ശിര്‍ക്ക് വിശ്വാസ- ബൗദ്ധിക ധിക്കാരം
അബ്ദുല്‍അലി മദനി
ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനം ഏകദൈവവിശ്വാസവും ഏകദൈവാരാധനയുമാണ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനം ഈ ആശയമാണ് അറിയിക്കുന്നത്. ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനത്തിന്റെ മുഖ്യമായ പ്രമേയവും ഇതുതന്നെയാണ്. മാനവരാശിക്ക് പ്രപഞ്ചനാഥന്‍ കനിഞ്ഞേകിയ മതമത്രെ ഇസ്‌ലാം. അത് മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടു. അതിനാല്‍ ഒരാള്‍ പൂര്‍ണ മുസ്‌ലിമായി പരിഗണിക്കപ്പെടണമെങ്കില്‍ രണ്ടു സാക്ഷ്യവചനങ്ങളും മനസ്സറിഞ്ഞു പ്രഖ്യാപിക്കുകയും അവ കര്‍മപഥത്തില്‍ പ്രതിഫലിപ്പിക്കുകയും വേണം.
‘അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു’- ഒരാള്‍ ഇവ മനസ്സിലുറപ്പിച്ചു പ്രഖ്യാപിച്ചു തന്റെ ജീവിതം കര്‍മങ്ങള്‍ കൊണ്ട് സജീവമാക്കുമ്പോള്‍ ഈ രണ്ടു സാക്ഷ്യവചനങ്ങളും അയാള്‍ അന്വര്‍ഥമാക്കിയതായി വിധിക്കപ്പെടുന്നു. സ്രഷ്ടാവും സര്‍വ ചരാചരങ്ങളെയും ഭരിച്ചുകൊണ്ടിരിക്കുന്നവനുമായ അല്ലാഹുവിനെ മാത്രമേ ആരാധ്യനാക്കാന്‍ പാടുള്ളൂ എന്നതിന് ഞാന്‍ സാക്ഷിയാണെന്നു പ്രഖ്യാപിക്കുന്ന ഒരാള്‍ക്ക് അയാളുടെ ആരാധനകളൊന്നും പ്രപഞ്ച സ്രഷ്ടാവിനല്ലാതെ നല്‍കാന്‍ കഴിയില്ല. മറിച്ചായാല്‍ അയാളുടെ സാക്ഷ്യപ്പെടുത്തല്‍ നിരര്‍ഥകവും വ്യാജവുമായിത്തീരും. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന് സാക്ഷ്യപ്പെടുത്തുക വഴി പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലാത്ത ഒന്നുംതന്നെ അയാള്‍ തന്റെ ചര്യയായി സ്വീകരിക്കാവതല്ല. അങ്ങനെയല്ലെങ്കില്‍ അയാളുടെ ഈ സാക്ഷ്യപ്പെടുത്തല്‍ വ്യാജമായി പരിണമിക്കും. ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല’ എന്ന് സമ്മതിക്കുമ്പോള്‍ താഴെ പറയുന്ന ആശയങ്ങള്‍ അയാള്‍ അംഗീകരിക്കല്‍ അനിവാര്യമാകുന്നു.
ഒന്ന്: ഈ പ്രപഞ്ചത്തിന് ഒരു നാഥനുണ്ടെന്നത് പരമാര്‍ഥമാണ്. ഇവിടെ നാം കാണുന്ന സൃഷ്ടിജാലങ്ങള്‍, പ്രതിഭാസങ്ങള്‍, അദ്ഭുതങ്ങള്‍ എന്നിവയൊന്നും തന്നെ കേവലം ഒരു യാദൃച്ഛികതയുടെ സന്തതിയല്ല. ശക്തമായ ഒരു സ്‌ഫോടനത്തിലൂടെ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടതല്ല ഈ പ്രപഞ്ചം. ഈ സൃഷ്ടികള്‍ പരസ്പരം സൃഷ്ടിച്ചുണ്ടാക്കിയതല്ല. സ്രഷ്ടാവായി ഒരുവന്‍ അവയുടെ പിന്നിലുണ്ട്.
രണ്ട്: മനുഷ്യര്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ പ്രപഞ്ചനാഥനു മാത്രമേ ആകാവൂ. കാരണം മനുഷ്യരില്‍ അധികപേരും അവരുടെ ആരാധനകളും അര്‍പ്പണങ്ങളും പ്രാര്‍ഥനകളും പരമമായ കീഴ്‌വഴക്കങ്ങളും പ്രപഞ്ചനാഥനല്ലാത്ത സൃഷ്ടികള്‍ക്ക് സമര്‍പ്പിക്കുന്നതായി കാണുന്നു. ഈ അക്രമം മനുഷ്യര്‍ മാത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യരല്ലാത്ത ജീവജാലങ്ങളൊന്നും പ്രപഞ്ചനാഥനെയല്ലാതെ വണങ്ങുന്നില്ല. അവനെയല്ലാതെ മഹത്വപ്പെടുത്തുന്നില്ല.
മൂന്ന്: അവനല്ലാതെ ആരാധ്യനില്ലെന്നതിനു ഞാന്‍ സാക്ഷിയാണെന്ന പ്രഖ്യാപനമാണ് അതിലുള്ളത്. എന്റെ സത്യവിശ്വാസവും അതിനെ സത്യപ്പെടുത്തുന്ന സദ്പ്രവൃത്തിയും നോക്കി മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഞാന്‍ ഈ പ്രപഞ്ചത്തിന്റെ നാഥനെയല്ലാതെ മറ്റു സൃഷ്ടികളെയൊന്നും ആരാധിക്കുന്നവനല്ലെന്നു ബോധ്യപ്പെടും. ചില സൃഷ്ടികള്‍ മറ്റു സൃഷ്ടികളെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുമ്പോള്‍ അതിനെ വ്യക്തിപൂജ, സൃഷ്ടിപൂജ എന്നൊക്കെയാണല്ലോ പറയുക. ദൈവാരാധനയെന്ന് അതിനെ ഒരിക്കലും പറയില്ല. അങ്ങനെയാണ് കുലദൈവങ്ങളും വിഗ്രഹാരാധനയും ഫോട്ടോ, പ്രതിമ, പ്രതിഷ്ഠ എന്നിവയും ഉടലെടുത്തത്.
പൂജയ്ക്കായി മനുഷ്യര്‍ ഉപയോഗപ്പെടുത്തുന്ന പുണ്യവാളന്മാരുടെ ഫോട്ടോകള്‍ ചില കലാകാരന്മാരുടെ ഭാവനകള്‍ മാത്രമാണ്. യേശുക്രിസ്തു, കന്യാമറിയം, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ഹനുമാന്‍ തുടങ്ങിയവയെല്ലാം അതില്‍ പെടുന്നു. ഇത്തരം സാങ്കല്‍പികതകളും ദുരൂഹതകളും സൃഷ്ടിപൂജയിലൂടെ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ മനുഷ്യപ്രകൃതിയുടെ പരിശുദ്ധിയെ മലീമസമാക്കുകയും ചെയ്യുന്നു. ഇത്തരം വൃത്തികേടുകളും അനീതിയും ശുദ്ധപ്രകൃതിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുന്നതും മനുഷ്യര്‍ മാത്രമാണ്. മൃഗങ്ങള്‍ പരസ്പരം ആരാധിക്കാറില്ല. അവ മനുഷ്യരെയും ആരാധിക്കുകയോ പൂജിക്കുകയോ ചെയ്യാറില്ല. എന്നാല്‍ മനുഷ്യര്‍ പരസ്പരവും അനേകം സൃഷ്ടികളെയും ആരാധ്യരാക്കുന്നവരാണ്.
നാല്: ഈ വചനം ഉദ്‌ഘോഷിക്കുന്നത് അല്ലാഹുവല്ലാത്ത ആരാധ്യരെല്ലാം തന്നെ സാങ്കല്‍പികം മാത്രമാണെന്നാണ്. കേവലം ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ദൈവാവതാരവും ദൈവത്തിന്റെ അംശവും ഒക്കെയാക്കി പലതിനെയും ചിത്രീകരിക്കുകയാണ്. യാതൊരുറപ്പുമില്ലാത്ത നിഗൂഢതകളാണ് ഇതുവഴി വന്നുചേരുന്നത്. മനുഷ്യരില്‍ നിന്ന് അല്ലാഹുവല്ലാത്ത പലതിനെയും ആരാധിക്കുന്നവരോട് അവയൊക്കെ ശരിയായ ദൈവമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടോ എന്നു ചോദിച്ചാല്‍ അവര്‍ പറയും, ഇവയിലൊക്കെ ദൈവം അവതരിച്ചിരിക്കാം, ഇവയൊക്കെ ദിവ്യത്വമുള്ളതായേക്കാം എന്ന്. ആകാം, ആയേക്കാമെന്നല്ലാതെ ഈ വസ്തുക്കള്‍ സത്യമായ ദൈവമാണെന്ന് ഉറപ്പിച്ചുപറയാന്‍ ബഹുദൈവാരാധകര്‍ക്കൊന്നും ധൈര്യം ഉണ്ടാവില്ല തന്നെ.
ഏകദൈവാരാധനയും ഏകദൈവവിശ്വാസവുമാണ് പ്രപഞ്ചനാഥന്‍ അവന്റെ എല്ലാ സൃഷ്ടികളുടെയും മേല്‍ നിശ്ചയിച്ചിട്ടുള്ളത്. ഈ ശുദ്ധപ്രകൃതിയെ വൃത്തികേടാക്കുന്നത് മനുഷ്യന്‍ മാത്രമാണ്. മനുഷ്യരല്ലാത്ത എല്ലാ സൃഷ്ടികളും ദൈവനിശ്ചയത്തെ അംഗീകരിക്കുന്നവരാണ്. ആരാധനകളിലും പ്രാര്‍ഥനകളിലും പരമമായ കീഴ്‌വണക്കങ്ങളിലും ബഹുദൈവസാന്നിധ്യം സങ്കല്‍പിച്ചു വ്യക്തിപൂജയും സൃഷ്ടിപൂജയും നടത്തി ധിക്കാരം പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ക്ക് അശേഷം ലജ്ജയില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട് ഇത് നിങ്ങള്‍ ലാഘവമായി എടുക്കരുതെന്നും നിങ്ങളുടെ നാഥനെ മനസ്സിലാക്കിയ ശേഷമാണ് അവനെ ആരാധിക്കേണ്ടതെന്നും പഠിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ‘ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്നു നീ മനസ്സിലാക്കുക’ (വി.ഖു. 47:19).
ഈ സത്യം അറിയാനും പഠിക്കാനുമായി ഖുര്‍ആന്‍ സ്വീകരിച്ച മാര്‍ഗം ദൈവിക ദൃഷ്ടാന്തങ്ങളുടെ കലവറയായ പ്രപഞ്ചത്തെ ബുദ്ധിയുള്ള മനുഷ്യരുടെ മുന്നില്‍ മലര്‍ക്കെ തുറന്നുവെക്കുകയാണ്. ദൃഷ്ടാന്തങ്ങളിലൂടെ ചിന്തിക്കാന്‍ പഠിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ അതിലെ അനേകം വചനങ്ങളിലൂടെ മുഖ്യമായ പലതിനെയും ചിന്താവിഷയമാക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ”അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. നിര്‍ജീവമായ ഭൂമി, അതിനു നാം ജീവന്‍ നല്‍കുകയും അതില്‍ നിന്നു നാം ധാന്യം ഉത്പാദിപ്പിക്കുകയും ചെയ്തു. എന്നിട്ടു അതില്‍നിന്നാണ് അവര്‍ ഭക്ഷിക്കുന്നത്” (വി.ഖു. 36:38).
സസ്യലതാദികളൊന്നുമില്ലാതെ കിടന്നിരുന്ന ഭൂപ്രദേശത്തെ ചൈതന്യവത്താക്കി അതില്‍ ആഹരിക്കാനുള്ള ധാന്യങ്ങള്‍ ഉല്‍പാദിപ്പിച്ച രക്ഷിതാവിനെപ്പറ്റി ചിന്തിക്കാനാണ് ഉണര്‍ത്തുന്നത്. ഈ സൂക്തത്തിനു ശേഷം പത്തോളം ആയത്തുകള്‍ വിവിധങ്ങളായ ദൈവിക ദൃഷ്ടാന്തങ്ങളില്‍ അടങ്ങിയ അദ്ഭുതങ്ങളെപ്പറ്റി ഉറ്റാലോചിക്കാന്‍ തന്നെയാണ് ആഹ്വാനം ചെയ്യുന്നത് (യാസീന്‍ 33-46). ”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയും രാപകലുകള്‍ മാറിമാറി വരുന്നതിലും സദ്ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (വി.ഖു. 3:190).
തീര്‍ച്ചയായും ബുദ്ധിമാന്മാര്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ ഉതകുന്ന ദൃഷ്ടാന്തങ്ങള്‍ തന്നെയാണ് ഇതിലെല്ലാമുള്ളത്, സംശയമേയില്ല. ”ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപകലുകളുടെ മാറ്റത്തിലും മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും ആകാശത്തു നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും ഭൂമിയില്‍ എല്ലാ തരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും കാറ്റുകളുടെ ഗതിക്രമത്തിലും ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്, തീര്‍ച്ച” (വി.ഖു. 2:164).
വിസ്മയകരമായ ഈ വ്യവസ്ഥ ചൂണ്ടിക്കാണിച്ചു പ്രപഞ്ചനാഥന്റെ അസ്തിത്വത്തെപ്പറ്റി മനസ്സിലാക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നു: ”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ), അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ) അത് എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്. (വി.ഖു. 88:17-20)
ധാരാളം സൂക്തങ്ങളിലൂടെ അതിസമര്‍ഥമായി ചില ചോദ്യങ്ങള്‍ ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്. ഈ ചോദ്യാവലികളെല്ലാം മനുഷ്യ സമൂഹത്തിലെ എല്ലാ തരക്കാരോടുമാണ്. അവയില്‍ ചിലത് ഇങ്ങനെയാണ്: ”അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്, അതല്ല നാമാണോ സൃഷ്ടികര്‍ത്താവ്?” (വി.ഖു. 56:58,59). ”നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്, അതല്ല നാമാണോ ഇറക്കിയവന്‍?” (വി.ഖു. 56:68,69).
”(നബിയേ) പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിന്മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്നപക്ഷം അല്ലാഹുവല്ലാതെ ഏതൊരു ആരാധ്യനാണ് നിങ്ങള്‍ക്കത് കൊണ്ടുവന്നുതരാനുള്ളത്? നോക്കൂ, ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു, എന്നിട്ടും അവര്‍ പിന്തിരിഞ്ഞുകളയുന്നു” (വി.ഖു. 6:46).
”(നബിയേ) പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ അല്ലാഹു നിങ്ങളുടെ മേല്‍ രാത്രിയെ ശാശ്വതമാക്കിത്തീര്‍ത്തിരുന്നെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വെളിച്ചം കൊണ്ടുവന്നുതരുക എന്നിരിക്കെ നിങ്ങള്‍ കേട്ട് മനസ്സിലാക്കുന്നില്ലേ? പറയുക: നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഒരു രാത്രി കൊണ്ടുവന്നുതരിക എന്നിരിക്കെ നിങ്ങള്‍ കണ്ടു മനസ്സിലാക്കുന്നില്ലേ?” (വി.ഖു. 28:71,72).
ഇത്തരം കാര്യങ്ങള്‍ മനുഷ്യര്‍ സ്വയം തന്നെ ചോദിച്ചിരിക്കാം. അതല്ലെങ്കില്‍ തന്റെ കണ്‍മുമ്പില്‍ അനുഭവിച്ചറിഞ്ഞ പലതിനെയും കുറിച്ച് അന്വേഷണം നടത്തിയിരിക്കാം. എങ്കിലും അവര്‍ക്ക് അതില്‍ ദിശാബോധം നല്‍കാനും ചിന്തകളെ കര്‍മനിരതമാക്കാനുമാണ് ഇത്തരം ചോദ്യങ്ങള്‍ ഖുര്‍ആന്‍ ഉന്നയിക്കുന്നത്.
പ്രപഞ്ചത്തിന്റെ നാഥന്‍ പ്രപഞ്ചം തന്നെയല്ല. പ്രപഞ്ചത്തിന്റെ സാക്ഷാല്‍ നാഥനെ അറിയാനും മനസ്സിലാക്കി അവനെ ആരാധിക്കാനും ഇത്തരം പഠനങ്ങളിലൂടെ മനുഷ്യര്‍ക്ക് കഴിയും. എന്നാല്‍ അവിടെയും ധിക്കാരികളായി മാറുന്ന മനുഷ്യര്‍ അവസാനമായി ബഹുദൈവാരാധനകളിലും ബഹുദൈവ സങ്കല്‍പങ്ങളിലുമാണ് എത്തിപ്പെടുന്നത്. അതല്ലെങ്കില്‍ ഒന്നുംതന്നെയില്ലെന്ന നിരീശ്വരത്വത്തിലും.
ചിന്തയിലെ അശക്തിയില്‍ നിന്നുടലെടുത്ത് ധിക്കാരം കൂട്ടിക്കലര്‍ത്തി പുറത്തുവിടുന്ന പ്രകടനമാണ് ദൈവാസ്തിത്വത്തെ നിഷേധിക്കുന്ന നിരീശ്വരത്വം. ഇതും സങ്കല്‍പങ്ങളും ദുരൂഹതകളും നിറഞ്ഞതാണ്. ഊഹാപോഹങ്ങളാണ്. ഈ മഹാ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ക്കു പിറകിലുള്ള അവയുടെ സ്രഷ്ടാവിനെയും കൈകാര്യകര്‍ത്താവിനെയും അന്വേഷിച്ചു നടന്ന മനുഷ്യന്‍ അശക്തനായി തന്നേക്കാള്‍ മെച്ചപ്പെട്ടതോ അദ്ഭുതകരമായതോ ആയ മറ്റൊരു സൃഷ്ടിയില്‍ അതായിരിക്കാം ആരാധ്യന്‍ എന്ന നിലയ്ക്ക് അവയെ പൂജിക്കുകയും അവയ്ക്കു സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നതിനാണ് ബഹുദൈവാരാധന എന്നു പറയുക.
അവയൊന്നും ദൈവങ്ങളല്ലെങ്കിലും ദൈവങ്ങള്‍ എന്ന് അവയെ വിളിക്കുന്നത് ദിവ്യത്വം ആരോപിക്കുന്നതിനാല്‍ മാത്രമാണ്. സാക്ഷാല്‍ സ്രഷ്ടാവിനു സമര്‍പ്പിക്കേണ്ടത് ഈ സൃഷ്ടികള്‍ക്ക് നല്‍കുക വഴി അവയെ ദൈവികതയുടെ വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനാലുമാണ്. മനുഷ്യര്‍ അവരുടെ അശക്തിയാലും ദുര്‍ബലതയാലുമാണ് ഇത്തരം ഊഹാപോഹങ്ങളില്‍ അകപ്പെടുന്നത്.
”അവനു പുറമേ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്തിട്ടുള്ള നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല” (വി.ഖു. 12:40). അതായത്, മനുഷ്യര്‍ സൃഷ്ടികളെ ദൈവമാക്കി ചിത്രീകരിച്ചു. അവയ്ക്ക് ദിവ്യത്വത്തിന്റെ പരിവേഷം നല്‍കി ആരാധിക്കുന്നത് അവിവേകമാണെന്നു സാരം.