12 Thursday
December 2024
2024 December 12
1446 Joumada II 10

ശ്രമകരമായ ദൗത്യത്തിന്റെ മുന്നണിപ്പോരാളികളാവുക

ഡോ. കെ ടി അന്‍വര്‍ സാദത്ത് /ശബീര്‍ രാരങ്ങോത്ത്‌


പ്രവര്‍ത്തന പഥത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട ഒരു യുവജന സംഘടനയുടെ ജന. സെക്രട്ടറി എന്ന നിലയില്‍ ഐ എസ് എമ്മിനെ എങ്ങനെ വിലയിരുത്തുന്നു?
കാലോചിതമായ അജണ്ടകളുമായി ഇസ്‌ലാഹീ യുവജന പ്രസ്ഥാനം കഴിഞ്ഞ 55 വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തന നിരതമായിരുന്നു. മതസാമൂഹിക പ്രസ്ഥാനമെന്ന നിലയില്‍ കേരളീയ സമൂഹത്തെ ഐ എസ് എം പരോക്ഷമായി സ്വാധീനിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഐ എസ് എം മുന്നോട്ടുവെച്ച പരിഷ്‌കരണ അജണ്ടകളെ സാമൂഹിക വ്യവഹാരങ്ങളിലൂടെ ഇതര സംഘടനകള്‍ തിരിച്ചറിയുകയും അവരുടെ പ്രവര്‍ത്തന വൃത്തത്തിലേക്ക് സ്വാംശീകരിക്കുകയും ചെയ്തതായി കാണാം. സാമൂഹിക സന്തുലിതത്വം, മതങ്ങള്‍ക്കിടയിലെ ഇഴചേര്‍ന്ന അടുപ്പം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ട് കേരളത്തെ സവിശേഷമായി പരിഗണിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഐ എസ് എം പ്രഖ്യാപിച്ചിട്ടുള്ളത്.
മനുഷ്യനെ ബാധിക്കുന്ന ജീവല്‍ പ്രശ്‌നങ്ങളെ മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് നിര്‍ധരിച്ചെടുക്കാനാണ് ഇസ്‌ലാഹീ യുവജന പ്രസ്ഥാനം ശ്രമിച്ചിട്ടുള്ളത്. മതത്തിന് അകത്തുള്ള അതിതീവ്രതകളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചതോടൊപ്പം സാമുദായിക വേര്‍തിരിവുകളെ തുന്നിച്ചേര്‍ക്കാനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളും ഐ എസ് എമ്മില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. മതതീവ്രവാദവും ആത്മീയ തീവ്രതയും ചര്‍ച്ച ചെയ്തത് പോലെ വര്‍ഗീയതയും ആഗോളവല്‍ക്കരണത്തിന്റെ അനന്തരഫലങ്ങളും ഐ എസ് എം വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ദൗത്യവും ധര്‍മവും തിരിച്ചറിഞ്ഞുവെന്നതാണ് ഐ എസ് എമ്മിനെ ഇതര മുസ്‌ലിം യുവജന സംഘങ്ങളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. ഐ എസ് എം രൂപപ്പെടുത്തിയ വഴികളിലൂടെ മറ്റ് സംഘങ്ങള്‍ക്ക് അജണ്ടകള്‍ ക്രമപ്പെടുത്തേണ്ടി വന്നത് അതുകൊണ്ടാണ്.
ഐ എസ് എം ചരിത്രത്തില്‍ രണ്ട് ദശാസന്ധികളുണ്ട്. 1967 മുതല്‍ 1997 വരെയുള്ള മുപ്പത് വര്‍ഷക്കാലം ഐക്യസംഘത്തിന്റെ അജണ്ടകളുടെ പുനഃസൃഷ്ടി ഐ എസ് എമ്മിലൂടെ പുരോഗമിക്കുകയായിരുന്നു. കേരള മുസ്‌ലിം നവോത്ഥാനത്തെ അട്ടിമറിച്ച സലഫിയ്യത്ത് നിലയുറപ്പിക്കുന്നതും ഇക്കാലഘട്ടത്തിന്റെ അവസാന വര്‍ഷങ്ങളിലാണ്. ഇസ്‌ലാഹിന്റെ വൈവിധ്യങ്ങളെ യഥോചിതം തിരിച്ചറിഞ്ഞ് മുസ്‌ലിം മതസാമൂഹിക മുന്നേറ്റത്തിന് ഐ എസ് എം ഒരുക്കികൊണ്ടിരുന്ന തെളിഞ്ഞ പാതകളെ സലഫിയ്യത്തിന്റെ അളവുകോലില്‍ വ്യതിയാനമായി ചിത്രീകരിച്ചു. ഇസ്‌ലാഹീ യുവജനസംഘത്തെ നിര്‍ദയം വെട്ടിമാറ്റാനുള്ള ചരടുവലികളാണ് ആദ്യ ദശയില്‍ നടന്നത്. 2002 ആഗസ്ത് 12ന് ഐ എസ് എമ്മിനെ പിരിച്ചുവിടുന്നതിലൂടെ പരിഷ്‌കരണ മുന്നേറ്റങ്ങളെ മുരടില്‍ നിന്ന് വെട്ടിമാറ്റുകയായിരുന്നു.
2002 മുതല്‍ 2016 വരെയുള്ള അടുത്ത ഘട്ടത്തില്‍ പരിഷ്‌കരണ വഴിയിലേക്കുള്ള സ്വതന്ത്രമായ തിരിച്ചുപോക്കായിരുന്നു ഐ എസ് എം നടത്തിയത്. 2016ല്‍ മുജാഹിദ് വിഭാഗങ്ങളില്‍ക്കിടയില്‍ ലയനമുണ്ടാക്കി സലഫിയ്യത്തിലേക്ക് ചുരുക്കിക്കെട്ടാനുള്ള ശ്രമം വീണ്ടും നടന്നു. സിഹ്‌റിന് (മാരണത്തിന്) യാഥാര്‍ത്ഥ്യവും ഫലപ്രാപ്തിയുമുണ്ടെന്ന് ലയനാനന്തരം സംഘടന നിലപാട് സ്വീകരിച്ചപ്പോള്‍ ഇസ്‌ലാഹീ നയം ഉയര്‍ത്തിപ്പിടിക്കാന്‍ ഐഎസ്എം മുന്നോട്ടുവന്നു. ഏറെ അക്രമിക്കപ്പെട്ട/ ഇരയാക്കപ്പെട്ട ചരിത്രത്തിന്റെ രണ്ട് സന്ധികളിലും ഇസ്‌ലാഹിന്റെ ഭൂമിക നിലനിര്‍ത്താനുളള ശ്രമമാണ് ഐ എസ് എമ്മില്‍ നിന്ന് ഉണ്ടായത്. പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ച മുജാഹിദുകളിലെ നവയാഥാസ്ഥിതിക വിഭാഗങ്ങളെ കേരളത്തില്‍ ചലനമുണ്ടാക്കിയ ഇസ്‌ലാഹിന്റെ വഴിയിലേക്ക് തിരിച്ചുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഐ എസ് എം ഇനിയുമുണ്ടാകും.
വിശ്വാസ വിമലീകരണം, അന്ധവിശ്വാസ നിര്‍മാര്‍ജനം, ജീവകാരുണ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍, പാരിസ്ഥിതിക സംരക്ഷണ യജ്ഞങ്ങള്‍, ധൈഷണിക ചര്‍ച്ചകള്‍, സര്‍ഗ സാഹിതീയ ഇടപെടലുകള്‍, അച്ചടി സംസ്‌കാരത്തെ പരിവര്‍ത്തനോപാധിയായി സ്വീകരിക്കല്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ ഐ എസ് എം സാന്നിധ്യം കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ചൂഴ്ന്നുനില്‍ക്കുന്നതായി കാണാം. ജീവകാരുണ്യ മേഖലയില്‍ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഐഎസ്എം പടുത്തുയര്‍ത്തിയ ദന്തഗോപുരങ്ങളാണ് ഹെല്‍പിംഗ് ഹാന്‍ഡ്‌സും എബിലിറ്റി ഫൗണ്ടേഷനും ഫോക്കസ് ഇന്ത്യയുമെല്ലാം. സഹജീവികളുടെ ജീവല്‍ പ്രശ്‌നങ്ങളെ പ്രബോധക സംഘത്തിന്റെ മുഖ്യഅജണ്ടകളായി നിശ്ചയിച്ച് കര്‍മപഥത്തില്‍ ഉത്തരോത്തരം മുന്നേറാന്‍ ഐഎസ്എമ്മിന് ശേഷിയുണ്ടെന്നത് സന്തോഷകരമാണ്.
ആഗോള തലത്തില്‍ തന്നെ യുവജനങ്ങളും വിദ്യാര്‍ഥികളും സമര രംഗത്ത് വന്നിരിക്കുന്ന ഒരു കാലമാണിത്. പ്രത്യേകിച്ച്, ഫലസ്തീന്‍ പ്രശ്‌നത്തില്‍ യു കെ, യു എസ് കാമ്പസുകളിലെ ടെന്റ് കെട്ടിയ സമരങ്ങള്‍ നാം കണ്ടു. യുവാക്കളുടെ സമരോത്സുകതയെ എങ്ങനെ കാണുന്നു?
അനീതിയുടെ അധികാരത്തോട് യുവത കലഹിച്ചു വന്നത് ചരിത്രത്തില്‍ ഇതപര്യന്തമുണ്ട്. ഫാസിസത്തിന്റെ പ്രത്യക്ഷ അടയാളങ്ങളില്‍ ഇന്ത്യ അമര്‍ന്നുകൊണ്ടിരുന്ന കാലത്ത് വിദ്യാര്‍ത്ഥി- യുവജനങ്ങളായിരുന്നു രാജ്യത്തെ ക്രിയാത്മക പ്രതിപക്ഷം. ഇത് ജൈവീകമായ ഒന്നാണ്. യൗവ്വനം സമരോത്സുകമാണ്. നിലനില്‍ക്കുന്ന വ്യവസ്ഥകളിലെ അനീതികളോട് രാജിയാകാന്‍ സാധിക്കാതെ അത് ഏറ്റുമുട്ടിക്കൊണ്ടിരിക്കും. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് ഫലസ്തീനില്‍ ഒരു നൂറ്റാണ്ടോളമായി നടന്നുകൊണ്ടിരിക്കുന്നത്. ‘ആലിയ’ എന്ന പേരില്‍ ഫലസ്തീനില്‍ നടന്ന ജൂതകുടിയേറ്റം മനുഷ്യാവകാശ ലംഘനങ്ങളുടെ പരസ്യക്കാഴ്ചയാണ്. വംശഹത്യയുടെ അവസാന കവാടത്തിലേക്കാണ് ഫലസ്തീനികളെ ഇപ്പോള്‍ കൊണ്ടുപോയികൊണ്ടിരിക്കുന്നത്. സയണിസ്റ്റ്- യാങ്കി ഭീകരതയ്‌ക്കെതിരെ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവന്‍ പേരും പ്രതികരിച്ചുപോകും. അതില്‍ സമരയൗവ്വനത്തെ കൂടി കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ പ്രതിഷേധങ്ങള്‍ നാളെയുടെ പ്രതീക്ഷകള്‍ കൂടിയാണ്. അധര്‍മങ്ങള്‍ക്കും അനീതികള്‍ക്കുമെതില്‍ യുവജനങ്ങളുടെ അതിശക്തിയായി സമരമുഖങ്ങള്‍ തുറക്കപ്പെടണം. സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അനിവാര്യമായിരിക്കും ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍.

യുവജനങ്ങളുടെ സാമൂഹിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം തൊഴിലില്ലായ്മ രൂക്ഷമാണ്. കേരളത്തിലും അതുതന്നെയാണ് സ്ഥിതി. ഇതിനെ അഡ്രസ്സ് ചെയ്യേണ്ടത് എങ്ങനെയാണ്?
യുവാക്കളെ സംബന്ധിച്ചേടത്തോളം തൊഴിലില്ലായ്മ അതിഭീകരമായ പ്രശ്‌നമാണ്. ജീവിതം പച്ചപിടിപ്പിക്കേണ്ടുന്ന സുവര്‍ണ കാലത്ത് സമയം ചിലവഴിക്കാന്‍ അധ്വാന വേളകളും ജീവനോപാധികളും ഇല്ലാതെയാകുകയും ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നഷ്ടപ്പെടുകയും ചെയ്യുകയെന്നത് വലിയ അളവില്‍ യുവാക്കളെ അസ്ഥിരപ്പെടുത്തും. സമൂഹത്തെ ഏറെ സക്രിയമാക്കി മാറ്റാന്‍ സാധിക്കുന്ന യൗവ്വനകാലത്ത് ജീവിതപ്രതീക്ഷ നഷ്ടപ്പെടുന്ന യുവജനങ്ങള്‍ക്ക് രാഷ്ട്രപുനര്‍നിര്‍മാണത്തിലോ സാമൂഹിക വ്യവഹാരങ്ങള്‍ സജീവമാക്കുന്നതിലോ ഭാഗധേയം വഹിക്കാന്‍ സാധിക്കുകയില്ല. ഇതിനെ സര്‍ക്കാറുകള്‍ ഗൗരവകരമായി തന്നെ കാണണം. സാമൂഹികസാമ്പത്തിക മുന്നേറ്റങ്ങളെ അളക്കാനുളള മാനകങ്ങളില്‍ അതിപ്രധാനമാണ് തൊഴിലില്ലായ്മ. നാടൊഴിഞ്ഞു പോകുന്നുവെന്നത് വിദൂരഭാവിയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാവുന്ന പുരോഗതിയെ വിപരീതമായി മാറ്റാവുന്ന ഘടകമാണ്. ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് യുവജനസംഘങ്ങളുടെ യോജിച്ച പ്രവര്‍ത്തന പദ്ധതികള്‍ രൂപീകരിക്കപ്പെടേണ്ടതുണ്ട്. തൊഴിലൊരുക്കുകയെന്നത് തന്നെയാണ് പ്രധാനം. വ്യത്യസ്ത പദ്ധതികളിലൂടെ അതിനുള്ള ശ്രമങ്ങളുണ്ടാകണം.
കേരളം കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പ്രായമായവരുടെ സംസ്ഥാനമായി മാറുമെന്നാണ് ജനസംഖ്യാ കണക്കുകള്‍ പറയുന്നത്. കേരളത്തിലെ യുവാക്കള്‍ നാട് വിട്ടുപോകുന്നവരായി മാറുകയാണ്. ഇതിനെ എങ്ങനെ നേരിടാനാവും?
നേരത്തെ പറഞ്ഞതിലെ വിഷയം തന്നെയാണിത്. നാട് വിട്ടുപോകുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക കാരണങ്ങള്‍ ഇവയിലുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിന് പ്രധാന കാരണമാണ്. കോര്‍പറേറ്റുകളെ മാത്രം പ്രീതിപ്പെടുത്തുന്ന നയങ്ങളും നിയമങ്ങളും ഉണ്ടായിവന്നിട്ടുള്ള കാലമാണിത്. സമ്പത്ത് അതിസമ്പന്നരിലേക്ക് കേന്ദ്രീകരിക്കുകയാണ് ഇതിലൂടെ ഉണ്ടായത്. ഭരണത്തുടര്‍ച്ച ഉണ്ടായത് കേരളത്തിലെ പ്രതിസന്ധികളെ രൂക്ഷമാക്കിയതായി കാണാം. ഇതും ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളെ രാഷ്ട്ര താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ജനാധിപത്യ വഴികളിലൂടെ പരാജയപ്പെടുത്തേണ്ടതുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ അതാണ് ഉണ്ടായത്. അത്തരത്തിലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാകണം. ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമെന്നതില്‍ നിന്ന് മാറി സ്വയം പര്യാപ്തതയുള്ള ഇടമാക്കി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ സാധിക്കണം. പുതിയ സംരംഭങ്ങളും തൊഴില്‍ അവസരങ്ങളും ധാരാളമായി സൃഷ്ടിക്കപ്പെടണം.
കുടുംബങ്ങളിലെ അടുപ്പക്കുറവ് സാമൂഹിക കാരണങ്ങളിലൊന്നാണ്. യുവജന പ്രസ്ഥാനങ്ങള്‍ ശ്രദ്ധയൂന്നേണ്ടുന്ന ഒരു മേഖലകൂടിയാണ്. കുടുംബ ബന്ധത്തിന്റെ കെട്ടുറപ്പില്‍ ഉറ്റവരോടൊപ്പം നിലകൊള്ളാന്‍ താല്‍പര്യമുണ്ടാക്കി കൊണ്ടുവരണം. ഈ കുടിയേറ്റ ട്രെന്‍ഡ് കുറച്ച് കാലത്തേക്ക് കൂടി നിലനില്‍ക്കുമെന്നാണ് തോന്നുന്നത്. രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ പരിവര്‍ത്തനം വരുമ്പോള്‍ പതിയെ അവസാനിക്കുന്നതുമാകും.

ഐ എസ് എമ്മിന്റെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണല്ലോ. പൊതുവെ യുവാക്കളെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്ന വിലയിരുത്തല്‍ രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളില്‍ പോലുമുണ്ട്. ഐ എസ് എം യുവാക്കളെ ആകര്‍ഷിക്കുന്നത് എന്തുകൊണ്ടാണ്?
ഐഎസ്എമ്മിന് നിരവധി അജണ്ടകള്‍ ഉണ്ടെന്നതാണ് അതിന് കാരണം. ധാര്‍മിക പ്രസ്ഥാനമെന്ന നിലയില്‍ പരലോക ജീവിത വിജയത്തെ പ്രധാനമായി ഐഎസ്എം കാണുന്നു. അതുകൊണ്ട് നന്മയുടെ വഴിയില്‍ സഞ്ചരിക്കാന്‍ ഐഎസ്എം പ്രേരിപ്പിക്കുന്നു. മനുഷ്യജീവിതത്തിന്റെ നിയോഗം തിരിച്ചറിയറിയുന്നതിലൂടെ അലക്ഷ്യമായി ജീവിച്ചുതീര്‍ക്കാന്‍ യുവജനങ്ങള്‍ തയ്യാറാകുകയില്ല. അര്‍ത്ഥമുള്ള ജീവിതത്തിലൂടെ കുടുംബത്തിനും സമൂഹത്തിനും ഗുണപ്രദമായി ജീവിച്ച് ദൈവിക ഇംഗിതങ്ങളെ അതിലൂടെ പൂര്‍ത്തീകരിക്കാനും മരണാനന്തര ജീവിത വിജയം കൈവരിക്കാനും ആഗ്രഹിക്കുന്ന ബോധമുളള ഒരു യുവസമൂഹവും ഇവിടെയുണ്ട്. അവരുടെ ജീവിതത്തെ ധന്യമാക്കി മറ്റുള്ളവര്‍ക്കായി സാര്‍ത്ഥകമായി സമര്‍പ്പിച്ചു കടന്നുപോകാന്‍ സഹായകമാകുന്ന അജണ്ടകളാണ് ഐഎസ്എമ്മിനുള്ളത്. 23 വകുപ്പുകളിലായാണ് ഐഎസ്എം പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത്. ആധുനിക യുവതയെ അഡ്രസ് ചെയ്യുന്ന നിരവധി ഘടകങ്ങള്‍ ഈ വകുപ്പുകളിലുണ്ട്.
തണലിലേക്ക് മാറാനല്ല; തണലായി മാറാന്‍ യൗവ്വനം, സമര്‍പ്പിത യൗവ്വനം ഇവയൊക്കെ പലപ്പോഴും ഐഎസ്എം ഉപയോഗിക്കാറുള്ളതാണ്. അക്ഷരാര്‍ത്ഥത്തില്‍ ദൈവിക സമര്‍പ്പണത്തിനും സാമൂഹിക സേവനങ്ങള്‍ക്കും ഐഎസ്എം പ്രവര്‍ത്തകര്‍ക്ക് ഒരുപോലെ അവസരം ഒരുങ്ങുന്നുണ്ട്.

പ്രബോധനം, ഖുര്‍ആന്‍ പഠനം, സാമൂഹികക്ഷേമം, മാധ്യമപ്രവര്‍ത്തനം, ഭിന്നശേഷി ക്ഷേമം തുടങ്ങിയ വിവിധ മേഖലകളില്‍ ഐ എസ്എം പ്രവര്‍ത്തിക്കുന്നുണ്ട്. ഇനി ശ്രദ്ധ പതിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മേഖല ഏതാണ്?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങളും ഖുര്‍ആന്‍ പഠന സംരംഭങ്ങളും അനന്ത സാധ്യതയുള്ള മേഖലകളാണ്. സാങ്കേതിക വിദ്യകളുടെ തികവിനെ ഇത്തരം ഏരിയകളില്‍ പരമാവധി ഉപയോഗപ്പെടുത്തണം. മാനുഷിക വിഭവ വിനിയോഗത്തെ ഫലപ്രദമായി ഇത്തരം സംവിധാനങ്ങളുമായി ചേര്‍ത്ത് ലഘൂകരിച്ച് ഉപയോഗിക്കുകയും വേണം.
ചരിത്ര രചനയില്‍ വിട്ടുപോയ നിരവധി ഏരിയകളുണ്ട്. അവയെ സത്യസന്ധമായി ഐഎസ്എം പൂരിപ്പിക്കണം. വൈജ്ഞാനിക ചര്‍ച്ചകളും ഗഹനമായ ഗവേഷണങ്ങളും ഉണ്ടാകണം. ഈ മേഖലയിലും ഐഎസ്എം ഊന്നല്‍ നല്‍കണം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഘടനയില്‍ സമൂലമായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഐഎസ്എം ശ്രദ്ധപതിപ്പിക്കേണ്ടുന്ന ഒരു തലമാണിത്. കാലത്തിനനുസിച്ച് ഉണ്ടാകേണ്ടുന്ന സ്‌കില്ലുകളെ മുന്‍നിര്‍ത്തി ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കുന്ന അറിവന്വേഷണ ശ്രമങ്ങളെ പരിപോഷിപ്പിക്കണം. ഇതില്‍ സമാന്തര മേഖലയെ വളര്‍ത്തികൊണ്ടു വരണം. ഇസ്‌ലാഹിന്റെ മുഴുവന്‍ സൗകുമാര്യവും ഉള്‍ചേര്‍ന്നിട്ടുള്ള സാമൂഹിക നിര്‍മിതിയില്‍ ബദ്ധശ്രദ്ധ പുലര്‍ത്തണം.

സംഘടനയുടെ വളണ്ടിയര്‍ സംവിധാനമാണല്ലോ യൂണിറ്റി. ഐ എസ് എം അതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. ചിട്ടയും അച്ചടക്കവും വളര്‍ത്താന്‍ അത് സഹായിക്കുന്നുണ്ടോ?
പുതിയകാലത്തെ യുവാക്കളെ പൂര്‍ണമായും ഒരേ ചിട്ടയില്‍ കൊണ്ടുവരിക ശ്രമകരമാണ്. സെകന്‍ഡുകളുടെ റീല്‍സില്‍ അഭിരമിക്കുന്ന തലമുറയെ ഒരേ ദിശയില്‍ ഒരേ ലക്ഷ്യത്തില്‍ നിലനിര്‍ത്തുക പ്രയാസം തന്നെയാണ്. എന്നാല്‍ മതം ഉള്ളില്‍ തളിര്‍പ്പിച്ചുകൊണ്ടു വരുന്ന അപരസേവനമെന്ന പ്രതലത്തില്‍ യുവസമൂഹം തല്‍പരരുമാണ്. ഈ താല്‍പര്യത്തെയാണ് യൂണിറ്റി അഡ്രസ് ചെയ്യുന്നത്. ആത്മാര്‍ത്ഥമായ സാമൂഹിക സേവനത്തിന് ഈ സംവിധാനത്തിലൂടെ കളമൊരുങ്ങുന്നു. ഐഎസ്എം നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ ജോലി യൂണിറ്റി വളണ്ടിയര്‍മാരാണ് ഏറ്റെടുക്കുന്നത്. രക്തദാനം, പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍, പ്രകൃതി ദുരന്തങ്ങളിലെ സഹായങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ യൂണിറ്റി നിലകൊള്ളുന്നുണ്ട്.

ആദര്‍ശ പ്രബോധന രംഗത്ത് ഒട്ടേറെ ചുവടുവെപ്പുകള്‍ സമീപകാലത്ത് ഐ എസ് എം നടത്തിയിട്ടുണ്ട്. ഇസ്‌ലാഹിന്റെ രീതിശാസ്ത്രം ചര്‍ച്ച ചെയ്ത കൊളോക്കിയം മുതല്‍ പലതും ഈ രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇസ്‌ലാഹ് എന്ന വാക്കിനെ തെറ്റിദ്ധരിപ്പിക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങളുണ്ടാവുകയും ചെയ്യുന്നു. ഐ എസ് എമ്മിന്റെ ആദര്‍ശ പ്രതിബദ്ധതയെ എങ്ങനെ വിശദീകരിക്കുന്നു?
2002ലും 2016ലും ഇസ്‌ലാഹിനെ തനതായി നിലനിര്‍ത്താനുള്ള ശ്രമങ്ങളാണ് ഐഎസ്എം നടത്തിയത്. ഈ പ്രസ്ഥാനത്തിന്റെ ജീവനാഡി വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഇസ്‌ലാഹ് എന്ന ആശയമാണ്. ഐഎസ്എം പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളതും അതിക്രൂരമായി വിമര്‍ശിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തിട്ടുള്ളതും ഇസ്‌ലാഹിന്റെ വഴിയില്‍ നിലകൊണ്ടത് കൊണ്ട് കൂടിയാണ്. ഇനി മുന്നോട്ട് ഗമിക്കാനുള്ളതും ഇതേ വഴിയില്‍ തന്നെയാണ്. അതിന്റെ പുതിയ അന്വേഷണ ശ്രമത്തില്‍ പെട്ടതാണ് ഇസ്‌ലാഹിന്റെ രീതിശാസ്ത്ര ചര്‍ച്ചകളും മറ്റും.

തുടക്കം മുതല്‍ ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന ശബാബ് വാരിക ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കാന്‍ പോവുകയാണ്. ഒരു യുവജന സംഘടന ഇത്ര സുദീര്‍ഘ കാലം വാരിക നടത്തുന്നത് അപൂര്‍വമായിരിക്കാം. എങ്ങനെ വിലയിരുത്തുന്നു?
1975 ജനുവരി രണ്ട് മുതല്‍ ഐഎസഎം മുഖപത്രമായ ശബാബ് പുറത്തിറങ്ങുന്നുണ്ട്. പാക്ഷികമായി ആരംഭിക്കുകയും 1985 ജനുവരിയില്‍ വാരികയായി മാറുകയുമായിരുന്നു. 1984 വരെ എട്ട് പേജുകളിലാണ് ശബാബ് പുറത്തിറങ്ങിയിരുന്നത്. പിന്നീട് 12 പേജും 44 പേജുമായി പുരോഗമിക്കുകയായിരുന്നു. ഒരു യുവജന സംഘടന സുദീര്‍ഘ കാലം വാരിക പുറത്തിറക്കുകയെന്നത് ചരിത്രമാണ്. ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ചരിത്രം പ്രസിദ്ധീകരണങ്ങളുടേത് കൂടിയാണ്. ശബാബിന്റെ അപൂര്‍വമായ മുന്നേറ്റത്തെ തലമുറക്ക് കൈമാറി നല്‍കേണ്ടതുണ്ട്. ഇസ്‌ലാഹീ പരിഷ്‌കരണ വഴിയില്‍ വാമൊഴിയേക്കാള്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത് വരമൊഴികളിലൂടെയാണ്. ഇത് ശബാബ് തെളിയിച്ചതാണ്. കേരളീയ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ശബാബ് വഹിച്ച പങ്ക് അച്ചടിച്ചുവന്ന മുന്‍ ലക്കങ്ങളെ അടിസ്ഥാനമാക്കി സത്യസന്ധമായി ചര്‍ച്ച ചെയ്യാന്‍ ഐഎസ്എം ആഗ്രഹിക്കുന്നു. ശബാബിന് മുമ്പുള്ള മുസ്‌ലിം ചരിത്രത്തെയും ശബാബ് പ്രസിദ്ധീകരിച്ചു വന്ന കാലത്തെ മുസ്‌ലിം ചരിത്രത്തെയും ശബാബിന്റെ സംഭാവനകളെ മുന്‍നിര്‍ത്തി രേഖപ്പെടുത്തേണ്ടതുണ്ട്. ഈ ചരിത്ര നിമിഷത്തെ ഐഎസ്എം യഥോചിതം കൊണ്ടാടും.

പുതുതായി ഐ എസ് എമ്മില്‍ അംഗത്വം നേടിയവരോട് നല്‍കാനുള്ള ഉപദേശം?
മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരാണ് നമ്മള്‍. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും ശക്തമായി പോരാടി ഇസ്‌ലാമിക പ്രമാണങ്ങളുടെ വഴിയിലേക്ക് മുസ്‌ലിം സമൂഹത്തെ നമ്മുടെ മുന്‍ഗാമികള്‍ കൊണ്ടുവന്നു. ഈ ദൗത്യപ്രവാഹത്തില്‍ അണിനിരന്നവരെന്ന നിലയില്‍ കര്‍ത്തവ്യബോധത്തോടെ പ്രവര്‍ത്തന നിരതരാകുക. മുന്‍ഗാമികള്‍ ദുര്‍ഘടമായ വഴികള്‍ വെട്ടിത്തെളിച്ച് പാതയൊരുക്കി വെച്ചു. ഈ പാതയിലൂടെ സമൂഹത്തെക്കൂടി ചേര്‍ത്ത് യാത്ര തുടരണം. അന്ധവിശ്വാസങ്ങള്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരില്‍ നിന്നുതന്നെ തലപൊക്കി തുടങ്ങിയിരിക്കുന്നു. കടുത്ത യാഥാസ്ഥിതികതയിലേക്ക് തിരിച്ചുനടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. അനവരതം പോരാടി ഇസ്‌ലാഹിനെ യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് ശ്രമിക്കാം. ദൗത്യം ശ്രമകരമാണ്. പ്രതിഫലം മോഹിപ്പിക്കുന്നതാണ്. പാരത്രിക വിജയത്തിനായി ഈ നന്മയുടെ വഴിയില്‍ കൈകോര്‍ക്കാം. നഷ്ടമില്ലാത്തൊരു യാത്രയായിരിക്കുംഇത്. ഹ
(ഐ എസ് എം സംസ്ഥാന
ജന.സെക്രട്ടറിയാണ്
ഡോ. കെ ടി അന്‍വര്‍ സാദത്ത് )

Back to Top