ഷാര്‍ജ പുസ്തകമേള: ജനശ്രദ്ധയാകര്‍ഷിച്ച് യുവത സ്റ്റാള്‍

ഷാര്‍ജ: ‘നമ്മള്‍ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ പ്രമേയത്തില്‍ സംഘടിപ്പിച്ച 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ യുവത ബുക്‌സിന്റെ പവലിയന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. അക്ഷരസ്‌നേഹികള്‍ സംഗമിച്ച നിറപ്പകിട്ടാര്‍ന്ന സ്റ്റാള്‍ ഉദ്ഘാടനചടങ്ങിന് കുട്ടികളും സ്ത്രീകളുമുള്‍പ്പടെ നിരവധി പേര്‍ സാക്ഷികളായെത്തി. മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജീവചരിത്ര പണ്ഡിതന്‍ അബ്ദുറഹ്മാന്‍ മങ്ങാട്, കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് എം അബ്ദുല്‍ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി, യുവത സിഇഒ ഹാറൂന്‍ കക്കാട്, ഷാര്‍ജ ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പൂക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. റഷീദ് പരപ്പനങ്ങാടി എഴുതിയ കാണാതെ പോയ സര്‍ക്കസ് എഴുത്തുകാരി താഹിറ കല്ലുമുറിക്കല്‍ സൈക്കോളജിസ്റ്റ് സ്വയ നാസറിന് നല്‍കി പ്രകാശനം ചെയ്തു. മുനീബ നജീബ്, മുബീന ജുനൈദ് പ്രസംഗിച്ചു.
യുവത ബുക്‌സ്, യുവതയുടെ ഇംപ്രിന്റുകളായ പൂമരം ബുക്‌സ്, സിന്റില ബുക്‌സ്, ഉര്‍വ ബുക്‌സ് എന്നിവ പ്രസിദ്ധീകരിക്കുന്ന പ്രൗഢമായ രണ്ട് ഡസന്‍ പുതിയ പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്തു. യുവത സ്റ്റാളില്‍ മത ദാര്‍ശനിക പഠനങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍, മികച്ച ക്ലാസിക്കുകള്‍, സാംസ്‌കാരിക രചനകള്‍, ബാലസാഹിത്യങ്ങള്‍ തുടങ്ങിയവയുടെ വന്‍ ശേഖരമൊരുക്കിയിരുന്നു.
ഡോ. കെ കെ എന്‍ കുറുപ്പ് രചിച്ച 1921 എ പൊയറ്റിക് റി കലക്ഷന്‍ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം, റഷീദ് പരപ്പനങ്ങാടി രചിച്ച കാണാതെ പോയ സര്‍ക്കസ് (കഥകള്‍), അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ എഴുതിയ കാല്‍മുട്ടില്‍ ഷൂവണിയുന്ന ഒട്ടകം (ശാസ്ത്രനോവല്‍), കെ പി സകരിയ്യ, ടി പി എം റാഫി എന്നിവര്‍ രചിച്ച നബിചരിതത്തിന്റെ ശാസ്ത്രീയ കലണ്ടര്‍, മുജീബുറഹ്മാന്‍ പാലത്തിങ്ങല്‍ രചിച്ച ഇസ്‌ലാം പ്രശ്‌നോത്തരി, ഹാറൂന്‍ കക്കാട് എഴുതിയ ഓര്‍മച്ചെപ്പ്:നവോത്ഥാന നായകര്‍ നടന്ന വഴികള്‍, ഡോ.സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ എഴുതിയ സോഷ്യല്‍ എന്‍ജിനീയറിംഗ് കാലത്തെ സമുദായം, ഡോ.കെ ജമാലുദ്ദീന്‍ ഫാറൂഖി രചിച്ച ധര്‍മവിചാരം, എം ടി അബ്ദുല്‍ഗഫൂര്‍ രചിച്ച തിരുദൂതര്‍ക്കൊപ്പം, ഡോ. കെ പി ഹവ്വ എഴുതിയ മനോഹരമായ കാവല്‍ (ജീവിതകഥ), പരിഷ്‌കര്‍ത്താക്കള്‍ എന്ന ഗ്രന്ഥപരമ്പരയില്‍ ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍സത്താര്‍, ഖലീലുറഹമാന്‍ മുട്ടില്‍, ഷബീര്‍ രാരങ്ങോത്ത് എന്നിവര്‍ എഴുതിയ കെ കെ മുഹമ്മദ് അബ്ദുല്‍കരീം, കെ ഹൈദര്‍ മൗലവി,എ വി അബ്ദുറഹ്മാന്‍ ഹാജി എന്നിവരുടെ ജീവചരിത്ര കൃതികള്‍, മുഖ്താര്‍ ഉദരംപൊയില്‍ എഡിറ്റ് ചെയ്ത അകത്തേക്ക് തുറന്നിട്ട ജനലുകള്‍ (18 പെണ്‍കഥകളുടെ സമാഹാരം), അബ്ദുറഹ്മാന്‍ മങ്ങാട് സമാഹരിച്ച ഹലീമാ ബീവി തെരഞ്ഞെടുത്ത രചനകള്‍ (രണ്ടാം പതിപ്പ്), ഡോ. മന്‍സൂര്‍ ഒതായി എഴുതിയ ദാമ്പത്യത്തിന് ഒരുങ്ങുമ്പോള്‍ (രണ്ടാം പതിപ്പ്), യൂസുഫ് ഫാറൂഖി എഴുതിയ നമസ്‌കാരത്തിന്റെ ആത്മാവ് ( അഞ്ചാം പതിപ്പ്) തുടങ്ങിയ പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ പ്രകാശിതമായത്.
സാംസ്‌കാരിക ശോഭയുടെ പരിഛേദമായിത്തീര്‍ന്ന
യുവതയുടെ പുസ്തക പ്രകാശനം
ഷാര്‍ജ: പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ യുവത ബുക്‌സ് സംഘടിപ്പിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശന പരിപാടികള്‍ അക്ഷര നഗരിക്ക് കൗതുകം പകര്‍ന്നു. ഡോ. കെ കെ എന്‍ കുറുപ്പ് ജനറല്‍ എഡിറ്ററായ ‘1921 മലബാര്‍ സമരം’ ഗ്രന്ഥപരമ്പരയിലെ ആറാം വാള്യമായ ‘ഓര്‍മ, അനുഭവം, ചരിത്രം’ എന്ന കൃതി കെ എന്‍ എം മര്‍കസുദ്ദഅവ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എല്‍ പി യൂസുഫിന് നല്‍കി പ്രകാശനം ചെയ്തു.
അബ്ദുറഹമാന്‍ മങ്ങാട് സമാഹരിച്ച ‘ഇ കെ മൗലവി തെരഞ്ഞെടുത്ത രചനകള്‍’ എന്ന കൃതി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം കെ എന്‍ എം മര്‍കസുദ്ദഅവ വൈസ് പ്രസിഡന്റ് എം അബ്ദുല്‍ജബ്ബാറിന് നല്‍കി പ്രകാശനം ചെയ്തു. ഡോ. ജാബിര്‍ അമാനി എഴുതിയ ‘ജെന്‍ഡര്‍ ഇസ്‌ലാം പഠനം വിമര്‍ശനം വിശകലനം’ എന്ന കൃതി പ്രമുഖ ജീവചരിത്ര ഗ്രന്ഥകാരന്‍ അബ്ദുറഹ്മാന്‍ മങ്ങാട് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസിന് നല്‍കി പ്രകാശനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് , ഡോ. ജാബിര്‍ അമാനി, യുഐസി പ്രസിഡന്റ് അസൈനാര്‍ അന്‍സാരി, ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷരീഫ് കോട്ടക്കല്‍, യുവത സിഇഒ ഹാറൂന്‍ കക്കാട് എന്നിവര്‍ പ്രസംഗിച്ചു. ഹംന തറയില്‍ അവതാരകയായിരുന്നു.
