ശിരോവസ്ത്രം: കോടതിവിധി മൗലികാവകാശ ധ്വംസനം – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: മുസ്്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടുള്ള നടപടികള്‍ ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി വിവേചനപരവും മൗലികാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നു കയറ്റവുമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഇസ്്‌ലാമിന്റെ അടിസ്ഥാന പ്രമാണം ഖുര്‍ആനിലെ 24:31 അധ്യായമനുസരിച്ച് മുസ്്‌ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാണെന്നിരിക്കെ അത് മതപരമായി നിര്‍ബന്ധമില്ലെന്ന കോടതിവിധി വിശ്വാസികള്‍ക്ക് സ്വീകാര്യമല്ല. ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ രാജ്യത്തിന്റെ ഭരണഘടന അവകാശം നല്‍കുന്നുണ്ടെന്നിരിക്കെ മുസ്്‌ലിം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം മൗലികാവകാശമാണ്. അതിനെ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും തകര്‍ത്ത് മനുഷ്യരെ തമ്മില്‍ തല്ലിക്കാന്‍ നടത്തുന്ന ഗൂഢ നീക്കങ്ങള്‍ക്ക് ജുഡീഷ്യറി നിയമ പരിരക്ഷ വിധിക്കുന്നത് ഏറെ ആശങ്കാജനകമാണ്. കേവല രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുപരി രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ നിലനില്പ് ഉറപ്പുവരുത്താന്‍ മതേതര കക്ഷികള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സി മമ്മു കോട്ടക്കല്‍, ബി പി എ ഗഫൂര്‍, പി പി ഖാലിദ്, കെ പി സക്കരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഇസ്മായില്‍ കരിയാട്, എം ടി മനാഫ്, അബ്ദുസ്സലാം പുത്തൂര്‍, കെ എ സുബൈര്‍, ഫൈസല്‍ നന്മണ്ട, സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ്, കെ പി അബ്ദുറഹ്മാന്‍, ഡോ. അനസ് കടലുണ്ടി, എം കെ മൂസ സുല്ലമി, ഹമീദലി ചാലിയം, അബ്ദുല്‍അലി മദനി പ്രസംഗിച്ചു.