ഷാര്‍ജ പുസ്തകോത്സവത്തില്‍ കാരക്കുന്നിന്റെ ഓര്‍മപ്പൂക്കള്‍

അബൂബക്കര്‍ കാരക്കുന്ന് എഴുതി, യുവത ബുക്‌സ് പ്രസിദ്ധീകരിച്ച ഖുര്‍ആനിലെ പ്രാര്‍ഥനകള്‍ എന്ന കൃതിയുടെ നാലാം പതിപ്പ് കാരക്കുന്നിന്റെ മകള്‍ സഫ ബക്കറിന് ആദ്യപ്രതി നല്‍കി അസ്മാബി അന്‍വാരിയ്യ പ്രകാശനം ചെയ്യുന്നു
ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന ഐതിഹാസിക ഖ്യാതിയില്‍ തിളങ്ങുകയാണ് ഷാര്‍ജ എമിറേറ്റ്. യു എ ഇയുടെ സാംസ്‌കാരിക നഗരിയായ ഷാര്‍ജ ഒരു മഹാചരിതത്തിന്റെ ചക്രവാളത്തിലേക്കാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ ഉയര്‍ന്നിരിക്കുന്നത്. 12 ദിവസങ്ങള്‍ നീണ്ടുനിന്ന ഈ അക്ഷരപ്പൂരത്തില്‍ പബ്ലിഷേഴ്‌സ് മീറ്റ്, ഓതേഴ്‌സ് മീറ്റ്, കള്‍ചറല്‍ ഡിബേറ്റ്, സെമിനാര്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രതിഭകള്‍ എഴുതിയ വിവിധ കൃതികളുടെ പ്രകാശനത്തിനും ഇത്തവണ സാക്ഷിയായി.
ഹാള്‍ നമ്പര്‍ ഏഴിലെ ഇന്ത്യന്‍ പവലിയനില്‍ സജീവ സാന്നിധ്യമായ യുവത ബുക്‌സ് ഈ വര്‍ഷത്തെ മേളയില്‍ 13 പുതിയ പുസ്തകങ്ങള്‍ പുറത്തിറക്കി. ഇതില്‍ ഏറെ ശ്രദ്ധേയമായിരുന്നു ‘ഖുര്‍ആനിലെ പ്രാര്‍ഥനകള്‍’ എന്ന കൃതിയുടെ പ്രകാശന ചടങ്ങ്. സംഘാടനം, ചിന്ത, പ്രഭാഷണം, പ്രസാധനം, എഴുത്ത്, പത്രപ്രവര്‍ത്തനം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കേരളത്തില്‍ തിളക്കമാര്‍ന്ന വ്യക്തിമുദ്രകള്‍ ചാര്‍ത്തി 47ാം വയസ്സില്‍ നിര്യാതനായ അബൂബക്കര്‍ കാരക്കുന്ന് രചിച്ച ‘ഖുര്‍ആനിലെ പ്രാര്‍ഥനകള്‍’ എന്ന കൃതിയുടെ നാലാം പതിപ്പാണ് മേളയില്‍ പ്രകാശനം ചെയ്തത്.
നൂറോളം കൃതികള്‍ എഴുതി വിശ്രുതനാവുകയും ഷാര്‍ജയില്‍ വെച്ച് നിര്യാതനാവുകയും ചെയ്ത എ അബ്ദുസ്സലാം സുല്ലമിയുടെ ഭാര്യയും പ്രഭാഷകയുമായ അസ്മാബി അന്‍വാരിയ്യയാണ് പുസ്തകം പ്രകാശനം ചെയ്തത്. തന്റെ ശിഷ്യനും വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനാവുകയും ചെയ്ത കാരക്കുന്നിനെ കുറിച്ച് നിറകണ്ണുകളോടെയാണ് അസ്മാബി അന്‍വാരിയ്യ പുസ്തകം പ്രകാശനം ചെയ്തുകൊണ്ടുള്ള പ്രഭാഷണത്തിന് വിരാമമിട്ടത്. അബൂബക്കര്‍ കാരക്കുന്നിന്റെ മകള്‍ സഫ ബക്കര്‍ ആദ്യപ്രതി ഏറ്റുവാങ്ങാനെത്തിയത് പ്രകാശന ചടങ്ങിനെ ഏറെ ധന്യമാക്കി. യുവത സി ഇ ഒ ഹാറൂന്‍ കക്കാട്, എം ജി എം യു എ ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മുനീബ നജീബ് പ്രസംഗിച്ചു. ഗ്രന്ഥകാരനായ അബൂബക്കര്‍ കാരക്കുന്നിന്റെ അടുത്ത ബന്ധുമിത്രാദികളില്‍ പലരും പ്രകാശന ചടങ്ങിന് എത്തിയത് മനസ്സ് സ്പര്‍ശിച്ച മറക്കാനാവാത്ത സവിശേഷ വൈകാരികതലത്തിലേക്ക് ഈ ചടങ്ങിനെ മാറ്റുകയായിരുന്നു.