ശബാബ് എന്റെ ഓര്‍മകളില്‍
എ അബ്ദുല്‍ഹമീദ് മദീനി
1974-ല്‍ ഞാന്‍ തിരൂരിന്നടുത്ത ചേന്നരയിലായിരുന്നു താമസം. അക്കാലത്ത് മലപ്പുറം ജില്ലാ ഐ എസ് എം പ്രസിഡന്റായിരുന്നു. അബ്ദുറഹിമാന്‍ ഇരിവേറ്റി ആയിരുന്നു സെക്രട്ടറി. ജില്ലാ പ്രവര്‍ത്തക സമിതി കൂടുമ്പോള്‍ ഒരു പത്രം തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കാറുണ്ട്. പക്ഷെ, ആ ആലോചന എവിടെയും എത്താറില്ല. ഒരു ദിവസം ജില്ലാ പ്രവര്‍ത്തക സമിതി ചേര്‍ന്നപ്പോള്‍ കെ വി മൂസ സുല്ലമി ഒരു പത്രത്തിന്റെ ആവശ്യകത അവതരിപ്പിച്ചു. നിര്‍ദേശങ്ങള്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കാനും തീരുമാനിച്ചു.
പിന്നീട് ഞങ്ങള്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ കെ എന്‍ എം ഓഫീസില്‍ ഒത്തുകൂടി. എന്നെ കൂടാതെ കെ വി മൂസ സുല്ലമി, അബ്ദുസ്സലാം മാസ്റ്റര്‍ അരീക്കോട്, കെ കെ മുഹമ്മദ് സുല്ലമി, എം മുഹമ്മദ് മദനി, ഡോ. കുഞ്ഞഹമ്മദുകുട്ടി മുതലായവരുമുണ്ട്. ഈ കൂടിയിരിപ്പില്‍ ഒരു പത്രം തുടങ്ങാന്‍ തീരുമാനിക്കുകയും വിഷയം മാതൃസംഘടനകളെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് പത്രത്തിന്റെ പേരിനെ കുറിച്ചായിരുന്നു ചര്‍ച്ച. പലരും പല പേരുകളും നിര്‍ദേശിച്ചു. ഞാന്‍ നിര്‍ദേശിച്ച ‘ശബാബ്’ എന്ന പേരാണ് എല്ലാവരും സ്വീകരിച്ചത്. ഞാന്‍ മദീനാ യൂനിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ സമയമായിരുന്നു അത്. യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ ധാരാളം പ്രസിദ്ധീകരണങ്ങള്‍ വരാറുണ്ട്. ഇറാഖില്‍ നിന്ന് വന്നിരുന്ന ഒരു വാരികയായിരുന്നു അശ്ശബാബ്. ഈ വാരികയുടെ പേരില്‍ നിന്നാണ് ശബാബ് എന്ന പേര്‍ ഞാന്‍ നിര്‍ദേശിച്ചത്. അങ്ങനെ ചെറിയമുണ്ടം അബ്ദുറസ്സാഖ് മൗലവി എഡിറ്ററായി ശബാബ് ദ്വൈവാരിക ആരംഭിച്ചു. അന്നത്തെ സാമ്പത്തിക ഞെരുക്കം ശബാബിനെയും ബാധിച്ചു. ഒരു താത്കാലിക ശമനം എന്ന നിലക്ക് ഞാനും കെ കെ മുഹമ്മദ് സുല്ലമി, കെ വി മൂസ സുല്ലമി, അബ്ദുസ്സലാം മാസ്റ്റര്‍, എം മുഹമ്മദ് മദനി മുതലായവര്‍ മാസം 30 രൂപ വീതം സംഭാവനയായി ശബാബിന് നല്‍കാന്‍ തീരുമാനിച്ചു. കുറെ കാലം ഈ തുക നല്‍കിക്കൊണ്ടിരുന്നു. എന്നാണ് നിര്‍ത്തിയതെന്ന് ഓര്‍മയില്ല. മേല്‍ പറഞ്ഞ അഞ്ചുപേരില്‍ രണ്ട് പേര്‍ ഇഹലോകം വാസം വെടിഞ്ഞു. അല്ലാഹു അവര്‍ക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.
വിദേശ വാര്‍ത്തകള്‍ അന്ന് അധികവും ഞാനാണ് കൈകാര്യം ചെയ്തിരുന്നത്. റൗദത്തുല്‍ ഉലും അറബിക്കോളജ് ലൈബ്രറിയിലേക്ക് വരുന്ന വിദേശ പത്രമാസികകളില്‍ നിന്നും പ്രസക്തമായ വാര്‍ത്തകള്‍ പരിഭാഷപ്പെടുത്തി ഞാന്‍ അയച്ചുകൊടുക്കുമായിരുന്നു. അത് അല്‍പം താമസിച്ചാല്‍ റസാഖ് മൗലവിയുടെ വിളിവരും. അപ്പോള്‍ ഒന്നോ രണ്ടോ ചെറിയ വാര്‍ത്തകള്‍ അയച്ചുകൊടുക്കും. ഇങ്ങനെയൊക്കെ ആയിരുന്നു ശബാബിന്റെ തുടക്കം. ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ജനമനസ്സുകളില്‍ വേരോട്ടമുള്ള ഒരു വാരികയായി ശബാബ് വളര്‍ന്നു. അല്‍ഹംദുലില്ലാഹ്.
ശബാബിന്റെ ആരംഭ ചരിത്രമറിയുന്നവര്‍ ഇന്ന് വളരെ കുറവായിരിക്കും. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നാം നടന്നു വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും. അല്ലാഹു കൂടുതല്‍ ഉയര്‍ച്ചയും വളര്‍ച്ചയും നല്‍കി ശബാബിനെ അനുഗ്രഹിക്കുമാറാകട്ടെ.