ഹാഷിംക്ക: കര്‍മനൈരന്തര്യത്തിന്‍റെ പൊന്‍പ്രഭ – ഷാനിഫ് വാഴക്കാട്
പ്രിയപ്പെട്ട ഹാഷിംക്ക ഈ ലോകത്തു നിന്ന് യാത്രയായിരിക്കുന്നു. 21 വര്‍ഷങ്ങള്‍ക്കപ്പുറം സഊദിയിലെ അല്‍ കോബാറില്‍ വെച്ചാണ് ആദ്യമായി ഹാഷിംക്കയെ കണ്ടുമുട്ടുന്നത്. കമ്പനിയുടെ പ്രൊജക്ട് വര്‍ക്കുമായി ബന്ധപ്പെട്ട് അല്‍കോബാറില്‍ ചെല്ലുന്ന വിവരമറിഞ്ഞ് സല്‍ക്കാര പ്രിയനായ ഹാഷിംക്ക എന്നെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയാണ് സ്വീകരിച്ചത്.
ഒരിക്കല്‍ ഹാഷിംക്ക കണ്ട ഒരു സ്വപ്നത്തെക്കുറിച്ച് പറഞ്ഞിരുന്നു. മരിച്ചു ഖബറടക്കിയ നിലയിലായിരുന്ന അദ്ദേഹത്തോട് ഖബറില്‍ നിന്ന് ആരോ അടിച്ചു കൊണ്ട് ചോദിച്ചു: നിന്‍റെ ഇമാം ആരാണ്? കൃത്യമായ മറുപടി നല്‍കാനാകാതെ അവശനായി. തൊണ്ട വരണ്ട നിലയില്‍ അദ്ദേഹം ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റു. തുടര്‍ന്ന് ഒരുപാട് വെള്ളം കുടിച്ചു. പിന്നീട് അദ്ദേഹത്തിന് ഉറങ്ങാന്‍ കഴിഞ്ഞതേയില്ല. പിറ്റേ ദിവസം തന്നെ അദ്ദേഹം ഇസ്ലാഹി സെന്‍ററുമായി ബന്ധപ്പെട്ടു. കണ്ട സ്വപ്നം പങ്കുവെച്ചു. അതിന്‍റെ അനന്തരഫലമെന്നോണം ഖുര്‍ആന്‍ പഠനം വ്യാപകമാക്കുക എന്ന തീരുമാനത്തിലേക്കാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.
ഖുര്‍ആന്‍ പഠനവും പ്രചാരണവും അദ്ദേഹം തന്‍റെ ജീവിതത്തിന്‍റെ ഭാഗമാക്കി. പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി ഖുര്‍ആന്‍ ക്ലാസ്സിലേക്ക് ആളുകളെ ക്ഷണിക്കാനും സ്ക്വാഡ്വര്‍ക്കിനും സമയം കണ്ടത്തി. ജോലി കഴിഞ്ഞാല്‍ ദഅ്വ പ്രവര്‍ത്തങ്ങളില്‍ മുഴുകി.
സഊദിയില്‍ ഇസ്ലാഹി സെന്‍ററുകള്‍ ദേശീയതലത്തില്‍ സംഘടിക്കുന്നതില്‍ ഹാഷിംക്ക നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. റിയാദ് ഇസ്ലാഹി സെന്‍റര്‍ അക്കാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ഖുര്‍ആന്‍ പഠനം ജനീകയമാക്കുന്നതിനും ലളിതമായി പഠിപ്പിക്കുന്നതിനും ഇസ്ലാഹി സെന്‍റര്‍ ‘ഖുര്‍ആന്‍ മുസാബക’ എന്ന പദ്ധതിക്ക് രൂപം നല്‍കി. ഇതിന്‍റ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഹാഷിംക്കയെയും ക്ഷണിച്ചിരുന്നു.
പദ്ധതി ഏറെ ഇഷ്ടപ്പെട്ട ഹാഷിംക്ക ഇതിനെ വിപുലപ്പെടുത്തണമെന്ന ആശയം മുന്നോട്ടുവെച്ചു. ദേശീയ തലത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കണമെന്നും നിര്‍ദേശിച്ചു. അടുത്തഘട്ടം മുതല്‍ സഊദി ദേശീയതലത്തില്‍ ഈ പദ്ധതി ആരംഭിച്ചു. പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഖുര്‍ആന്‍റെ വെളിച്ചം എത്തിക്കാന്‍ ഈ പദ്ധതി സഹായിച്ചു. പിന്നീട് ഈ ഈ പദ്ധതിക്ക് സഊദി ഗവണ്മെന്‍റിന്‍റെ അംഗീകാരവും ലഭിച്ചു. തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും സഊദിയിലെ ഇസ്ലാഹി പ്രവര്‍ത്തകള്‍ ഈ പദ്ധതിയുടെ പേരില്‍ ഒത്തുകൂടും. ഒരു സംസ്ഥാന സമ്മേളനം നടത്തുന്നത്ര വിപുലമായിത്തന്നെയായിരുന്നു പരിപാടികള്‍ നടന്നിരുന്നത്. എട്ട് വര്‍ഷത്തോളം ഈ സംഗമത്തിന്‍റെ ചെയര്‍മാന്‍ ഹാഷിംക്ക ആയിരുന്നു.
ഹാഷിംക്കയുമൊന്നിച്ച് നിരവധി യാത്രകള്‍ ചെയ്തിട്ടുണ്ട്. സഊദി മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാനായി (ചില കാരണങ്ങളാല്‍ ഈ സമ്മേളനം നടന്നില്ല) എത്തിയ ഇ ടി മുഹമ്മദ് ബഷീറിനെ കാണാന്‍ മക്കയില്‍ പോയ യാത്ര മറക്കാനാവില്ല. റിയാദില്‍ നിന്ന് 11 മണിക്കൂര്‍ യാത്ര ഉണ്ട്. ഹാഷിംക്കയും നാസര്‍ സുല്ലമിയുമാണ് കൂടെയുള്ളത്. ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ ഇ ടിയുമായി സംസാരിച്ചു. ഉടന്‍ തന്നെ റിയാദിലേക്ക് മടങ്ങി. വിശ്രമം ഇല്ലാത്ത യാത്ര. ഓരോ യാത്രയിലും മുഖ്യ ചര്‍ച്ചാവിഷയം ഖുര്‍ആന്‍ ആയിരുന്നു.
പിന്നീട് ഹാഷിംക്ക റിയാദിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്നു. റിയാദിലെത്തിയ ഉടനെ റിയാദ് സെന്‍ററിന്‍റെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. കൂടെ പ്രധാന ഭാരവാഹികളിലൊരാളായി ഞാനുമുണ്ടായിരുന്നു. അക്കാലത്ത് എന്നും രാവിലെ അദ്ദേഹത്തിന്‍റെ ഫോണ്‍ എത്തും. മഗ്രിബിനു ശേഷമുള്ള ദഅ്വാ പ്രവര്‍ത്തനങ്ങളുടെ പ്ലാനിംഗ് തയ്യാറാക്കാനായിരുന്നു ഈ വിളികളിലധികവും.
ഹാഷിംക്ക എവിടെ ജീവിക്കുന്നുവോ അവിടെ ഖുര്‍ആന്‍ ക്ലാസ്സ് തുടങ്ങുക എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. റിയാദില്‍ മാത്രം പന്ത്രണ്ടോളം ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്ക് രൂപം നല്‍കാന്‍ ഹാഷിംക്കയുടെ നേതൃത്വത്തിലുള്ള ഇസ്ലാഹി സെന്‍ററിന് കഴിഞ്ഞിട്ടുണ്ട്. റിയാദില്‍ സെന്‍റര്‍ പ്രവര്‍ത്തങ്ങളില്‍ മുതിര്‍ന്ന ഒരാളുടെ ‘വരള്‍ച്ച’ അനുഭവിച്ചുകൊണ്ടിരുന്ന കാലത്താണ് ദമ്മാമില്‍ നിന്നും റിയാദിലേക്കുള്ള ഹാഷിംക്കയുടെ വരവ്. അത് റിയാദുകാര്‍ക്ക് നല്‍കിയ ആവേശം ചെറുതൊന്നുമല്ല. പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രക്ഷാധികാരിയും പ്രവര്‍ത്തകര്‍ക്ക് പിതൃതുല്യ വ്യക്തിത്വവുമായിരുന്നു ഹാശിംക്ക.
സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുമായി ബന്ധപ്പെട്ടും സഊദി ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റര്‍ റിയാദിന്‍റെ പ്രസിഡണ്ടായുമൊക്കെ അദ്ദേഹം കര്‍മനിരതനായിരുന്നു. ഖുര്‍ആന്‍ മുസാബഖയെ ജീവനു തുല്യം സ്നേഹിക്കുകയും അതിനായി പ്രായവും അസുഖവും വകവെക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്തു. സഊദി ഇലക്ട്രിസിറ്റിയിലെ ജോലി അവസാനിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങാന്‍ ഇഷ്ടപ്പെടാതിരുന്നത് മറ്റൊന്നുകൊണ്ടുമായിരുന്നില്ല. ഖുര്‍ആന്‍ മുസാബഖയുമായുള്ള ബന്ധവും ആദര്‍ശരംഗത്ത് റിയാദിലും ദമ്മാമിലുമൊക്കെ പ്രവര്‍ത്തിച്ച പോലെ നാട്ടില്‍ സജീവമാകാന്‍ സാധിക്കുമോയെന്ന ആശങ്കയുമായിരുന്നു.
സംസാരവേളകളില്‍ പലപ്പോഴും തന്‍റെ അജ്ഞാന കാലം അയവിറക്കി ഗദ്ഗദപ്പെടുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്ത സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. എല്ലാ ക്ലാസുകളിലും പങ്കെടുത്തും പുസ്തകങ്ങള്‍ വായിച്ചും ഒരു പണ്ഡിതനെപ്പോലെ പറയാനുള്ള കഴിവും അറിവും അദ്ദേഹം നേടിയെടുത്തു. ‘ജാഹിലിയ കാലത്തെ നിങ്ങളിലെ ഉല്‍കൃഷ്ടര്‍ അവര്‍ വിജ്ഞാനം നേടിയാല്‍ ഇസ്ലാമിലും ഉല്‍കൃഷ്ടര്‍ തന്നെ’ എന്ന നബിവചനം എത്ര സാര്‍ഥകം.
31 വര്‍ഷം പ്രവാസിയായി കഴിച്ചുകൂട്ടിയാണ് അദ്ദേഹം നാട്ടില്‍ എത്തുന്നത്. നാട്ടില്‍ എത്തിയ ഉടനെ സ്വന്തം വീടകത്ത് ഒരു ഖുര്‍ആന്‍ ക്ലാസ് തുടങ്ങുകയായിരുന്നു. ഹാഷിംക്കക്കു പിന്നാലെ പ്രവാസമവസാനിപ്പിച്ച് ഞാനും അഷ്റഫ് തൊടികപുലം, കരീം സുല്ലമി തുടങ്ങിയരും നാട്ടില്‍ എത്തി. സഊദി മോഡല്‍ മുസാബക്ക ആദ്യമായി വാഴക്കാട് തുടങ്ങി. അതിന്‍റ ഉദ്ഘാടന പരിപാടിക്കായി 200 കിലോമീറ്ററോളം യാത്ര ചെയ്തു ഹാഷിംക്കയും സലാഹുദ്ദീന്‍ മദനിയും വാഴക്കാട് വന്നു. പിന്നീട് ഈ പദ്ധതി വണ്ടൂരിലും ആരംഭിച്ചു. ആ പരിപാടിയിലും ഹാഷിംക്ക പങ്കെടുത്തു.
പിന്നീട് ഐ എസ് എം സംസ്ഥാന കമ്മറ്റി ഈ പദ്ധതി ഏറ്റെടുത്തു. ഹാഷിംക്കയുടെ നേതൃത്വത്തില്‍ സൗത്ത് സോണില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയും അതിന് ഐ എസ് എം പിന്തുണ നല്‍കുകയും ചെയ്തു. പിന്നീട് ഐ എസ് എം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഈ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചു. ഇതിനായി രൂപീകരിച്ച സമിതിയുടെ ചെയര്‍മാനായി ഹാഷിംക്ക തന്നെയാണ് നിയോഗിക്കപ്പെട്ടത്. പിന്നീട് മുസാബക എന്ന പേര് മാറ്റി കടലുണ്ടിയില്‍ ആരംഭിച്ച ‘വെളിച്ചം’ ഖുര്‍ആന്‍ പഠന പദ്ധതിയുടെ പേര് സ്വീകരിച്ചു.
ലക്ഷക്കണക്കിന് ആളുകള്‍ക്കു ഖുര്‍ആനിന്‍റെ വെളിച്ചം നല്‍കി ഈ പദ്ധതി ഇപ്പോഴും പ്രയാണം തുടരുകയാണ്. വെളിച്ചവുമായി ബന്ധപ്പെട്ട ഏത് കൂടിച്ചേരലുകള്‍ക്കും തന്‍റെ ആരോഗ്യപരമായ പ്രശ്നങ്ങളെ തൃണവത്ഗണിച്ച് അദ്ദേഹം എത്തിച്ചേരാറുണ്ടായിരുന്നു. വെളിച്ചം സംഗമങ്ങള്‍ നടക്കുന്ന സ്ഥലത്ത് തലേ ദിവസം തന്നെ ക്യാമ്പ് ചെയ്യുകയും മുഴുവന്‍ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വെളിച്ചം അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗം തന്നെയായിരുന്നു. ആ വെളിച്ചത്തിന്‍റെ പൊന്‍ വെളിച്ചം അദ്ദേഹത്തിന്‍റെ പാരത്രിക ലോകത്ത് ഗുണകരമായി ഭവിക്കട്ടെ എന്ന് നമുക്ക് ആശിക്കാം.