാവുന്നു.
എന്നാല്‍ നിയമനിര്‍മാണാധികാരം, ഭരണാധികാരികളെ നിശ്ചയിക്കാനുള്ള അധികാരം എന്നിവ അല്ലാഹുവിന് മാത്രമുള്ളതാെണന്ന് വാദിക്കുന്നവര്‍ സമൂഹത്തിലുണ്ട്. വിശുദ്ധ ഖുര്‍ആനിലെ ‘വിധി അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കുമില്ല’ (6:56) എന്ന വചനത്തെ തെറ്റായി വായിച്ചതാണ് അതിനുള്ള കാരണം. അതിനെക്കുറിച്ച് അലി(റ) പറഞ്ഞത് ഇങ്ങനെ വായിക്കാം: ”സത്യസന്ധമായ ഒരു വചനം. തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. ആത്യന്തികമായി വിധി അല്ലാഹുവിനു തന്നെ ഉള്ളതാണ്. പക്ഷേ ഇക്കൂട്ടര്‍ പറയുന്നത് നേതൃത്വം പാടില്ല എന്നാകുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ഒരു നല്ല മനുഷ്യന്റെയൊ ചീത്ത മനുഷ്യന്റെയൊ നേതൃത്വം പ്രകൃതിപരമായ അനിവാര്യതയാണ്.” (നഹ്ജുല്‍ ബലാഗ)
ഖവാരിജുകളായ വിമതര്‍ അദ്ദേഹത്തിനെതിരെ ‘വിധിക്കാനുള്ള അവകാശം അല്ലാഹുവിന്നായിരിക്കെ താങ്കള്‍ എന്തിനാണ് മനുഷ്യരെ വിധികര്‍ത്താക്കളാക്കിയത്?’ എന്ന വാദമുന്നയിച്ച് കലാപം നയിച്ചപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. ശൂറയുടെ അടിസ്ഥാന ലക്ഷ്യത്തെ അപ്രസക്തമാക്കുന്നതാണ് ഇത്തരം വാദങ്ങള്‍.

ശൂറയും ജനാധിപത്യവും
ആധുനിക ലോകത്ത് രാഷ്ട്രീയ വ്യവഹാര മേഖലകളില്‍ പിറവിയെടുത്ത ഒരു നൂതനാശയമാണ് ജനാധിപത്യം. ആനുകാലികമായി കുടുംബം, സമൂഹം എന്നീ മേഖലകളിലെല്ലാം അത് പ്രായോഗികമായി വരികയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന ആശയമായ അഭിപ്രായസ്വാതന്ത്ര്യത്തെ വളരെ മുമ്പുതന്നെ ആന്തരികവത്ക്കരിച്ച മതമാണ് ഇസ്ലാം. ശൂറ തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. രാജാധിപത്യ ഏകാധിപത്യ വ്യവസ്ഥയുടെ പീഡനങ്ങളില്‍ നിന്നും അരികുവത്കരിക്കപ്പെട്ടവരെയും ദുര്‍ബലരെയും മോചിപ്പിക്കുവാന്‍ വേണ്ടിയാണ് ജനാധിപത്യം ഉടലെടുത്തത്. ഏകാധിപത്യത്തെ അതി ശക്തമായി എതിര്‍ക്കുന്ന ഇസ്ലാം രാജഭരണമാണെങ്കിലും അതില്‍ ശൂറ അനിവാര്യമാണെന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരുതരത്തിലുള്ള അടിച്ചമര്‍ത്തലുകളെയും ഇസ്ലാം അംഗീകരിക്കാത്തതാണ് അതിനുള്ള കാരണം.
ഭൂരിപക്ഷം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ്. ശൂറയിലും ഭൂരിപക്ഷം പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍ അത് മനുഷ്യവിരുദ്ധവും മതമൂല്യങ്ങള്‍ക്ക് വിരുദ്ധവുമായ ഭൂരിപക്ഷമാണങ്കില്‍ അത് തിരസ്‌കരിക്കപ്പെടുക തന്നെ ചെയ്യും. മാനവ വിരുദ്ധമായ കാര്യങ്ങളില്‍ പോലും ഭൂരിപക്ഷമുണ്ട് എന്ന കാരണത്താല്‍ ജനാധിപത്യത്തില്‍ അത് സാധൂകരിക്കപ്പെടുന്നു എന്നത് ജനാധിപത്യത്തെ വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിതരും ഭരണകക്ഷിയില്‍ നിന്നും അനുഭവിക്കുന്ന ഭീഷണി ഇതിനൊരു ഉദാഹരണമാണ്. ഭൂരിപക്ഷത്തിന്റെ പേരിലാണ് പൗരത്വ ബില്‍ പാസാക്കിയത്, വിവാഹ പ്രായം ഉയര്‍ത്താന്‍ തുനിഞ്ഞത്, ഏക സിവില്‍ കോഡിനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇതെല്ലാം ഭൂരിപക്ഷത്തിലൂടെ നേടിയെടുത്തതാണങ്കിലും മാനവ വിരുദ്ധമാണെന്ന് ജനം തെരുവിലിറങ്ങി വിളിച്ചു പറയേണ്ടി വന്നു. എന്നാല്‍ ഇസ്ലാം ശൂറയില്‍ ഭൂരിപക്ഷത്തിന്റെ സംഘാധിപത്യത്തെ അന്യായമായി പിന്തുണക്കുന്നില്ല. ശൂറയെ ദുരുപയോഗം ചെയ്യുന്നത് പാരത്രിക ലോകത്തെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യും. ശൂറ നടത്താതിരിക്കുന്നതും ശൂറയില്‍ ചതിപ്രയോഗം നടത്തുന്നതും കുറ്റകരമാകുന്നു.
ശൂറയില്‍ പങ്കെടുക്കാനുള്ള അവസരം മുസ്ലിംകള്‍ക്ക് മാത്രമായതുകൊണ്ട് ശൂറ ജനാധിപത്യ വിരുദ്ധമാണെന്ന വിമര്‍ശനം ഇസ്ലാംവിരുദ്ധര്‍ ഉന്നയിക്കാറുണ്ട്. ‘ജനാധിപത്യത്തിന്റെ അന്ധകനായ പൊളിറ്റിക്കല്‍ ഇസ്ലാം ആണ് യഥാര്‍ഥ ഇസ്ലാം. അതുകൊണ്ടാണ് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ അവരുടെ നിയമസഭയായ ശൂറ കൗണ്‍സിലുകളില്‍ അമുസ്ലീംകള്‍ക്ക് പ്രാതിനിധ്യമില്ലാത്തത്’ എന്നാണ് അവരുടെ ആരോപണം. ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിന്റെ ഭാഗമാണ് ഈ വാദവും. കാരണം വളരെ നിര്‍ണായകമായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ പോലും അമുസ്ലിംകളുമായി ശൂറ നടത്തി പ്രവാചകന്‍ (സ) മാതൃക കാണിച്ചിട്ടുണ്ട്.
അദ്ദേഹം മദീനയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി അവിടുത്തെ പൗരന്മാരായ യഹൂദികളുമായി കൂടിയാലോചനകളും സന്ധിസംഭാഷണങ്ങളും പതിവായി നടത്തിയിരുന്നു. ശത്രുക്കളായ ഖുറൈശികളുടെ ആക്രമണം ഉണ്ടാകുന്ന വേളയില്‍ അവരുടെ വലം കൈകളായിരുന്ന കപടവിശ്വാസികളുമായിട്ടു പോലും പ്രവാചകന്‍(സ) ശൂറ നടത്തിയിട്ടുണ്ട്. കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബിനു ഉബയ്യിബ്‌നു സുലൂലിനോട് കൂടിയാലോചിച്ചിട്ടാണ് ഉഹ്ദ് യുദ്ധത്തിന് അദ്ദേഹം പുറപ്പെട്ടത്. ശത്രുക്കള്‍ക്ക് മുസ്ലിംകളുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നവരായിരുന്നു മുനാഫിഖുകള്‍ എന്ന കാര്യം ചേര്‍ത്തു വായിക്കേണ്ടിയിരിക്കുന്നു.
ഡോ. യൂസുഫുല്‍ ഖര്‍ദാവി അഭിപ്രായപ്പെടുന്നത് ഇങ്ങനെ വായിക്കാം: ‘ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൗരന്‍മാരെ നിയമ നിര്‍മാണസഭ പോലുള്ള സഭയിലേക്ക് പ്രവേശിപ്പിക്കുന്നതിന് മതപരമായ യാതൊരു വിലക്കുമില്ല. ഖുര്‍ആന്‍ പറയുന്നു: മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്നും നിങ്ങളെ പുറത്താക്കുകയും ചെയ്യാത്തവരോട് നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുകയും അവരോട് നീതിപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിമാന്മാരെ ഇഷ്ടപ്പെടുന്നു. (60:8)

Back to Top