2 Wednesday
July 2025
2025 July 2
1447 Mouharrem 6

ശിരോവസ്ത്രം മതനിയമമല്ല എന്ന ഗവര്‍ണറുടെ വാദം ശരിയല്ല – കെ ജെ യു

കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ ശിരോവസ്ത്രം അണിയുന്നതിന് മതത്തില്‍ നിര്‍ദേശമില്ലെന്നും സ്ത്രീകളുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാനാണ് ഇസ്‌ലാം നിര്‍ദേശിച്ചിട്ടുള്ളതെന്നുമുള്ള കേരള ഗവര്‍ണറുടെ പ്രസ്താവനയോട് യോജിക്കാന്‍ കഴിയില്ലെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ഉന്നതാധികാര സമിതി യോഗം അഭിപ്രായപ്പെട്ടു.
വിശുദ്ധ ഖുര്‍ആനിന്റെ നേര്‍ക്കുനേരെയുള്ള അധ്യാപനങ്ങളെ തെറ്റായി അവതരിപ്പിക്കുന്നതും രാജ്യത്തെ പൗരന് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്നതുമാണ് മേല്‍ പ്രസ്താവന. ഇത് അദ്ദേഹത്തിന്റെ സ്ഥാനപദവിക്ക് യോജിച്ചതല്ലെന്നും അതിനാല്‍ തെറ്റിദ്ധാരണാജനകമായ വാദങ്ങള്‍ അദ്ദേഹം തിരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വിശ്വാസിനികളായ സ്ത്രീകള്‍ മാറിടത്തിലേക്ക് ഇറങ്ങി നില്‍ക്കുന്ന ശിരോവസ്ത്രം ധരിക്കണമെന്നും മേല്‍ വസ്ത്രം അഥവാ ജില്‍ബാബ് അണിഞ്ഞ് ശരീര സൗന്ദര്യവും നഗ്‌നതയും മറക്കണമെന്നും എന്നാല്‍ ശരീരത്തിലെ പ്രത്യക്ഷ ഭാഗമായ മുഖവും മുന്‍കൈയും മറക്കേണ്ടതില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ ഗവര്‍ണര്‍ ഇത്ര കാലമായിട്ടും ഖുര്‍ആന്‍ വായിച്ചിട്ടില്ലാത്തത് കൊണ്ടോ വായിച്ചിട്ടും കണ്ണടച്ചിരുട്ടാക്കുകയോ ആണ് ചെയ്യുന്നത്.
മുസ്‌ലിം പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് അദ്ദേഹം ഈ അജ്ഞത നീക്കണമെന്നും മുസ്‌ലിം സ്ത്രീകളുടെ ശിരോവസ്ത്ര വിഷയത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്നും പണ്ഡിതസഭ ആവശ്യപ്പെട്ടു. മതപരമായി നിര്‍ബന്ധമായ ഒരു കാര്യത്തില്‍ നിന്ന് മുസ്‌ലിം പെണ്‍കുട്ടികളെ വിലക്കുന്ന പ്രവണത ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് ഭരണഘടന വകവെച്ചു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പണ്ഡിത സഭ വ്യക്തമാക്കി. പ്രസിഡന്റ് പ്രഫ. എ അബ്ദുല്‍ഹമീദ് മദീനി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഡോ. ഇ കെ അഹ്മദ് കുട്ടി, സി പി ഉമര്‍ സുല്ലമി, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, പി അബ്ദുല്‍അലി മദനി, അലി മദനി മൊറയൂര്‍, പ്രഫ. ശംസുദ്ദീന്‍ പാലക്കോട് പ്രസംഗിച്ചു.

Back to Top