ശൈഖ് ഖലീഫ; വികസനത്തിന്റെ നെടുനായകത്വം വഹിച്ച ഭരണാധികാരി
മുജീബ് എടവണ്ണ
‘ഇന്ധനം കണ്ടുപിടിക്കുന്നതിനു മുന്‍പും ശേഷവും ഈ രാജ്യത്തിന്റെ യഥാര്‍ഥ സമ്പത്ത് മനുഷ്യനാണ്. ദേശത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് നാം രാപകല്‍ പണിയെടുക്കുന്നത്’ -2022 മെയ് 13-ന് ഈ ലോകത്തോട് വിട പറഞ്ഞ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ഇബ്‌നു സായിദ് ആലു നഹ്‌യാന്റെ വാക്കുകളാണിത്. ഒരു രാജ്യത്തെ ഏറ്റവും പ്രയാസകരമായ കാലത്ത് മുന്നോട്ട് നയിച്ച ആത്മവിശ്വാസമുള്ള കപ്പിത്താനായിരുന്നു ശൈഖ് ഖലീഫ. രാഷ്ട്രശില്പി ശൈഖ് സായിദിന്റെ ‘പിന്‍ഗാമി’യായി അദ്ദേഹം തന്റെ പേരിനെ അടിമുടി അന്വര്‍ഥമാക്കി. 2004 നവംബര്‍ മൂന്നിന് യു എ ഇ യുടെ രണ്ടാം പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ സര്‍വാത്മക പുരോഗതി രാജ്യത്തിന്റെ നാനാ തലങ്ങളിലുമാണ് ശൈഖ് സമ്മാനിച്ചത്.
ലോകസമാധാനത്തിന്റെ ശാദ്വല ഭൂമിയായി ഈ മരുമണ്ണിനെ മാലോകര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ശൈഖ് ഖലീഫ വഹിച്ച പങ്ക് അനന്യമായിരുന്നു. ശൈഖ് സായിദ് തിരികൊളുത്തിയ മാനവിക മൂല്യങ്ങളുടെ ദീപശിഖ അണയാതെ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്വദേശികള്‍ക്ക് മാത്രമല്ല, 200 രാജ്യങ്ങളില്‍ നിന്ന് ഈ മരുമണ്ണിലേക്ക് ഉപജീവനം തേടിയെത്തിയ പ്രവാസികള്‍ക്കും ജീവവായു പോലെ ഈ നാട് പ്രാധാന്യമുള്ളതാകാന്‍ കാരണം ഭരണാധികാരികളുടെ കലര്‍പ്പില്ലാത്ത സ്‌നേഹ സമീപനങ്ങളാണ്.
അവര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികളിലും നിയമങ്ങളിലും അന്യദേശക്കാര്‍ക്ക് പരിഗണനയും പരിരക്ഷയുമുണ്ട്. 2007-ല്‍ ശൈഖ് ഖലീഫയുടെ പ്രഖ്യാപനത്തിലൂടെ നിലവില്‍ വന്ന ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷന്‍ വഴി 87 വിദേശ രാജ്യങ്ങളിലേക്കാണ് സഹായമൊഴുകിയത്. ഇതുവഴി ആ രാജ്യങ്ങളില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി.
ജനതയില്‍ സന്തോഷം സൃഷ്ടിക്കുക എന്നതു ഭരണദൗത്യമായി ദര്‍ശിക്കുന്ന നേതാക്കളാണ് ഐക്യ എമിറേറ്റുകളുടെ വസന്തം. പൗരന്മാര്‍ക്ക് ജീവിതസൗകര്യങ്ങളൊരുക്കാന്‍ അവര്‍ നിതാന്ത ജാഗ്രത പാലിക്കുന്നു. അമേരിക്കന്‍ ബിസിനസ് മാഗസിനായ ‘ഫോര്‍ബ്‌സ്’ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളില്‍ ഒരാളായി ശൈഖ് ഖലീഫയെ തെരഞ്ഞെടുത്തത് പല തവണയാണെന്നതുകൂടി ചേര്‍ത്തു വായിക്കുക. മധ്യപൗരസ്ത്യ ദേശങ്ങള്‍ തമ്മില്‍ ഏറ്റവും കൂടുതല്‍ ഇഴയടുപ്പമുണ്ടായതും ശൈഖ് ഖലീഫയുടെ കാലത്താണ്. സുരക്ഷയും സുസ്ഥിരതയും കളിയാടിയ കാലം. വെല്ലുവിളികള്‍ക്ക് നടുവില്‍ അറബ് ലോകം സ്തബ്ധമായ സന്ദര്‍ഭങ്ങളിലും ധൈര്യം പകര്‍ന്ന നേതാക്കളില്‍ ശൈഖ് ഖലീഫയുണ്ടായിരുന്നു.
2004 നവംബറില്‍ പ്രസിഡന്റ് പദവിയിലെത്തിയ അദ്ദേഹം ശൈഖ് സായിദിനെപ്പോലെ നേതൃപാടവവും ധിഷണാശേഷിയും കൊണ്ട് രാജ്യത്തെ നയിച്ചു. രാഷ്ട്രനിര്‍മാണത്തില്‍ പൗരന്‍മാരെ ഭാഗമാക്കാന്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ് എന്‍ സി) തെരഞ്ഞെടുപ്പ് നടത്തിയത് ശ്രദ്ധേയ ചുവടുവയ്പായിരുന്നു. രാജ്യത്തിന്റെ നിയമങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്ന സിരാകേന്ദ്രമായി ഈ പാര്‍ലമെന്റ് മാറിയത് ശൈഖ് ഖലീഫയുടെ ദീര്‍ഘദൃഷ്ടിയുടെ നിദര്‍ശനമാണ്.
2019 സഹിഷ്ണുതാ വര്‍ഷമായി പ്രഖ്യാപിച്ചത് ഭിന്നസംസ്‌കാരങ്ങളുടെ സമ്മിശ്ര മണ്ണായ യു എ ഇയെ ലോകത്തിന്റെ നെറുകയിലാക്കി. ബഹുസ്വര സമൂഹത്തിലെ സഹവര്‍ത്തിത്വം എങ്ങനെ ആയിരിക്കണമെന്നതിന്റെ പ്രായോഗികരൂപമാണ് ഈ രാജ്യം നിരന്തരം പ്രദര്‍ശിപ്പിക്കുന്നത്. സമൂഹത്തിന്റെ പുരോഗതിക്ക് വനിതാ ശാക്തീകരണം അനിവാര്യമാണെന്ന് അറിയാത്തവരോ അജ്ഞത നടിക്കുന്നവരോ ആയ നേതാക്കളും പണ്ഡിതരും യുഎഇയിലെ സ്ത്രീകളുടെ സര്‍വാത്മക മുന്നേറ്റം പഠനവിധേയമാക്കണം. ഉന്നത സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളില്‍ ഇപ്പോള്‍ കൂടുതലും വനിതകളാണ്. രണ്ടാം ബഹിരാകാശ ദൗത്യത്തിനു പരിശീലനം നേടിക്കൊണ്ടിരിക്കുന്ന നൂറാ അല്‍ മത്‌റൂശി ഭരണാധികാരികള്‍ പടുത്തുയര്‍ത്തിയ ‘സ്റ്റേജു’കള്‍ കയറിയിറങ്ങി ആത്മാഭിമാനത്തോടെയാണ് ആകാശത്തേക്ക് കുതിക്കാന്‍ ഒരുങ്ങുന്നത്.
യു എ ഇയിലെ വനിതകളെ പുരോഗതിയുടെ ചക്രവാളത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. രാഷ്ട്രശില്പി ശൈഖ് സായിദിന്റെ മൂത്ത പുത്രനായിരുന്ന അദ്ദേഹം 19 വയസ്സ് പിന്നിടുന്നതിനു മുമ്പു തന്നെ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ വഹിച്ചു. യു എ ഇ ഒരു രാഷ്ട്രമായി പരിണമിച്ചതു മുതല്‍ ജനതയുടെ ആവശ്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി അതു പരിഹരിക്കാന്‍ അദ്ദേഹം മുന്നില്‍ നടന്നു. ജനങ്ങളെ അദ്ദേഹവും ജനങ്ങള്‍ അദ്ദേഹത്തെയും അങ്ങേയറ്റം ഇഷ്ടപ്പെട്ടു. 2004-ല്‍ ഭരണസാരഥ്യം ഏറ്റെടുത്ത ശൈഖ് ഖലീഫ, പിതാവ് കൊളുത്തി വെച്ച പുരോഗതിയുടെ പൊന്‍വെളിച്ചം വജ്ര ശോഭയുള്ളതാക്കുകയായിരുന്നു.
2009 ഡിസംബര്‍ 9-നു കുവൈത്ത് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ‘യു എ ഇ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായാണ് വനിതകെള ഞങ്ങള്‍ കാണുന്നത്. എല്ലാ തൊഴില്‍ മേഖലകളിലും അവര്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകും.’ ഈ വീക്ഷണത്തിന്റെ പ്രതിഫലനമായിരുന്നു യുഎഇയില്‍ വനിതകള്‍ക്കുണ്ടായ അപ്രതീക്ഷിത മുന്നേറ്റം. പുരുഷന്മാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്നവര്‍ അവകാശങ്ങള്‍ കൈപ്പറ്റി കുതിച്ചു. ദൃഢനിശ്ചയവും ആത്മവിശ്വാസവുമുള്ളവരായി അവര്‍ മുന്നേറിയത് ഭരണാധികാരികള്‍ നല്‍കിയ പ്രചോദനത്തിന്റെയും അനന്തമായ അവസരങ്ങളുടെയും ബലത്തിലായിരുന്നു. പൊതുജീവിതത്തില്‍ വനിതകള്‍ പുരുഷന്മാര്‍ക്കൊപ്പമോ ചിലപ്പോള്‍ ഒരു പടി മുന്നിലോ ഓടിയെത്തി. മതസംസ്‌കൃതിയിലും ഭരണഘടനയുടെ പിന്തുണയിലും ആയിരുന്നു സര്‍വ രംഗങ്ങളിലേക്കുമുള്ള അവരുടെ പിഴയ്ക്കാത്ത ചുവടുവയ്പുകള്‍.
2009 ഒക്ടോബര്‍ 21-ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ നാലാം പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത ശൈഖ് ഖലീഫ, എഫ് എന്‍ സിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യമാണ് പരാമര്‍ശിച്ചത്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാലഘട്ടം വനിതകളുടെ ‘സുവര്‍ണകാല’മെന്നു തദ്ദേശീയര്‍ വിശേഷിപ്പിക്കുന്നു. മന്ത്രിമാരായും പാര്‍ലമെന്റിലെ പ്രധാന പദവികളിലും പ്രാദേശിക-ഫെഡറല്‍ സര്‍ക്കാര്‍ കാര്യാലയ മേധാവികളായും വനിതകള്‍ രംഗത്തുവന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ചാലകശക്തിയായി ശൈഖ് ഖലീഫ നിലകൊണ്ടതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. ദേശീയ വരുമാനത്തിന്റെ ഭാഗമാകാനായി വനിതകള്‍ക്ക് ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് അവസരം നല്‍കി. തലസ്ഥാനത്തും ദുബായ്, ഷാര്‍ജ എമിറേറ്റുകളിലും വനിതാ വ്യവസായ സംരംഭകരുടെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ നിലവില്‍ വന്നത് ശൈഖിന്റെ കരുതലിന്റെയും പ്രചോദനത്തിന്റെയും പ്രതിഫലനമായിരുന്നു.
പ്രഥമ ചൊവ്വ പര്യവേക്ഷണ പദ്ധതിയില്‍ (മിസ്ബാറുല്‍ അമല്‍) 34% സ്ത്രീകളുടെ പങ്കാളിത്തമാണ്. ആണവോര്‍ജ സംരംഭത്തിലെ 2% വിഭവശേഷിയാണ് വനിതകളുടേത്. വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങില്‍ ജോലി ചെയ്യുന്നവരില്‍ 69% സ്ത്രീകളായി മാറി. കഴിഞ്ഞ മാര്‍ച്ചില്‍ കൊടിയിറങ്ങിയ ദുബൈ എക്‌സ്‌പോ 2020 വിജയക്കൊടി പാറിച്ചതിനു പിന്നിലും വനിതകളുടെ നേതൃപരമായ പങ്കുണ്ട്.
ഭരണാധികാരികള്‍ മനുഷ്യരുടെ ഹൃദയങ്ങളില്‍ കുടിയേറുമ്പോള്‍ അവരുടെ വിയോഗം അവര്‍ക്ക് താങ്ങാനാകില്ല. മനുഷ്യരെ സ്‌നേഹിച്ച ഈ മഹാരഥന്മാര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാത്ത പ്രവാസികളുമുണ്ടാകില്ല. കാരണം മത, ജാതി-ഭാഷ-വേഷ ഭേദമില്ലാതെ മനുഷ്യരെ ചേര്‍ത്തുപിടിച്ച മാതൃകാ നേതാക്കളാണ് ശൈഖ് സായിദും ശൈഖ് ഖലീഫയും. നന്മകള്‍ ബാക്കിവെച്ചും പിന്നാലെ വരുന്നവര്‍ക്ക് വഴി വെട്ടിത്തെളിച്ചുകൊടുത്തും ഇവര്‍ ജീവിതം കൊണ്ട് ചരിത്രമെഴുതി. ശൈഖ് ഖലീഫയുടെ വിയോഗാനന്തരം മൂന്നാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ഇബ്‌നു സായിദ് ആലു നഹ്‌യാന്‍ യു എ ഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനായി ഇതിനകം മികവു തെളിയിച്ച ഭരണാധികാരിയാണ്. നിര്‍ധനരാജ്യങ്ങള്‍ക്ക് നിര്‍ലോഭം സഹായമെത്തിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായ ഭരണാധികാരി.
പൂര്‍വികരുടെ ത്യാഗനിര്‍ഭരമായ ഭരണത്തിന്റെ ഫലം കൊയ്യുന്നത് ആ ദേശത്തെ വരുംതലമുറയായിരിക്കും. നവോത്ഥാനം, സര്‍വാത്മക പുരോഗതി എന്നിവയുടെ പ്രയോഗിക പാഠങ്ങള്‍ ലഭിക്കാന്‍ യു എ ഇയുടെ നാള്‍വഴികള്‍ ഗവേഷണവിധേയമാക്കിയാല്‍ മാത്രം മതിയാകും. പുതുതായി ചുമതലയേറ്റ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ഐക്യ എമിറേറ്റുകളെ കൂടുതല്‍ തലയെടുപ്പുള്ളതാക്കുമെന്നതില്‍ സംശയമില്ല. കാരണം മനുഷ്യരാണ് ഇന്നാട്ടിലെ ഭരണാധികാരികള്‍ക്ക് ഏറ്റവും മൂല്യമേറിയത്. യുഎഇയിലെ ഭരണാധികാരികളുടെ മഹാമനസ്‌കത അനുഭവിച്ചറിഞ്ഞവരില്‍ നല്ലൊരു വിഭാഗം യുഎഇയിലെ മലയാളി സമൂഹവുമാണ്.
1971-ല്‍ യു എ ഇ ചതുര്‍വര്‍ണ പതാക ഉയര്‍ത്തി യു എ ഇ രാഷ്ട്രശില്‍പി ശൈഖ് സായിദ് പ്രസ്താവിച്ചതു ലോകം ഇന്നും ഏറ്റുപറയുന്നുണ്ട്.
‘ഐക്യം ശക്തിയിലേക്കും അനുഗ്രഹത്തിലേക്കും പ്രതാപത്തിലേക്കും സംയുക്ത സുകൃതങ്ങളിലേക്കുമുള്ള സഞ്ചാരപാതയാണ്. ഭിന്നിപ്പ് ദുര്‍ബലതയും ദുരന്തവുമാണ്. പുതിയ കാലത്ത് ഛിദ്രതയ്ക്കു നിലനില്‍പില്ല’ എന്നായിരുന്നു അത്. ഈ രാജ്യത്തിന്റെ പിന്നിട്ട 50 വര്‍ഷവും മനുഷ്യരാശിയുടെ പുരോഗതിയുടേതായിരുന്നു. വരാനിരിക്കുന്ന 50 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഈ രാജ്യം ആവിഷ്‌കരിച്ചു കഴിഞ്ഞു. നൂറു വര്‍ഷം തികയുന്ന 2071-ല്‍ (മിഅവിയ്യ) യു എ ഇ തീര്‍ക്കുന്നതു പുരോഗതിയുടെ വിസ്മയ ലോകമായിരിക്കും. പ്രാര്‍ഥനാപൂര്‍വം നമുക്ക് അതിനായി കാത്തിരിക്കാം.