23 Monday
December 2024
2024 December 23
1446 Joumada II 21

ശിര്‍ക്ക് ഗുരുതര പാപം

സി പി ഉമര്‍ സുല്ലമി


”നിശ്ചയമായും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് ഗുരുതരമായ അതിക്രമമാകുന്നു” ലുഖ്മാനുല്‍ ഹകീം(അ) തന്റെ മകനെ ഉപദേശിച്ച കൂട്ടത്തില്‍ പറഞ്ഞ ഒരു വാക്കാണിത്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തു ലുഖ്മാനില്‍ ആ ഉപദേശം അല്ലാഹു വിശദമായി വിവരിക്കുന്നുണ്ട്: ”ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞു മകനേ, നീ അല്ലാഹുവിനോട് പങ്കു ചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.” (31:13)
ഈ ഉപദേശം മനുഷ്യ സമൂഹം ഉള്‍ക്കൊള്ളേണ്ടതും സന്താന പരമ്പരകള്‍ക്ക് കൈമാറേണ്ടതുമാണ്. അല്ലാഹുവില്‍ പങ്കു ചേര്‍ക്കുക എന്ന അക്രമം ഒരാള്‍ ജീവിതത്തില്‍ പുലര്‍ത്തുകയാണെങ്കില്‍ അതിനെത്തുടര്‍ന്ന് സകലവിധ അക്രമങ്ങളും ജീവിതത്തില്‍ വന്നു ചേരുന്നതായി കാണാം. ശിര്‍ക്കിന്റെ വിവിധ രൂപങ്ങള്‍ ഇക്കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായതായി കാണാം. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഇതിന് പ്രധാനമായ ഒരു കാരണം മുസ്‌ലിം ചെറുപ്പക്കാരുടെ സാംസ്‌കാരികാധപ്പതനമാണ്. ധാര്‍മികമായി എല്ലാ നിലക്കും അവര്‍ പുറകോട്ടു പോയിരിക്കുന്നു. ഏതു കുറ്റകൃത്യങ്ങളുടെയും പ്രതിപ്പട്ടികയില്‍ ഇന്ന് മുസ്‌ലിം ചെറുപ്പക്കാരുണ്ട്. ലഹരിയുടെ വില്പന ഉപഭോഗ മേഖലകളില്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍, കൊലപാതകങ്ങളില്‍, മോഷണങ്ങളില്‍ എന്നിങ്ങനെ ഏത് അധാര്‍മികതയിലും മുസ്‌ലിം ചെറുപ്പക്കാരുടെ പേരുകള്‍ കാണാം.
ചെറുപ്രായത്തില്‍ തന്നെ നമ്മള്‍ കുട്ടികള്‍ക്ക് മത ധാര്‍മിക പഠനം ലഭ്യമാക്കുന്നുണ്ട്. ഓരോ വെള്ളിയാഴ്ചയും ഒരുമിച്ച് കൂടുന്നുണ്ട്. മത സംഘടനകള്‍ അവരുടേതായ ഉദ്‌ബോധനങ്ങള്‍ വേറെയും നടത്തുന്നു. ഇങ്ങനെയെല്ലാം ധാര്‍മിക വിദ്യാഭ്യാസം നല്കപ്പെട്ടിട്ടും എന്തുകൊണ്ട് മുസ്‌ലിംകള്‍ ധാര്‍മികാധപ്പതനത്തിലേക്ക് കൂപ്പു കുത്തുന്നു എന്നത് ഉറ്റാലോചിക്കേണ്ടതുണ്ട്.
വിശ്വാസപരമായ വ്യതിയാനമാണ് ഇതിന്റെ അടിസ്ഥാന കാരണമെന്നു സൂക്ഷ്മ വിശകലനത്തില്‍ കാണാം. വിശ്വാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അല്ലാഹുവിലുള്ള വിശ്വാസവും മരണാനന്തര ജീവിതത്തിലുള്ള വിശ്വാസവും. ഇതില്‍ വന്നു ചേരുന്ന പാളിച്ചകള്‍ അധാര്‍മികതകളിലേക്ക് നയിക്കും. അതാണിന്ന് മുസ്‌ലിംകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികളാണെങ്കിലും സൂക്ഷ്മതാബോധം നഷ്ടപ്പെടുമ്പോഴും മനുഷ്യന്‍ തെറ്റുകളില്‍ അകപ്പെടുന്നു.
കേരളത്തില്‍ ആദ്യമായി രൂപീകരിക്കപ്പെട്ട പണ്ഡിത സംഘടന കേരള ജംഇയ്യത്തുല്‍ ഉലമയാണ്. എല്ലാവര്‍ക്കും കൂടിയിരുന്ന് ആലോചിക്കാനുള്ള സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പ്രത്യേകമായി മറ്റൊരു സംഘടന വേണമെന്ന ചിന്തയാല്‍ മറ്റൊരു സംഘടന രൂപീകരിക്കപ്പെട്ടു. അതാണ് സംഘടനാ രംഗത്തെ ആദ്യ ഭിന്നിപ്പിന്റെ ശബ്ദം. കേരള ജംഇയ്യത്തുല്‍ ഉലമ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നതിനാല്‍ സമസ്ത എന്ന ഒരു വാക്കു കൂടി അതിനു മുന്നില്‍ കൂട്ടിച്ചേര്‍ത്താണ് അത് രൂപീകരിക്കപ്പെടുന്നത്. ആ പണ്ഡിത സംഘടന അവരുടെ എല്ലാവിധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
അവരുടെ മദ്‌റസകളില്‍ ചെറിയ കുട്ടികളെ വരെ അത് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അവയ്ക്ക് പിറകെ പിന്നെയും സമസ്തയും സമസ്താനയുമൊക്കെയായി പണ്ഡിത സംഘടനകള്‍ രൂപപ്പെട്ടു വന്നു. ഈ ഓരോ സംഘടനാ രംഗപ്രവേശവും ആദര്‍ശപരമായ വൈകല്യങ്ങള്‍ക്കും അതുവഴി കുറ്റങ്ങളിലേക്കും വഴി തുറക്കുകയാണുണ്ടായത്.
ഇസ്‌ലാമില്‍ ഏറ്റവും വലിയ കുറ്റമായി പരിഗണിക്കുന്ന കാര്യം അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണ്. അതൊരു മഹാ അക്രമമാണ് എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുമുണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ ആദ്യം തന്നെ പഠിപ്പിക്കുന്നത്, ലാ ഇലാഹ ഇല്ലല്ലാഹ് എന്നുരുവിട്ടു കഴിഞ്ഞാല്‍ പിന്നെ അല്ലാഹുവില്‍ പങ്കുചേര്‍ക്കലുണ്ടാവില്ല എന്നാണ്. തൗഹീദിന്റെ വചനമാണ് ഏകനായ ആരാധ്യന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്നത്. ആ വചനം നമ്മള്‍ എല്ലാ അര്‍ഥത്തിലും സ്വീകരിക്കുന്നു. അതിനോട് കൂടെ മുഹമ്മദു റസൂലുല്ലാഹ് എന്നു സ്വീകരിച്ചാല്‍ നാം മുസ്‌ലിംകളായിക്കഴിഞ്ഞു. എന്നാല്‍, അത് മുസ്‌ലിംകള്‍ക്ക് തെറ്റു പറ്റുകയില്ല എന്നതിന്റെ ഉറപ്പല്ല. അവര്‍ക്ക് ധാരാളം തെറ്റുകള്‍ സംഭവിക്കാം.
ആ തെറ്റുകളില്‍ നിന്ന് മുക്തരാവുക എന്നതാണ് അതിനുള്ള മാര്‍ഗം. തെറ്റുകളില്‍ ഏറ്റവും വലിയ തെറ്റായ അല്ലാഹുവില്‍ പങ്കുചേര്‍ക്കലില്‍ നിന്ന് വിട്ടു നില്ക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതാണ് ധാര്‍മികമായ ഔന്നത്യത്തിലേക്ക് നമ്മെ നയിക്കാന്‍ കെല്പ്പുള്ള ഒന്ന്. മുസ്‌ലിംകളുടെ ധാര്‍മികമായ അധപ്പതനത്തില്‍ നിന്ന് അവര്‍ക്ക് മോചനം നല്കാന്‍ നാം ഏകനായ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയും ശിര്‍ക്കില്‍ നിന്ന് അകലം പാലിക്കുകയുമാണ് ആദ്യമായി ചെയ്യേണ്ടത്.
അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്ന ഒരു സ്വഭാവം വന്നു ചേര്‍ന്നാല്‍, കണ്ടതിനോടെല്ലാം ഭയപ്പാട് സൃഷ്ടിക്കുന്ന ഒരു സാഹചര്യം മനുഷ്യനിലുണ്ടാക്കും. അകാരണമായ ഭയപ്പാട്. അദൃശ്യമായ നിലക്ക് ഖബറുകളില്‍ നിന്നും പ്രതിമകളില്‍ നിന്നുമെല്ലാം വല്ലതും സംഭവിക്കുമോ എന്ന പേടി. ഇബ്‌റാഹിം നബിയുടെ കാലത്ത് പ്രതിമകളെ ആരാധിച്ചു ജീവിച്ചവരോട് അദ്ദേഹം ചോദിക്കുന്നുണ്ട്: എന്തിനാണ് നിങ്ങളീ പ്രതിമകളെ ആരാധിക്കുന്നത്? അത് കേള്‍ക്കുകയും സംസാരിക്കുകയുമില്ലല്ലോ. നിങ്ങള്‍ക്കതുത്തരം ചെയ്യുകയുമില്ല. പിന്നെന്താണ് നിങ്ങള്‍ക്കതുകൊണ്ടുള്ള ഗുണം? ഞങ്ങളുടെ പൂര്‍വികന്മാര്‍ ഇങ്ങനെ ചെയ്തിരുന്നു എന്നതു മാത്രമായിരുന്നു അവരുടെ ഉത്തരം.
ഇതേ ന്യായം തന്നെയാണ് ഇക്കാലത്ത് മുസ്‌ലിംകളില്‍ ചിലരും തങ്ങളുടെ തേട്ടങ്ങള്‍ക്ക് ന്യായമായി പറയാറുള്ളത്. ഖബറാളികളോടുള്ള തേട്ടം പുണ്യമായിക്കാണുന്ന ഇക്കൂട്ടര്‍ പ്രതിമകളോടുള്ള ആരാധനയെ എതിര്‍ക്കുകയും മതവിരുദ്ധമായി കാണുകയും ചെയ്യുന്നു. എന്നാല്‍, രണ്ടിന്റെയും അടിസ്ഥാനം ഒന്നു തന്നെയാണെന്നിവര്‍ മനസിലാക്കുന്നില്ല. മഹാപാപത്തെ പുണ്യമായി കരുതുമ്പോള്‍ മറ്റെല്ലാ പാപങ്ങളും നിസാരമായി തോന്നാന്‍ പ്രചോദകമാകും എന്നതാണ് നാമതില്‍ ശ്രദ്ധിക്കേണ്ടത്. ഈ വലിയ വിപത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ വേണ്ടി ഇസ്‌ലാഹി പ്രസ്ഥാനം രംഗത്തു വന്നു. സാധാരണ ജനങ്ങള്‍ക്കിടയില്‍ തൗഹീദിന്റെ ഉറവ വറ്റാതിരിക്കാന്‍ അവര്‍ നിരന്തര പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്.
സ്വഹീഹു മുസ്‌ലിമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസുണ്ട്: ”ഏതൊരു സമുദായത്തില്‍ ഒരു പ്രവാചകന്‍ മുന്‍കഴിഞ്ഞു പോയിട്ടുണ്ടോ ആ പ്രവാചകന്മാര്‍ക്കെല്ലാം നിഷ്‌കളങ്കരായ അനുയായികളുണ്ടായിട്ടുണ്ട്. ആ പ്രവാചകന്റെ കാല്പാടുകള്‍ പിന്തുടരുകയും കല്പനകള്‍ അനുസരിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കരായ അനുയായികള്‍. കുറച്ചു കാലം കഴിഞ്ഞാല്‍ പിന്നെ ദുഷിച്ച ഒരു തലമുറ വളര്‍ന്നു വരും. പ്രവര്‍ത്തിക്കാത്ത കാര്യങ്ങള്‍ പറയുന്നവരായിരിക്കും അവര്‍. കല്പിക്കാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. അങ്ങനെയൊരു കാലം വരുമ്പോള്‍ അവരെ കൈകൊണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതാരോ അവന്‍ സത്യവിശ്വാസിയാണ്. നാവു കൊണ്ട് പരിശ്രമിക്കുന്നവരും വിശ്വാസിയാണ്. മനസു കൊണ്ട് ശക്തമായി ഇതിനോട് വിയോജിക്കുന്നവനും സത്യവിശ്വാസിയാണ്. അല്ലാത്തവരിലാകട്ടെ വിശ്വാസത്തില്‍ നിന്ന് ഒരു കടുകു മണിയോളം പോലുമവര്‍ക്കൊപ്പമില്ല.” (മുസ്‌ലിം)
അകാരണമായ ഭയം ഒരുവനില്‍ വന്നു ചേരുന്നത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ആശയം മനസിലുണ്ടാകുന്നതുകൊണ്ടാണ്. ഒരു ഉദാഹരണം നോക്കൂ:
രണ്ട് സഹോദരങ്ങള്‍ ഒരുമിച്ച് രാത്രികാലങ്ങളില്‍ മത്സ്യം പിടിക്കാന്‍ പോകാറുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ മടങ്ങുന്ന വഴി ക്ഷീണം തോന്നി ഒരിടത്ത് വിശ്രമിക്കാനിരുന്നു. അവിടെ പൂജിക്കപ്പെടുന്ന ഒരു കല്ല് ഉണ്ടായിരുന്നു. ഒരാള്‍ ആ കല്ലില്‍ തല വെച്ചാണ് കിടന്നത്. മറ്റേയാള്‍ക്ക് പേടി. അയാള്‍ പറഞ്ഞു: അത് ആരോ പൂജിക്കുന്ന കല്ലാണ്. അതില്‍ തല ചായ്‌ക്കേണ്ട. എന്നാല്‍ തലചായ്ച്ചുറങ്ങുന്നവന് ഭയമില്ല താനും. അയാള്‍ സുഹൃത്തിന്റെ നിര്‍ദേശം അവഗണിച്ച് കല്ലില്‍ തല വെച്ചു കിടന്നുറങ്ങി. എന്നാല്‍ ഒന്നാമന് ഉറക്കം വരുന്നില്ല. ഉറക്കം വരുമ്പോഴേക്കും കല്ലിനെക്കുറിച്ച വേവലാതി. ‘അതിങ്ങ് വാങ്ങിക്കൊണ്ടു വാ’ എന്ന് ആരോ പറയുന്ന പോലെ. സഹികെട്ട അവന്‍ കല്ലില്‍ തലചായ്ച്ചുറങ്ങുന്നവനെ വിളിച്ചുണര്‍ത്തി കല്ലില്‍ നിന്ന് തല മാറ്റാന്‍ പറഞ്ഞു. അപ്പോള്‍ കല്ലില്‍ തല ചായ്ച്ചവന്‍ ‘തല ചായ്ച്ച എനിക്കുറക്കം വന്നല്ലോ, നിനക്കെന്തെ വരാത്തത്’ എന്നു തിരിച്ചു ചോദിച്ചു.
ഈ വിശ്വാസം മനസില്‍ വേരുറപ്പിച്ചാല്‍ പിന്നിങ്ങനെയാണ്. അകാരണമായ ഭയം നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. ഖുര്‍ആന്‍ നമ്മോട് പറയുന്നുണ്ട്: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (6:82)
ഈ ആയത്തിറങ്ങിയപ്പോള്‍ വിശ്വാസത്തില്‍ അക്രമം പ്രവര്‍ത്തിക്കുന്നവര്‍ ആരാണ് എന്ന സംശയം സ്വഹാബികളിലുണ്ടായി. അവര്‍ പ്രവാചകനോട് ചോദിച്ചു: സ്വന്തത്തോട് തെറ്റു ചെയ്യാത്തവരായി ആരാണുണ്ടാവുക. നിങ്ങള്‍ പറയുന്ന അക്രമമല്ല ഈ പറയുന്നത്, തീര്‍ച്ചയായും അത് ശിര്‍ക്കിനെ സംബന്ധിച്ചാണ് എന്നായിരുന്നു പ്രവാചകന്റെ മറുപടി.
അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവനായി വല്ലവനും മാറിയാല്‍ അകാരണമായ ഭയം അവനെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. മാട്ട് മാരണ മന്ത്രച്ചരടുകളെ അവന്‍ ഭയപ്പെട്ടുകൊണ്ടേയിരിക്കും. വിശ്വാസത്തില്‍ അക്രമം പ്രവര്‍ത്തിക്കാതിരിക്കുക എന്നതു മാത്രമാണ് ഈ ഭയപ്പാടില്‍ നിന്നുള്ള മോചനത്തിനുള്ള പോംവഴി. അതാണ് മുകളില്‍ സൂചിപ്പിച്ച ആയത്തും വിശദമാക്കുന്നത്. ഇതെല്ലാം പറയുമ്പോഴും മുസ്‌ലിം വിഭാഗത്തിലെ ഒരു കൂട്ടം പണ്ഡിതന്മാര്‍ കൂട്ടം ചേര്‍ന്ന് മുസ്‌ലിംകളില്‍ അത്തരത്തില്‍ ശിര്‍ക്ക് കടന്നു വരില്ല എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ വ്യക്തമായ കാപട്യമാണ് ഇക്കൂട്ടരില്‍ നമുക്ക് കാണാന്‍ സാധിക്കുക.
ശബരിമല തീര്‍ഥാടനം തന്നെയെടുക്കാം. അവിടേക്ക് തീര്‍ഥാടനത്തിനായി പോകുന്ന സ്വാമിമാര്‍ വാവര്‍ സ്വാമിക്ക് സംഭാവന നല്കുന്നവരാണ്. ആരാധനാ ഭാവത്തോടെ അവര്‍ അര്‍പ്പിക്കുന്ന കാണിക്കകള്‍ കൈപ്പറ്റുന്നവരാകട്ടെ താടിയും തലപ്പാവുമണിഞ്ഞ മുസ്‌ലിം പുരോഹിതന്മാരും. ശബരിമലയിലേത് ശിര്‍ക്കും വാവര് പള്ളിയിലേത് പുണ്യകരവുമാകാന്‍ വഴിയില്ലല്ലോ. ഇത്തരം കപടതകളാണ് ഇവര്‍ പുലര്‍ത്തിപ്പോരുന്നത്. ഒരേ ആരാധന, സ്ഥലത്തിനനുസരിച്ച് പുണ്യമായും കുറ്റമായും കണക്കാക്കുകയാണ് ഇക്കൂട്ടര്‍.
ഇത്തരം ബഹുദൈവ വിശ്വാസ കേന്ദ്രങ്ങള്‍ തങ്ങളുടെ നേട്ടങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നവരും കുറവല്ല. ചിലര്‍ ഗുരുവായൂരിലാണെങ്കില്‍ മറ്റു ചിലര്‍ മമ്പുറം മഖാമില്‍ ആരാധനയര്‍പ്പിച്ച കാര്യം നാം തിരഞ്ഞെടുപ്പ് വേളയില്‍ കാണുകയുണ്ടായി.
തിരൂരില്‍ ഒരു സംഭവമുണ്ടായി. ഒരു ഹാജി സന്താന സൗഭാഗ്യമില്ലാത്തതിനാല്‍ വിഷമത്തിലായിരുന്നു. എല്ലാ ചികിത്സകള്‍ക്കുമൊടുവില്‍ സകല മഖ്ബറകളും കയറിയിറങ്ങി നേര്‍ച്ചകള്‍ നേര്‍ന്നു. പക്ഷേ യാതൊരു ഫലവുമുണ്ടായില്ല. ആയിടയ്ക്കാണ് അയല്‍വാസിയായ ഒരു ഹൈന്ദവ സുഹൃത്ത് ഗുരുവായൂരിലേക്കൊരു തുലാഭാരം നേരാന്‍ അദ്ദേഹത്തോട് പറയുന്നത്. കുട്ടിയുണ്ടായാല്‍ മതിയല്ലോ തുലാഭാരം എന്നു കരുതി അദ്ദേഹം അതും നേര്‍ന്നു. അല്ലാഹുവിന്റെ പരീക്ഷണം അയാളിലേക്ക് വന്നെത്തി. അധികം താമസിയാതെ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയാവുകയും അദ്ദേഹത്തിന് ഒരു കുഞ്ഞു പിറക്കുകയും ചെയ്തു. അതോടെ തുലാഭാരം അദ്ദേഹത്തെ പ്രയാസത്തിലാക്കി. മുസ്‌ലിംകളില്‍ ഒരിക്കലും ശിര്‍ക്ക് വരില്ലെന്ന മുസ്‌ലിയാക്കന്മാരുടെ വാക്കുകള്‍ നല്കിയ ധൈര്യത്തില്‍ അദ്ദേഹം ഗുരുവായൂരില്‍ തുലാഭാരം നടത്തി. വാര്‍ത്ത വലിയ പെട്ടിക്കോളത്തില്‍ വന്നു. ഉടന്‍ തന്നെ പ്രാദേശിക മഹല്ല് അദ്ദേഹത്തെ മതത്തില്‍ നിന്ന് പുറത്തായതായി പ്രഖ്യാപിക്കാന്‍ തീരുമാനമായി.
അതിനായി മഹല്ലിലെ വിദ്യാസമ്പന്നനും ചിന്തകനുമായ കാര്യദര്‍ശിയെ മഹല്ല് ഭാരവാഹികള്‍ സമീപിച്ചു. എന്നാല്‍ അദ്ദേഹം അതിനു വിസമ്മതിച്ചു. ഗുരുവായൂരിന് മുന്‍പ് പലയിടത്തും അദ്ദേഹം ഇത്തരത്തില്‍ നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ട്. അവിടെ പോയപ്പോഴൊന്നും പറ്റാത്ത ഒന്ന് ഗുരുവായൂരു പോകുമ്പോള്‍ മാത്രം സംഭവിക്കുന്നതെങ്ങനെ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അദ്ദേഹം ഇത് പ്രഖ്യാപിക്കില്ല എന്നു കണ്ടപ്പോള്‍ അദ്ദേഹത്തെയും മഹല്ലില്‍ നിന്ന് ‘വഹാബി’ എന്നു വിളിച്ച് പുറത്താക്കി. ഒടുവില്‍ ആദ്യത്തെ ഹാജി മതത്തില്‍ നിന്ന് പുറത്തു പോയതായി പ്രഖ്യാപിക്കപ്പെടുകയും ശഹാദത്ത് ചൊല്ലിക്കൊടുത്ത് ഇസ്‌ലാമിലേക്ക് ചേര്‍ത്തുകയും ചെയ്തു. ഭര്‍ത്താവ് മതഭ്രഷ്ടനാകുക വഴി വിവാഹ മോചനം നടന്നെന്നു പറയുകയും വീണ്ടും അവരുടെ വിവാഹം നടത്തുകയും ചെയ്തു.
എന്നാല്‍ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഇതേ ആരാധനാലയത്തില്‍ പോയി ആരാധന നടത്തിയവര്‍ക്കെതിരെ ഭ്രഷ്ട് കല്പിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകുമോ? യഥാര്‍ഥത്തില്‍ ഇതു രണ്ടും റബ്ബിനോട് പങ്കു ചേര്‍ക്കലാണ്. നാം ചെയ്യേണ്ടതു ചെയ്തു കഴിഞ്ഞാല്‍ നമുക്ക് മനസിലാവാത്തത് അല്ലാഹുവിന് വിടുകയാണ് വേണ്ടത്. ശിര്‍ക്കിനെ പറ്റി പറയുന്നേടത്ത് ലുഖ്മാന്‍(അ) വിവരിക്കുന്നതായി ഖുര്‍ആന്‍ പറയുന്നതിങ്ങനെയാണ്: ”നിന്റെ മാതാപിതാക്കള്‍ നിന്നെ നിനക്കറിയാത്ത ഒരു കാര്യത്തില്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കാന്‍ നിര്‍ബന്ധിച്ചാല്‍ നീയത് അനുസരിച്ചു പോകരുത്. ഭൗതിക കാര്യങ്ങളില്‍ മര്യാദയനുസരിച്ച് നീ അവരോട് സഹകരിക്കണം.” (31:15)
ഇത്തരം കാര്യങ്ങള്‍ പറയുന്നതിനാല്‍ തന്നെ മുജാഹിദുകളെ അവര്‍ മുസ്‌ലിംകളെ കാഫിറാക്കുന്നവരാണ് എന്ന ആക്ഷേപമുന്നയിക്കാറുണ്ട്. ഒരു പ്രവൃത്തിയെ ശിര്‍ക്കാണെങ്കില്‍ അത് സൂചിപ്പിക്കുക എന്നതിലുപരി ഒരാളെയും മുശ്‌രിക്കാക്കുന്ന ജോലി മുജാഹിദുകള്‍ക്കില്ല. എന്നാല്‍ യാഥാസ്ഥിതികരാകട്ടെ അങ്ങനെ ചെയ്തിട്ടുമുണ്ട്. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മതത്തില്‍ നിന്നു പുറത്തു പോയവനാണെന്ന ഫത്‌വ നല്കാന്‍ പോലും അന്നത്തെ യാഥാസ്ഥിതിക സംഘടനാ നേതൃത്വം മടി കാണിച്ചിരുന്നില്ല. അന്ന് വലിയ ഒരു സമ്പന്നന്റെ മടിശ്ശീലയില്‍ നിന്ന് പണം പറ്റിയാണ് ആ പണി ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഈ സമ്പന്നന്‍ തന്നെ മതം വിട്ട് മറ്റൊരു പേര് സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ നന്നാക്കാനായി ചില പുരോഹിതന്മാര്‍ പോയി. പണം വാങ്ങി ഒരാളെ കാഫിര്‍ എന്നു വിളിച്ച നിങ്ങളാണോ എന്നെ നന്നാക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഇത്തരം അപഹാസ്യതകള്‍ക്ക് വഴിപ്പെടാതെ യഥാര്‍ഥ തൗഹീദിലേക്ക് നമുക്ക് ചെന്നെത്തേണ്ടതുണ്ട്. അതു മാത്രമേ രക്ഷ നല്കുകയുള്ളൂ. അല്ലാത്ത പക്ഷം നമ്മുടെ കര്‍മങ്ങളെല്ലാം നിഷ്ഫലമായിത്തീരും.
ബഹുദൈവാരാധന എന്ന തെറ്റ് മനസിലാക്കി പശ്ചാത്തപിക്കുക എന്നതു മാത്രമാണ് രക്ഷയ്ക്കുള്ള മാര്‍ഗം. അതിന് ചെയ്യുന്നത് ബഹുദൈവാരാധനയാണ് എന്ന് മനസിലാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. ആ മനസിലാക്കലിന്റെ അഭാവമാണ് അധാര്‍മികതയുടെ അതിപ്രസരത്തിന് വഴിയൊരുക്കുന്നത്. ലുഖ്മാനിന്റെ(അ) ഉപദേശം നമുക്ക് വഴികാട്ടിയാവട്ടെ.

Back to Top