21 Saturday
December 2024
2024 December 21
1446 Joumada II 19

ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ സാമൂഹിക പരിഷ്‌കരണ രംഗത്തെ വെള്ളിനക്ഷത്രം

ഹാറൂന്‍ കക്കാട്‌

മലയാളികള്‍ക്കിടയില്‍ സാമൂഹിക പരിഷ്‌കരണങ്ങളുടെ വെള്ളിനക്ഷത്രമായി പ്രശോഭിച്ച മഹാനായിരുന്നു ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍. അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനകേന്ദ്രം തിരുവിതാംകൂറും കൊച്ചിയുമായിരുന്നു. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു ഈ പ്രതിഭാധനന്‍.
തൃശൂര്‍ ജില്ലയിലെ അരുക്കുറ്റിക്കടുത്ത വടുതല പ്രദേശത്താണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം കൊടുങ്ങല്ലൂര്‍ പള്ളിദര്‍സില്‍ പഠിച്ചു. വെല്ലൂര്‍ ലത്തീഫിയ്യ കോളേജിലായിരുന്നു ഉപരിപഠനം. മലയാളം, അറബി, തമിഴ്, പാര്‍സി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടി. വെല്ലൂര്‍ ലത്തീഫിയ്യ കോളേജിലെ പഠനത്തിനു ശേഷം വൈക്കം, തലയോലപ്പറമ്പ് എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുവിതാംകൂറിലെ മുസ്ലിംകളുടെ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമിട്ട് മുസ്ലിം കോണ്‍ഫറന്‍സ് എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കി. വിവിധ പരിഷ്‌കരണ സംരംഭങ്ങള്‍ ഇതിന് കീഴില്‍ സംഘടിപ്പിച്ചു.
വ്യക്തികളും കുടുംബങ്ങളും സംഘടനകളും പരസ്പരമുള്ള ഗൗരവതരമായ പിണക്കങ്ങളും ചേരിപ്പോരുകളും രമ്യമായി പരിഹരിക്കുന്നതില്‍ അദ്ദേഹം ഇടപെട്ടു. ഇവ്വിഷയകമായി അദ്ദേഹം രചിച്ച കൃതിയാണ് ‘ഇല്‍ഫതുല്‍ ഇസ്ലാം’. വക്കം മൗലവിയുടെ ‘മുസ്ലിം’ മാസികയില്‍ അദ്ദേഹം എഴുതിയ ദൈവഭക്തി എന്ന ലേഖനം നിരവധി സത്യാന്വേഷകരെ നവോത്ഥാന പാതയിലേക്ക് കൊണ്ടുവരാന്‍ നിമിത്തമായി.
ആലുവയില്‍ അറബിക് കോളേജ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇസ്ലാമിക വിഷയങ്ങള്‍ പഠിപ്പിക്കാന്‍ യോഗ്യരായ ലോകോത്തര പണ്ഡിതന്‍മാരെ കണ്ടെത്തി. ‘അല്‍കശ്ശാഫ്’ എന്ന അറബി – മലയാള – സംസ്‌കൃത നിഘണ്ടു അദ്ദേഹം പുറത്തിറക്കി. ഖുര്‍ആനിന്റെ വ്യാകരണഘടനക്കും ഭാഷാ സവിശേഷതകള്‍ക്കും ഭംഗം വരാത്ത വിധം സാധാരണക്കാര്‍ക്ക് പരിചിതമായതും മലയാളഭാഷയില്‍ അംഗീകൃതവുമായ പദങ്ങള്‍ മാത്രം തെരഞ്ഞെടുത്തുകൊണ്ടാണ് ശൈഖ് ഹമദാനി തങ്ങള്‍ ഖുര്‍ആന്‍ സൂക്തങ്ങളുടെ ഭാഷാന്തരീകരണം നടത്തിയത്. ഇസ്ലാമിക ക്ലാസിക്കുകളുടെ വിവര്‍ത്തനം, ഖുര്‍ആന്‍, ഹദീസ് പഠനത്തിനുള്ള ഉന്നത പാഠശാല, സ്ത്രീകള്‍ക്കുള്ള മതപഠന സൗകര്യങ്ങള്‍, വയോജന വിദ്യാഭ്യാസം, സാധുജന സംരക്ഷണ സമിതി, സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും സംസ്ഥാപനം തുടങ്ങിയ ആശയങ്ങളും മുന്നോട്ടുവെച്ചത് അദ്ദേഹമായിരുന്നു.
കെ എം സീതി സാഹിബിന്റെ പിതാവ് കോട്ടപ്പുറത്ത് നമ്പൂരിമഠത്തില്‍ സീതി മുഹമ്മദ് സാഹിബിന്റെ ക്ഷണപ്രകാരം പ്രവര്‍ത്തന കേന്ദ്രമായ കൊച്ചിയില്‍ നിന്ന് ശൈഖ് ഹമദാനി തങ്ങള്‍ കൊടുങ്ങല്ലൂര്‍ പ്രദേശത്ത് എത്തി. അഴീക്കോട് ലജ്നത്തുല്‍ ഹമദാനി സമാജവും എറിയാട് ലജ്നത്തുല്‍ ഇസ്ലാം സംഘവും സ്ഥാപിതമായത് ഈ സമയത്താണ്. ഇവയാണ് പില്‍ക്കാലത്ത് കേരള മുസ്ലിംകളില്‍ രൂപം കൊണ്ട മത-സാംസ്‌കാരിക-വിദ്യാഭ്യാസ സംഘടനകളുടെ മാതൃക. അതോടൊപ്പം ആലപ്പുഴ ലജ്നത്തുല്‍ മുഹമ്മദിയ്യയുടെ വളര്‍ച്ചക്കും വിജയത്തിനും അദ്ദേഹത്തിന്റെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ ലഭിച്ചിരുന്നു.
കേരള മുസ്ലിം ഐക്യസംഘമായി രൂപാന്തരപ്പെട്ട ‘നിഷ്പക്ഷ സംഘ’ത്തിന്റെ രൂപീകരണയോഗം 1921ല്‍ എറിയാട് ചേര്‍ന്നപ്പോള്‍ ശൈഖ് ഹമദാനി തങ്ങളായിരുന്നു അധ്യക്ഷന്‍. സംഘത്തിന്റെ പ്രഥമ പ്രസിഡന്റായും അദ്ദേഹത്തെ തെരഞ്ഞെടുത്തു. മുസ്ലിംകളുടെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നത് അനൈക്യമാണെന്ന് കൊടുങ്ങല്ലൂരിന്റെ സാഹചര്യം കണ്ടറിഞ്ഞ അദ്ദേഹത്തിന് കൃത്യമായി ബോധ്യമായി. നിഷ്പക്ഷ സംഘത്തിന്റെ രൂപീകരണ യോഗത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കി.
അറബിഭാഷ പഠിക്കുന്നതോടൊപ്പം ആധുനിക വിദ്യാഭ്യാസവും കൂടി നേടാന്‍ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രസംഗം അല്‍ഖുത്ബത്തുല്‍ ഹമദാനിയ്യ എന്ന പേരില്‍ അറബി മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് കെ എം മൗലവി പ്രസിദ്ധീകരിച്ചിരുന്നു. അറബി, മലയാളം, ഉര്‍ദു എന്നീ ഭാഷകളിലെ മികച്ച പ്രഭാഷകനായിരുന്നു ശൈഖ് ഹമദാനി തങ്ങള്‍. 1920ല്‍ അദ്ദേഹം മലബാറിന്റെ ചില ഭാഗങ്ങളില്‍ പര്യടനം നടത്തിയിരുന്നു. ഈ യാത്രയില്‍ പ്രധാന കേന്ദ്രങ്ങളിലെല്ലാം അദ്ദേഹം പ്രസംഗിച്ചു.
തിരുവിതാംകൂറിലെ മുസ്ലിംകളുടെയും അമുസ്ലിംകളുടെയുമിടയില്‍ ശൈഖ് ഹമദാനി തങ്ങള്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. രാജകൊട്ടാരത്തിലും ഗണ്യമായ സ്ഥാനം അദ്ദേഹത്തിനുണ്ടായിരുന്നു. ദിവാന്‍ ബഹാദൂര്‍ സര്‍ പെരുങ്കാവൂര്‍ രാജഗോപാലാചാരി തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്ത് ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം പ്രതിനിധികളില്‍ പ്രധാനിയായിരുന്നു ശൈഖ് ഹമദാനി തങ്ങള്‍. സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് 1911ല്‍ അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. മുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ സിലബസില്‍ അറബി ഭാഷ ഉള്‍പ്പെടുത്താനും മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനും അദ്ദേഹത്തിന്റെ ഇടപെടല്‍ കൊണ്ട് സാധ്യമായി.
ആരോഗ്യം ക്ഷയിച്ചതോടെ അദ്ദേഹം ജന്മനാടായ വടുതലയിലേക്ക് തിരിച്ചെത്തി. എന്നാല്‍ കൊടുങ്ങല്ലൂരില്‍ തന്റെ സാന്നിധ്യം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം വീണ്ടും അവിടേക്ക് യാത്ര തിരിച്ചു. പിന്നീട് അനാരോഗ്യം വകവെക്കാതെ കേരള മുസ്ലിം ഐക്യസംഘത്തിന്റെ രൂപീകരണ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തു. കൊടുങ്ങല്ലൂരില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കിയത് കോട്ടപ്പുറത്ത് നമ്പൂരിമഠത്തില്‍ സീതി മുഹമ്മദ് സാഹിബും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുമായിരുന്നു.
ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ ദിവാനായിരുന്ന പി രാജഗോപാലാചാരി കൊച്ചിയില്‍ നിന്നു കായല്‍മാര്‍ഗം ആലപ്പുഴയിലേക്ക് പോകുംവഴി ശൈഖ് ഹമദാനി തങ്ങള്‍ അദ്ദേഹത്തെ കാണാനിടയായി. ഈ പരിചയപ്പെടല്‍ അവരെ ആത്മമിത്രങ്ങളാക്കി. തുടര്‍ന്ന് ശൈഖ് ഹമദാനി തങ്ങളുടെ അഭ്യര്‍ഥന മാനിച്ച് വടുതല ജെട്ടിക്ക് സമീപം ദിവാന്‍ പി രാജഗോപാലാചാരി ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ ഇടിമണലുങ്കല്‍ കുടുംബമാണ് സ്‌കൂളിന് സ്ഥലം സംഭാവന നല്‍കിയത്. പില്‍ക്കാലത്ത് സര്‍ക്കാര്‍ ഇതേറ്റെടുത്ത് മറ്റത്തില്‍ ഭാഗം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ എന്ന് നാമകരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയമായി ഈ സ്ഥാപനം വളര്‍ന്നു.
ഇക്കാലത്ത് വ്യാപകമായ മുസ്ലിം സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ തുടക്കം കൊടുങ്ങല്ലൂരിലെ അഴീക്കോടാണ്. കോട്ടപ്പുറത്ത് നമ്പൂരിമഠത്തില്‍ സീതി മുഹമ്മദാണ് 1909ല്‍ അഴീക്കോട്ട് മതവിദ്യാഭ്യാസത്തോടു കൂടിയ ഒരു മുസ്ലിം സ്‌കൂളിന് തുടക്കം കുറിച്ചത്. ശൈഖ് ഹമദാനി തങ്ങളുടെ ചിന്തകളാണ് ഇതിന് നിമിത്തമായത്. പിന്നീട് സര്‍ക്കാരിനു വിട്ടുകൊടുത്ത ഈ സ്‌കൂളാണ് ഇന്നത്തെ അഴീക്കോട് ഗവണ്‍മെന്റ് യു പി സ്‌കൂള്‍. കേരള നിയമസഭാ സ്പീക്കറായിരുന്ന കെ എം സീതി സാഹിബ്, കെ പി സി സി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയ നിരവധി പരിഷ്‌കര്‍ത്താക്കള്‍ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.
അറബി മലയാളത്തില്‍ ഖുര്‍ആന്‍ പരിഭാഷകള്‍ ശൈഖ് ഹമദാനി തങ്ങളുടെ പരിഷ്‌കരണങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നെങ്കിലും ഭാഗികമായെങ്കിലും മലയാള ലിപിയിലുള്ള ഖുര്‍ആന്‍ പരിഭാഷക്ക് തുടക്കം കുറിച്ചവര്‍ വക്കം മൗലവിയും അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളിലെ ലേഖകന്മാരായ ശൈഖ് ഹമദാനി തങ്ങളെപ്പോലുള്ളവരും ആയിരുന്നു. പില്‍ക്കാലത്ത് പ്രൗഢമായ ഖുര്‍ആന്‍ മലയാള പരിഭാഷകള്‍ പുറത്തിറങ്ങാന്‍ ഇവരുടെ ഉദ്യമങ്ങള്‍ പ്രചോദനമായിട്ടുണ്ട്.
കേരളത്തില്‍ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും ബൗദ്ധിക മുന്നേറ്റങ്ങള്‍ക്കും അടിത്തറ പാകാന്‍ വിശ്രമമില്ലാതെ അഹോരാത്രം കഠിനാധ്വാനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. സാമുദായിക പരിഷ്‌കരണത്തിനു വേണ്ടി മുസ്ലിം യുവാക്കളെ സദാസമയവും പ്രോല്‍സാഹിപ്പിച്ചും മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ വിവിധ ഇസ്ലാമിക സംഘങ്ങള്‍ രൂപീകരിച്ചും കര്‍മവസന്തങ്ങള്‍ തീര്‍ത്ത ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ 1922ല്‍ വടുതലയില്‍നിര്യാതനായി.

Back to Top