22 Sunday
December 2024
2024 December 22
1446 Joumada II 20

ശഹ്‌റുല്ലാഹി ചരിത്രത്തിലെ മുഹര്‍റം ഓര്‍മകള്‍

എ അബ്ദുല്‍ഹമീദ് മദീനി


അല്ലാഹു ഒരു വര്‍ഷത്തിലെ 12 മാസങ്ങളില്‍ നാലു മാസങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ അല്ലാഹു നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം ആദരണീയമായ മാസങ്ങളാകുന്നു. അഥവാ (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം” (9:36).
ഈ ആദരണീയ മാസങ്ങളില്‍ ഒന്നാണ് അല്ലാഹുവിന്റെ മാസമെന്ന് മുഹമ്മദ് നബി(സ) വിശേഷിപ്പിച്ച മുഹര്‍റം. മറ്റു മൂന്നു മാസങ്ങള്‍ ദുല്‍ഖഅ്ദഃ, ദുല്‍ഹിജ്ജഃ, റജബ്. ഇതില്‍ മൂന്നു മാസം തുടര്‍ച്ചയായിട്ടുള്ളതും റജബ് വേറിട്ടുനില്‍ക്കുന്നതുമാണ്. ദുല്‍ഖഅ്ദഃ അറബികള്‍ യുദ്ധത്തിനു പോവാതെ വീട്ടിലിരിക്കുന്ന മാസവും ദുല്‍ഹിജ്ജഃ ഹജ്ജിന്റെ മാസവും, മുഹര്‍റം ഹാജിമാര്‍ സമാധാനപൂര്‍വം ഹജ്ജ് കഴിഞ്ഞു തിരിച്ചുപോകാനുള്ള മാസവുമാണ്. ഈ നാലു മാസങ്ങളില്‍ മുഹര്‍റം മാസത്തെ മാത്രമാണ് അല്ലാഹുവിന്റെ മാസം എന്ന് നബി(സ) വിശേഷിപ്പിച്ചത്. അതിനാല്‍ മറ്റു മാസങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മുഹര്‍റം മാസത്തിനുണ്ടെന്നത് വ്യക്തമാണ്.
ഒരു പ്രത്യേകതയുമില്ലാത്ത ഒരു വസ്തുവിനെ നബി അല്ലാഹുവിലേക്ക് ചേര്‍ത്തു പറയാറില്ല. ഉദാഹരണം മുഹമ്മദുന്‍ റസൂലുല്ലാഹ്, ഈസാ റൂഹുല്ലാഹ്, ഇബ്‌റാഹീം ഖലീലുല്ലാഹ്, കഅ്ബയെ ബൈത്തുല്ലാഹ്, സ്വാലിഹ് നബിയുടെ ഒട്ടകത്തെ നാഖതുല്ലാഹ് എന്നിങ്ങനെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് മേല്‍ പറഞ്ഞതിനെല്ലാം ചില പ്രത്യേകതകള്‍ ഉള്ളതുകൊണ്ടാണെന്ന് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.
”റമദാന്‍ മാസത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹര്‍റം മാസത്തിലെ നോമ്പാണ്. ഫര്‍ള് നമസ്‌കാരത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രിയിലെ (തഹജ്ജുദ്) നമസ്‌കാരമാണ്” (മുസ്‌ലിം).
അബൂഹുറയ്‌റ(റ) പറഞ്ഞു: ”മുഹര്‍റം പത്തിനാണ് നൂഹ് നബിയുടെ കപ്പല്‍ ജൂദി പര്‍വതത്തില്‍ എത്തിനിന്നത്. അതിന് നന്ദിയായി മുഹര്‍റം പത്തിന് നൂഹ്(അ) നോമ്പെടുക്കുമായിരുന്നു. മുഹര്‍റം പത്തിനാണ് അല്ലാഹു ഇബ്‌റാഹീം നബി(അ)യെ നംറൂദിന്റെ തീക്കുണ്ഠത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അതിന് നന്ദിയായി ഇബ്‌റാഹീം മില്ലത്തിന്റെ അവകാശികളെന്ന് അഭിമാനിച്ചിരുന്ന ഖുറൈശികള്‍ അന്ന് നോമ്പെടുത്തിരുന്നു”.
ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു: ”ആശൂറാഅ് ദിവസം ഖുറൈശികള്‍ ജാഹിലീ കാലത്ത് നോമ്പെടുക്കുമായിരുന്നു. റസൂല്‍ അന്ന് നോമ്പെടുക്കാറുണ്ട്. നോമ്പെടുക്കാന്‍ അനുയായികളോട് കല്‍പിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ റമദാന്‍ മാസത്തെ നോമ്പ് നിര്‍ബന്ധമാക്കിയപ്പോള്‍ നബി പറഞ്ഞു: ‘ഇനി മുഹര്‍റം മാസത്തെ നോമ്പ് ഇഷ്ടമുള്ളവര്‍ക്ക് നോല്‍ക്കാം, ഇഷ്ടമുള്ളവര്‍ക്ക് ഉപേക്ഷിക്കാം” (ബുഖാരി, മുസ്‌ലിം).
മൂസാ നബി(അ)യെയും ഇസ്‌റാഈല്യരെയും അല്ലാഹു രക്ഷിച്ചതും കഠിന ശത്രുവായ ഫറോവയെയും സൈന്യത്തെയും മുക്കിക്കൊന്നതും മുഹര്‍റം പത്തിനു തന്നെ. ഇബ്‌നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ”നബി(സ) മദീനയില്‍ വന്നപ്പോള്‍ യഹൂദികള്‍ മുഹര്‍റം പത്തിന് നോമ്പെടുക്കുന്നതായി കണ്ടു. അവരോട് ചോദിച്ചു: എന്താണിന്ന് നിങ്ങള്‍ നോമ്പെടുക്കുന്നത്? അവര്‍ പറഞ്ഞു: ഇത് നല്ലൊരു ദിവസമാണ്. ഈ ദിവസമാണ് ഇസ്‌റാഈല്‍ സന്തതികളെ അല്ലാഹു രക്ഷപ്പെടുത്തിയത്. അതിനാല്‍ മൂസ ഈ ദിവസം നോമ്പെടുക്കാറുണ്ടായിരുന്നു. അപ്പോള്‍ നബി പറഞ്ഞു: ഞാനാണ് മൂസയോട് നിങ്ങളേക്കാള്‍ കൂടുതല്‍ ബന്ധപ്പെട്ടവന്‍. അങ്ങനെ നബി നോമ്പെടുക്കുകയും അനുയായികളോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു”.
മുഹര്‍റത്തിലെ മറ്റു
പ്രധാന സംഭവങ്ങള്‍

ഹിജ്‌റ ഏഴാം വര്‍ഷം മുഹര്‍റം മാസത്തിലാണ് നബി അനുയായികളുമായി ഖൈബറിലേക്ക് പുറപ്പെടുകയും ഖൈബര്‍ കീഴടക്കുകയും ചെയ്തത്. അവിടെ വെച്ച് ഒരു യഹൂദ സ്ത്രീ നബിയെ സല്‍ക്കരിക്കുകയും ഒരു ചുട്ട ആടിനെ വിഷം പുരട്ടി നബിയുടെ മുന്നില്‍ കൊണ്ടുവെക്കുകയും ചെയ്തു. നബി അതിന്റെ കാലിന്റെ ഭാഗത്തു നിന്ന് തിന്നാന്‍ ഒരുങ്ങിയപ്പോള്‍ ആ മാംസം നബിയോട് അതില്‍ വിഷം പുരട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. നബി ആ സ്ത്രീയോട് നീ ഇതില്‍ വിഷം ചേര്‍ത്തിരുന്നോ എന്ന് ചോദിച്ചു. ആ സ്ത്രീ ചേര്‍ത്തിരുന്നു എന്നു പറഞ്ഞു. ഞാന്‍ അങ്ങനെ ചെയ്തത് താങ്കള്‍ നബിയാണെങ്കില്‍ ഇത് തിന്നുകയില്ല, നബിയല്ലെങ്കില്‍ ഇത് തിന്ന് താങ്കള്‍ മരിച്ചാല്‍ താങ്കളുടെ ശര്‍റില്‍ നിന്ന് ജനങ്ങള്‍ രക്ഷപ്പെടുമല്ലോ എന്ന നിലക്ക് ചെയ്തതാണ്. ബശറുബ്‌നു ബര്‍റാഅ് എന്ന സ്വഹാബി അതില്‍ നിന്ന് അല്‍പം തിന്നുകയും ഉടനെ മരിക്കുകയും ചെയ്തു. പ്രതികാരമായി ആ സ്ത്രീയെ വധിച്ചു” (അബൂദാവൂദ്).
ഹിജ്‌റ 12-ാം വര്‍ഷം മുഹര്‍റത്തില്‍ ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ദാത്തുസ്സലാസില്‍ എന്ന യുദ്ധത്തില്‍ മുസ്‌ലിം സൈന്യം പേര്‍ഷ്യന്‍ സൈന്യത്തെ കീഴടക്കി. പേര്‍ഷ്യന്‍ സൈന്യാധിപന്‍ ഹുര്‍മൂസ് ഖാലിദിനെ ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. ഖാലിദിനെ ദ്വന്ദ്വയുദ്ധത്തില്‍ ചതിയില്‍ വധിക്കാന്‍ ഹുര്‍മൂസ് ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷേ, ചതിപ്രയോഗം നടപ്പാക്കുന്നതിനു മുമ്പ് ഖാലിദ് ഹുര്‍മൂസിനെ വധിച്ചു.
ഹിജ്‌റ 14-ാം വര്‍ഷം മുഹര്‍റത്തില്‍ ഉമറുബ്‌നുല്‍ ഖത്താബ് സഅ്ദുബ്‌നു അബീവഖാസിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയക്കുകയും ഖാദിസിയ്യയില്‍ വെച്ച് മുസ്‌ലിം സൈന്യം പേര്‍ഷ്യന്‍ സൈന്യത്തെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. 16-ാം വര്‍ഷം മുഹര്‍റത്തില്‍ ഉമ്മുല്‍ മുഅ്മിനീന്‍ മാരിയത്ത് മരിച്ചു. ഉമറുബ്‌നുല്‍ ഖത്താബ് ജനങ്ങളെ കൂട്ടി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി. 24-ാം വര്‍ഷം ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു.
37-ാം വര്‍ഷം അലിയും മുആവിയയും തമ്മിലുള്ള ഐക്യം അവസാനിച്ചു. ഉസ്മാനുബ്‌നു അഫ്ഫാന്റെ രക്തത്തിന് പ്രതികാരം ചെയ്യുന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അങ്ങനെ മുആവിയയുടെയും അലിയുടെയും സൈന്യങ്ങള്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടി. അവര്‍ ഏറ്റുമുട്ടാതിരിക്കാന്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ അന്യോന്യം സന്ദേശങ്ങള്‍ എഴുതി കൈമാറിക്കൊണ്ടിരുന്നു. അതനുസരിച്ച് അവര്‍ ഐക്യപ്പെടാന്‍ തീരുമാനിച്ചു. പക്ഷേ ശിയാക്കളായ യഹൂദികളും മുനാഫിഖുകളും അവര്‍ക്കിടയില്‍ ഏഷണി കൂട്ടി, ഒരു യുദ്ധത്തിലേക്ക് അവരെ എത്തിച്ചു.
61-ാം വര്‍ഷത്തിലെ
കര്‍ബല യുദ്ധം

കര്‍ബല യുദ്ധത്തിലാണ് ഹുസൈന്‍(റ) ശഹീദായത്. അതിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യങ്ങള്‍: ഹുസൈന്‍ ഹിജ്‌റ നാലാം വര്‍ഷം മദീനയിലാണ് ജനിച്ചത്. ചെറുപ്പകാലം മുതല്‍ നബിയോടുകൂടി നുബുവ്വത്തിന്റെ വീട്ടിലാണ് വളര്‍ന്നത്. മസ്ജിദുന്നബവിയിലെ വിജ്ഞാനസദസ്സില്‍ സ്ഥിരമായി പങ്കെടുക്കുമായിരുന്നു. ഹിജ്‌റ 35-ാം വര്‍ഷം അദ്ദേഹത്തിന്റെ പിതാവ് അലി(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം പിതാവിനോടൊപ്പം കൂഫയില്‍ താമസമാക്കി. തുടര്‍ന്ന് സ്വിഫ്ഫീന്‍, ജമല്‍ മുതലായ യുദ്ധങ്ങളില്‍ പങ്കെടുത്തു. ഹിജ്‌റ 40-ാം വര്‍ഷം മുഹര്‍റത്തില്‍ പിതാവ് ശഹീദാകുന്നതുവരെ അദ്ദേഹത്തോടൊപ്പം ജീവിച്ചു.
പിന്നീട് ഖലീഫയായ തന്റെ സഹോദരന്‍ ഹസന്റെ കൂടെയായിരുന്നു ജീവിതം. തുടര്‍ന്ന് ഹസന്‍ സ്ഥാനത്യാഗം ചെയ്തു. അധികാരം മുആവിയയെ ഏല്‍പ്പിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. എങ്കിലും അദ്ദേഹം മുആവിയക്ക് ബൈഅത്ത് ചെയ്തു. തുടര്‍ന്ന് ഇരുവരും മദീനയിലേക്ക് മടങ്ങി. ഹിജ്‌റ 60-ാം വര്‍ഷം മുആവിയ മരണപ്പെടുന്നതുവരെ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിച്ചു. തന്ത്രശാലിയായ മുആവിയ വേണ്ട വിധത്തില്‍ പരിഗണിച്ച് അവരെ തൃപ്തിപ്പെടുത്തിക്കൊണ്ടിരുന്നു.
തുടര്‍ന്ന് മുആവിയയുടെ നിര്‍ദേശമനുസരിച്ച് മകന്‍ യസീദ് ഖലീഫയായി. ഇത് ഹുസൈന് സ്വീകാര്യമായില്ല. യസീദ് അധികാരം ഏറ്റെടുത്ത ശേഷം മദീനക്കാരില്‍ നിന്ന് ബൈഅത്ത് വാങ്ങാന്‍ തന്റെ ഗവര്‍ണര്‍ വലീദുബ്‌നു ഉത്ബയെ അയച്ചു. എന്നാല്‍ ഹുസൈന്‍ ബൈഅത്ത് ചെയ്തില്ല. പിന്നീട് അദ്ദേഹം മക്കയിലേക്ക് പോയി അവിടെ താമസമാക്കി. തുടര്‍ന്ന് കൂഫക്കാര്‍ ഹുസൈനെ ഖലീഫയായി ബൈഅത്ത് ചെയ്തുകൊണ്ടുള്ള കത്തുകള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. അദ്ദേഹം ആദ്യം അവഗണിച്ചു.
പക്ഷേ തുടര്‍ന്നും അവരുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. അതില്‍ ‘ഞങ്ങള്‍ കൂഫക്കാര്‍ മുഴുവനും താങ്കള്‍ക്ക് ബൈഅത്ത് ചെയ്യുന്നു. അതിനാല്‍ താങ്കള്‍ ഇവിടെ വന്ന് അധികാരം ഏറ്റെടുത്തില്ലെങ്കില്‍ അല്ലാഹുവിന്റെ മുന്നില്‍ ഞങ്ങള്‍ താങ്കളെ ചോദ്യം ചെയ്യു’മെന്ന ഭീഷണിക്കത്തു കൂടി വന്നപ്പോള്‍ ഹുസൈന് ഭയമായി.
അങ്ങനെ കൂഫക്കാരുടെ ബൈഅത്ത് നേരിട്ടു വാങ്ങാന്‍ തന്റെ പിതൃവ്യപുത്രനായ മുസ്‌ലിമുബ്‌നു ഉഖാലിനെ കൂഫയിലേക്ക് അയച്ചു. പിന്നെ കുറേക്കാലം മുസ്‌ലിമില്‍ നിന്ന് ഒരു വിവരവും കിട്ടിയില്ല. അപ്പോള്‍ അദ്ദേഹം കൂഫയിലേക്ക് പുറപ്പെട്ടു. തന്റെ കുടുംബവും മറ്റു പ്രഗത്ഭരായ സ്വഹാബിമാരും അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം കുടുംബവുമായി കൂഫയിലേക്ക് പുറപ്പെട്ടു. വഴിയില്‍ ഖാദിസിയാ പ്രദേശത്തു വെച്ച് ഹുര്‍റുബ്‌നു യസീദുത്തമീമിയെ കണ്ടുമുട്ടി. അദ്ദേഹം ഹുസൈനോട് മക്കയിലേക്ക് മടങ്ങിപ്പോകാന്‍ പറഞ്ഞു. താങ്കള്‍ ബൈഅത്ത് വാങ്ങാന്‍ അയച്ച പ്രതിനിധിയെ കൂഫയിലെ ഗവര്‍ണര്‍ ഉബൈദുല്ലാഹിബ്‌നു സിയാദ് വധിച്ചു എന്നറിയിച്ചപ്പോള്‍ ഹുസൈന്‍ മടങ്ങാന്‍ തീരുമാനിച്ചു.
പക്ഷേ തന്റെ കൂടെ ഉണ്ടായിരുന്ന കൊല്ലപ്പെട്ട മുസ്‌ലിമിന്റെ കുടുംബക്കാര്‍ അദ്ദേഹത്തെ മടങ്ങാന്‍ സമ്മതിച്ചില്ല. ഞങ്ങള്‍ മുസ്‌ലിമിന്റെ രക്തത്തിന് പ്രതികാരം ചെയ്യാതെ മടങ്ങില്ലെന്ന് തീര്‍ത്തുപറഞ്ഞു. 45 കുതിരപ്പടയാളികളും 100 കാലാള്‍ പടയാളികളും അവരുടെ ഭാര്യമാരും കുട്ടികളുമാണ് ഹുസൈന്റെ കൂടെ ഉണ്ടായിരുന്നത്. അദ്ദേഹത്തിന് ബൈഅത്ത് ചെയ്ത് ക്ഷണിച്ചുകൊണ്ട് കത്തയച്ച കൂഫക്കാര്‍ ഒരാള്‍ പോലും അദ്ദേഹത്തെ സഹായിക്കാന്‍ വന്നില്ല. യഥാര്‍ഥത്തില്‍ ഇത് ശീഅകളുടെ ചതിയായിരുന്നു.
ഹുസൈന്‍(റ) ഉബൈദുല്ലാഹിബ്‌നു സിയാദിന്റെ സൈന്യവുമായി നിര്‍ബന്ധിതാവസ്ഥയില്‍ ഏറ്റുമുട്ടി, ധീരമായി പോരാടി ശഹീദായി. അദ്ദേഹത്തോടൊപ്പം തന്റെ കുടുംബത്തിലെ 17 പേരും ശഹീദായി.
ഇത് നടന്നത് മുഹര്‍റം പത്തിനാണ്. ഇതിന്റെ പേരിലാണ് ശീഅകള്‍ പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ന്ന് എല്ലാ വര്‍ഷവും മുഹര്‍റം പത്തിന് ഹുസൈനോട് അനുഭാവം പ്രകടിപ്പിച്ച് അവര്‍ സ്വയം ആയുധപ്രയോഗങ്ങള്‍ നടത്തുന്നത് ഇന്നും കാണാം. യഥാര്‍ഥത്തില്‍ കൂഫയിലെ ശീഅകളാണ് അദ്ദേഹത്തെ ചതിച്ചത്. എന്നിട്ട് അവര്‍ അദ്ദേഹത്തിന്റെ പേരില്‍ വിലപിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടിലെ ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കിടയിലും മുഹര്‍റം ‘ശകുനപ്പിഴ’യുള്ള മാസമാണെന്നും ഒരു നല്ല കാര്യവും ചെയ്യാന്‍ കൊള്ളില്ലെന്നുമുള്ള വിശ്വാസമുണ്ട്. അത് ശീഅകളില്‍ നിന്ന് സുന്നികളിലേക്ക്് കടന്നുവന്ന അന്ധവിശ്വാസമാണ്. വളരെ പവിത്രങ്ങളായ ദിവസങ്ങളാണ് മുഹര്‍റത്തിലെ ഓരോ ദിവസവും. വിവാഹം പോലുള്ള നല്ല കാര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ദിവസങ്ങള്‍.
ഹിജ്‌റ 202 മുഹര്‍റത്തില്‍ അബ്ബാസീ രാജകുടുംബം ഖലീഫ മഅ്മൂനിനെ സ്ഥാനഭ്രഷ്ടനാക്കി അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഇബ്‌റാഹീമുബ്‌നു മഹ്ദിയെ ഖലീഫയാക്കി. കാരണം, മഅ്മൂന്‍ ശീഅകളുടെ അഞ്ചാമത്തെ ഇമാമായ ജഅ്ഫര്‍ സ്വാദിഖിന്റെ മകന്‍ മൂസല്‍കാളിമിനെ ഖലീഫയാക്കാന്‍ ജനങ്ങളില്‍ നിന്ന് ബൈഅത്ത് സ്വീകരിക്കുകയും തന്റെ മകളെ മൂസല്‍കാളിമിന് വിവാഹം ചെയ്തുകൊടുക്കുകയും അബ്ബാസിയാക്കളുടെ ചിഹ്നമായ കറുത്ത തലപ്പാവ് ഒഴിവാക്കി പച്ച തലപ്പാവണിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇത് അബ്ബാസീ കുടുംബത്തിന് തീരെ സഹിച്ചില്ല. അങ്ങനെ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി.
1213 മുഹര്‍റം 10ാം തിയ്യതി താര്‍ത്താരികള്‍ ഹുലൈക്കോയുടെ സൈന്യാധിപന്‍ ബാജുവിന്റെ നേതൃത്വത്തില്‍ യൂഫ്രട്ടീസ് നദി കടന്നു ബഗ്ദാദ് കീഴടക്കി. അബ്ബാസികള്‍ പ്രതിരോധിച്ചെങ്കിലും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു കൊല്ലും കൊലയും നിര്‍ബാധം ബഗ്ദാദില്‍ നടന്നു. അബ്ബാസീ ഖലീഫയെയും അവര്‍ വധിച്ചു. എന്നാല്‍ താര്‍ത്താരികളുടെ അധിനിവേശത്തിന് വഴിയൊരുക്കിയത് അബ്ബാസീ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയും ശീആ നേതാവുമായ ഇബ്‌നുല്‍അല്‍ഖമിയാണ്.
ഇദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായിരുന്നു അബ്ബാസീ ഖലീഫ. അയാള്‍ താര്‍ത്താരികള്‍ക്ക് ഒറ്റിക്കൊടുത്തു. അബ്ബാസീ ഭരണകൂടത്തെ ദുര്‍ബലമാക്കിയതിനു ശേഷം താര്‍ത്താരികളെ രഹസ്യമായി വിളിച്ചുവരുത്തുകയായിരുന്നു. അങ്ങനെ ലോകത്ത് മുസ്‌ലിം ഭരണം നാമാവശേഷമായി. ഇതിനും സാക്ഷ്യം വഹിച്ചത് മുഹര്‍റം മാസം തന്നെയാണ്. തുടര്‍ന്ന് ഫ്രഞ്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും അധിനിവേശത്തിന് മുസ്‌ലിം നാടുകള്‍ സാക്ഷ്യം വഹിച്ചതും മുഹര്‍റം മാസത്തില്‍ തന്നെ. ഇങ്ങനെ നല്ലതും ചീത്തയുമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷിയാണ് മുഹര്‍റം.
നമ്മെ സംബന്ധിച്ച്, നൂഹ് നബിയുടെയും ഇബ്‌റാഹീം നബിയുടെയും മൂസാ നബിയുടെയും തൗഹീദീ പ്രബോധനത്തിനു കളമൊരുക്കുകയും വിജയം നേടുകയും ചെയ്തത് മുഹര്‍റം മാസത്തിലായതുകൊണ്ട് നാം അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി മുഹര്‍റം 10ന് നോമ്പെടുക്കുന്നു. അപ്പോള്‍ സത്യത്തിന്റെ വിജയവും അസത്യത്തിന്റെ പരാജയവുമാണ് മുഹര്‍റത്തില്‍ സംഭവിച്ചത്. അതിനാല്‍ ആ മാസം പവിത്രമായ മാസമാണ്. ആദരണീയമാണ്, അതിനെ ദുശ്ശകുനത്തിന്റെ കറപുരട്ടി വികൃതമാക്കരുത്.

Back to Top