കോവിഡ് കാലത്തെ ധാര്മികമാന്ദ്യം
ശംസുദ്ദീന്‍ പാലക്കോട്
മുന്നൂറോളം പേര്‍ക്ക് ജുമുഅ ജമാഅത്തിന് പങ്കെടുക്കാവുന്ന ടൗണിലെ ആ പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇപ്പോള്‍ നൂറു പേര്‍ക്കേ അനുവാദമുള്ളൂ. എല്ലാ വെള്ളിയാഴ്ചകളിലും ആദ്യമെത്തുന്ന നൂറു പേര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പള്ളിയില്‍ പ്രവേശനം അനുവദിക്കുകയാണ് ചെയ്യുന്നത്. ആ നൂറു പേരില്‍ ഇടം നേടാന്‍ ഖത്വീബ് മിന്‍ബറില്‍ കയറുന്നതിന് മുമ്പ് തന്നെ മുസ്വല്ലയുമായി വന്ന് പള്ളിയില്‍ സ്ഥലം പിടിക്കുന്ന നയനാനന്ദകരമായ കാഴ്ചയും ഉണ്ടാകാറുണ്ട്.
ഇത് വിഷയത്തിന്റെ ഒരു വശം. ഇതിനൊരു മറുവശമുണ്ട്. മുമ്പ് പള്ളിയില്‍ വന്നിരുന്ന ബാക്കി 200 പേര് ഇപ്പോള്‍ എന്ത് ചെയ്യുന്നു? അവരില്‍ കുറച്ച് പേര് സമയം വൈകി പള്ളിയിലെത്തിയത് കൊണ്ടോ സ്വന്തമായി മുസ്വല്ല കൊണ്ടുവരാത്തത് കൊണ്ടോ തിരിച്ചു പോകേണ്ടി വന്നവരാണ്. 60 വയസ്സ് കഴിഞ്ഞതിനാലും 10 വയസ്സ് ആയിട്ടില്ലാത്തതിനാലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളിയില്‍ വരാന്‍ സാധിക്കാത്ത ചിലരുണ്ട്. ചിലര്‍ കോവിഡു കാലത്ത് പുതുതായി ജുമുഅ തുടങ്ങിയ ചില നമസ്കാരപ്പള്ളിയിലേക്ക് പോയവരാണ്. മറ്റു ചിലര്‍ ജുമുഅ ഒഴിവായിക്കിട്ടിയത് ഒരു സൗകര്യമോ സന്തോഷമോ ആയി കരുതുന്നവരായിരിക്കും. അല്ലെങ്കില്‍ പള്ളിയില്‍ പോയി വെറുതെ കോവിഡിന്റെ കെണിയില്‍ പെടേണ്ട എന്ന് കരുതി ജുമുഅക്ക് പോലും പോകണ്ട എന്ന് തീരുമാനിച്ചവരായിരിക്കും.
ഒരിക്കല്‍ ജുമുഅ കഴിഞ്ഞ് മടങ്ങുമ്പോള്‍ ടൗണില്‍ കടനടത്തുന്ന സുഹൃത്തിനെ കണ്ടു. പള്ളിയും നമസ്കാരവുമൊക്കെ ഉണ്ടായിരുന്ന ഒരാള്‍. ഇന്ന് എവിടെയാ ജുമുഅക്ക് കൂടിയത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരം: ”ഞാനിപ്പോള്‍ ജുമുഅക്ക് പോകാറില്ല. കോവിഡ് പേടി അത് തന്നെ കാരണം! പള്ളിയില്‍ വന്ന ആര്‍ക്കെങ്കിലും കോവിഡുണ്ടെങ്കില്‍ നമ്മളും ക്വാറന്റയിനില്‍ പോകേണ്ടി വരില്ലേ.”
കോവിഡു കാലത്ത് വളരെ ശരിയെന്ന് തോന്നുന്ന മറുപടിയായി വായനക്കാര്‍ക്ക് പ്രഥമദൃഷ്ടിയില്‍ ഇത് തോന്നാം. എന്നാല്‍ ഈ വിഷയം ഒന്ന് വിശകലനം ചെയ്ത് നോക്കൂ; അദ്ദേഹത്തിന്റെ കടയിലേക്ക് പള്ളിയിലെ ബാങ്ക് കേള്‍ക്കാം. പള്ളിയിലേക്ക് നടന്ന് പോകാവുന്ന ദൂരമേയുള്ളൂ. രാവിലെ കട തുറന്നത് മുതല്‍ വൈകുന്നേരം അടക്കുന്നത് വരെ നൂറുകണക്കിനാളുകള്‍ അവിടെ വരുന്നു. ചിലപ്പോള്‍ ഒരേസമയം ധാരാളം പേര് കടയിലുണ്ടാകും. പലരും അകലം പാലിക്കാതെയാണ് കടയില്‍ ഇടപാട് നടത്തുന്നത്. ഇവരില്‍ ചിലരെങ്കിലും കോവിഡു വാഹകരാകാനുള്ള സാധ്യതയുമുണ്ട്.
വെള്ളിയാഴ്ച ജുമുഅ നഷ്ടപ്പെടുന്നതിലുള്ള നേരിയ വിഷമം പോലും ജനങ്ങളില്‍ മെല്ലെ മെല്ലെ അലിഞ്ഞില്ലാതാകുന്നു എന്നത് വിഷമിപ്പിക്കുന്ന വസ്തുതയാണ്. കോവിഡിനു മുമ്പ് ജുമുഅ നഷ്ടപ്പെടുക എന്നത് കേവല നാമധാരി മുസ്ലിമിന് പോലും മനസ്സാക്ഷിക്കുത്ത് ഉണ്ടാക്കിയിരുന്നതാണ്.
ജുമുഅ സമയമായാല്‍ മറ്റെല്ലാ ഭൗതിക കാര്യങ്ങളും നിര്‍ത്തിവെച്ച് ആരാധനയില്‍ മുഴുകണമെന്ന ഖുര്‍ആന്റെ കര്‍ശന കല്പന കോവിഡിന് മുമ്പ് തത്വത്തിലെങ്കിലും കേവല നാമധാരി മുസ്ലിം വരെ പാലിച്ചിരുന്നു. ജുമുഅ സമയത്ത് ഓഫീസില്‍ നിന്നിറങ്ങുകയോ കട പൂട്ടുകയോ ജുമുഅ സമയത്തേക്കെങ്കിലും ഷട്ടര്‍ താഴ്ത്തുകയോ ചെയ്തിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് പള്ളികള്‍ തുറന്നിട്ടും ജുമുഅക്ക് പോവാന്‍ ശ്രമിക്കാതെയും അതിനുള്ള ആഗ്രഹം പോലുമില്ലാതെയും കച്ചവടം നടത്തുന്നവരും ഓഫീസ് കാര്യങ്ങള്‍ ചെയ്യുന്നവരും വീട്ടിലിരുന്ന് ടി വി കാണുന്നവരും തൊഴിലിടങ്ങളില്‍ തൊഴിലെടുക്കുന്നവരുമായ മുസ്ലിംകളെ ഈ കോവിഡു കാലത്ത് ധാരാളം കാണാം!
ജുമുഅക്ക് പള്ളിയില്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നത് പരമാവധി ഒരു മണിക്കൂറാണ്. അത് തന്നെയും മാസ്ക് ധരിച്ച് സ്വന്തമായി മുസ്വല്ല കൊണ്ടുവന്ന് ചുരുങ്ങിയത് ഒരു മീറ്ററെങ്കിലും അകലം പാലിച്ച് ശ്രദ്ധയും ജാഗ്രതയും കോവിഡു പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുമാണ്. അഥവാ കോവിഡു കാലത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ പ്രഥമ സ്ഥാനം പള്ളികളാണെന്ന് കാണാന്‍ കഴിയും. എന്നിട്ടും ഒഴിവാക്കാവുന്നത് പള്ളിയില്‍ പോക്ക് എന്ന് തീരുമാനിക്കപ്പെടുന്ന പൊതുബോധത്തിലേക്ക് സമുദായം എത്തുന്നത് മതധര്‍മ മാന്ദ്യം തന്നെയാണ് എന്ന് വ്യക്തം.
കുട്ടികളുടെ മദ്രസാ പഠനം, കുടുംബം ഒരുമിച്ച് പങ്കെടുത്തിരുന്ന ഖുര്‍ആന്‍ ക്ലാസ്, മത പഠനവേദികള്‍ ഇവയെല്ലം കോവിഡു കാലത്ത് നിലച്ചുപോയിട്ടുണ്ട്. കുറച്ചു പേര് കുറച്ചിടങ്ങളില്‍ ഇതിന് ഓണ്‍ലൈന്‍ പരിഹാരം ഫലപ്രദമായി രൂപപ്പെടുത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുറെ പേരുടെ അവസ്ഥ ദയനീയം തന്നെയാണ്. കോവിഡു കാലത്ത് മുടങ്ങിപ്പോയ ഭൗതിക മേഖലയിലെ കാര്യങ്ങള്‍ക്കെല്ലാം പരിഹാരമാര്‍ഗങ്ങള്‍ ആരായുകയും കണ്ടെത്തുകയും ചെയ്യുമ്പോള്‍ നിലച്ചുപോയതോ മന്ദീഭവിച്ചതോ ആയ മതധാര്‍മിക മേഖല പുനരുദ്ധരിക്കാനോ പുനരവതരിപ്പിക്കാനോ പലര്‍ക്കും വേണ്ടത്ര താല്പര്യം കാണാത്തത് കോവിഡു കാലത്തെ മതധര്‍മ മാന്ദ്യത്തിന്റെ മറ്റൊരുദാഹരണമാണ്.
കല്യാണം വരെ വിപുലമായി എല്ലാവരെയും വിളിച്ച് ഭക്ഷണം കൊടുത്ത് നടത്താന്‍ കഴിയാത്ത സങ്കടം തീര്‍ക്കാന്‍ സാധ്യമായ മറ്റു പരിഹാരമാര്‍ഗങ്ങള്‍ ചിലര്‍ കണ്ടെത്തുന്നുണ്ട്.
കോവിഡു പ്രോട്ടോകോള്‍ പാലിച്ച് 30-40 പേരെ മാത്രം പങ്കെടുപ്പിച്ച് വീട്ടില്‍ വെച്ച് ലളിതമായി കല്യാണം നടത്തുകയും കൂടുംബത്തിലെയും അയല്പക്കത്തെയും മറ്റു വീടുകളിലേക്ക് കല്യാണ സദ്യ മാന്യമായി പേക്ക് ചെയ്ത് കൊടുത്തയക്കുകയും ചെയ്യുന്നവര്‍ വരെ മുസ്ലിം സമുദായത്തില്‍ ഈ കോവിഡു കാലത്ത് കാണാന്‍ കഴിയും. അഥവാ കോവിഡു കാലത്ത് മുടങ്ങിപ്പോയ ഭൗതിക കാര്യങ്ങളെല്ലാം മുടക്കം വരാതെ ഏതെങ്കിലും വിധത്തില്‍ പരിഹരിക്കപ്പെടുന്നുണ്ടെന്നര്ഥം.
എന്നാല്‍ ഒരു വിശ്വാസിയുടെ ഇഹലോകജീവിത സൗഭാഗ്യത്തിന്റെയും പരലോകജീവിത വിജയത്തിന്റെയും നിദാനമായ മതധാര്‍മിക മേഖലയില്‍ കോവിഡു കാലത്തനുഭവപ്പെടുന്ന മാന്ദ്യം മതവിശ്വാസികളില്‍ തന്നെ കുറെ പേര് ഗൗരവത്തിലെടുക്കുകയോ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുകയോ കണ്ടെത്തിയത് ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നത് മതവിശ്വാസികളുടെ ജീവിതത്തില്‍ വരാന്‍ പോകുന്ന മറ്റൊരു ദുരന്തത്തിന്റെ സൂചനയാണോ എന്ന് നാം ഭയപ്പെടുക തന്നെ വേണം!