ശവ്വാല്‍ചിരി
ശുക്കൂര്‍കോണിക്കല്‍
ശവ്വാല്‍ചിരി കാണാന്‍
എന്ത് രസമാണ്!
സന്തോഷത്തിന്റെ നുണക്കുഴികള്‍
അന്ന് വാചാലമാകും.
അത്തറിന്റെ മണം മാത്രമല്ല
നെഞ്ചിലെ സ്‌നേഹവും
അന്ന് ഒഴുകിപ്പരക്കും.
കറ തീര്‍ന്ന ഹൃദയം
സ്ഫടികനിറമാകും
തക്ബീറിന്റെ അലകള്‍
നാഥനിലേക്ക് അണയും
വ്രതപരിചയില്‍ കുരുങ്ങിയ
തിന്മയുടെ അസ്ത്രങ്ങള്‍
ഊരിയെറിയും.
മൈലാഞ്ചിക്കൈകള്‍
സൗഹൃദങ്ങള്‍ പരതും
ആശ്ശേഷക്കണ്ണീര്‍
ഈദ്ഗാഹുകളെ നനയ്ക്കും
പെരുന്നാള്‍ക്കാറ്റ്
കിസ്സകളോതി വലംവെക്കും.
പെരിയോന്
പെരുന്നാള്‍ സുജൂദ്
നല്‍കി കവിള്‍ നനയ്ക്കും.
റയ്യാന്‍വഴികള്‍
പെരുന്നാള്‍ സുഗന്ധവുമായെത്തും
ശവ്വാല്‍ചിരി അഴകുള്ള
നിലാവായ് പരക്കും.