യുദ്ധാനുഭവങ്ങളുടെ വന്‍കര
ബാസില്‍ അമാന്‍

ശലഭങ്ങളുടെ
അഗ്‌നിസല്‍ക്കാരം,
വഹീദ് സമാന്‍,
മനോരമ ബുക്‌സ്, വില: രൂപ
യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്തുതന്നെ ‘ശലഭങ്ങളുടെ അഗ്നിസല്‍ക്കാരം’ വായിക്കണം. ‘യുദ്ധവും പ്രണയവും’ എന്നാകും ഈ നോവലിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാവുക. രണ്ടും അശാന്തമായ അനുഭവങ്ങളുടെ വന്‍കരയിലേക്ക് വാതില്‍ തുറന്നുവെക്കുന്നു.
മലയാളിയെ സംബന്ധിച്ച് അനുഭവങ്ങളുടെ ദാരിദ്ര്യം പലരും നേരത്തേ പറഞ്ഞതാണ്. വിഭജനമോ യുദ്ധമോ പലായനമോ സൃഷ്ടിക്കുന്ന ദുരന്തങ്ങളും ദൈന്യതകളും അവന്റെ ആലോചനകള്‍ക്കും അപ്പുറത്താണ്. അതുകൊണ്ടുതന്നെ ലോകത്ത് എവിടെ യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോഴും ആവേശകരമായൊരു കാല്‍പ്പന്തുകളി കാണുന്ന ലാഘവത്തോടെ ഇരുരാജ്യങ്ങളിലൊന്നിനെ പിന്തുണച്ച് സ്വീകരണമുറിയിലിരുന്ന് അതു കണ്ട് ആസ്വദിക്കാന്‍ അവനാകുന്നു. മറ്റുള്ളവന്റെ നോവിലും ട്രോളുകള്‍ ചമച്ച് രംഗബോധമില്ലാതെ ചിരിക്കാനാവുന്നു. അങ്ങനെയുള്ള മലയാളികളുടെ മുമ്പിലേക്ക് യുദ്ധം വിരുന്നെത്തിക്കുന്ന വേര്‍പാടുകളുടെ മരണം മണക്കുന്ന തെരുവുകളുടെ തീവ്രമായ ആവിഷ്‌കാരമാണ് നോവലിസ്റ്റ് വഹീദ് സമാന്‍ ഈ രചനയിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്.
നോവലിലെ പ്രധാന കഥാപാത്രങ്ങളായ അമേന-ഫയാസ് ദമ്പതികളുടെ ദുരവസ്ഥ വിവരിച്ചുകൊണ്ട് തയ്യാറാക്കിയ ‘മൃത്യുവിന്റെ ചില്ലയില്‍ ജീവന്റെ ഒരില’ എന്ന ശ്രദ്ധേയമായ ഫീച്ചറിലൂടെയാണ് കഥ ആരംഭിക്കുന്നത്. സിറിയയിലെ ഐ എസ് ഭീകരത ചിതറിപ്പോയ ഇവരുടെ ജീവിതം ചേര്‍ത്തുവെക്കാന്‍ നടത്തുന്ന ഖലീലയുടെയും മസ്ഹറിന്റെയും ശ്രമങ്ങളില്‍ നിന്നാണ് അപ്രവചനീയമായ അനുഭവങ്ങളുടെയും ബന്ധങ്ങളുടെയും ആകസ്മികതകളുമായി നോവല്‍ തുടരുന്നത്. ജിദ്ദയിലേക്ക് ജോലിയാവശ്യാര്‍ഥം പോയ ഫയാസില്‍ നിന്ന് ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ പിറന്ന മക്കളെ ഒരു നോക്കുപോലും കാണാനാകാതെ വേര്‍പെടുത്തിക്കളയുകയാണ് യുദ്ധം. അവരുടെ ദാമ്പത്യത്തിന്റെ ഹൃദ്യമായ ഓര്‍മകള്‍ ഉറങ്ങുന്ന കിനാക്കളുടെ ഇടമായ പ്രിയ ഗേഹം ബോംബിങില്‍ തകര്‍ന്നുകിടക്കുന്നതിനരികില്‍ നിന്ന് എഴുത്തുകാരന്‍ വിചാരപ്പെടുന്നത് ഇങ്ങനെയാണ്: ”കല്ലും മണലുമല്ല, ഓരോ വീടും പണിയുന്നത് സ്വപ്‌നങ്ങള്‍ കൊണ്ടുകൂടിയാണ്.”
തെരുവിലെ ചായവില്‍പനക്കാരന്‍ ഗാലിബിന്റെ പ്രതീക്ഷയുടെ കിരണങ്ങളായ മൂന്നു മക്കള്‍ ദമസ്‌കസിലെ ഫുട്‌ബോള്‍ ക്ലബ്ബിനു വേണ്ടി ഫൈനല്‍ മാച്ചില്‍ തങ്ങളുടെ ഗോളോടെ നേടിയ വിജയത്തിന്റെ ആഹ്ലാദത്തില്‍ മടങ്ങവെയാണ് അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മീതെ വീണ മിസൈലില്‍ ചിതറിപ്പോകുന്നത്. തന്റെ അരുമയായ പേരക്കിടാവിന്റെ ഓര്‍മകള്‍ മാത്രം കുളിരു പകര്‍ന്ന അബ്ദുല്‍ അലിയെന്ന കാര്‍ ഡ്രൈവറുടെ ജീവിതത്തെ ശൂന്യതയുടെ നോവിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീടിനു മുകളില്‍ ബോംബ് വര്‍ഷിക്കുന്നത്. ഇങ്ങനെ യുദ്ധം തീര്‍ക്കുന്ന ഹൃദയവേവിന്റെ നൈരന്തര്യം, നമ്മുടെ കാഴ്ചപ്പാടുകളിലെ വഷളത്തരങ്ങള്‍ക്കു മീതെ കനത്ത പ്രഹരമേല്‍പിക്കാന്‍ കാരണമാകുന്നു.
അമീനയും ലറിസയും ഗാലിബും അബ്ദുല്‍ അലിയും ഉദായിയുമെല്ലാം സിറിയയിലെ യുദ്ധഭൂമിയില്‍ നിന്ന് ഇങ്ങനെ നമ്മിലേക്ക് കടന്നുവരുന്നവരാണ്. ദാര്‍കുഷിലെയും ഇദ്‌ലീബിലെയും ശ്മശാനങ്ങളുടെ കനിവു തേടി വരിനില്‍ക്കുന്ന മയ്യിത്തുകള്‍ ഏത് കഠിനഹൃദയരെയാണ് ഉലച്ചുകളയാത്തത്! അഴുകിനില്‍ക്കുന്ന ശവങ്ങള്‍ക്കു മീതെ പുതിയ ശവങ്ങള്‍! നോവുന്ന എത്ര കാഴ്ചകള്‍കൊണ്ടാണ് ഈ പുസ്തകം നമ്മെ യുദ്ധത്തിന്റെ ഭീകരത അനുഭവിപ്പിക്കുന്നത്!
അക്ബര്‍ കക്കട്ടില്‍ സ്മാരക അവാര്‍ഡ് നേടിയ ഈ കൃതി അസാധ്യമായ രചനാവൈഭവം കൊണ്ട് മലയാളത്തിലെ ശ്രദ്ധേയമായ നോവലുകളുടെ നിരയില്‍ സാന്നിധ്യമറിയിക്കുന്നു. യുദ്ധാനുഭവങ്ങളുടെ തീക്ഷ്ണമായ അവതരണം കൊണ്ട് പുതിയ കാലത്തോട് സംവദിക്കുന്ന ഈ അതിമനോഹരമായ രചന മലയാളി അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളെ വിപുലമാക്കുന്നു.