ശത്രുവിന്റെ സൗഹാര്‍ദം
എ ജമീലടീച്ചര്‍
വായന ഒരു അനുഭവമാണ്. വായിക്കുന്നവന് മാത്രമുണ്ടാകുന്ന അനുഭവം. അന്നോളം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത തീരങ്ങളിലേക്ക് വായന മനസ്സിനെ ചെന്നെത്തിക്കുന്നു. വള്ളിപ്പടര്‍പ്പുകള്‍ മാമലചാര്‍ത്തുകള്‍. ഹിംസ്രജന്തുക്കള്‍ വിളയാടുന്ന കൊടും വനങ്ങള്‍. ആഴിവീചികള്‍ ഇടക്കിടെ തൂവെളളി ചിലമ്പുകള്‍ അണിയിക്കുന്ന കടല്‍ത്തീരങ്ങള്‍. ഇങ്ങിനെ വായനയുടെ വഴി ചെന്നെത്താത്ത ലോകങ്ങളില്ല. ചിലപ്പോഴെങ്കിലും നുണകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ കൊട്ടാരങ്ങളിലേക്കും അത് മനുഷ്യനെ നയിക്കുന്നു അതുകൊണ്ടാണല്ലോ കവികളെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ അല്‍പമൊന്ന് വെറുത്തു സംസാരിച്ചത്. ”കവികളാകട്ടെ, ദുര്‍മാര്‍ഗികളാകുന്നു അവരെ പിന്‍പറ്റുന്നത്. അവര്‍ എല്ലാ താഴ്‌വരകളിലും അലഞ്ഞ് നടക്കുന്നവരാണെന്നും തങ്ങള്‍ പ്രവര്‍ത്തിക്കാത്തത് പറയുന്നവരാണ് അവരെന്നും നീ കണ്ടില്ലേ” (വിഖു.224-226).
ഇസ്ലാമിക സാഹിത്യങ്ങളും കവിതകളുമെല്ലാം പൂര്‍ണമായും ഇതില്‍ നിന്നും മുക്തമാണെന്ന് പറഞ്ഞ് കൂടാ. തെളിവുകളുടെ പിന്‍ബലമില്ലാത്തതും അടിസ്ഥാന രഹിതവുമായ ഹദീസുകളും ചരിത്രസംഭവങ്ങളെന്നവകാശപ്പെടുന്ന കഥകളുമെല്ലാം അതിലും കടന്ന് കൂടിയിട്ടുണ്ടല്ലോ. എന്നാലും കുഞ്ഞുണ്ണിമാഷ് പറഞ്ഞത് പോലെ വായിക്കണം. വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കില്‍ വളയും. കഴിയുന്നതും ചപ്പുചവറുകള്‍ ഒഴിവാക്കി നല്ലത് മാത്രം വായിച്ചു ശീലിക്കുക.
എന്റെ ചെറിയ വായനക്കിടയില്‍ പലപ്പോഴുമായി മനസ്സില്‍ തട്ടി നിന്ന ഒരു ചരിത്ര സംഭവം ഇവിടെ കുറിക്കട്ടെ. എ സഈദ് എഴുതിയ മതം, സമൂഹം, രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്നാണ് അവസാനമായി ഞാനത് പെറുക്കിയെടുത്തത്.
കഅബുബ്‌നു മാലിക്(റ) ന്റെതാണ് ആ ചരിത്രം, ജീവിതത്തിന്റെ ഒരു നിര്‍ണായകമായ ഘട്ടത്തില്‍ ഗസ്സാന്‍ രാജാവിന്റെ ഒരു കത്ത് അദ്ദേഹത്തിന് ലഭിച്ചു. താങ്കളുടെ നേതാവ് താങ്കളെ ഉപേക്ഷിച്ചതായി ഞാനറിഞ്ഞു. അപമാനിതനായി ഒതുങ്ങിക്കഴിയാനോ ജീവിതം നശിപ്പിക്കാനോ അല്ലാഹു താങ്കളെ വിടുകയില്ല. താങ്കള്‍ക്ക് ഇങ്ങോട്ട് വരാം. തീര്‍ച്ചയായും ഞാന്‍ സഹായിക്കുന്നതാണ്. ഗസ്സാന്‍ രാജാവിന്റെ ഈ വരികള്‍ കഅബുബ്‌നു മാലികില്‍ ഞെട്ടലുളവാക്കി. ദൈവമേ മറ്റൊരു പരീക്ഷണമോ? ഒറ്റപ്പെട്ട തനിക്ക് ചുറ്റും ചെന്നായ വട്ടമിടുന്ന തോന്നലാണ് കഅബുബ്‌നു മാലികിനുണ്ടായത്. താന്‍ അറിയുക പോലും ചെയ്യാത്ത അയല്‍ രാജാവിന് തന്നോട് ഇത്രയധികം സ്‌നേഹം തോന്നാന്‍ കാരണമെന്താണ്? അതിനു പിറകിലുളള ദുഷ്ട വിചാരം കഅബുബ്‌നു മാലികിന് ഊഹിക്കാന്‍ സാധിക്കുമായിരുന്നു. ഒറ്റപ്പെടലിന്റെ ദു:ഖത്തിലാണ് കഅബുബ്‌നു മാലിക്. പ്രവാചകനും മുസ്ലിംകളും തബൂക്കിലേക്ക് പടനയിച്ചപ്പോള്‍ അതിനോടൊപ്പം പോകാന്‍ മടിച്ചു. നാളെ പുറപ്പെട്ടാല്‍ മതി. നല്ല വേഗതയുള്ള കുതിരയാണല്ലോ തന്റേത്. അത് കൊണ്ട് സമയം വൈകിയാലും തരക്കേടില്ല. അടുത്ത ദിവസവും അതിനടുത്ത ദിവസവും അങ്ങിനെ തന്നെ ചിന്തിച്ചു. അവസാനം യാത്ര ഉപേക്ഷിച്ചു. പ്രവാചകന്‍ ചോദിച്ചപ്പോള്‍ കളവ് പറയാനും തോന്നിയില്ല. കളവ് പറഞ്ഞിരുന്നെങ്കിലും തല്‍ക്കാലം രക്ഷപ്പെട്ടാലും താന്‍ എന്നെന്നേക്കുമായി തനിച്ചായി പോയിരുന്നേനേ. പിന്നെ സ്ഥാനം കപട വിശ്വാസികള്‍ക്കിടയില്‍. അതിനു പുറമെ ദൈവ കോപവും താന്‍ എല്‍ക്കേണ്ടി വരും. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഇപ്പോള്‍ തനിക്ക് അന്യമായിരിക്കുന്നു. പ്രവാചകന്റെ മുമ്പില്‍ താന്‍ എത്ര നിസ്സാരനാണെന്ന് കഅബുബ്‌നുമാലികിന് ബോധ്യപ്പെട്ട ദിവസങ്ങളായിരുന്നു അത്. സൗഹൃദം തേടിയെത്തിയവരില്‍ നിന്നെല്ലാം കറുത്തമുഖങ്ങളും കടുത്തവാക്കുകളും മാത്രം. തന്റെ ലോകം ഇടുങ്ങിയതായി കഅബുബ്‌നുമാലികിന് തോന്നി. പള്ളിയില്‍ പോകുന്നതും അങ്ങാടിയിലിറങ്ങുന്നതും അപ്പോഴും അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു.
പ്രതിയോഗികള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കവിയും പൗരപ്രമുഖനുമായ കഅബുബ്‌നു മാലികിനെ കിട്ടിയാല്‍ മുഹമ്മദിനെതിരില്‍ ഒരു കളി കളിക്കാമെന്ന് അവര്‍ കണക്ക് കൂട്ടിയിട്ടുണ്ടായിരിക്കണം. അയല്‍ രാജാവിന്റെ ക്ഷണമാണ് ഇപ്പോള്‍ അയാളെ തേടിയെത്തിയിട്ടുള്ളത്. എന്നാല്‍ കഅബിനെ വീഴ്ത്താന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് സാധിച്ചില്ല. അദ്ദേഹം ആ കത്ത് ഉടനെ തീയിട്ടു കരിച്ചു.
ശത്രുവിന്റെ സൗഹൃദം നല്ലതിനല്ല. സാമൂഹിക ജീവിതത്തില്‍ ഈ ചരിത്രം നല്‍കുന്ന ഗുണപാഠം അതാണ്. നിര്‍ഭാഗ്യവശാല്‍ മുസ്ലിം ലോകത്തിന് ഈ തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഗസ്സാന്‍ രാജാവിന്റെ പിന്‍മുറക്കാര്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു.
കഅബിന്റെ വിശ്വാസം കഅബിനെ രക്ഷിച്ചു. ഏറെ നാളത്തെ ബഹിഷ്‌കരണത്തിന് ശേഷം അല്ലാഹുവിന്റെ അനുവാദപ്രകാരം നബി(സ്വ) കഅബുബ്‌നു മാലികിനെ തിരിച്ചെടുത്തു. വായനയിലൂടെ ലഭിച്ച ഈ ചരിത്രാനുഭവം എന്നും ജീവിതത്തില്‍ സൂക്ഷിക്കാവുന്നതാണ്. .