7 Thursday
December 2023
2023 December 7
1445 Joumada I 24

ശബാബ് ഒരു അലങ്കാരമല്ല നിലപാടാണ്‌

റഷീദ് പരപ്പനങ്ങാടി


1975-ല്‍ ആണെന്നാണ് ഓര്‍മ. ഒരിക്കല്‍, തിരൂരങ്ങാടിയില്‍ നടന്ന അറബിക് കോളജ് വിദ്യാര്‍ഥി പ്രതിനിധികളുടെ കോണ്‍ഫറന്‍സില്‍ ‘ആധുനിക വിദ്യാഭ്യാസ രംഗത്ത് അറബിക്‌കോളജുകള്‍ക്കുള്ള പ്രസക്തി’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം എഴുതി അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചു.
ആനുകാലികങ്ങളില്‍ പലപ്പോഴായി പേര് അച്ചടിച്ചു വരുന്ന സമയം.
സംഘാടകരില്‍ ആരുടെയോ ഓര്‍മക്കു മുമ്പില്‍ പേര് തെളിഞ്ഞതും അടുത്ത പ്രദേശത്താണല്ലോ എന്ന സൗകര്യവും ചേര്‍ത്തുവെച്ചുകൊണ്ടാവാം ദൗത്യം എന്നില്‍ എത്തിപ്പെട്ടത്. പൊതുവിദ്യാഭ്യാസം- ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള സൂചകങ്ങളും മതവിദ്യാഭ്യാസ രംഗത്ത് നിലവിലിരിക്കുന്ന പ്രശ്നങ്ങളും സാധ്യതകളും വായിച്ചും നോട്ടെടുത്തും പ്രബന്ധം തയ്യാറാക്കി. വായിച്ചവതരിപ്പിക്കുകയായതുകൊണ്ട് പ്രസംഗത്തിന്റെ പരിഭ്രമവും ഇല്ല. എഴുത്തു തീര്‍ത്തതോടെ ബാധ്യത തീര്‍ന്നതു പോലെയുള്ള ആശ്വാസം.
വായന പൂര്‍ത്തീകരിച്ച് പ്രബന്ധത്തെക്കുറിച്ചുള്ള സദസ്യരുടെ അഭിപ്രായങ്ങളും കഴിഞ്ഞ് അടുത്ത വിഷയാവതാരകന്‍ മൈക്കിനു മുമ്പിലെത്തുന്നതിനു മുമ്പായിത്തന്നെ വേദിയിലുണ്ടായിരുന്ന ടി കെ മുഹ്യുദ്ദീന്‍ ഉമരി അടുത്ത സീറ്റില്‍ വന്നിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു: ‘പ്രബന്ധം നമുക്ക് ശബാബില്‍ കൊടുക്കണം. വൃത്തിയായി എഴുതി എന്റെ കൈയില്‍ തന്നാല്‍ മതി’.
അടുത്ത ദിവസം തന്നെ തിരൂരങ്ങാടിയില്‍ ഉമരി പഠിപ്പിക്കുന്ന സ്‌കൂളില്‍ ചെന്ന് കവര്‍ ഏല്‍പിക്കുകയും ചെയ്തു.
ലേഖനം പ്രസിദ്ധീകരിച്ച ശബാബ് പോസ്റ്റ് വഴി വന്നു.
ദിനപത്രത്തിന്റെ ഉള്‍പ്പേജ് നടുമടക്കിയ രൂപത്തില്‍ എട്ട് പേജുകള്‍. ‘ശബാബ് വാര്‍ഷികം’
ആഴ്ചപ്പതിപ്പുകള്‍ക്കും മാസികകള്‍ക്കും ഇടയില്‍ ഒരു വാര്‍ഷികം! പുതിയ അറിവായിരുന്നു.
വായനാനുഭവത്തിനു മുമ്പ് തുടങ്ങിയ എഴുത്തനുഭവം. വായന ഒരു ലക്കവും മുടങ്ങാതെ ഇന്നും.
ഖണ്ഡശഃയായി നിരവധി ആര്‍ട്ടിക്കിളുകള്‍. വാര്‍ഷികപ്പതിപ്പുകളിലും സുവനീറുകളിലും കഥകള്‍.
ഒരു മതസംഘടനയുടെ മുഖപത്രം എന്നതിലുപരി കേരളത്തില്‍ മതപരമായ അറിവു പകരുന്നിടം ശൂന്യമായിരുന്ന ഒരു കാലഘട്ടത്തില്‍ വീടകങ്ങളില്‍ വൈജ്ഞാനികമായ വെളിച്ചം പകരാന്‍ ശബാബ് ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രവര്‍ത്തനത്തിന് സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധ്യമായിട്ടുണ്ട് എന്നതിന് തെളിവാണ്. പിന്നീട് വന്ന പല പ്രസിദ്ധീകരണങ്ങള്‍ക്കും ശബാബിന് തുടരെത്തുടരെ മറുപടി എഴുതാന്‍ പേജുകള്‍ ചെലവഴിക്കേണ്ടി വന്നു എന്നത്, ഖണ്ഡന പ്രസംഗങ്ങളില്‍ ഉദ്ധരണികള്‍ ആവര്‍ത്തിക്കേണ്ടി വന്നു എന്നത്.
പള്ളിദര്‍സുകളിലും പാതിരാ പ്രസംഗങ്ങളിലും മാത്രം നിലനിന്നിരുന്ന വൈജ്ഞാനിക പ്രസരണം ആഴ്ചതോറും വായിച്ചും വീണ്ടും വായിച്ചും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന തരത്തിലേക്ക് പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ ശബാബിനു കഴിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ചകളില്‍ ജുമുഅ: കഴിഞ്ഞിറങ്ങുന്നവരുടെ കൈകളില്‍ ഇന്ന് ശബാബ് ഒരലങ്കാരമല്ല; ഒരു നിലപാടാണ്.
മുസ്ലിംകളെ വര്‍ഗീയവാദികളും തീവ്രവാദികളുമാക്കി ചിത്രീകരിച്ച് ലോകജനതക്കു മുമ്പില്‍ ശിഥിലീകരിച്ച് നേട്ടം കൊയ്യാന്‍ ശ്രമിച്ചവര്‍ക്ക് ശബാബ് നല്‍കിയ തിരിച്ചടികള്‍ ശ്രദ്ധേയമായിരുന്നു. ഒരു ജനതയുടെ സാംസ്‌കാരികവും മതപരവുമായ വളര്‍ച്ചക്ക് അനുപേക്ഷണീയമായ ഏറ്റവും വലിയ ആയുധമാണ് പ്രസിദ്ധീകരണങ്ങളെന്ന് ശബാബിലൂടെ പഠിച്ചെടുത്തവര്‍ വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രസിദ്ധീകരണങ്ങളൊരുക്കി ചേര്‍ന്നു നിന്നത് കാലത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്.
ഇസ്ലാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ലോകത്തിന്റെ ഏതു കോണിലും നടക്കുന്ന പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും അപ്പപ്പോള്‍ വിശകലനം ചെയ്യുകയും പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് തക്ക സമയത്ത് മനുഷ്യ മനസ്സുകളിലെത്തിക്കുകയും പരിഹാര നിര്‍ദേശങ്ങള്‍ മുമ്പില്‍ വെക്കുകയും ചെയ്യുന്നതില്‍ ശബാബ് കാണിച്ചിട്ടുള്ള ശുഷ്‌കാന്തി ഏവരുടെയും പ്രശംസക്ക് പാത്രീഭൂതമായതാണ്.
നിലപാടുകളില്‍ ഉറച്ചുനിന്ന് അച്ചടിയിലും രൂപഭാവങ്ങളിലും കാലത്തിനോടൊപ്പം സഞ്ചരിച്ച് മത പ്രചാരണ രംഗത്ത് ഏതാണ്ട് അര നൂറ്റാണ്ട്! അണിയറ ശില്പികളേ, നിങ്ങള്‍ക്ക് ഉചിതമായ പ്രതിഫലം പതിനായിരങ്ങളുടെ മനസ്സിലൂറുന്ന പ്രാര്‍ഥനകള്‍മാത്രം…

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x