3 Tuesday
December 2024
2024 December 3
1446 Joumada II 1

ശുഭാപ്തി വിശ്വാസം

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹു പറഞ്ഞതായി നബി(സ) അറിയിക്കുന്നു: എന്റെ അടിമ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നുവോ അങ്ങനെയായിരിക്കും ഞാന്‍. അവന്‍ എന്നെക്കുറിച്ച് നല്ലത് വിചാരിച്ചാല്‍ അതവന് ഉണ്ട്. മോശമായത് വിചാരിച്ചാല്‍ അതും അവനു തന്നെയായിരിക്കും. (ബുഖാരി)

ശുഭചിന്തയും ശുഭാപ്തി വിശ്വാസവും മനസ്സിന് വിശാലത നല്‍കുകയും ആശ്വാസത്തിന്റെ വാതില്‍ തുറന്നുതരികയും ചെയ്യുന്നു. ഏതൊരു കാര്യത്തെയും നല്ല ചിന്തയോടെ സമീപിച്ചാല്‍ അത് ജീവിതത്തെ മുന്നോട്ട് ചലിപ്പിക്കാനുള്ള ഊര്‍ജം പകര്‍ന്നു നല്‍കുന്നു. തകര്‍ന്നുപോയ മനസ്സിനെ മോചിപ്പിക്കുവാനും ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ തിരിനാളം കത്തിച്ചുവെക്കാനും സദ്‌വിചാരങ്ങള്‍ക്ക് കഴിയുന്നു.
ശാരീരികവും മാനസികവുമായ തളര്‍ച്ചയെ ഇല്ലാതാക്കുകയും ആരോഗ്യസുരക്ഷയുടെ വഴിയിലേക്ക് മനുഷ്യനെ നയിക്കുകയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ജീവിതം സാധ്യമാക്കുകയും ചെയ്യുന്ന ഒരു ഔഷധമായി ശുഭാപ്തിവിശ്വാസത്തെ കാണാം. എന്നാല്‍ നിരാശയും അശുഭചിന്തയും മനസ്സിനെയും ശരീരത്തെയും പിന്നോട്ട് വലിക്കുകയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകളില്‍ നിന്ന് മുക്തമായി ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളില്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്ന ചിന്തകളിലേക്ക് കടന്നുവരാനുള്ള പ്രേരണയാണ് ഉപര്യുക്ത നബിവചനം.
സ്രഷ്ടാവിനെക്കുറിച്ചുള്ള നല്ല വിചാരം ഒരു മനുഷ്യന്റെ വിശ്വാസത്തെ വര്‍ധിപ്പിക്കുകയും നിരാശയില്‍ നിന്ന് മുക്തമായി കര്‍മപഥത്തില്‍ സജീവത കൈവരിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഏത് നിലക്കുള്ള വിചാരമാണോ ഒരാള്‍ക്ക് തന്റെ രക്ഷിതാവിനെക്കുറിച്ചുണ്ടാവുന്നത് അതേനിലയില്‍ അവന് അനുഭവിക്കാന്‍ കഴിയുമെന്നത് സന്തോഷകരമത്രെ. ശുഭചിന്തയുടെ ഗുണഫലം ശുഭകരമായിരിക്കുമെന്ന സന്ദേശമാണ് ഈ നബിവചനം നല്‍കുന്നത്.
അല്ലാഹുവിനെക്കുറിച്ചുള്ള നല്ല വിചാരങ്ങളാണ് വിശ്വാസിക്ക് സന്തോഷം നല്‍കുന്നത്. എല്ലാം അറിയുന്ന റബ്ബ് തനിക്ക് നന്മയേ ഉദ്ദേശിക്കുകയുള്ളൂ എന്ന ചിന്ത ഏത് പ്രതിസന്ധിയെയും നേരിടാനുള്ള തന്റേടം നല്‍കുന്നു. റബ്ബിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവനാണ് വിശ്വാസി. ലോകരോട് ഒരു അനീതിയും കാണിക്കാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല (3:108) എന്ന ഖുര്‍ആന്‍ വചനം മനുഷ്യന് മുന്നില്‍ പ്രതീക്ഷയുടെയും പ്രത്യാശയുടെയും കവാടങ്ങള്‍ തുറന്നുവെക്കുന്നു.
അല്ലാഹുവെക്കുറിച്ചുള്ള ശുഭചിന്തയും ശുഭാപ്തി വിശ്വാസവും നിരാശ വെടിഞ്ഞുകൊണ്ട് ജീവിതത്തെ സജീവമാക്കാനുള്ള ഊര്‍ജം പകരുന്നു എന്നതിന് മഹാനായ പ്രവാചകന്‍ യഅ്ഖൂബ്(അ)യുടെ ജീവിതം സാക്ഷിയാണ്. തന്റെ പ്രിയപുത്രന്‍ യൂസുഫിനെ ചെന്നായ പിടിച്ചു എന്ന് സഹോദരങ്ങള്‍ പറഞ്ഞപ്പോഴും മറ്റൊരു പുത്രന്‍ മോഷ്ടിച്ചതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചപ്പോഴും ഭംഗിയായി ക്ഷമിക്കുകയും മനസ്സാന്നിധ്യം കൈവിടാതിരിക്കുകയും ചെയ്ത യഅ്ഖൂബ് നബി(അ) മക്കളോട് പറഞ്ഞ വാക്കുകള്‍ അല്ലാഹുവെക്കുറിച്ച്, ശുഭപ്രതീക്ഷ നല്‍കുന്നതായിരുന്നു.
എന്റെ മക്കളേ, നിങ്ങള്‍ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല; തീര്‍ച്ച. (12:87). അല്ലാഹുവെക്കുറിച്ചുള്ള നല്ല വിചാരമാണ് അവന്റെ യഥാര്‍ഥ ദാസന്മാരിലുണ്ടാവുക എന്നത്രെ ഈ പ്രവാചക ചരിതം പഠിപ്പിക്കുന്നത്. സ്രഷ്ടാവിനെക്കുറിച്ചുള്ള ശുഭചിന്ത കര്‍മപഥത്തില്‍ പതറാതെ മുന്നോട്ടുപോകാന്‍ സഹായിക്കുമെന്നുള്ള സന്ദേശമാണ് ഈ തിരുവചനം നല്കുന്നത്.

Back to Top