29 Wednesday
March 2023
2023 March 29
1444 Ramadân 7

ശുഭപര്യവസാനത്തിനുള്ള വഴി

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: പ്രവര്‍ത്തിക്കുന്ന ഒരാള്‍ 90 വര്‍ഷക്കാലം നരകക്കാരുടെ പ്രവര്‍ത്തനം പ്രവര്‍ത്തിക്കുന്നു. പിന്നീട് അയാളുടെ ജീവിതത്തിന് സ്വര്‍ഗക്കാരുടെ പ്രവര്‍ത്തനംകൊണ്ട് പരിസമാപ്തി കുറിക്കപ്പെടുന്നു. പ്രവര്‍ത്തിക്കുന്ന ഒരാള്‍ 90 വര്‍ഷക്കാലം സ്വര്‍ഗക്കാരുടെ പ്രവര്‍ത്തനം പ്രവര്‍ത്തിക്കുന്നു. പിന്നീട് നരകക്കാരുടെ പ്രവര്‍ത്തനംകൊണ്ട് അയാളുടെ ജീവിതത്തിന് അന്ത്യം കുറിക്കപ്പെടുന്നു (അല്‍ബാനി)

ഒരാളുടെ ജീവിതത്തിന്റെ അവസാനം നന്നാവുക എന്നത് അയാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാകുന്നു. ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാവുകയും ലക്ഷ്യപൂര്‍ത്തീകരണത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുക എന്നത് പ്രവര്‍ത്തനങ്ങളുടെ പരിസമാപ്തി ശുഭകരമാവുന്നതിന് അനിവാര്യമത്രേ.
ജീവിതത്തിന്റെ എല്ലാ രംഗത്തും ദൈവഭക്തി കാത്തുസൂക്ഷിക്കുകയും അവന്റെ കല്‍പനാ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടത് ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുവീന്‍, നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരണപ്പെടരുത്” എന്ന വിശുദ്ധ ഖുര്‍ആനിന്റെ(3:102) നിര്‍ദേശത്തിലടങ്ങിയ തത്വവും നമ്മെ ഓര്‍മപ്പെടുത്തുന്നത് കര്‍മങ്ങള്‍ ശുഭപര്യവസായിയായിരിക്കുക എന്നതുതന്നെ.
ദീര്‍ഘകാലം നന്മകള്‍ ചെയ്തുകൊണ്ടും ദൈവികമായ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടും ജീവിച്ച ഒരു വ്യക്തി തന്റെ ജീവിതാവസാനത്തില്‍ അവിശ്വാസത്തിലേക്കോ അധര്‍മത്തിലേക്കോ ബോധപൂര്‍വം നീങ്ങുകയും അങ്ങനെ മരണപ്പെടുകയും ചെയ്താല്‍ അതുവരെയുണ്ടായിരുന്ന ഇസ്‌ലാം കൊണ്ട് എന്ത് പ്രയോജനമാണ് അവന് നേടാന്‍ കഴിയുക? മരണം മനുഷ്യന് ഏത് അവസ്ഥയില്‍ കടന്നുവരുമെന്ന് പറയുക സാധ്യമല്ല. അല്ലാഹു ഇഷ്ടപ്പെടാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് മലക്കുല്‍ മൗത്ത് അവന്റെ അരികില്‍ വരുന്നതെങ്കില്‍ അത് ഭയാനകമായ നഷ്ടത്തിലായിരിക്കും കലാശിക്കുക. ഈ ചിന്തയാണ് തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്.
കര്‍മങ്ങളുടെ ഒടുക്കം നല്ല രീതിയിലാവാന്‍ പ്രത്യേകമായ ശ്രദ്ധയും ജാഗ്രതയും വേണം. അതിന് താല്‍പര്യവും നിര്‍ബന്ധ ബുദ്ധിയും ചെലുത്തുന്നതോടൊപ്പം ആ അനുഗ്രഹത്തിനായി ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ ദിവസവും അവസാനിക്കുന്നത് നന്മയിലായിത്തീരാന്‍ ജാഗ്രത കാണിക്കുന്നതുപോലെ തന്നെ ഓരോ നിമിഷവും ശുഭപര്യവസായിയായിരിക്കുക എന്നത് വിശ്വാസിയുടെ സ്വര്‍ഗപ്രവേശത്തിന് അനിവാര്യമത്രേ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x